വെള്ളി (ഇന്ന്) രാത്രിയും നാളെയും സ്നോ, ചുഴലിക്കാറ്റ് ; 75 മില്യൺ ആളുകളെ ബാധിക്കും

Published on 27 January, 2022
വെള്ളി (ഇന്ന്) രാത്രിയും നാളെയും സ്നോ, ചുഴലിക്കാറ്റ് ; 75 മില്യൺ ആളുകളെ ബാധിക്കും

 

തെക്കുകിഴക്കൻ മേഖല മുതൽ ന്യൂ ഇംഗ്ലണ്ട് വരെ നീളുന്ന പ്രദേശങ്ങളിൽ കഴിയുന്ന 75 മില്യൺ  ആളുകളാണ് കാലാവസ്ഥാഭീഷണി നേരിടുന്നത്. ഇവിടങ്ങളിൽ ഇന്ന് (വെള്ളി) നാളെയും   കടുത്ത  സ്നോയും  ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്നാണ് പ്രവചനം. 
തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സപ്പെടാനും  സാധ്യതയുണ്ട്. യാത്രയെ സാരമായി ബാധിക്കാനും ഇടയുണ്ട്.

 കരോലിനാ തീരത്ത് വെള്ളിയാഴ്ച രൂപപ്പെടുന്ന ചുഴലിക്കാറ്റ്, കിഴക്കൻ തീരത്ത് നിന്ന് വടക്കോട്ട് നീങ്ങുകയും ശനിയാഴ്ച  ശക്തിപ്പെടുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.  ഈസ്റ്റേൺ മസാച്യുസെറ്റ്‌സ്, റോഡ് ഐലൻഡ് എന്നിവിടങ്ങളിൽ 12 മുതൽ 24 ഇഞ്ച് വരെ സ്നോയും  64 മൈൽ വരെ വേഗതയിൽ കാറ്റും ആഞ്ഞുവീശുമെന്ന്  പ്രവചന മാതൃക സൂചിപ്പിക്കുന്നു.

മെയ്‌ൻ മുതൽ മസാച്യുസെറ്റ്‌സ് വരെയും ന്യൂജേഴ്‌സി മുതൽ മേരിലാൻഡ് വരെയുമുള്ള തീരപ്രദേശങ്ങളിലെയും 4 മില്യൺ ആളുകൾക്ക് സ്നോ കടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

ബോസ്റ്റൺ, അറ്റ്ലാന്റിക് സിറ്റി, ന്യൂജേഴ്സി;  മേരിലാൻഡിലെ ഓഷ്യൻ സിറ്റി എന്നിവിടങ്ങളിൽ കൊടുങ്കാറ്റും സ്നോയും അപകടകരമായേക്കും. യാത്ര ദുഷ്കരമായിരിക്കുമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും  നാഷണൽ വെതർ സർവീസ് അറിയിച്ചു.

ന്യൂയോർക്ക് സിറ്റിയിൽ  8 മുതൽ 12 ഇഞ്ച് വരെ സ്നോഫോൾ പ്രതീക്ഷിക്കാം,  കണക്റ്റിക്കട്ടിൽ  55 മൈൽ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു

ന്യൂയോർക്ക് : ന്യൂയോർക്ക് മേഖലയിൽ   വെള്ളി, ശനി ദിവസങ്ങളിൽ  സ്നോയും കാറ്റും   പ്രതീക്ഷിക്കുന്നു. ലോംഗ് ഐലൻഡിലും കണക്റ്റിക്കട്ടിലും ഉയർന്ന അളവിൽ സ്നോ ഉണ്ടാകുമെന്നാണ്  പ്രവചനം.

ശനിയാഴ്ച പുലർച്ചെ ട്രൈ-സ്റ്റേറ്റ് ഏരിയയിൽ സ്നോ  തീവ്രമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. സ്നോ തുടങ്ങിക്കഴിഞ്ഞാൽ, സ്ഥിതിഗതികൾ വളരെ വേഗം വഷളാകുമെന്ന്  അവർ  പറഞ്ഞു.

വെള്ളിയാഴ്ച അർദ്ധരാത്രിയും  ശനിയാഴ്ച പുലർച്ചെ 2 മണിക്കും ഇടയിലാണ്  ന്യൂയോർക്കിൽ സ്നോ തുടങ്ങുന്നത്. 45 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്നും  വിദഗ്ദർ  കൂട്ടിച്ചേർത്തു.

ന്യൂയോർക്ക് സിറ്റിയിൽ  8 മുതൽ 12 ഇഞ്ച് വരെ സ്നോയും  കൊടുങ്കാറ്റും ഉണ്ടായേക്കും. കിഴക്കൻ ലോംഗ് ഐലൻഡിന്റെ ചില ഭാഗങ്ങൾ 18 ഇഞ്ച് വരെ സ്നോ കാണാനിടയുണ്ടെന്നാണ് പ്രവചനം.

ന്യൂജേഴ്‌സിയിൽ ചിലയിടങ്ങളിൽ  6 മുതൽ 12 ഇഞ്ച് വരെ സ്നോ  ലഭിക്കുമെന്നാണ്  പ്രതീക്ഷ. പടിഞ്ഞാറൻ ഭാഗത്ത് 3 മുതൽ 6 ഇഞ്ച് വരെ സ്നോയും ഹാർട്ട്ഫോർഡിലും കിഴക്കൻ പ്രദേശങ്ങളിലും 18 ഇഞ്ച് വരെയും  സ്നോ ഉണ്ടാകും.  കണക്റ്റിക്കട്ടിലും ഇതേ അളവിൽ സ്നോ  പ്രതീക്ഷിക്കുന്നു.

ബോസ്റ്റണിലും  ന്യൂ ഇംഗ്ലണ്ടിലുമാണ്  ഏറ്റവും കനത്ത സ്നോഫോൾ പ്രതീക്ഷിക്കുന്നത്, 12 മുതൽ 18 ഇഞ്ച് വരെ മഞ്ഞ് വീഴുമെന്ന്  വിദഗ്ദർ പറഞ്ഞു.
കഴിവതും യാത്രകൾ  ഒഴിവാക്കാനാണ് നിർദ്ദേശം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക