Image

ഡോ. മാമ്മൻ സി. ജേക്കബ് ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ; മറിയാമ്മ പിള്ള, സജി എം. പോത്തൻ കമ്മിറ്റി അംഗങ്ങൾ

ഫ്രാൻസിസ് തടത്തിൽ Published on 27 January, 2022
ഡോ. മാമ്മൻ സി. ജേക്കബ് ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ; മറിയാമ്മ പിള്ള, സജി എം. പോത്തൻ കമ്മിറ്റി അംഗങ്ങൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022-2024 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആയി ഡോ. മാമ്മൻ സി. ജേക്കബിനെ  നിയമിച്ചു. ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗംങ്ങൾ. കഴിഞ്ഞ ദിവസം ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗമാണ് തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിച്ചത്. ജൂലൈ ൭ മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ  ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാനാ ഗ്ലോബൽ ഡിസ്നി കൺവന്ഷനിൽ വച്ചായിരിക്കും ഫൊക്കാനയുടെ 20 മത് ഭരണസമിതിയുടെ തെരെഞ്ഞെടുപ്പ് നടത്തുക.

തെരെഞ്ഞെടുപ്പിനു മുന്നോടിയായി തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരെഞ്ഞെടുപ്പ് വിഞ്ജാപനം പുറപ്പെടുവിക്കുക, പത്രിക സ്വീകരിക്കുക, കുറ്റമറ്റതായ രീതിയിൽ തെരെഞ്ഞെടുപ്പ് പ്രക്രീയകൾ പൂർത്തീകരിക്കുക തുടങ്ങിയ ഭരിച്ച ഉത്തരവാദിത്വങ്ങളായിരിക്കും വരും ദിവസങ്ങളിൽ തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുൻപാകെ വരുന്ന ഉത്തരവാദിത്വങ്ങൾ. ട്രസ്റ്റി ബോർഡ് അംഗങ്ങൾ കൂടിയ മൂന്ന് അംഗ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ഫൊക്കാനയുടെ തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ എല്ലാ ഉത്തരവാദിത്വങ്ങളെക്കുറിച്ചും വ്യക്തമായാ ധാരണയുള്ള നേതാക്കന്മാർ ആയതിനാലാണ് നിയമനമെന്നും ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി.

ഡോ. മാമ്മൻ സി. ജേക്കബ് 

ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയിരുന്ന ഡോ. മാമ്മൻ സി. ജേക്കബ് ഫൊക്കാനയുടെ തല മുതിർന്ന നേതാക്കൻമാരിൽ ഒരാളാണ്. തെരെഞ്ഞെടുപ്പിനെതിരെയുള്ള നിയമ നടപടികളും സമാന്തര പ്രവർത്തനവും മൂലം  ഫൊക്കാനയെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയ ഈ കഴിഞ്ഞ വർഷം ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ ഡോ. മാമ്മൻ സി. ജേക്കബ് ഏറെ സൗമ്യതയോടെ സ്വധൈര്യം പ്രതിസന്ധികളെ തരണം ചെയ്തു മുന്നിൽ നിന്ന് പോരാടിയതുകൊണ്ടാണ് ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണ സമിതിക്ക് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്  സമൂഹ നന്മക്കായി ഒട്ടേറെ മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞത്. 

കോടതി വ്യവഹാരങ്ങൾക്കു പുറമെ കോവിഡ് മഹാമാരി സൃഷ്ട്ടിച്ച പ്രതിസന്ധികളും അധികാര കൈമാറ്റവുമൊക്കെ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഡോ.മാമ്മൻ സി. ജേക്കബ് ട്രസ്റ്റി ബോർഡിനെ നയിച്ചത്. പ്രതിസന്ധികളിൽ തളരാതെ നിരന്തരമായ ചർച്ചകളിലൂടെ അകന്നു നിന്നവരെ അനുരഞ്ജന മേശയ്ക്കു ചുറ്റും പലവട്ടം എത്തിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിച്ച അദ്ദേഹം കീറാമുട്ടിയായി കിടന്നിരുന്ന പല പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്തിയ ശേഷമാണ്  ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിന് ചുമതല കൈമാറിയത്.

പ്രതിസന്ധികളെയും വ്യവഹാരങ്ങളെയും  വിവാദങ്ങളെയും തരണം ചെയ്തുകൊണ്ട് ഫൊക്കാനയുടെ ഭരണഘടനയുടെ സംരക്ഷകനും നിരീക്ഷകനുമായി നിലകൊണ്ട ഡോ. മാമ്മൻ സി. ജേക്കബിനെ കാത്തിരിക്കുന്നത് താൻ മുൻപ് കൈകാര്യം ചെയ്തത്ര വലിയ പൊല്ലാപ്പുകളൊന്നും ഉണ്ടാകില്ലെങ്കിലും തികച്ചും കുറ്റമറ്റതായ രീതിയിലുള്ള തെരെഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളിലേക്ക് അധികാരമെത്തിക്കുക എന്ന പക്ഷപാതരഹിതമായ ഉത്തരവാദിത്തമായിരിക്കും നിറവേറ്റേണ്ടി വരിക.

ഫൊക്കാനയിൽ പിളർപ്പുണ്ടായ ശേഷം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ബി.ഒ.ടി. ചെയർമാൻ ആകുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്കെതിരെ ഒരു വിഭാഗം ആളുകൾ നൽകിയ കേസ് നടപടികൾ പൂർത്തിയാകും മുൻപ് കഴിഞ്ഞ ഭരണ സമിതി തെരെഞ്ഞെടുപ്പിനെതിരെയും ഇക്കൂട്ടർ വീണ്ടും കോടതിയെ സമീപിച്ചു. ഇതിനിടെ കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധിയും അതിന്റെ ചുവടു വച്ച് അധികാരകൈമാറ്റം വൈകിപ്പിക്കാനുള്ള മുൻ ഭരണ സമിതിയുടെ നീക്കവും ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയ്ക്ക് ഡോ.മാമ്മൻ സി. വർഗീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയുമെല്ലാം  വളരെ നയതന്ത്രപരമായ ഇടപെടലിലൂടെ പൂച്ചെണ്ടുകളാക്കി മാറ്റിയ അദ്ദേഹം സംഘടനയെ എല്ലാ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ശേഷമാണ് ഇപ്പോഴത്തെ ഭരണസമിതിയെ തെരഞ്ഞെടുത്ത് അധികാരത്തിലേക്ക് ആനയിച്ചത്.

കാലാവധി കഴിഞ്ഞിട്ടും അധികാരത്തിൽ തുടരണമെന്ന് പറഞ്ഞുകൊണ്ട് ട്രസ്റ്റി ബോർഡിന്റെ അധികാരപരിധിയിൽ കൈകടത്തുകയും നിയമലംഘനം നടത്തുകയും ചെയ്ത പല ഭാരവാഹികൾക്കും എതിരെ അദ്ദേഹം കർശന നടപടിയെടുത്തിരുന്നു. എന്നാൽ ഇത്തരക്കാരെ തള്ളിക്കളയാതെ പരമാവധി ഉൾക്കൊണ്ടുകൊണ്ട് പലതവണ സമവായത്തിന് അദ്ദേഹം സാഹചര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ എന്ന നിലയിൽ അവസാന നിമിഷം വരെ അഭിപ്രായ ഭിന്നതകൾ മൂലം പുറത്തുപോയവരെ  തിരികെ കൊണ്ടുവരാനുള്ള അനുരഞ്ജനത്തിന്റെ പാതയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചതെന്നതാണ് ഡോ. മാമ്മൻ സി. ജേക്കബിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.


ഇതിനിടെ, ഫൊക്കാനയുടെ ഭരണഘടനയിൽ നിന്ന് വ്യതിചലിക്കാതെ ശക്തമായ നടപടികൾ സ്വീകരിച്ചുവെന്ന കാരണംകൊണ്ടു മാത്രം മാധ്യമങ്ങളിലൂടെ പലപ്പോഴും  അന്തസിനു നിരക്കാത്ത വാക്കുകൾകൊണ്ട് ബിഒടി ചെയർമാൻ ആയ അദ്ദേഹത്തെ പലരും പരസ്യമായി അപമാനിച്ചിരുന്നു.  എന്നാൽ ഏറെ മാനസിക സംഘർഷങ്ങൾ ഉളവാക്കിയ ഈ പരസ്യ മാധ്യമ വിചാരണയ്ക്ക് മുൻപിൽ പോലും പതറാതെ നിന്നുകൊണ്ട് മാന്യതയോടെ തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ മാമ്മൻ സി. ജേക്കബ് തയാറായില്ല.


വ്യക്തി ജീവിതത്തിൽ ദൈവിക മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഡോ. മാമ്മൻ സി. ജേക്കബ് ഒരു കടുത്ത ഈശ്വര വിശ്വാസിയും മനുഷ്യസ്നേഹിയുമാണ്. ദൈവശാത്രത്തിൽ മികച്ച പാണ്ഡിത്യം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ദീർഘകാലം സ്റ്റുഡന്റ് കൗൺസലിംഗ് നടത്തിയിട്ടുണ്ട്.  തന്നെ വെറുക്കുന്നവരോട് പോലും ക്ഷമിക്കുവാനാണ് തന്റെ വിശ്വാസജീവിതത്തിലൂടെ അദ്ദേഹം  എന്നും നിലകൊണ്ടിട്ടുള്ളത്. 

ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രെട്ടറികൂടിയായ അദ്ദേഹം ഏറെ കാലത്തിനു ശേഷം 2018 ൽ ഫിലഡൽഫിയയിൽ നടന്ന തെരഞ്ഞെടുപ്പിലാണ്  നേതൃനിരയില്‍ വീണ്ടും സജീവമായത്. എക്കാലവും സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഡോ. മാമ്മന്‍ സി. ജേക്കബ് കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.1967ല്‍ നിരണം സൈന്റ്‌റ് തോമസ് ഹൈസ്‌കൂളില്‍ കെ.എസ് .യൂ.വിന്റെ സ്ഥാപക പ്രസിഡന്റ് ആയിട്ടാണ് നേതൃതലത്തിലുള്ള അരങ്ങേറ്റം.1968ല്‍ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയന്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.

1972ല്‍ അമേരിക്കയില്‍ കുടിയേറിയ ഡോ. മാമ്മന്‍ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ നേതൃ പാടവം തെളിയിച്ചു. 1996ല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നനിലയിലും പ്രവര്‍ത്തിച്ചു. ഫൊക്കാനയിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുണ്ടായ റോചെസ്റ്റർ കൺവെൻഷന്റെ അമരക്കാരനായിരുന്ന അദ്ദേഹം അന്ന്  ഫൊക്കാനയുടെ ജനറൽ സെക്രെട്ടറികൂടിയായിരുന്നു.1998ല്‍ റോചെസ്റ്റര്‍ കണ്‍വെന്‍ഷനില്‍ ഏതാണ്ട് 8000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചരിത്ര വിജയമാക്കി മാറ്റാന്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞതാണ്.

 മറിയാമ്മ പിള്ള 

ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിത പ്രസിഡണ്ട് ആണ് തെരെഞ്ഞെടുപ്പ് കമ്മിറ്റി അംഗമായി നിയമിക്കപ്പെട്ട മറിയാമ്മ പിള്ള. നിലവിൽ ഫൊക്കാനയുടെ എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ മറിയാമ്മ പിള്ള ചിക്കാഗോ മലയാളികൾക്കിടയിൽ ഏറെ അറിയപ്പെടുന്ന സംഘടനാ- സാമൂഹിക- സന്നദ്ധപ്രവർത്തകയാണ്. 

1976 ല്‍ അമേരിക്കയിലെത്തിയ മറിയാമ്മ കേവലം സെര്‍ട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റന്റ് (സി.എന്‍.എ) ആയി ജോലിയില്‍ കയറിയാണ് കരിയര്‍ ആരംഭിക്കുന്നത്. ആറു മാസത്തിനുള്ളില്‍ ഒരു നഴ്‌സിംഗ് ഹോമിലെ ചാര്‍ജ് നേഴ്‌സ്ആയി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നേഴ്‌സിംഗ് അഡിമിനിസ്ട്രേറ്ററും സി.ഇ ഒ  കൂടിയായ മറിയാമ്മ ഇന്ന് നാലു നഴ്‌സിംഗ് ഹോമുകള്‍ സ്വന്തമായുള്ള സ്ത്രീ ശക്തിയാണ്. ഒരേ സമയം 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അവരുടെ നഴ്‌സിംഗ് ഹോമിന് പ്രസിഡണ്ട് ബുഷിന്റെ അവാര്‍ഡ് ഉള്‍പ്പെടെ മികച്ച നഴ്‌സിംഗ് ഹോമിനുള്ള ചിക്കാഗോ ഗവര്‍ണരുടെ പുരസ്‌കാരം 6 തവണ ലഭിച്ചിട്ടുണ്ട്.

 ഒരേ സമയം പത്തോളം  നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പ് ചുമതല നിര്വഹിച്ചിട്ടുള്ള മറിയാമ്മ പിള്ള ഈ നഴ്സിംഗ് ഹോമുകളുടെ അഡ്മിനിസ്ട്രേറ്ററും സിഇഒയുമായിരുന്നു. ഒരുപാട്‌ നഴ്‌സുമാര്‍ ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമൊക്കെ അവരുടെ മേല്‍നോട്ടത്തില്‍ അമേരിക്കയിലെത്തി.  ഭാഷയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്ക്  പരിജ്ഞാനം നല്‍കാനും നഴ്‌സിംഗ്‌ സംബന്ധിച്ച കൂടുതല്‍ അറിവ്‌ പകരുവാനും അവര്‍ ശ്രമിച്ചു. ഇതിനിടെ സാമൂഹ്യ സേവനരംഗത്തേക്കു വന്ന മറിയാമ്മ ഇന്നുവരെ കൈപിടിച്ചുയര്‍ത്തിയത് 45,000 പരം സ്ത്രീകളെയാണ്. ഇതിൽ സ്ത്രീ ശാക്തീകരണത്തിന് അവർ നൽകിയ സംഭാവന ഇതിലപ്പുറം വിവരിക്കാനാവില്ല. 

3000 ത്തിലധികം മലയാളി നഴ്സുമാർക്ക് തൊഴിൽ കണ്ടെത്തുന്നതിൽ സഹായിച്ചിട്ടുള്ള മറിയാമ്മ പിള്ള നഴ്സിംഗ് പഠനം കഴിഞ്ഞവരെ, ഏതു രാജ്യക്കാരെന്നോ ഏതു ഭാഷക്കാരെന്നോ നോക്കാതെ, സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. ആര്‍. എന്‍. പരീക്ഷയ്ക്ക് പരിശീലനം നല്‍കി അവരെ ജോലിയില്‍ കയറ്റുന്നതു വരെ മറിയാമ്മ അവർക്ക് താങ്ങും തണലുമായി നിന്നിട്ടുണ്ട്. നഴ്സിംഗ് ജോലിക്കായി എത്തുന്നവർ  ഒരേസമയം ആറും ഏഴും പേര്‍ വരെ പലപ്പോഴും മറിയാമ്മ പിള്ളയുടെ  വീട്ടില്‍ താമസിക്കാറുണ്ടായിരുന്നു. ആരുടെ കൈയില്‍ നിന്നും ഒരു നയാ പൈസ വരെ വാങ്ങാതെയാണ് അവർ ഈ സല്‍കര്‍മ്മം നടത്തി വരുന്നത്. സ്ത്രകൾക്ക് മാത്രമല്ല നിരവധി പുരുഷന്മാർക്കും തൊഴിൽ ദാതാവായിരുന്നു അവർ.

നിരവധി മലയാളികൾക്ക് തൊഴിൽ നൽകുന്ന അവർ ചിക്കാഗോ മലയാളികൾക്കിടയിൽ  മറിയാമ്മചേച്ചിയും അമേരിക്കൻ മലയാളികൾക്കിടയിൽ ഫൊക്കാനയുടെ ഉരുക്കു വനിത എന്നുമാണ്  അറിയപ്പെടുന്നത്. അന്തരിച്ച  മുൻ മന്ത്രി കെ.എം. മാണിയാണു അവരെ ഉരുക്കു വനിത എന്നു വിശേഷിപ്പിച്ചത്. ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കിയത് മറിയാമ്മ പിള്ള എന്ന ഈ ഉരുക്കു വനിതയുടെ കഴിവിന്റെ മികവുകൊണ്ടാണ്. പ്രായത്തെയും  താൻ പോലുമറിയാതെ തന്റെ കൂടെക്കൂടിയ കാൻസർ എന്ന മാരകരോഗത്തെയും പാടെ അവഗണിച്ചുകൊണ്ട്  കര്‍മ്മരംഗത്തു സജീവമായി നിലകൊള്ളുന്ന ചിക്കാഗോക്കാരുടെ മറിയാമ്മ ചേച്ചി ഫൊക്കാനയിൽ ലിംഗഭേദമില്ലാതെ എല്ലാ നേതാക്കന്മാർക്കും ഒരു വലിയ മാതൃക തന്നെയാണ്. വ്യക്തികളെക്കാളും സംഘടനയ്ക്ക് പ്രാധാന്യം നൽകുന്ന മറിയാമ്മ പിള്ള അച്ചടക്കലംഘനം ആരു  നടത്തിയാലും അർത്ഥശങ്കയ്ക്കിടവരുത്താതെ മുഖം നോക്കാതെ അതിനെതിരെ വാളോങ്ങാൻ യാതൊരു മടിയും കാട്ടാറില്ല. നിലവിൽ രണ്ട് ഹോം ഹെൽത്ത് കെയർ നടത്തി വരികയാണ് മറിയാമ്മ പിള്ള.


വാഷിംഗ്‌ടണില്‍ ഫൊക്കാനാ കണ്‍വെന്‍ഷന്‍ നടക്കുന്ന കാലം മുതലാണ്‌ മറിയാമ്മ പിള്ള  സംഘടനാ രംഗത്ത്‌ സജീവമായത്‌. നിശബ്‌ദമായ പ്രവര്‍ത്തനത്തിലൂടെ സംഘടനയിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അധികാരസ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ മുഖവുമായി അവര്‍ കര്‍മ്മനിരതയായി.ഡോ. എം. അനിരുദ്ധന്‍ പ്രസിണ്ടായി  ചിക്കാഗോയില്‍ 2002-ല്‍ കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അവര്‍ ഫൊക്കാന ട്രഷററായിരുന്നു. പോള്‍ കറുകപ്പള്ളി പ്രസിണ്ടായപ്പോള്‍ വൈസ്‌ പ്രസിണ്ടായി. റോച്ചസ്റ്ററില്‍ ജെ. മാത്യൂസിന്റെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ചിക്കാഗോയില്‍ നിന്ന്‌ ഒട്ടേറെ യുവാക്കളെ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്‌ അവരാണ്‌.

 എഞ്ചിനീയർ ആയി വിരമിച്ച ചന്ദ്രൻപിള്ളയാണ് ഭർത്താവ്. മക്കൾ: രാജ് (ബിസിനസ്), റോഷ്‌നി (സീനിയർ വൈസ് പ്രസിഡണ്ട് , ജെ.പി. മോർഗൻ) മരുമക്കൾ: സായി (ബിസിനസ്), മെലീസ(ബിസിനസ്). കൊച്ചുമക്കൾ: കൈയ്ല , നോവ, ഇല , ലൂക്കസ്,ആഷ. 


സജി എം. പോത്തൻ 

 സ്ഥാനമാനങ്ങൾക്കതീതമായി കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി  ഫൊക്കാനയുടെ സജീവ പ്രവർത്തകനായി എല്ലാ കാര്യങ്ങളിലും അൽമാർത്ഥമായി പ്രവർത്തിച്ചു വരുന്ന സജി എം. പോത്തൻ നിലവിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രെട്ടറിയാണ്.നല്ല അച്ചടക്കമുള്ള സംഘാടകനെന്നതിലുപരി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന സജി ഫൊക്കാനയിൽ എന്നും ഒരു വേറിട്ട ശബ്ദമാണ്. കഴിഞ്ഞതവണ നാഷണൽ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം വലിയ സ്ഥാനമാനങ്ങൾക്ക് പിന്നാലെപോവുകയോ  അതിനു വേണ്ടി നിലകൊള്ളൂകയോ ചെയ്തിട്ടില്ല. എന്നാൽ ഇത്തവണ ട്രസ്റ്റി ബോർഡ് സെക്രട്ടറി സ്ഥാനം സജിയെ തേടിയെത്തുകയായിരുന്നു. എങ്കിലും ഫൊക്കാനയുടെ കൺവെൻഷനുകൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുള്ള, ഫൊക്കാനയെ അൽമാർത്ഥമായി സ്നേഹിക്കുന്ന ഈ യുവ നേതാവ്  ഫൊക്കാനയുടെ ന്യൂയോർക്കിൽ നിന്നുള്ള മികച്ച സംഘാടകരിൽ പ്രധാനിയാണ്. 

  കഴിഞ്ഞ നാലു വർഷമായി  ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ(എച്ച്.വി.എം. എ ) സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന സജി കഴിഞ്ഞ 20  വര്‍ഷമായി ഈ സംഘടനയില്‍ സജീവ പ്രവര്‍ത്തകനാണ്. എച്ച്.വി.എം. എ. യിൽ കഴിഞ്ഞ മൂന്നര വർഷമായി നിലനിന്നിരുന്ന കോടതി വ്യവഹാരങ്ങൾക്ക് മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചു വിജയം കൈവരിക്കാൻ കഴിഞ്ഞത് സജിയുടെ വ്യക്തിപരമായ നേട്ടങ്ങൾ കൂടിയാണ്.  കഴിഞ്ഞ ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വ്റ്റ് കമ്മിറ്റി കോര്‍ഡിനേറ്ററും ആയിരുന്നു.  


  ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ  കൗണ്‍സില്‍ അംഗംങ്ങളിൽ ഒരാളായ സജി പോത്തന്‍ ഡയോസിസിന്റെ ഫാമിലി കോൺഫെറെൻസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. സഭയുടെ കോളേജ് യൂത്ത് വിഭാഗമായ മാര്‍ ഗ്രീഗോറിയോസ് ക്രിസ്ത്യന്‍ സ്റ്റുഡന്റസ് മൂവ്‌മെന്റിന്റെ (എം.ജി.സി.എസ്.എം.) അലുമ്നി അസോസിയേഷന്‍ സ്ഥാപകരില്‍ ഒരാളാണ്.റോക്ക്ലാന്റ കൗണ്ടിയിലുള്ള മലയാളി ക്രിസ്ത്യന്‍ പള്ളികളുടെ സംയുക്ത സംഘടനയായ എക്യുമിനിക്കല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ റോക്ക്ലാൻഡ്  സജീവ പ്രവര്‍ത്തകന്‍ കൂടിയ സജി  സെക്രെട്ടറിയായിരുന്ന കാലത്താണ് ഈ സംഘടന വിജയകരമായി നടത്തിവരുന്ന രക്തദാന ക്യാമ്പുകൾക്ക്ണ് തുടക്കം കുറിച്ചത്. ഫൊക്കാനയുടെ 2018 ലെ ഫിലാഡൽഫിയ കൺവെൻഷൻ ബാംങ്ക്വേറ്റ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. .ചങ്ങനാശ്ശേരി എസ്. ബി. കോളേജ്, മുംബൈയിലെ താന കോളേജ് എന്നിവിടങ്ങളിൽ നിന്ന് കോളേജ് വിദ്യാഭ്യാസം പൂത്തിയാക്കിയ സജി ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ  റേഡിയോളജിയിൽ ബിരുദവും കരസ്ഥമാക്കി.


 മല്ലപ്പള്ളി മഞ്ഞനാംകുഴിയിൽ എം.ജെ. പോത്തന്റെയും ഏലിയാമ്മ പോത്തന്റെയും 6 മക്കളിൽ ആറാമനായ സജി 1991 ലാണ് അമേരിക്കൻ എത്തിയത്. അമേരിക്കയിൽ എത്തിയ കാലം മുതൽ ഫൊക്കാനയിൽ യൂത്ത് വിഭാഗത്തിൽ സജീവ പ്രവർത്തകനായിരുന്നു.
 സഫർണിലുള്ള  ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ  റേഡിയോളജി വിഭാഗം മേധാവി ആണ്. ഭാര്യ:ഡോ.റബേക്ക പോത്തൻ (നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍:നെവിന്‍ പോത്തന്‍ (അക്കൗണ്ടന്റ്) , സെറ പോത്തന്‍ (കോളേജ് വിദ്യാര്‍ത്ഥിനി ) .   

Join WhatsApp News
ജോസഫ് ആടലോടകത്തിൽ 2022-01-27 03:45:58
ഈ വാർത്തയിൽ തന്നെ കൊടുത്തിട്ടുണ്ടല്ലോ കോടതി കേസ് വയ്യാവേലി ഒക്കെ ആയിരുന്നു ആദ്യം എന്ന്. അതിനെയൊക്കെ തരണം ചെയ്ത രീതി എന്തെന്നാൽ കേസ് കൊടുത്തവരും എതിർത്തു നിന്നവർക്കും പല നല്ല പൊസിഷനുകൾ ഓഫർ ചെയ്തു. പിന്നെ അടുത്ത ഇലക്ഷനിലും തിരിമറി നടത്തി ആയാലും പ്രസിഡണ്ട്സെക്രട്ടറി മറ്റും ആകാമെന്ന് പറഞ്ഞു നല്ല ഓഫർ കൊടുത്തു ആടിനെ പച്ചില കാണിച്ച് നിർത്തുന്നത് മാതിരി ഒരു എട്ടു കൊല്ലത്തേക്കു മുൻകൂറായി അധികാരക്കസേരകൾ ഒരുക്കി വെച്ചിരിക്കുകയാണ്. കാലുമാറി വന്നവർക്കു സംഗതി കിട്ടാത്ത പക്ഷം അവരെ വീണ്ടും കാലും കൈയും മാറി രാജൻ പടവത്തിൽ പക്ഷത്തേക്ക് പോകും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക