Image

ജസ്റ്റിസ് സ്റ്റീഫൻ ബ്രെയർ വിരമിക്കുന്നു; പകരം കറുത്ത വർഗക്കാരി 

Published on 26 January, 2022
ജസ്റ്റിസ് സ്റ്റീഫൻ ബ്രെയർ വിരമിക്കുന്നു; പകരം കറുത്ത വർഗക്കാരി 

സുപ്രീം കോടതിയിലെ സീനിയർ മോസ്റ്റ്  ജസ്റ്റിസ് സ്റ്റീഫൻ ബ്രെയർ, 83,  കോടതിയുടെ നിലവിലെ  സെഷൻ ജൂണിൽ  അവസാനിക്കുമ്പോൾ  വിരമിക്കും.  ലിബറൽ ആയ ബ്രെയറിന് പകരം  പ്രസിഡന്റ് ബൈഡന്   മറ്റൊരു ലിബറൽ നിയമജ്ഞനെ നിയമിക്കാൻ  ഇത് വഴിയൊരുക്കും. 

കോടതിയിൽ ഇപ്പോൾ 6  പേർ  കണ്സർവേറ്റീവുകളും മൂന്നു പേർ  ലിബറലുകളുമാണ്. ഈ വർഷാവസാനം ഇലക്ഷനു  മുൻപ് വിരമിക്കാൻ ലിബറൽ നേതാക്കൾ ജസ്റ്റീസ് ബ്രെയർക്കു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇലെക്ഷനിൽ റിപ്പബ്ലിക്കൻ പാർട്ടി  സെനറിൽ   ഭുരിപക്ഷം  നേടിയാൽ  പിന്നെ ലിബറൽ ജഡ്ജിക്കു അംഗീകാരം കിട്ടുകയില്ല എന്ന ചിന്താഗതി മൂലമായിരുന്നു അത്.

യാഥാസ്ഥിതിക ജഡ്ജിമാരിൽ  മൂന്നു പേർ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തവരാണ്.    ലിബറൽ ജസ്റ്റിസ് റൂത്ത് ബാഡർ ഗിൻസ്ബർഗ് അന്തരിച്ചപ്പോൾ തിരക്കിട്ട്  ആ  സീറ്റിലേക്ക് ഏമി കോണി ബാരറ്റിനെ  നിയമിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ്, റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള  സെനറ്റ്   52-48 വോട്ടുകൾക്ക് കോണി ബാരറ്റിനെ   സ്ഥിരീകരിച്ചു.

തനിക്ക് അവസരം ലഭിച്ചാൽ ഒരു കറുത്തവർഗ്ഗക്കാരിയെ നോമിനേറ്റ് ചെയ്യുമെന്ന്  പ്രചാരണത്തിനിടെ ബൈഡൻ പറഞ്ഞിരുന്നു. 'സുപ്രീം കോടതിയിൽ  കറുത്ത  വർഗക്കാരിയായ സ്ത്രീ  ഉണ്ടാവണമെന്ന്  ഞാൻ ആഗ്രഹിക്കുന്നു.  എല്ലാവർക്കും  പ്രാതിനിധ്യം   ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇതാവശ്യമാണ്,' അദ്ദേഹം  പറയുകയുണ്ടായി.

ബൈഡൻ ആരെ നിയമിക്കുമെന്നതിനെച്ചൊല്ലി അഭ്യൂഹങ്ങളും പരക്കുന്നു. മത്സരാർത്ഥികളിൽ വാഷിംഗ്ടൺ, ഡിസിയിലെ  ഫെഡറൽ അപ്പീൽ കോടതി ജഡ്ജി കേതൻജി ബ്രൗൺ ജാക്‌സൺ  മുന്നിലുണ്ട്. പ്രസിഡന്റ് ബരാക് ഒബാമ ഫെഡറൽ ബെഞ്ചിലേക്ക് നോമിനേറ്റ് ചെയ്ത അവരെ  ബൈഡൻ  പ്രൊമോട്ട് ചെയ്തു.

പൗരാവകാശ അഭിഭാഷക ഷെറിലിൻ ഐഫിൽ, ഫെഡറൽ ജഡ്ജി മിഷേൽ ചൈൽഡ്സ് എന്നിവരും സാധ്യതാ പട്ടികയിൽ ഉൾപ്പെടുന്നു.   

ഡമോക്രാറ്റുകൾ  ഒന്നിച്ചു നിന്നാൽ ജഡ്ജി നിയമനം സെനറ്റിൽ  അംഗീകരിക്കാൻ കഴിയുമെന്ന്  റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു. എന്നാൽ റിപ്പബ്ലിക്കൻ വോട്ട് ലഭിക്കാനിടയില്ല.  ഇപ്പോൾ രണ്ട് കക്ഷികൾക്കും 50-50  എന്നതാണ് സെനറ്റിൽ  അംഗസംഖ്യ. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടോടെ  ഡമോക്രാറ്റുകൾക്ക് ഭുരിപക്ഷമാകും.

പ്രസിഡന്റ് ബിൽ ക്ലിന്റൺ ആണ് 1994 -ൽ  ബ്രെയറെ  നിയമിച്ചത്.

അബോർഷൻ അവകാശങ്ങളെ പിന്തുണച്ച് ബ്രെയർ രണ്ട് പ്രധാന വിധി തീർപ്പുകൾ  എഴുതിയിരുന്നു.

വീണ്ടും മത്സരിക്കുമെന്ന്  സ്പീക്കർ നാൻസി പെലോസി

വാഷിംഗ്ടൺ, ജനുവരി 26 : ഈ വർഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ താൻ വീണ്ടും  മത്സരിക്കുമെന്ന് കാലിഫോർണിയയിലെ ഡെമോക്രാറ്റായ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി പ്രഖ്യാപിച്ചു.

രാജ്യം  പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇനിയും കൂടുതൽ  കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും പെലോസി അഭിപ്രായപ്പെട്ടു. സത്യത്തിനെതിരായ ആക്രമണവും , യുഎസ് ക്യാപിടോളിന്  നേർക്കുണ്ടായ  ആക്രമണവും , വോട്ടിംഗ് അവകാശത്തിന്റെ പേരിൽ സംസ്ഥാനങ്ങൾ തോറുമുണ്ടായിട്ടുള്ള വാദപ്രതിവാദങ്ങളും  കാരണം അമേരിക്കൻ  ജനാധിപത്യം അപകടത്തിലാണെന്ന ആശങ്കയും സ്പീക്കർ പങ്കുവച്ചു. അതിനാൽ തന്നെ  ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണെന്നും പെലോസി ചൊവ്വാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രഖ്യാപന വീഡിയോയിലൂടെ വ്യക്തമാക്കി.
ഏവരുടെയും പിന്തുണയും പെലോസി അഭ്യർത്ഥിച്ചിട്ടുണ്ട്.
 എന്നാൽ, നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഹൗസ് ഡെമോക്രാറ്റിക് നേതൃത്വത്തിലേക്ക് മത്സരിക്കുമോ  എന്ന് സ്പീക്കർ പരാമർശിച്ചിട്ടില്ല.ഹൗസ് സ്പീക്കറെന്ന നിലയിലുള്ള തന്റെ അവസാന ടേമായിരിക്കും നിലവിലേതെന്ന്  അവർ 2018ൽ പറഞ്ഞിരുന്നു.

മാർച്ചിൽ പെലോസിക്ക്  82 വയസ്സ് തികയും.1987 മുതൽ കാലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക