Image

ചിത്രശലഭം (കെ.ജി. സുഷമ)

Published on 27 January, 2022
ചിത്രശലഭം (കെ.ജി. സുഷമ)

"What a caterpillar calls the end,
the rest of the world calls a butterfly."

ഒരു പ്യൂപ്പയുടെ അവസാനം എന്നു കരുതുന്നിടത്തു നിന്ന് ഒരു ചിത്രശലഭം ജനിക്കുകയായി. വർണ്ണ പ്രതിക്ഷകളുടെ ലോകത്തേക്കെത്താനുള്ള പുഴുവിന്റെ
സമാധിദശയാണ് പ്യൂപ്പ.

ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ  എല്ലാം അവസാനിച്ചു എന്ന് ഉറപ്പിച്ചിരുന്നിടത്തു നിന്ന്
ചിലതെല്ലാം തുടങ്ങുന്നു.. ഒരു പക്ഷേ, പഴയതിലും മനോഹരമായി..!

ചിറകുകളില്ലാതിരുന്ന പഴയ ലോകത്തുനിന്ന് വർണ്ണച്ചിറകുകൾ നീർത്തി പുതുലോകത്തേക്ക്
പറയുന്നരുന്ന പൂമ്പാറ്റയ്ക്ക് പഴയ അവസ്ഥ
ഒരു ഓർമ്മയോ സ്വപ്നമോ മാത്രമായി അവശേഷിക്കുന്നു.
കുറെ കഴിയുമ്പോൾ ഓർമ്മ പോലുമല്ലാതെയും..!

 മുന്നോട്ട് സഞ്ചരിക്കാൻ സഹായിക്കാത്ത 
 ഒരോർമ്മയും പേറി ജീവിതം ദുരിത പൂർണ്ണമാക്കുന്നതിൽ അർത്ഥമില്ല.
തൂവിപ്പോയ പാലിനെക്കുറിച്ചോർത്ത് കരയുന്നതിലെന്തർത്ഥം. ചിറകിനെ ഭാരപ്പെടുത്തുന്നതൊന്നും പറക്കാൻ സഹായിക്കുന്നില്ല.

" Forget every touch or sound 
that did not teach you how to dance.."

പ്രശസ്ത സൂഫി ചിന്തകൻ ജലാലുദ്ദീൻ റൂമിയുടെ
വാക്കുകൾ പോലെ, നിങ്ങളെ നൃത്തം ചെയ്യാൻ പഠിപ്പിക്കാത്ത ഒന്നും, ഒരു സ്പർശവും, ശബ്ദവും, ഓർമ്മയിൽപ്പോലും സൂക്ഷിക്കാതിരിക്കുക, മറക്കുക.
ചിലത് നമുക്ക് നന്നെന്നു നാം തീരുമാനിക്കുന്നത്
എപ്പോഴും അങ്ങനെയാകണമെന്നില്ല. നഷ്ടബോധവും, കുറ്റബോധവും, അതു നല്കുന്ന വേദനകളുടെ വിഷാദപർവ്വവും പിന്നിട്ട്,
പുതിയ ജന്മത്തിലേക്ക് പിച്ചനടക്കുന്ന , പുതിയ തുടക്കങ്ങൾക്ക് നാന്ദി കുറിക്കുന്ന
മനുഷ്യ ജീവിതത്തിലെ അവസ്ഥാന്തരങ്ങൾ
പോലെ തന്നെ ശലഭ ജീവിത ഘട്ടങ്ങളും.

പുലരി വെളിച്ചത്തിലേക്ക് ചിറകുകൾ  നൽകുന്ന സ്വപ്നങ്ങൾ പോലെയാണു ശലഭങ്ങൾ. പ്രതിക്ഷയുടെ ഹർഷം പ്രദാനം ചെയ്യുന്ന വർണ്ണച്ചിറകുകൾ വീശി പുഴുവിൽ നിന്ന്, തപമനുഷ്ഠിക്കും പ്യൂപ്പയിൽ നിന്ന്, സ്നേഹത്തിന്റെ വിശാല ലോകത്തേക്ക് 
അവ പറന്നുയരുന്നു..

ഒന്നും അവസാനമല്ല.. 
മറ്റൊന്നിന്റെ തുടക്കമാണ്..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക