Image

സൂര്യകാന്തിപൂവിനോട്.....!!(കവിത: ജോയി പാരിപ്പള്ളില്‍)

ജോയി പാരിപ്പള്ളില്‍ Published on 27 January, 2022
സൂര്യകാന്തിപൂവിനോട്.....!!(കവിത: ജോയി പാരിപ്പള്ളില്‍)

സൂര്യകാന്തീ....പ്രിയ സൂര്യകാന്തീ
പ്രണയ വര്‍ണ്ണത്തിന്‍ സ്വര്‍ണ്ണകാന്തീ
നിന്നെയെനിക്കെത്ര ഇഷ്ടമെന്നോ
മെല്ലേ തലോടുവാന്‍ മോഹമെന്നോ...!!

സൂര്യനുദിക്കും വഴിത്താരയില്‍ നിത്യം
സ്വപ്‌നങ്ങള്‍ നെയ്തു നീ നില്‍പതെന്തേ?
പ്രണയം പറഞ്ഞവന്‍ എത്തുന്ന നേരം
പരിഭവം പറയും പിണക്കമെന്തേ?
സ്വര്‍ണ്ണ കതിരിന്‍ പുടവയണിഞ്ഞു നീ
സുഗന്ധചാമരം വീശി നിന്നപ്പോള്‍
പ്രണയ രശ്മിതന്‍ ചുംബനപ്പൂക്കളാല്‍
പ്രിയതമന്‍ നിന്നേ തഴുകിയുറക്കിയോ?

കാതോട് കാതോരം കഥകള്‍ പറഞ്ഞും
നെഞ്ചോട് നെഞ്ചോരം പ്രേമം നുകര്‍ന്നും
സായന്തനത്തിന്റെ തീരത്തണഞ്ഞതും
മാനം കറുത്തതും നിങ്ങള്‍ മറന്നുവോ?

കാറ്റിലും കോളിലും മേഘം നിറഞ്ഞപ്പോള്‍
കാര്‍മേഘവാനില്‍ പ്രിയനും മറഞ്ഞപ്പോള്‍
കാലവര്‍ഷം കലിതുള്ളിയടുത്തപ്പോള്‍
ആടിയുലഞ്ഞുനിന്‍ ചെലയഴിഞ്ഞുവോ?

മണ്ണില്‍ കുതിര്‍ന്നു നീ മണ്ണോട് ചേരവേ
നിറമുള്ള സ്വപ്‌നങ്ങളില്ലാതെയാകവേ
ഓര്‍ത്തു ഞാന്‍ ജീവിതം നശ്വരമെങ്കിലും
കരളിലെ പ്രണയനശ്വര സത്യമേ...!!

 

Join WhatsApp News
Sudhir Panikkaveetil 2022-01-29 00:42:35
ജി ശങ്കരക്കുറുപ്പിന്റെ കവിതയുണ്ട്. സൂര്യകാന്തി എന്ന പേരിൽ, തന്നെ. ഇവിടെ കാൽപ്പനിക കവിയായ ജോയ് പാരിപ്പള്ളിൽ സൂര്യകാന്തിയുടെ പ്രണയം നോക്കി കാണുകയാണ്. ജി സൂര്യനെക്കൊണ്ട് പൂവിനെ അനുജത്തി എന്ന് വിളിപ്പിച്ച് അവളെ നിരാശപ്പെടുത്തിയിരുന്നു. ശ്രീ ജോയ് പ്രണയരസ്മിതൻ ചുംബനപൂക്കളാൽ സൂര്യൻ എന്ന കാമുകൻ പൂവിനെ തഴുകിയുറക്കുന്നു. നന്നായി രാത്രി വരുമ്പോൾ സൂര്യന് അപ്രത്യക്ഷനാകേണ്ടിവരുന്നു. അതുകൊണ്ട് കാമുകിയെ ഉറക്കി കിടത്തി പോകുന്ന കാമുകൻ. വരികളുടെ ക്രമം മാറ്റിയാൽ കുറേകൂടി അർത്ഥവത്താകും. കാതോട് കാതോരം പ്രണയം ആഘോഷിച്ചതിനുശേഷം തഴുകിയുറക്കുമ്പോൾ ഭംഗി കൂടുന്നു. കുമാരനാശാന്റെ വീണപൂവിലെ ആശയവും ഇതിൽ വരുന്നുണ്ട്. കവിക്ക് അഭിനനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക