Image

ലക്ഷ്യം ലഖ്നൗ, പോരാട്ടം പശ്ചിമ യുപിയിൽ (സനൂബ് ശശിധരന്‍)

Published on 28 January, 2022
ലക്ഷ്യം ലഖ്നൗ, പോരാട്ടം പശ്ചിമ യുപിയിൽ (സനൂബ് ശശിധരന്‍)

ഉത്ത‍‍ർ‌പ്രദേശിൽ പോര് മുറുകുമ്പോൾ പശ്ചിമ ഉത്തർപ്രദേശ് പിടിക്കാനാണ് പ്രമുഖ മുന്നണികളുടെയെല്ലാം നെട്ടോട്ടം. കർഷകർക്ക്  ഏറെയുള്ള, ജാട്ടുകൾക്ക് വലിയ സ്വാധീനമുള്ള പശ്ചിമ ഉത്തർപ്രദേശ് പിടിക്കാനായാൽ ഭരണം ഏതാണ്ട് ഉറപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ബിജെപിയും സമാജ് വാദി പാർട്ടിയും നേതൃത്വം കൊടുക്കുന്ന മുന്നണികൾ. ഇതിനായി ജാട്ട് സമുദായത്തേയും കർഷകരേയും ഒപ്പം നിർത്താനാണ് ശ്രമം. സമീപകാല കർഷകസമരത്തിന് ഉത്തർ പ്രദേശിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചയിടവും പടിഞ്ഞാറൻ യുപിയാണ്. അത് തന്നെയാണ് ഭരണകക്ഷിയായ ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നതും എസ് പിക്ക് പ്രതീക്ഷയേകുന്നതും.


ഷഹറാൻപൂർ, മീററ്റ്,ഭാഗ്പത്, മുസാഫർനഗർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 143 നിയമസഭ സീറ്റുകളാണ് ഉള്ളത്. ഇവയിൽ 108 സീറ്റുകളാണ് കഴിഞ്ഞതവണ ബിജെപി നേടിയത്. അത് തന്നെയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റത്തിന്റെ കുന്തമുനയും. 2013 ലെ മുസാഫറാബാദ് കലാപത്തിന്റെ പശ്ചാത്തലമായിരുന്നു കഴിഞ്ഞതവണ ബിജെപിക്ക് പടിഞ്ഞാറൻ യുപിയിൽ മേൽക്കൈ നൽകിയത്.

കലാപത്തിന് ശേഷം ബിജെപിയിലേക്ക് ചാഞ്ഞ കർഷകർ തന്നെയായിരുന്നു ഈ പ്രദേശത്ത് വലിയ നേട്ടം കൈവരിക്കാൻ ബിജപിയെ സഹായിച്ചത്. എന്നാലിത്തവണ കർഷകർ കർഷക വിരുദ്ധ ബില്ലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ സമരത്തെ തുട‍ർന്ന് ബിജെപിയിൽ നിന്ന് അകന്നുപോയതാണ് ബിജെപി ക്യാമ്പിനെ അങ്കലാപ്പിലാക്കുന്നത്. ഈ മേഖലയിൽ ബിജെപിയുടെ സഖ്യകക്ഷിയും കർഷകരുടെ ഇടയിൽ സ്വാധീനവുമുള്ള ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദൾ (ആർ എൽ ഡി) ബിജെപിയെ വിട്ട് സമാജ് വാദിക്കൊപ്പം ചേർന്നതും ക്ഷീണമായി. കർഷകസമരം ശക്തമായ സമയത്ത് ബിജെപിയുടെ നയത്തെ തള്ളി ആർ എൽ ഡി വിളിച്ചുചേർത്ത മഹാപഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് കർഷകരാണ് അണിനിരന്നത്. ഇതിനെ എങ്ങിനെ മറികടക്കാമെന്നാണ് ബിജെപിയുടെ ആലോചന. ജാട്ട് സമുദായത്തെ പ്രീണിപ്പിച്ച് വീണ്ടും കൂടെ നിർ‌ത്താനാണ് ബിജെപിയുടെ പുതിയ നീക്കം. ഇതിനായി കഴിഞ്ഞ ദിവസം അമിത് ഷാ തന്നെ നേരിട്ടെത്തി ജാട്ട് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച്ചകൾ നടത്തി.
18 ശതമാനം വോട്ടാണ് പടിഞ്ഞാറൻ യുപിയിൽ ജാട്ടുകൾക്കുള്ളത്. ഒട്ടുമിക്ക മണ്ഡലങ്ങളിലേയും ഫലം മാറ്റിമറിക്കാൻ തക്ക സ്വാധീനമുള്ള ജാട്ടുകളെ ഒപ്പം കൂട്ടിയാൽ പാർട്ടികൾക്ക് പരിക്കില്ലാതെ രക്ഷപ്പെടാമെന്ന് സാരം. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും (2014,19 വർഷങ്ങളിലെ ലോക്സഭ തിരഞ്ഞെടുപ്പും 2017 ലെ നിയമസഭ തിരഞ്ഞെടുപ്പും) ജാട്ടുകളെ ഒപ്പം നിർത്താൻ രംഗത്തിറങ്ങിയ അമിത് ഷാ അതിനാലാണ് ഇത്തവണയും നേരിട്ടെത്തിയത്. 200 ജാട്ട് നേതാക്കളുമായാണ് കഴിഞ്ഞ ദിവസം അമിത് ഷാ രണ്ട് മണിക്കൂറിലേറെ സമയം ചർച്ച നടത്തിയത്.


ജാട്ടുകൾക്ക് വേണ്ട സഹായമെല്ലാം ബിജെപി വാഗ്ദാനം യോഗത്തിൽ വാഗ്ദാനം ചെയ്തതായണ് റിപ്പോർ‌ട്ടുകൾ. ജാട്ട് സമുദായത്തിൽ പെട്ടവര്‌ക്ക് സൈന്യത്തിൽ കൂടുതൽ അവസരം നൽകുന്നകാര്യമെല്ലാം ആഭ്യന്തരമന്ത്രി ചൂണ്ടികാട്ടിയെന്നും മാധ്യമറിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയുംജാട്ടുകളുടെ പിന്തുണ ബിജെപിക്ക് വേണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ വികസനമെന്നതിലൂന്നിയായിരുന്നു അമിത് ഷായുടെ സംസാരം. ജാട്ട് വിഭാഗത്തിൽ പെട്ട രാജാ മഹേന്ദ്ര പ്രതാപ് സിങ് യൂണിവേഴ്സിറ്റിക്ക് അലിഗഡിൽ തറക്കല്ലിട്ടതടക്കം അമിത് ഷാ ഓർമിപ്പിച്ചു. എന്നാൽ കഴിഞ്ഞ കാലങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായി ജാട്ട് നേതാക്കൾ ഇത്തവണത്തെ കൂടിക്കാഴ്ച്ചയിൽ തൃപ്തരല്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. കാലങ്ങളായി ജാട്ടുകൾ മുന്നോട്ട് വെക്കുന്ന സംവരണമെന്ന ആവശ്യത്തിൽ ഇതുവരേയും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തതിൽ ജാട്ട് നേതൃത്വം അസംതൃപ്തരാണ്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി അമിത് ഷാ നൽകിയില്ലെന്നാണ് സൂചനകൾ.

 
യോഗി സർക്കാർ 36,000 കോടിയുടെ കാർഷിക കടം എഴുതിതള്ളിയതും കരിമ്പിന് ക്വിന്റലിന് 25 രൂപ കൂട്ടിയതും ഉയർത്തിയാണ് ബിജെപി കരിമ്പ് കർഷകർ ഏറെയുള്ള പ്രദേശമായ പടിഞ്ഞാറൻ യുപിയിൽ പ്രചാരണം നടത്തുന്നത്. ഇതിലൂടെ കർഷകർക്കുള്ള എതിർപ്പ് കുറയ്ക്കാനാവുമെന്ന് ബിജെപി പ്രതീക്ഷയർപ്പിക്കുന്നു.

എന്നാൽ കർഷകർക്ക് കിട്ടാനുള്ള പണം കിട്ടാത്തത് ഉയർത്തിയാണ് സമാജ് വാദി ഇതിനെ നേരിടുന്നത്. പഞ്ചസാര ഫാക്ടറിയുടമകൾ കരിമ്പ് കർഷകർക്ക് 2000 കോടിയോളം രൂപയാണ് നൽകാനുള്ളത്. ഇത് ലഭ്യമാക്കാനുള്ള യാതൊന്നും ഇതുവരേയും ബിജെപി സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് കൃത്യമായി മറുപടി നൽകാൻ ബിജെപിക്കായിട്ടില്ല. പടിഞ്ഞാറൻ യുപിയിൽ നല്ലൊരു ശതമാനം സീറ്റിലും ആർ എൽ ഡിയുടെ സ്ഥാനാർത്ഥികളെയാണ് സമാജ് വാദി രംഗത്തിറക്കിയിരിക്കുന്നത്. ജയന്ത് ചൗധരിയുടെ നേതത്വത്തിലുള്ള ആർ‌ എൽ ഡിക്ക് കർഷകർക്കിടയിലും ജാട്ടുകൾക്കിടയിലും നല്ല സ്വാധീനമാണുള്ളത്. ഹരിയാനയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ സഹായിച്ച ആർഎൽഡി പക്ഷെ തുടക്കം മുതലെ ബിജെപിയുടെ കർഷക ബില്ലുകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പടിഞ്ഞാറൻ യുപിയിൽ പലപ്പോഴും ബിജെപി നേതാക്കളും ബിജെപി മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രയോഗം നേരിടേണ്ടിയും വന്നു. നിയമങ്ങൾ പിൻവലിച്ചത് തങ്ങളുടെ സമരത്തിന്റെ നേട്ടമായി തന്നെ ആർ എൽ ഡിയും പ്രചരണരംഗത്ത് ഉയർത്തിക്കാട്ടുന്നു. ഇതിന് പുറമെ ലഘിംപൂരിലെ കർഷകകൊലയും കർഷകസ്വാധീനമേഖലയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. ആർ എൽ ഡിയെ ഇതുവരേയും ബിജെപി തള്ളിപറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആർ എൽ ഡി ബിജെപിയുടെ സുഹൃത്ത് തന്നെയാണ് എന്ന് ആവർതിക്കുന്ന ബിജെപി തിരഞ്ഞെടുപ്പിന് ശേഷം കണക്കുകളുടെ കളി വരികയാണെങ്കിൽ ആർ എൽ ഡിയെ ഒപ്പം കൂട്ടാനാകുമെന്ന് പ്രതീക്ഷവെക്കുന്നുമുണ്ട്.

മുൻ പ്രധാനമന്ത്രിയുടെ ജയന്ത് ചൗധരിയുടെ പിതാവുമായ ചൗധരി ചരൺ സിങിന് ഭാരത് രത്ന അവാ‍ർഡ് നൽകുന്നതടക്കം ബിജെപി കേന്ദ്രങ്ങളിൽ ചർച്ചയാക്കുന്നതും ഇത് ലക്ഷ്യം വെച്ചാണ്. ജയന്തുമായി ചർച്ചകൾക്ക് തയ്യാറാണെന്നും ബിജെപി നേതാക്കൾ പരസ്യമായി തന്നെ പ്രതികരിച്ചിട്ടുമുണ്ട്. എന്നാൽ കർഷക സമരത്തിനിടെ മരണമടഞ്ഞ എഴുന്നൂറിലേറെ വരുന്ന കർ‌ഷകരുടെ കുടുംബത്തെയാണ് നിങ്ങൾ ചർച്ചയ്ക്ക് വിളിക്കേണ്ടത്, തന്നെയല്ലെന്നായിരുന്നു ജയന്തിന്റെ പ്രതികരണം.


പടിഞ്ഞാറൻ യുപിയിൽ ചന്ദ്രശേഖർ ആസാദ് (രാവണൻ) സമാജ് വാദിക്കൊപ്പമില്ലെന്നത് ബിജെപിക്ക് നേരിയ പ്രതീക്ഷയാണ്. ഷഹറാൻപൂരടക്കം ദളിതർക്ക് സ്വാധീനമുള്ള മേഖലകളിൽ രാവണന്റെ ബീം ആർമിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനാവും. അതിനാൽ തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ മേഖലയിൽ ഭിന്നിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കൂട്ടത്തിൽ കോൺഗ്രസും ബി എസ് പിയും വെവ്വേറെ മത്സരിക്കാനിറങ്ങുമ്പോൾ. ഇവയ്ക്കൊപ്പം ജാതിയും മതവും ഇറക്കിയുള്ള അവസാനവട്ട പ്രചാരണവും കഴിയുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്താകില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. എന്നാൽ അതിനെയെല്ലാം മറികടക്കാൻ കർഷകരുടെ രോഷവും കർഷകവിരുദ്ധബിൽ  അവരുടെ അഭിമാനത്തിനേൽപ്പിച്ച മുറിവും സമാജ് വാദിയെ സഹായിക്കുമെന്ന് അഖിലേഷും കണക്കുകൂട്ടുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക