Image

ഒമിക്രോൺ  പിടിച്ചാലും അത്താഴം മുടങ്ങും!  (ദുര്‍ഗ മനോജ്)

Published on 24 January, 2022
ഒമിക്രോൺ  പിടിച്ചാലും അത്താഴം മുടങ്ങും!  (ദുര്‍ഗ മനോജ്)

പണ്ട്, ഏണിയും പാമ്പും കളിക്കുന്ന ആ പരിപാടിയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. 99-ല്‍ എത്തുമ്പോ വാ പിളര്‍ന്നിരിക്കുന്ന പാമ്പിന്റെ വായിലേക്ക് കൃത്യമായി വന്നു വീഴുന്ന ഒരു വീഴ്ചയുണ്ട്. അതിനോളം, ശക്തിയൊന്നുമില്ല ഇപ്പോഴത്തെ ഈ ഒമിക്രോണിന് എന്നു തോന്നിപ്പോകും. ഒരു സാദാ പനി പോലെ, ഐസിയുവിലൊന്നും പോകണ്ട, മൂടിപുതച്ച് അങ്ങ് കിടന്നാല്‍ മതി. അതു കൊണ്ടു തന്നെ, ഇപ്പോഴത്തെ ഈ രീതിയാണ് വളരെ നല്ലത്. ഒമിക്രോണ്‍ അത്ര പ്രശ്‌നക്കാരനല്ലെങ്കില്‍ എല്ലാവര്‍ക്കും വരട്ടെ എന്ന നിലപാട് സ്വീകരിക്കുന്ന അധികൃതര്‍ക്ക് ഈ ബുദ്ധി എന്തേ നേരത്തെ തോന്നിയില്ല. അങ്ങനെ സാമൂഹിക വ്യാപനം വന്ന് ഒമിക്രോണ്‍ പിന്നെ ആര്‍ക്കും വരാതെയാവും എന്ന പൊതുനിലപാടിനെ ഇപ്പോള്‍ ലോകാരോഗ്യസംഘടനയും സ്മരിക്കുന്നു. യൂറോപ്പില്‍, പ്രത്യേകിച്ച് ബ്രിട്ടനിലാണ് ഈ സിദ്ധാന്തം ആദ്യം ഉപയോഗിച്ചത്. പിന്നീടത് ഫ്രാന്‍സിലും ജര്‍മ്മനിയിലും ഇപ്പോഴത് ആന്റണി ഫൗചിയിലൂടെ അമേരിക്കയും കടന്ന് ലോകത്തിന്റെ മൊത്തം ആപ്തവാക്യമായി മാറുന്നു.

ഒമിക്രോണ്‍ ആണ് പനിയെങ്കില്‍ ലോക്ക്ഡൗണ്‍ എന്നൊന്നും ആരും ചിന്തിക്കുന്നില്ല. അല്ലറ ചില്ലറ നിയന്ത്രണങ്ങള്‍ ഒക്കെ വരുത്തി, കണ്ണടച്ച് അങ്ങ് വിടുന്നു. ക്വാറന്റൈനിനും പഴയ ഉപ്പേരിയും അപ്പേരിയും ഒന്നുമില്ല. എല്ലാം വീട്ടില്‍ തന്നെ, അതു പോരെ എന്റയളിയാ എന്ന പാട്ടും പാടി അങ്ങനെ ഇരിക്കുന്നു. കോവിഡിന്റെ കണക്കെടുപ്പില്‍ തന്നെ ഇപ്പോള്‍ ആര്‍ക്കും വലിയ ഉത്സാഹമൊന്നുമില്ല. പലേടത്തും കോവിഡ് കണക്കെടുപ്പ് സൂചിക തന്നെ വലിയ പ്രഹസനമായിരിക്കുന്നു. ആര്‍ക്കൊക്കെ കോവിഡ് ഉണ്ട്, ആര്‍ക്കൊക്കെ ഇല്ല എന്ന് ആര്‍ക്കും അറിയാനാവാത്ത സ്ഥിതി. ഒമിക്രോണ്‍ ഇത്ര വേഗത്തില്‍ പടര്‍ന്നെങ്കില്‍ അത്ര വേഗത്തില്‍ തന്നെ ഇത് ഭൂമുഖത്തു നിന്ന് ഇല്ലാതാകാനും മതി. ആ നിലയ്ക്ക്, ഒരു കാര്യം നാം മറന്നു പോവുന്നുണ്ട്, വ്യക്തിശുചിത്വം എന്ന ആപ്തവാക്യം. മുന്‍പൊക്കെ, മാസ്‌ക്ക്, സാനിറ്റൊസറിനൊക്കെ 24 ക്യാരറ്റ് സ്വര്‍ണത്തേക്കാള്‍ മൂല്യമായിരുന്നു. ഇപ്പോള്‍, സാനിറ്റൈസറിനൊന്നും പഴയ മാര്‍ക്കറ്റില്ല. മാസ്‌ക്ക് പോലും ഒരു ഫാഷന്‍ ടൂളായി മാറിയിരിക്കുന്നു. മാസ്‌ക്കു കൊണ്ട്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞുവെന്നൊരു പരിദേവനം മാത്രം വിപണിയിലുണ്ട്.

ആ നിലയ്ക്ക് ആന്റിജനും ആര്‍ടിപിസിആറുമാണ് താരം. ഇതൊക്കെ ഹോം കിറ്റായി കിട്ടുന്നുണ്ട്, അമേരിക്കയിലെങ്കില്‍ ചില പാശ്ചാത്യരാജ്യങ്ങളില്‍ മൊബൈല്‍ ഫോണിലൂടെ അറിയാന്‍ കഴിയുമെന്നു പറയുന്നു. ഇനി ഇതിന്റെ പേരില്‍ എന്തൊക്കെ കാണുകയും കേള്‍ക്കുകയും വേണം. എന്തായാലും, ഒമിക്രോണ്‍ ഇത്ര പാവമാണെന്നു തിരിച്ചറിയാന്‍ വൈകിയെന്നു മാത്രമൊരു സങ്കടമുണ്ട്! എന്നാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു, നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക