Image

മുസ്ലീം നിരോധനം മൂലം വിസ നിഷേധിക്കപ്പെട്ടവർക്ക്   ഫീസ്  ഒഴിവാക്കി 

Published on 27 January, 2022
മുസ്ലീം നിരോധനം മൂലം വിസ നിഷേധിക്കപ്പെട്ടവർക്ക്   ഫീസ്  ഒഴിവാക്കി 

ട്രംപിന്റെ കാലത്ത്  മുസ്ലീം എന്ന പേരിലും  അഭയാർത്ഥി എന്ന നിലയ്ക്കും വിസ  നിരസിക്കപ്പെട്ട  അപേക്ഷകർക്ക് ഫീസ് ഒഴിവാക്കുന്ന പുതിയ നിയമം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു.
അംഗീകൃത ഇമിഗ്രേഷൻ പെറ്റീഷൻ നൽകിയവർക്ക്  മുസ്ലീം നിരോധനത്തിന്റെ പേരിൽ  വിസ നിരസിച്ചുവെങ്കിൽ വീണ്ടും ഫീസ് നൽകാതെ തന്നെ   വിസയ്ക്ക് അപേക്ഷിക്കാനാകും.

പ്രസിഡന്റ് ബൈഡൻ അധികാരമേറ്റ ആദ്യ ദിവസം പുറപ്പെടുവിച്ച പ്രസിഡൻഷ്യൽ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് പുതിയ നിയമം. അമേരിക്കയിൽ  പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന  വിവേചനപരമായ വിലക്കുകൾ അവസാനിപ്പിക്കുന്നു എന്ന മുഖവുരയോടെ ആയിരുന്നു പ്രഖ്യാപനം.

ട്രംപ് പ്രസിഡന്റ് ആയിരിക്കെ അധികാരമേറ്റ  ആദ്യ ആഴ്ചയിൽ  മുസ്ലീങ്ങൾക്കും അഭയാർത്ഥികൾക്കും പ്രവേശനം നിരോധിച്ചുകൊണ്ട് പ്രസിഡൻഷ്യൽ പ്രഖ്യാപനം പുറപ്പെടുവിച്ചിരുന്നു. 
നിരോധനത്തിന്റെ ആദ്യ രണ്ട് പതിപ്പുകൾ കീഴ്ക്കോടതികൾ തടഞ്ഞു.
പിന്നീട്  ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള (ചാഡ്, ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ) നിരവധി കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അനിശ്ചിതകാലത്തേക്ക് ട്രംപ് ഭരണകൂടം നിരോധനം ഏർപ്പെടുത്തി.  ഉത്തര കൊറിയയിൽ നിന്നുള്ളവരെയും  വെനസ്വേലൻ സർക്കാർ ഉദ്യോഗസ്ഥരിലെ ഉപവിഭാഗത്തിനും ഇതുപോലെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

2018-ൽ സുപ്രീം കോടതി  നിരോധനത്തിന്റെ നിയമസാധുത സ്ഥിരീകരിച്ചു. രാജ്യത്തിന് അപകടമെന്ന് കണ്ടാൽ  ചില വിഭാഗത്തിലുള്ള വ്യക്തികളുടെ  പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിയമപ്രകാരം പ്രസിഡന്റിന്  വിവേചനാധികാരം ഉണ്ടെന്ന് ഭൂരിഭാഗം ജസ്റ്റിസുമാരും വിലയിരുത്തി. 

മുസ്ലീം നിരോധനം കാരണം മാത്രം നിരസിച്ച ഏതൊരു വിസയ്ക്കും പുതിയ ഫീസ് ഇളവ് ബാധകമാണ്.  മുസ്ലീം നിരോധനത്തിലെ തെറ്റുകൾ തിരുത്തുന്നതിനും കുടിയേറ്റ വിസകൾക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാനവും പ്രായോഗികവുമായ ചുവടുവയ്പ്പാണ് ഈ നിയമം.

അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് 

അതിർത്തിയിൽ 178,840 അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ 100,000-ത്തിലധികം പേരെ പിടികൂടിയ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ ബൈഡൻ ഭരണകൂടം  എല്ലാ മാസവും റെക്കോർഡുകൾ ഭേദിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബൈഡനു കീഴിലെ  ആദ്യ വർഷത്തിൽ തന്നെ 2 മില്യണിലധികം അനധികൃത കുടിയേറ്റക്കാർ  അതിർത്തിയിൽ പിടിയിലായിട്ടുണ്ട്.

ലക്ഷക്കണക്കിന് ആളുകൾ തടസ്സമില്ലാതെ കടന്നുപോകുന്നുണ്ടെന്നാണ്  ബോർഡർ പട്രോളിംഗ് കണക്കാക്കുന്നത്. ഭരണകൂടം ആകട്ടെ,  പിടിക്കുന്ന മിക്കവരെയും വിട്ടയക്കുകയും ചെയ്യുന്നു.

അനധികൃത കുടിയേറ്റത്തിന്റെ മൂലകാരണം എന്തെന്നറിഞ്ഞ് പരിഹരിക്കാൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഗൗരവപൂർവം ശ്രമിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.
ആദ്യ വർഷം ചരിത്ര നേട്ടങ്ങൾ കൈവരിച്ചതായി ബൈഡൻ അവകാശപ്പെടുന്നുണ്ടെങ്കിലും ,അനധികൃത കുടിയേറ്റത്തിന്റെയും  പണപ്പെരുപ്പത്തിന്റെയും റെക്കോർഡുകളാണ് കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക