ഒമിക്രോണിനെതിരെ  വാക്‌സിൻ  ട്രയൽ തുടങ്ങി; 10 മില്യൻ  കുട്ടികൾക്ക് കോവിഡ്

Published on 26 January, 2022
ഒമിക്രോണിനെതിരെ  വാക്‌സിൻ  ട്രയൽ തുടങ്ങി; 10 മില്യൻ  കുട്ടികൾക്ക് കോവിഡ്

ഒമിക്രോണിനെതിരെ തങ്ങളുടെ  വാക്‌സിൻ  ഫലപ്രദമാണോ എന്നറിയാൻ  ക്ലിനിക്കൽ ട്രയൽ ആരംഭിച്ചതായി  ഫൈസർ-ബിയോൺടെക്  കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ആരോഗ്യമുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള 1,420 പേരിൽ നടത്തിയ വാക്സിൻ പരീക്ഷണം  സുരക്ഷിതമാണെന്നും  മികച്ച പ്രതിരോധം നൽകുന്നു എന്നും  പഠനം വിലയിരുത്തുന്നതായും  നിർമ്മാതാക്കൾ പറഞ്ഞു.
ഫൈസർ വാക്സിന്റെ  രണ്ട് ഡോസുകൾ സ്വീകരിച്ച് 90 മുതൽ 180 ദിവസങ്ങൾ പിന്നിട്ട  615 പേരാണ്  ആദ്യ ഗ്രൂപ്പിൽ പങ്കെടുത്തത്. ഇവർക്ക്  ഒമിക്‌റോൺ ഷോട്ടിന്റെ ഒന്നോ രണ്ടോ ഡോസുകൾ  പിന്നീട് നൽകുന്ന രീതിയിലാണ് പരീക്ഷണം.

 ഫൈസർ വാക്സിന്റെ  മൂന്ന് ഡോസുകൾ സ്വീകരിച്ച രണ്ടാമത്തെ ഗ്രൂപ്പിലെ  600 പേർക്ക് നിലവിലെ വാക്സിന്റെയോ  ഒമിക്റോൺ  വാക്സിൻ്റെയോ ഒരു ഡോസാണ് പരീക്ഷണ ഘട്ടത്തിൽ നൽകുന്നത്.

വാക്‌സിനേഷൻ എടുക്കാത്തവരെയാണ്  മൂന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. ഇവർക്ക്  ഒമിക്‌റോൺ-നിർദ്ദിഷ്ട വാക്സിന്റെ മൂന്ന് ഡോസുകൾ നൽകുമെന്നും  മരുന്ന് നിർമ്മാതാക്കൾ പറഞ്ഞു.

ഒമിക്‌റോൺ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയെ  വാക്സിനുകൾ ശക്തമായി പ്രതിരോധിക്കുമെന്ന് കമ്പനി അറിയിച്ചു.
2022-ൽ ഏകദേശം 4 ബില്യൺ ഡോസ് കോവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുമെന്ന് കമ്പനികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഒമിക്രോൺ -നിർദ്ദിഷ്‌ട ഷോട്ട് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാൽ,  റെഗുലേറ്റർമാരോട് അംഗീകാരം ചോദിക്കാനും  വിതരണം ആരംഭിക്കാനും കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇന്നലെയാണ് നിലവിലെ വാക്സിൻ  കൊണ്ടുതന്നെ മഹാമാരിയെ നേരിടാമെന്നും  സ്വാഭാവിക പ്രതിരോധശേഷി ഉടൻ സാധ്യമാകുമെന്നും  ലോകാരോഗ്യ സംഘടനയിൽ നിന്ന് പ്രഖ്യാപനമുണ്ടായത്. ഉടനെ തന്നെ ഫൈസർ ഒമിക്രോൺ വാക്സിൻ ട്രയൽ ആരംഭിച്ചെന്ന വിവരവുമായി എത്തി.

ബൂസ്റ്ററുകൾ ഒമിക്രോൺ മൂലം  ഗുരുതര രോഗാവസ്ഥ ഉണ്ടാകുന്നത് ഒഴിവാക്കാനും  ആശുപത്രിവാസം കുറയ്ക്കുന്നതിനും സഹായകമാണെന്നും  കാലക്രമേണ ഈ പ്രതിരോധം കുറയുകയാണെങ്കിൽ പുതിയ വഴികളിലേക്ക് കടക്കാൻ  തയ്യാറാകണമെന്നും ഫൈസർ വൃത്തങ്ങൾ സൂചിപ്പിച്ചു.
, ചൊവ്വാഴ്ച വരെ 868,000 അമേരിക്കക്കാർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. 5.6 മില്യണിലധികം ആളുകൾ ലോകത്തുടനീളം കോവിഡ് ബാധിച്ച് മരണപ്പെട്ടു.

അമേരിക്കയിൽ  10 മില്യണിലധികം കുട്ടികൾക്ക് കോവിഡ് ബാധിച്ചു

വാഷിംഗ്ടൺ, ജനുവരി 26 :  അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും (എഎപി) ചിൽഡ്രൻസ് ഹോസ്പിറ്റൽ അസോസിയേഷന്റെയും ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മഹാമാരി  ആരംഭിച്ചതിന് ശേഷം അമേരിക്കയിൽ 10 മില്യണിലധികം  കുട്ടികൾക്ക്  കോവിഡ് ബാധിച്ചിട്ടുണ്ട്.

ജനുവരി 20 വരെ രാജ്യത്തുടനീളം  10,603,034 കുട്ടികളിലാണ്  കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ഥിരീകരിച്ച  കേസുകളിൽ 18.4 ശതമാനവും കുട്ടികളിലാണെന്നും റിപ്പോർട്ടുണ്ട്.

ഒമിക്രോൺ വേരിയന്റ്  വ്യാപിച്ചതോടെയാണ് യുഎസിലുടനീളം കുട്ടികൾക്കിടയിലെ കോവിഡ് കേസുകൾ വർദ്ധിച്ചത്.

എഎപിയുടെ കണക്കനുസരിച്ച്, 1.1  മില്യണിലധികം കോവിഡ്  കേസുകളാണ്  കുട്ടികളിൽ  കഴിഞ്ഞ ആഴ്‌ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തുടർച്ചയായ 24-ാം ആഴ്ചയിലും യുഎസിൽ കുട്ടികളുടെ കൊവിഡ് കേസുകളുടെ എണ്ണം 100,000-ത്തിന് മുകളിലായത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
എഎപിയുടെ കണക്കനുസരിച്ച് സെപ്റ്റംബർ ആദ്യവാരം മുതൽ 5.6  മില്യണിലധികം  കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക