ചെകുത്താനും കടലിനും നടുവില്‍ (ദുര്‍ഗ മനോജ്)

Published on 26 January, 2022
ചെകുത്താനും കടലിനും നടുവില്‍ (ദുര്‍ഗ മനോജ്)
കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുകയാണ്. വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട കാട്ടുതീയില്‍ ഏതാണ്ട് 1500 ഹെക്ടര്‍ കാട് കത്തിയമരുന്നു. ഇത് വെറും കാടല്ല, നല്ല ഒന്നാന്തരം ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായ പ്രദേശമാണ് ഇപ്പോള്‍ അഗ്നിക്കിരയായിരിക്കുന്നത്. ഇവിടെ കാട്ടുതീ സര്‍വസാധാരണമാണെങ്കിലും ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന തരത്തില്‍ ഇങ്ങനെ സര്‍വ്വനാശകരമായി വ്യാപിക്കുന്നത് അടുത്തകാലത്താണ്. സീസണ്‍ അനുസരിച്ച് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടിരുന്ന കാലത്ത്, ഇത് പുതുനാമ്പുകള്‍ പൊട്ടികിളര്‍ക്കാനുള്ള ഉപാധിയായിരുന്നു. എന്നാലിന്നത്, ജീവന്റെ നാമ്പുകളെ അഗ്നിജ്വാലകള്‍ നക്കിത്തുടയ്ക്കുന്നു. ഈ ഭീഷണിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നതാണ് വലിയൊരു പരാധീനത. ബിഗ്‌സറിനടുത്തുള്ള വനപ്രദേശത്തേക്കാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതും ഇപ്പോള്‍ പടര്‍ന്നു കത്തുന്നതും. പ്രദേശത്തുകൂടി കടന്നു പോകുന്ന ഹൈവേ വണ്‍ രണ്ടു ദിശകളിലേക്കും അടച്ചു കഴിഞ്ഞു. കൊളറാഡോ ഫയര്‍ എന്നു പേരിട്ട ഈ കാട്ടുതീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുവാന്‍ പ്രദേശത്തു വീശിയടിക്കുന്ന ശക്തമായ സാന്റ അന കാറ്റും, വരണ്ട കാലാവസ്ഥയും മത്സരിക്കുന്നുണ്ട്. അഗ്നിശമനസേന ദ്രുതകര്‍മ്മസേന എന്നിവര്‍ അഗ്നിയോട് മല്ലടിക്കുന്ന വീഡിയോകള്‍ ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയയും ലൈവായി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. എന്നാല്‍, അത് മനുഷ്യനിലേക്ക്, അവന്റെ ആവാസ മേഖലയിലേക്ക് പ്രവേശിക്കുന്നതാണ് സഹിക്കാന്‍ വയ്യാത്തത്. അത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നിരിക്കാം, എന്നാലും ഒരു ജന്മം കൊണ്ട് ആര്‍ജിക്കുന്നത് ഒരു കൂരയ്ക്കുള്ളിലാക്കി കഴിയുന്ന മനുഷ്യന്റെ സ്വപ്‌നത്തെയാണ് ഈ അഗ്നിതാണ്ഡവം കവര്‍ന്നെടുക്കുന്നത്. പലരുടെയും കണ്ണീരില്‍ കുതിര്‍ന്ന മുഖം കാണുമ്പോള്‍, പ്രകൃതിക്കു മുന്നില്‍ മനുഷ്യന്‍ എത്ര നിസാരനാണെന്നു വ്യക്തമാകുന്നു. കാട്ടുതീ, ചുഴലിക്കൊടുങ്കാറ്റ് തുടങ്ങി പ്രകൃതിയുടെ താണ്ഡവം ഏറെ ഏറ്റു വാങ്ങുന്ന രാജ്യമാണ് അമേരിക്ക . രണ്ടു മഹാസമുദ്രങ്ങള്‍ കാലാവസ്ഥ നിശ്ചയിക്കുമ്പോള്‍ പ്രവചനങ്ങള്‍ക്കതീതമായി കാര്യങ്ങള്‍ മാറിമറിയുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാലിഫോര്‍ണിയയില്‍ കാട്ടുതീ അപൂര്‍വ്വപ്രതിഭാസമല്ല. എന്നാല്‍ ഇക്കുറി ശക്തമായ ശീത തരംഗവും, മഴയും ഉണ്ടായിട്ടുപോലും ഇത്രക്കു വലിയ കാട്ടുതീ ഉണ്ടായത് കാലാവസ്ഥാ പ്രവാചകരേയും അത്ഭുതപ്പെടുത്തുന്നു. യു എസ്സിനെ വലച്ച കാട്ടുതീ പ്രതിഭാസം ലക്ഷക്കണക്കിന് ഏക്കര്‍ വനമാണ് ചുട്ടെരിച്ചിട്ടുള്ളത്. കാലിഫോര്‍ണിയയില്‍ ഏതാണ്ടു മൂന്നര ലക്ഷം ജനങ്ങള്‍ കാട്ടുതീയുണ്ടായാല്‍ നേരിട്ടു ബാധിക്കുന്ന ഇടങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണു കണക്കുകള്‍. കാട്ടിലെ ജന്തുജാലങ്ങള്‍ക്കു മാത്രമല്ല, ചൂടും പുകയും പിന്നീടും ഏറെ നാളുകള്‍ ഈ പ്രദേശത്തെ ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. പണ്ടുകാലത്ത് ഉല്‍ക്കാപതനവും ഇടിമിന്നലുകളുമാണ് കാട്ടുതീക്കു കാരണമായിരുന്നതെങ്കില്‍ ഇപ്പോള്‍ മരം മുറിക്കുന്ന ചെയിന്‍ സോ, ഗ്രൈന്‍ഡര്‍ എന്നു തുടങ്ങി ഹൈടെന്‍ഷന്‍ ഓവര്‍ ഹെഡ് പവ്വര്‍ ലൈന്‍ വരെ കാരണങ്ങളാണ്. തീയല്ലേ? ഒരു പൊരി വീണാല്‍ മതി ഉണക്കയില ആളിക്കത്താന്‍. ചില പ്രദേശങ്ങള്‍ ആവര്‍ത്തന സ്വഭാവത്തില്‍ കത്തിയമരുന്നുമുണ്ട്. ഏതായാലും ഇപ്പോഴത്തേത് ഏതാണ്ട് നിയന്ത്രണ വിധേയമായിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഇതു യു എസ്സിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ അവസ്ഥയാണെങ്കില്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ക്കു പറയാനുള്ളതു മഞ്ഞു കൊണ്ടുള്ള പൊറുതിമുട്ടലിനെക്കുറിച്ചാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അതി കഠിനമായ മഞ്ഞുവീഴ്ചയില്‍ പുതഞ്ഞു പോയ നാലു ജീവനുകളെ നമുക്ക് അത്ര പെട്ടെന്നു മറക്കാനാകില്ല. ഒരു ഭാഗത്തു ശൈത്യം അതിന്റെ തണുത്തു കൂര്‍ത്ത നഖങ്ങള്‍ നെഞ്ചിലേക്കാഴ്ത്തുമ്പോള്‍ മറുഭാഗത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട വിധത്തില്‍ പടരുന്ന കാട്ടുതീ. ഇതിനൊക്കെ ഇടയില്‍ വന്നു പോയ പേമാരി. എല്ലാറ്റിനും നടുവില്‍ വെട്ടുകിളി ശല്യം പോലെ ഒരു ഒമിക്രോണ്‍. ചെകുത്താനും കടലിനുമിടയില്‍ എന്നു പറയുന്നത് ഇതല്ലെങ്കില്‍ പിന്നെ വേറെന്താണ്?ക്കോലി കടിച്ചാലും അത്താഴം മുടങ്ങും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക