വിന്‍സന്റ് ഇമ്മാനുവേലിന്റെ  സുഹൃത് സഖ്യം  സ്റ്റേറ്റ് അറ്റേണി ജനറല്‍ സ്ഥാനാര്‍ത്ഥി ജാരെഡ് സോളമനെ എന്‍ഡോഴ്‌സ് ചെയ്തു.

പി ഡി ജോര്‍ജ് നടവയല്‍ Published on 27 January, 2022
വിന്‍സന്റ് ഇമ്മാനുവേലിന്റെ  സുഹൃത് സഖ്യം  സ്റ്റേറ്റ് അറ്റേണി ജനറല്‍ സ്ഥാനാര്‍ത്ഥി ജാരെഡ് സോളമനെ എന്‍ഡോഴ്‌സ് ചെയ്തു.

ഫിലഡല്‍ഫിയ: സ്റ്റേറ്റ് അറ്റേണി ജനറല്‍ സ്ഥാനാര്‍ത്ഥി, ജാരെഡ് സോളമനെ വിന്‍സന്റ് ഇമ്മാനുവേലിന്റെ രാഷ്ട്രീയ സുഹൃത് സഖ്യം എന്‍ഡോഴ്‌സ് ചെയ്തു. പെന്‍സില്‍വേനിയ പ്രതിനിധി സഭയിലെ അംഗമാണ് ജാരെഡ് സോളമന്‍ (ഡെമോക്രാറ്റിക് പാര്‍ട്ടി). ഡിസ്ട്രിക്റ്റ് 202-നെ പ്രതിനിധീകരിക്കുന്നു.  സ്വാര്‍ത്ത്മോര്‍ കോളേജില്‍ ബിരുദവും, വില്ലനോവ ലോ സ്‌കൂളില്‍ നിന്ന് നിയമ ബിരുദവും നേടി. അറ്റേണിയായും, യുഎസ് ആര്‍മി ജാഗ് കോര്‍പ്‌സ് (JAG Corps) റിസര്‍വ് ഓഫീസറായും ജാരെഡ് സോളമന്‍  സേവനം ചെയ്തിട്ടുണ്ട്. (ആര്‍മിയുടെ നിയമസഹായ വിഭാഗമാണ് ആര്‍മി ജാഗ് കോര്‍പ്‌സ്).

ജാരെഡ് സോളമന്‍ കാഴ്ച വച്ച, രാഷ്ട്രീയ-സാമൂഹ്യ-നിയമ-ജ്ഞാന-പ്രവര്‍ത്തനങ്ങളുടെ തിളക്കം, അദ്ദേഹം, സ്റ്റേറ്റ് അറ്റേണി ജനറല്‍ പദവിയ്ക്ക്, യോജിച്ച വ്യക്തിത്വമാണ്  എന്നതിന്, മതിയായ തെളിവാണ്: വിന്‍സന്റ് ഇമ്മാനുവേല്‍ അഭിപ്രയപ്പെട്ടു. പെന്‍സില്‍വേനിയാ കോമണ്‍വെല്‍ത്തിലെ പൗരന്മാരെയും ജനോപകാരസ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനും 
സേവിക്കുന്നതിനും വിപുലമായ ഉത്തരവാദിത്തങ്ങളാണ് അറ്റേണി ജനറല്‍ പദവിയ്ക്കുള്ളത്. 

ക്രിമിനല്‍ ലോ ഡിവിഷന്‍, പബ്ലിക് പ്രൊട്ടക്ഷന്‍ ഡിവിഷന്‍, സിവില്‍ ഡിവിഷന്‍, ഓപ്പറേഷന്‍സ് ഡിവിഷന്‍ എന്നിങ്ങനെ നാല് ഓഫീസുകളിലൂടെ, പെന്‍സില്‍വേനിയാ സംസ്ഥാനത്തില്‍, നൂറുകണക്കിന് പ്രോസിക്യൂട്ടര്‍മാരും, അറ്റേണിമാരും, ഇന്‍വെസ്റ്റിഗേറ്റര്‍മാരും, ഏജന്റുമാരും, സപ്പോര്‍ട്ട് സ്റ്റാഫും, മറ്റനേകം ജീവനക്കാരും ഉള്‍ക്കൊള്ളുന്ന, സര്‍വീസ് നിരയാണ് അറ്റേണി ജനറലിന്റെ  ദൗത്യ നിര്‍വഹണത്തിനുള്ളത്. ഈ ചുമതലകള്‍ക്കെല്ലാം മേല്‍ നോട്ടം വഹിക്കുവാന്‍ ജാരെഡ് സോളമന്‍ മികച്ച സ്ഥാനാര്‍ഥിയാണ്: വിന്‍സന്റ് കൂട്ടിച്ചേര്‍ത്തു.

ജാരെഡ് സോളമന്‍, നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ സ്ഥിര താമസം. അദ്ധ്യാപികയായിരുന്നു അമ്മ. ''എല്ലാ നിവാസികള്‍ക്കും സേവനം ലഭ്യമാകുന്ന  ഫിലഡല്‍ഫിയ'' എന്നതാണ്, ജാരേഡിന്റെ രാഷ്ട്രീയ ലക്ഷ്യം. പെന്‍സില്‍വേനിയ കോമണ്‍ വെല്‍ത്തിന്റെ 202- ാ മത്തെ ഡിസ്ട്രിക്റ്റിന്റെ, സംസ്ഥാന പ്രതിനിധിയായി, 42 വര്‍ഷക്കാലം തുടര്‍ന്നു പോന്ന, മാര്‍ക്ക് ബി കോഹനെ പരാജയപ്പെടുത്തി,  ജാരെഡ് ചരിത്രം സൃഷ്ടിച്ചു. കമ്മ്യൂണിറ്റി സേവനം, നല്ല സര്‍ക്കാര്‍, 'എല്ലാവര്‍ക്കും  ഒരു ഫിലഡല്‍ഫിയ' എന്നിവയോടുള്ള പ്രതിബദ്ധതയാണ് ഒരു നിയമസഭാംഗമെന്ന നിലയില്‍ ജാരെഡിന്റെ മുന്‍ഗണനകളെ നയിക്കുന്നത്. ഈ തത്ത്വങ്ങള്‍ പിന്തുടര്‍ന്ന്, ഫിലഡല്‍ഫിയയിലെ  സര്‍വകുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ക്കായി, എതിര്‍ രാഷ്ട്രീയ കക്ഷിയുടെയും പിന്തുണയോടെ, പക്ഷപാത രാഷ്ട്രീയം മാറ്റിവയ്ക്കുന്നതില്‍, അദ്ദേഹം മുന്നിലാണ്. താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറ് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ പാസ്സാക്കാന്‍ കഴിഞ്ഞത്, ജാരെഡിന്റെ രാഷ്ട്രീയത്തൊപ്പിയിലെ വര്‍ണ്ണത്തൂവലുകളാണ്.

തൊഴില്‍ ശക്തി വികസനത്തില്‍ നിക്ഷേപം, വിമുക്തഭടന്മാര്‍ക്കുള്ള സഹായം, ഗണ്‍ വയലസിനെതിരെയുള്ള പോരാട്ടം, അമേരിക്കയുടെ  250-ാം ജന്മദിനത്തില്‍  (2026 ജൂലൈ 4), രാജ്യത്തെയും ലോകത്തെയും പെന്‍സില്‍വേനിയയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി കമ്മീഷനെ  സൃഷ്ടിക്കുന്നകാര്യങ്ങള്‍, (പെന്‍സില്‍വേനിയ കമ്മീഷന്‍ ഫോര്‍ ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ്  സെമിക്വിന്‍സെന്റനിയല്‍- AMERICA 250PA: പെന്‍സില്‍വേനിയ സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രവും വൈവിധ്യവും ആഘോഷിക്കുന്നു; 2019 സെപ്റ്റംബര്‍ 17-ന് ഹാരിസ്ബര്‍ഗില്‍ വെച്ച് കമ്മീഷന്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു), സംസ്ഥാന സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ബിസിനസുകള്‍ക്കായി ഏകജാലക സംവിധാനം, കോവിഡ്-19 കാലഘട്ടത്തില്‍ പെന്‍സില്‍വേനിയയിലെ ഏറ്റം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ധന സഹായം നല്‍കുന്ന പദ്ധതികള്‍, പാന്‍ഡെമിക് സമയത്ത് ചെറുകിട ബിസിനസ്സുകളെ സ്ഥിരപ്പെടുത്തുന്ന നടപടികള്‍ എന്നിവയാണ്, ജാരെഡ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍ കൈയ്യെടുത്ത, പ്രധാന നിയമനിര്‍മ്മാണങ്ങള്‍.

സ്റ്റേറ്റ് അറ്റേണി ജനറലിന്റെ ചുമതല വളരെ ബൃഹത്തായതിനാല്‍, മികച്ച സാരഥിക്കേ, ആ പദവിയോട് പൂര്‍ണ്ണനീതി പുലര്‍ത്താനാവൂ എന്നതാണ്, ജാരെഡിന്റെ പ്രസക്തിയെ ബലവത്താക്കുന്നത്.
മയക്കുമരുന്ന് കടത്ത്, കുട്ടികളോടുള്ള അതിക്രമങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, പൊതു അഴിമതി, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മറ്റ് ക്രിമിനല്‍ ലംഘനങ്ങള്‍ എന്നിവ അന്വേഷിക്കുന്നതിന് സ്റ്റേറ്റ് അറ്റേണി ജനറ ലിന്റെ മേല്‍നോട്ടത്തിലുള്ള ക്രിമിനല്‍ ലോ ഡിവിഷന് ഉത്തരവാദി രവാദിത്തമുണ്ട്.  പെന്‍സില്‍വേനിയയിലെ 67 ജില്ലാ അറ്റേണിമാരോ മറ്റ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളോ അറ്റേണി ജനറലിന്റെ ഓഫീസിലേക്ക് റഫര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളും ഈ ഡിവിഷന്‍ കൈകാര്യം ചെയ്യുന്നു.

സ്റ്റേറ്റ് അറ്റേണി ജനറ ലിന്റെ ഭരണനിര്‍വഹണമേഖലയിലുള്ള പബ്ലിക് പ്രൊട്ടക്ഷന്‍ ഡിവിഷന്‍, പെന്‍സില്‍വേനിയയിലെ പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും പൊതുതാല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്യുന്നു.  ബ്യൂറോ ഓഫ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍, ഹെല്‍ത്ത് കെയര്‍ സെക്ഷന്‍ എന്നിവ വഴി ഉപഭോക്തൃ പരാതികള്‍ കൈകാര്യം ചെയ്യുന്നു. പുകയില സംബന്ധമായ നിയമങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, ഓര്‍ഗനൈസേഷനുകള്‍, ആന്റിട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍, പൗരാവകാശ നിര്‍വഹണം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നു.

സ്റ്റേറ്റ് അറ്റേണി ജനറ ലിന്റെ നിയന്ത്രണത്തിലുള്ള സിവില്‍ ലോ ഡിവിഷന്‍, പെന്‍സില്‍വേനിയ സംസ്ഥാനത്തിലെ നിയമങ്ങളുടെ ഭരണഘടനാ സാധുതയെ പ്രതിരോധിക്കുന്നു, കോമണ്‍വെല്‍ത്ത് ഏജന്‍സികളെ പ്രതിനിധീകരിക്കുന്നു, നികുതി അപ്പീലുകളില്‍ 
കോമണ്‍വെല്‍ത്തിനെ പ്രതിരോധിക്കുന്നു, പെന്‍സില്‍ വേനിയാ സംസ്ഥാനത്തിന് നികുതിദായകര്‍ നല്‍കേണ്ട നികുതി കുടിശ്ശികകളും മറ്റ് കടങ്ങളും ശേഖരിക്കുന്നു, വിവിധ അപ്പീലുകളും അവലോകനങ്ങളും നിയമസാധുതാ പരിശോനകളും  ചെയ്യുന്നു.

സ്റ്റേറ്റ് അറ്റേണി ജനറ ലിന്റെ ചുമതലയിലുള്ള ഓഫീസ് ഓഫ് പബ്ലിക് എന്‍ഗേജ്മെന്റ് പെന്‍സില്‍വേനിയയിലുടനീളമുള്ള കമ്മ്യൂണിറ്റികളിലെ കുറ്റകൃത്യങ്ങള്‍ തടയുന്നു. ഓഫീസ് ഓഫ് പബ്ലിക് എന്‍ഗേജ്മെന്റ് ഓഫീസ്, യുവാക്കളെയും മാതാപിതാക്കളെയും മയക്കുമരുന്ന് ആസക്തിയെക്കുറിച്ച് പഠിപ്പിക്കുകയും, തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് ബോധവത്ക്കരിക്കുകയും ചെയ്യുന്നു.

 

വിന്‍സന്റ് ഇമ്മാനുവേലിന്റെ  സുഹൃത് സഖ്യം  സ്റ്റേറ്റ് അറ്റേണി ജനറല്‍ സ്ഥാനാര്‍ത്ഥി ജാരെഡ് സോളമനെ എന്‍ഡോഴ്‌സ് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക