Image

ബ്രോ ഡാഡി -മലയാളം മൂവി റിവ്യൂ (സൂരജ് കെ.ആർ) 

Published on 26 January, 2022
ബ്രോ ഡാഡി -മലയാളം മൂവി റിവ്യൂ (സൂരജ് കെ.ആർ) 

ലൂസിഫര്‍ എന്ന ആദ്യ ചിത്രത്തിന്റെ ഗംഭീരവിജയത്തിന് ശേഷം പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. പേര് സൂചിപ്പിക്കും പോലെ വലിയ പ്രായവ്യത്യാസമില്ലാത്ത അപ്പനും മകനുമായ ജോണ്‍ കാറ്റാടി ആയി മോഹന്‍ലാലും, ഈശോ ജോണ്‍ കാറ്റാടിയായി പ്രിഥ്വിരാജും എത്തുന്നു. ഒരു ഹൈ ക്ലാസ് സൊസൈറ്റി ഫാമിയുടെയിടയില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും, അത് പരിഹരിക്കാനുള്ള ശ്രമങ്ങളുമൊക്കെയായി ഒരു ഫണ്‍ മൂഡിലുള്ള കഥയാണ് ബ്രോ ഡാഡിയുടേത്. സിനിമയെ പറ്റി കൂടുതല്‍ പറയുമ്പോള്‍ ചെറിയ ചില സ്‌പോയിലറുകള്‍ ഇനി ഈ റിവ്യൂവില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഹൈ സൊസൈറ്റി ഫാമിലി ലൈഫിലെ കോമഡികളും, കണ്‍ഫ്യൂഷനുകളും എന്നത് പൊതുവെ ഇന്ത്യയില്‍ ബോളിവുഡ് സിനിമകളുടെ സ്ഥിരം ചേരുവയാണ്. ഫാമിലിയിലെയും ബന്ധങ്ങളിലെയും കണ്‍ഫ്യൂഷനുകളും, ദുഃഖങ്ങളും, ചിരികളുമെല്ലാമായി ധാരാളം സിനിമകളാണ് ബോളിവുഡില്‍ ഇറങ്ങാറുള്ളത്. അവയോട് സാമ്യമുള്ള തീമും, മേക്കിങ്ങുമാണ് ബ്രോ ഡാഡിയുടേത്.

നേരത്തെ ബോളിവുഡില്‍ നിന്ന് വന്ന മികച്ച സിനിമകളിലൊന്നായ ബദായി ഹോ എന്ന ചിത്രത്തിന്റെ പ്രമേയത്തോടെ സാമ്യം തോന്നുന്നതാണ് സിനിമയിലെ ചില സന്ദര്‍ഭങ്ങള്‍. ഒപ്പം ഈയടുത്ത് മലയാളത്തിലറങ്ങിയ ഒരു മോശം സിനിമയായ ചങ്ക്‌സ് 2 എന്ന സിനിമയോടും പ്രമേയത്തില്‍ ബ്രോ ഡാഡി സാമ്യം പുലര്‍ത്തുന്നു. മുതിര്‍ന്ന മക്കള്‍ ഉണ്ടായിരിക്കേ വാര്‍ദ്ധക്യകാലത്ത് ഗര്‍ഭം ധരിക്കുന്ന അമ്മയോടും, അച്ഛനോടും മക്കള്‍ക്കുണ്ടാകുന്ന അകല്‍ച്ചയും, സമൂഹത്തെ അഭിമുഖീകരിക്കാനുള്ള മടിയുമെല്ലാം വളരെ മികച്ച രീതിയില്‍ വരച്ചുകാട്ടിയ ഒരു സിനിമയായിരുന്നു ബദായി ഹോ. ചങ്ക്‌സ് 2 ആകട്ടെ ഈ സിനിമയുടെയും, മറ്റനേകം സിനിമകളുടെയും ഒരു വികല മാതൃകയും.

ഏതാണ്ട് ഇതേ പ്രമേയത്തെ പക്ഷ വലിയ തട്ടുകേടില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ് ബ്രോ ഡാഡി. ഈ ആവര്‍ത്തനവിരസതയെ പക്ഷേ തിരക്കഥയുടെ മികവ് കൊണ്ടല്ല, സിനിമാറ്റോഗ്രാഫി, ആര്‍ട്ട് ഡയറക്ഷന്‍ തുടങ്ങിയ സങ്കേതങ്ങളിലൂടെയാണ് സിനിമ ഒരു പരിധി വരെ മറികടക്കുന്നത്. ഇഷ്ടതാരങ്ങളാണ് സ്‌ക്രീനില്‍ എന്നതും സിനിമ കണ്ടിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും. പലയിടത്തും ദുര്‍ബ്ബലമായ തിരക്കഥ മികച്ച ഫ്രെയിമുകളിലൂടെയും, തരക്കേടില്ലാത്ത പ്രകടനങ്ങളിലൂടെയുമാണ് മുഷിപ്പിക്കാതെ കണ്ടിരിക്കാവുന്ന വിധത്തിലാക്കിയിരിക്കുന്നത്.

അഭിനയമികവ് നോക്കുകയാണെങ്കില്‍ പ്രിഥ്വിരാജ് ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ മുകളിലേയ്‌ക്കൊന്നും പോയിട്ടില്ല. മോഹന്‍ലാലാകട്ടെ മുമ്പ് അനായാസതയോടെ ചെയ്തിരുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ വളരെ ആയാസപ്പെട്ട് അവതരിപ്പിക്കും പോലെയാണ് അനുഭവപ്പെട്ടത്. മീന, കനിഹ എന്നിവരൊന്നും പ്രത്യേകിച്ച് ആകര്‍ഷിക്കുന്ന പ്രകടനങ്ങള്‍ നടത്തിയില്ല.

അതേസമയം ലാലു അലക്‌സ്, അദ്ദേഹത്തിന്റെ മകളായ അന്നയെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ പ്രകനം ഊര്‍ജ്ജസ്വലമാണ്. കോമഡി ആയാലും, സെന്റിമെന്റ്‌സ് ആയാലും ലാലു അലക്‌സ് തന്റെ സീനുകളില്‍ ഒറ്റയാള്‍ പ്രകടനം നടത്തിയിട്ടുണ്ട്. തന്റെ റോള്‍ കല്യാണിയും ഗംഭീരമാക്കി.

ഒരു മുറിക്കുള്ളിലോ, ചെറിയ സ്‌പേസിലോ ഒതുക്കിയുള്ള കോവിഡ് കാല പരിമിതകള്‍ക്കുള്ളിലെ ത്രില്ലര്‍ സിനിമകള്‍ കണ്ടുമടുത്തവര്‍ക്ക് തീര്‍ച്ചയായും ഒരു ആശ്വാസമാണ് ബ്രോ ഡാഡി പോലുള്ള സിനിമകള്‍. അതീവ ആസ്വാദ്യകരമെന്നൊന്നും പറയാനാകില്ലെങ്കിലും ഒരുവട്ടം മടുപ്പില്ലാതെ കണ്ടിരിക്കാം ഈ സിനിമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക