Image

അതിഥി (ചെറുകഥ: സുധീർ പണിക്കവീട്ടിൽ)

Published on 27 January, 2022
അതിഥി (ചെറുകഥ: സുധീർ പണിക്കവീട്ടിൽ)

രാവിലെ ഉണരുമ്പോൾ കിടക്കയിൽ നിറയെ പുസ്തകങ്ങൾ. ബെഡ് സൈഡ് ടേബിളിലും പുസ്തകങ്ങൾ. ഭാര്യ ഉറങ്ങാൻ വന്നപ്പോൾ പുസ്തകങ്ങളെ കെട്ടിപിടിച്ച് കിടക്കുന്ന എഴുത്തുകാരനായ ഭർത്താവിനെ കണ്ടു അടുത്ത മുറിയിൽ പോയി ഉറങ്ങി കാണും. പുസ്തകങ്ങൾ മലർന്നും, തുറന്നും, അടഞ്ഞും കിടന്നിരുന്നു. അവയിൽ നിന്നും പുറത്തുചാടിയ ഡെസ്ഡിമോണ, മിറാൻഡ, ജൂലിയറ്റ്, ക്ലിയോപാട്ര തുടങ്ങിയ ആംഗലസാഹിത്യത്തിലെ യുവസുന്ദരികൾ  ജന്നൽ കർട്ടൻ നീക്കി ഗൗൺ ധരിച്ച്  രതിതളർച്ചയിൽ (sexhausted) നിൽക്കുന്നു. ലജ്‌ജാനമ്രമുഖികളായി ശകുന്തളയും, ദമയന്തിയും അഹല്യയും, മോഹിനിയും, ദ്രൗപദിയും മൂലയിൽ ഒതുങ്ങിനിൽക്കുന്നു. ഒരു മിന്നായം പോലെ  ഹിന്ദി സിനിമാതാരങ്ങളും. അവരെല്ലാം എഴുത്തുകാരന്റെ കൂടെയുറങ്ങിയപോലെ ഇംഗളീഷ്‌കാരികളോട് ഗുഡ്മോർണിംഗും ഭാരതീയ നാരികളോട് നമസ്തേയും പറഞ്ഞു ബാത്റൂമിൽ പോയി. ശുചിയായി പുറത്തിറങ്ങുമ്പോൾ ഒരു ബോധോദയം. ആരോ വരുമായിരിക്കാം. ഒരു അതിഥി. ആരായിരിക്കാം?  എന്തായാലും ഒരുങ്ങിയിരിക്കാം. 
ഇലക്ട്രിക് ഷേവർ കൊണ്ടുള്ള മുഖക്ഷൗരം സുഖകരമാണ്.  ആഫ്റ്റർ ഷേവ് പുരട്ടുമ്പോൾ അനുഭവപ്പെടുന്ന മൃദുലത അതുമൂലം ലഭിക്കുന്ന ഗുണമാണ്. ഒരു പക്ഷെ  അപ്പോൾ ഉപയോഗിച്ച ആഫ്റ്റർ ഷേവ് അതിഥിക്കുവേണ്ടിയായിരുന്നോ? എന്തെ അതു തന്നെ ഉപയോഗിക്കാൻ തോന്നി ഇതിനു നെല്ലിയാമ്പതിയിലെ ഓറഞ്ചിന്റെ മണം ആണ്. അത് ഫിറോമോൺസ് വർദ്ധിപ്പിക്കുമത്രേ. എന്തോ ഇന്നത്തെ പ്രഭാതം പ്രസന്നവതിയായ ഒരു യുവതിയെപോലെയുണ്ട്. അയാൾ ജനലിലൂടെ നോക്കി. എന്നും കാണാറുള്ള പക്ഷി മരക്കൊമ്പിൽ അയാളെ കാത്തിരിക്കുന്നു. ജന്നൽ തുറന്നപ്പോൾ കിളി അയാളോട് പതിവുള്ള "കിളികൊഞ്ചലുകൾ" നടത്തി.  എന്നും രാവിലെ തനിക്കായി വീടിന്റെ പുറകിലെ പറമ്പിലെ മരങ്ങളിലൊന്നിൽ അതു വരുന്നു. അതും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു. കാക്കകൾ വിരുന്നുകാരെ വിളിച്ചുവരുത്തുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു പക്ഷെ ഈ കിളിയും അജ്ഞാതനായ/അജ്ഞാതയായ അതിഥിയെ സ്വാഗതം ചെയ്യുകയായിരിക്കും.  അയാൾ കുറച്ച് നേരം അതെല്ലാം നോക്കിനിന്നു താഴോട്ടു ഇറങ്ങിപ്പോയി.
അവിടെ കിച്ചണിൽ ഭാര്യ ചായ ഉണ്ടാക്കിയിട്ടുണ്ടാകും. അയാൾ ഉണരുന്ന ബഹളം അവർക്കറിയാം. സുബ്ബലക്ഷ്മിയുടെ സുപ്രഭാതം. അതുകഴിഞ്ഞു സ്വയം പാടുന്ന പ്രണയാർദ്രമായ ചലച്ചിത്രഗാനങ്ങൾ. തന്റെ ശബ്ദം മനോഹരമാണെന്ന ധാരണയാണ് അയാൾക്ക്. അയാൾ ഭാര്യയോട് പറയാറുണ്ട് മാതാപിതാക്കൾ അയാളെ പാട്ടു പഠിപ്പിച്ചിരുന്നെകിൽ യേശുദാസ് വീട്ടിലിരുന്നേനെ എന്നു. അയാൾ താഴെ ഇറങ്ങിച്ചെന്നു ഭാര്യയുടെ ചെവിയിൽ മൂളി, “മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ...ഉള്ളിന്റെ ഉള്ളിൽ ചികയുന്നതെന്തേ”…ഭാര്യ അത് ഗൗനിച്ചില്ല. അങ്ങനെ എന്നും ഓരോന്ന് കേൾക്കുന്നതാണ്. നാട്ടിൽ നിന്നും മുടങ്ങാതെ സഹോദരി കൊടുത്തയക്കുന്ന അയാൾക്കിഷ്ടമുള്ള നീലഗിരി ചായ അവർ തയ്യാറാക്കി കൊടുത്തു. എന്നിട്ട് ചോദിച്ചു ഇന്നെന്താ ആ ആഫ്റ്റർ ഷേവ് ഉപയോഗിച്ചത്.
അയാൾ പുഞ്ചിരിതൂകികൊണ്ട് ചോദിച്ചു അപ്പോൾ മൂക്കിന് കുഴപ്പമില്ല അല്ലേ. ഇത് ഞാൻ അപൂർവമായേ ഉപയോഗിക്കു എന്നറിയാമല്ലോ. ഇന്ന് ഒരു പ്രത്യേകദിവസമാണ്. എന്നെ കാണാൻ ഒരു അതിഥി വരുമെന്ന ഒരു തോന്നൽ. ഒരു അശരീരി കേട്ടപോലെ. ആരായിരിക്കുമെന്നു ഒരു രൂപവുമില്ല. ഉടനടി ഭാര്യയുടെ മറുപടി.  "ഏതെങ്കിലും പെണ്ണുങ്ങളായിരിക്കും." അവർക്കല്ലേ സൗന്ദര്യം, അവരെയല്ലേ വർണ്ണിക്കാൻ കഴിയു. ഭാര്യമാരായാൽ ഇങ്ങനെ വേണം. എത്ര വസ്തുനിഷ്ഠമായ നിർണ്ണയം. അവരുടെ മുൻകാല അനുഭവമാണ് അവർ പറയുന്നത്. രാമായണം വായിക്കുമ്പോൾ അവിടെ ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. എന്നാൽ അയാൾ ഭാര്യയോട് പറഞ്ഞത് വീട്ടിലിരുന്നു രാമായണം വായിക്കുമ്പോൾ അയാൾ അഹല്യയെ  നേരിട്ട് കണ്ടുവെന്നാണ്. അവരുടെ സൗന്ദര്യം എഴുത്തച്ഛൻ വർണ്ണിച്ചതു പൂർണമായില്ല. ഞാനായിരുന്നെങ്കിൽ അവരുടെ കൊതിപ്പിക്കുന്ന സൗന്ദര്യം തേനോലുന്ന പദങ്ങൾ കൊണ്ടു വരച്ചിട്ടേനെ; വായിക്കുന്നവർക്ക് മത്തുപിടിക്കുന്നവിധത്തിൽ അഹല്യയുടെ അംഗോപാംഗങ്ങളിലേക്ക് പഞ്ചശരനെ പായിച്ചുകൊണ്ടു എന്ന് അയാൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എഴുത്തച്ഛന്റെ ഉദ്ദേശ്യം വായനക്കാരിൽ ഭക്തിയുളവാക്കുകയായിരുന്നു അല്ലാതെ അവരെ കാമപരവശരാക്കുകയല്ലായിരുന്നുവെന്ന ഭാര്യയുടെ മറുപടി അയാൾക്ക് സ്വീകാര്യമായി തോന്നിയില്ല.
ചായയുടെ അരോമ അവിടെ തിങ്ങി നിന്നു. അര കപ്പുകൂടി കുടിക്കുക ശീലമാണ്. അതറിയുന്ന ഭാര്യ കപ്പിലേക്ക് ചായ ഒഴിച്ചുകൊടുത്തു. അതുമായി വായനാമുറിയിലേക്ക് പോകുമ്പോൾ ബെഡ്‌റൂമിൽ അലങ്കോലമായി കിടക്കുന്ന പുസ്തകങ്ങൾ ഒരുക്കിവയ്ക്കാൻ പോകുന്ന ഭാര്യയുടെ പതിവ് ചോദ്യം. ഒത്തിരി പുസ്തകങ്ങൾ ഒരുമിച്ച് വായിക്കുന്നത് എങ്ങനെ? അയാളുടെ പതിവ് മറുപടി ഒരേ സമയം ഒരു പുസ്തകമേ വായിക്കുന്നുള്ളു എന്നാൽ ഒന്ന് വായിക്കുമ്പോൾ മറ്റൊന്ന് വായിക്കാൻ തോന്നുന്നു അപ്പോൾ അതെടുക്കുന്നു.
വായനമുറിയിൽ തിരിയുന്ന കസേരയിൽ ഇരുന്നു അലമാരയിലെ പുസ്തകങ്ങൾ കണ്ണോടിച്ചു. വിശ്വോത്തര പ്രശസ്തരായവരുടെ പുസ്തകങ്ങൾ. അവരൊക്കെ എങ്ങനെ വായനക്കാരുടെ ഹൃദയങ്ങളിൽ ഇടം തേടി. തീർച്ചയായും അതു  ദൈവത്തിന്റെ അനുഗ്രഹവും അവരുടെ പ്രയത്നവുമാണ്. ഭാര്യ പുസ്തകങ്ങൾ അടുക്കി വച്ചപ്പോൾ അതിലെ സുന്ദരിമാർ പുസ്തകത്താളുകളിൽ കയറിപ്പറ്റിക്കാണും.
മേശപ്പുറത്തിരുന്ന അയാളുടെ എഴുത്തുപലകയിൽ അയാളുടെ രചനകൾ നിറഞ്ഞിരിക്കുന്നു. ആർക്കും വേണ്ടാത്തവ. എന്നാലും പ്രതിദിനം എഴുതുന്നു. ഒരു പക്ഷെ ഇതൊരു നിയോഗമാകാം. മുത്തശ്ശി എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ദേവി സരസ്വതിയുടെ അനുഗ്രഹമാണ്. ഉണ്ണി എഴുതിക്കൊണ്ടിരിക്കു. 
“അതിഥി ഉണ്ണാൻ ഉണ്ടാവോ ആവോ?” ഭാര്യയുടെ കളിയാക്കൽ. അയാൾക്കു ചമ്മൽ തോന്നി. അയാൾ വിളിച്ചുപറഞ്ഞു. വരുമായിരിക്കും പക്ഷെ ഉണ്ണാൻ നിൽക്കില്ല. "അപ്പോൾ ആരാണ് വരുന്നതെന്ന് അറിയാമായിരിക്കുമല്ലോ". ഭാര്യയുടെ ചോദ്യം.  “ഇല്ലേ” എന്ന് അമർഷത്തോടെ അയാൾ വിളിച്ചുപറഞ്ഞു. ഉണർന്നപ്പോൾ വെറുതെ തോന്നിയതാണ്. ഒരു അതിഥി വരും. അതു  ഭാര്യയോട് പറയുകയും ചെയ്തു. ഇനി എന്ത് ചെയ്യും?.  സ്വപ്നങ്ങളിലും സങ്കല്പങ്ങളിലും സുന്ദരിമാർ വന്നു മുഖം കാണിച്ച് പോകാറുണ്ട്. പക്ഷെ അവരെ ആർക്കും കാണിച്ചുകൊടുക്കാൻ കഴിയില്ല.  
എം.ടിയുടെ പുസ്തകങ്ങളിൽ നിന്നും ശാലീന സുന്ദരിമാരായ അമ്മുകുട്ടിമാരും, കുഞ്ഞുലക്ഷ്മിമാരും  വിമലമാരും ആകുമോ വരുന്നത്? മുട്ടത്ത് വർക്കിയുടെ നോവലിൽ നിന്നും വരുന്ന സുറിയാനി കൃസ്താനിപെണ്ണുങ്ങളാകുമോ? ശബ്ദത്തോടെ വാതിൽ കൊട്ടിയടച്ചു പോകുന്ന ഇബ്‌സന്റെ നോറയാകുമോ? ടോൾസ്റ്റോയിയുടെ അന്ന കർനീനയാകുമോ? ബഷീറിന്റെ നോവലിൽ നിന്നുള്ള  സുഹറയും, ജമീലയും, നാരായണിയും, ഭാർഗ്ഗവിക്കുട്ടിയുമാകുമോ. കുഞ്ഞബ്‌ദുള്ളയുടെ നോവലിൽ നിന്നുള്ള കാമിനിമാർ ആകുമോ? ആശാന്റെ വാസവദത്തയോ നളിനിയോ ലീലയോ? പാലാട്ട് കോമന്റെ മെയ്യാസകലം പൊന്നണിഞ്ഞ ഉണ്ണിയമ്മയോ? മാനത്തുന്നെങ്ങാനും പൊട്ടിവീണ പോലെ വയനാടൻ മഞ്ഞൾ മുറിച്ചപോലെയുള്ള വടക്കൻപാട്ടിലെ സുന്ദരിമാരായ വീരവനിതകളാകുമോ? ഇനി ഒരുപക്ഷെ ചങ്ങമ്പുഴയുടെ കാവ്യനർത്തകിയോ? മനോരഥം പരിചയമുള്ള വഴികളിലൂടെയൊക്കെ ഓടി. ആരെയും വഴിയിൽ കണ്ടില്ല.
മനസ്സിൽ തോന്നുന്നതൊക്കെ സംഭവിക്കണമെന്നില്ല. പക്ഷെ രാവിലെ ഉണർന്നപ്പോൾ ആരോ പറയുന്നത് കേട്ടപോലെ, ശരിക്കും കേട്ടപോലെ.  നിനക്ക് ഇന്ന് ഒരു അതിഥിയുണ്ട്. ആരായിരിക്കുമെന്നു ഊഹിക്കാതെ തന്നെ സന്തോഷം തോന്നി. ആരോ കാണാൻ വരുന്നു. അപ്പോൾ നമുക്ക് പ്രിയപ്പെട്ടവർ ആരോ ആയിരിക്കുമെന്ന ശുഭപ്രതീക്ഷ. സമയം നീങ്ങിക്കൊണ്ടിരുന്നു.  അതിഥിയുടെ ആഗമനം പ്രതീക്ഷിച്ചുകൊണ്ട് ഇഴഞ്ഞുകൊണ്ടിരുന്ന സമയങ്ങളിൽ എല്ലാം പേന ചലിച്ചുകൊണ്ടിരുന്നു. കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി... അതെ ഒരു നൂപുരധ്വനി കേൾക്കുന്നപോലെ. നിത്യപ്രഭാമയിയായ ഒരു ദേവി. കയ്യിൽ വീണ, അക്ഷരപൂക്കൾ, അതിന്റെ സുഗന്ധം. എഴുത്തുകാരന്റെ  മനസ്സിലും ഒരു വസന്തം ഉണരുന്നു. ഇതാ ദേവി അദ്ദേഹത്തിന്റെ  മുന്നിൽ.
അയാൾ ഉറങ്ങുകയല്ലെന്നു ഉറപ്പു വരുത്തി. കയ്യിൽ പിടിച്ചിരുന്ന പേന അവിടെത്തന്നെയുണ്ട്. മടിയിൽ എഴുത്തുപലക. അതിൽ കടലാസ്. മുന്നിൽ കടലാസ്സ് താളിൽ ദേവി സരസ്വതി വിദ്യാവിലാസിനിയായി വിളങ്ങുന്നു. ദേവി അനുഗ്രഹിച്ച് പറയുന്നു. ഞാനാണ് നിന്റെ അഥിതി. ഇതുവരെ നീ എഴുതിയതൊക്കെ എന്റെ അനുഗ്രഹം. നീ ഉണർന്നപ്പോൾ ഈ സൃഷ്ടി നീ നടത്തണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. സന്തോഷം കൊണ്ട് എഴുത്തുകാരൻ മോഹാലസ്യപ്പെടുന്ന അനുഭവത്തിലേക്ക് എത്തി. അയാൾ ദേവി എന്നു വിളിച്ചു. പാവം ഭാര്യ അടുക്കളയിൽ നിന്നും വിളി കേട്ടു." എന്തോ.. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നോളൂ". അവർക്കെന്തറിയാം. അവിടെ ഒരു ദിവ്യസംഗമം നടക്കയാണ്. ഇത് സത്യമോ മിഥ്യയോ? എന്തോ അറിയില്ല. ദേവി അയാൾക്ക് അക്ഷരപൂക്കൾ കൈക്കുടന്നയിൽ വച്ചുകൊടുത്തു. ഇത് കൊണ്ട് നീ മാലകൾ കോർക്കുക. കൈരളിക്ഷേത്രത്തിൽ നിത്യവും അർപ്പിക്കുക. നിന്റെ കൈക്കുടന്നയിലെ  പൂക്കൾ എടുക്കും തോറും ഏറി കൊണ്ടിരിക്കും. അയാൾ ദേവിയെ നമസ്കരിച്ചു. ആകാശത്തിന്റെ കോണിൽ എവിടെയോ തോള് മുട്ടുന്ന തോടയാട്ടി ചിരിച്ചുകൊണ്ട് മുത്തശ്ശി അനുഗ്രാഹാശിസ്സുകൾ നൽകുന്നു. ധന്യമായ ആ നിമിഷങ്ങളിൽ ദേവിയെയും മുത്തശ്ശിയേയും അയാൾ നമിച്ചു. അതിഥി ദേവോ ഭവ എന്ന ആർഷഭാരതവാക്യം അപ്പോൾ സത്യമാകുകയായിരുന്നു. അതു അതിഥികളെ ദേവന്മാരായി കാണുകയെന്നാണ്. എന്നാൽ അയാളുടെ അതിഥി ശരിക്കും ദേവതയായിരുന്നു.
ശുഭം

Join WhatsApp News
കോരസൺ 2022-01-27 02:51:55
എഴുത്തുകാരന്റെ അതിലോലമായ ഭാവാത്മകതയോടെ കോറിയിട്ട അതിഥി. നീലിമയിൽ മരതകമഞ്ഞകൊണ്ട് കോറിയിട്ട പേനയുടെ തുമ്പിൽ കുടുങ്ങിനിൽക്കുന്ന ചിറകടിച്ചു രക്ഷപെടാൻ വെമ്പുന്ന ചിത്രശലഭം. മനോഹരമായ കഥ. - കോരസൺ.
ജോയ് പാരിപ്പള്ളിൽ 2022-01-27 13:00:14
പത്മരാജന്റെ "ഞാൻ ഗന്ധർവ്വൻ " സിനിമ കണ്ട പ്രതീതി....!!! അതിലെ ഗന്ധർവ സാന്നിധ്യം ഇവിടെ കഥാകാരന് ദേവി സാന്നിദ്ധ്യ മായി അനുഭവിച്ചറിയുന്നു...!! ഒറ്റയിരുപ്പിൽ വായിച്ചു.. മനോഹരം..❤️ അഭിനന്ദനങ്ങൾ....🌹
JOSEPH M ABRAHAM 2022-01-27 17:14:27
ആദ്യാവസാനം ആകാംഷമുറ്റി നിന്നിരുന്നു പക്ഷെ അവസാനം ആയപ്പോൾ അതൊരു വല്ലാത്ത ചെയ്ത് ആയിപ്പോയി. ദേവിക്കു പകരം ഒരു ദേവിക എങ്കിലും ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി. എഴുത്തത്തുകാരന്റെ ഭാഷയിൽ ഉള്ള നൈപുണ്യവും സാഹിത്യപരിചയവും വിളിച്ചു പറയുന്ന രചന. ഭാവുകങ്ങൾ
SAMGEEV 2022-01-27 22:08:27
Beautiful story.
Babu Parackel 2022-01-28 02:27:33
‘ദേവി അയാൾക്ക് അക്ഷരപ്പൂക്കൾ കൈക്കുടന്നയിൽ വച്ചു കൊടുത്തു. ഇതുകൊണ്ട്‌ നീ മാല കോർക്കുക.’ ഇതിൽ കൂടുതലായി ഒരു സാഹിത്യകാരന് എന്തു വരമാണ് വേണ്ടത്! മനോഹരമായ സ്വപ്ന സങ്കല്പം! ഭാവനാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഇതിവൃത്തം ചിന്തോദീപകമാണ്. വളരെ ലളിതമായി പറഞ്ഞിരിക്കുന്ന നല്ലൊരു കഥ. സുധീർ സാറിനഭിനന്ദനങ്ങൾ!
Ninan Mathullah 2022-01-28 03:27:37
"Aarum kothikkunnoraal vannucherumennaro swakaaryam paranghathavaam" Dream of any writer! Congratulations!
നമ്പിയാർ ജയദേവ് 2022-01-28 05:20:32
സ്വപ്നങ്ങളെ അത്ഭുതാദവങ്ങളോടെയാണ് പ്രാചീനകാലം മുതൽ മനുഷ്യർ നോക്കിക്കണ്ടത്. ഭാരതത്തിലും ഗ്രീസിലും പലതരത്തിലുള്ള സ്വപ്നാഖ്യാനങ്ങൾ നടന്നിട്ടുണ്ട്. പലപ്പോഴും സ്വപ്നങ്ങൾ ഭാവിയുടെ സൂചനയുമായി പ്രത്യക്ഷപെടാറുണ്ട്. പ്രശസ്തമായ ജൂലിയസ് സീസ്സറിൽ, സീസ്സറുടെ മരണത്തിനുമുൻമ്പ് അദേഹത്തിന്റെ ഭാര്യ കൽപൂണീയ സീസ്സറിന്റെ പ്രതിമയിൽ നിന്ന് രക്തം ഒഴുകുന്നതായും അതിൽ റോമക്കാർ കൈകഴുകുന്നതായും സ്വപ്നം കാണുന്നു. അതവളെ അസ്വസ്ഥയാക്കുന്നു. സീസറിന് കൽപൂണീയ മുന്നറിയിപ്പും നൽകുന്നു. ദേവി കനിഞ്ഞു തന്ന അക്ഷരപ്പൂക്കൽ വാടാതെ കാത്തുസൂക്ഷിക്കുക. അവതരണ ശൈലി നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ശ്രീ സുധീർ.
Sudhir Panikkaveetil 2022-01-29 00:30:06
വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക