Image

ഹിപ്പോക്രാറ്റ്‌സിന്റെ ശപഥം (ചെറുകഥ: സാംജീവ്)

Published on 28 January, 2022
ഹിപ്പോക്രാറ്റ്‌സിന്റെ ശപഥം (ചെറുകഥ: സാംജീവ്)

എന്റെ ഒരു ബന്ധുവായ കോശി ഏബ്രാഹാമാണ് എനിക്ക് ഡാക്ടർ അല്ലൻ ലാംഗിനെ കാണുവാനുള്ള ക്രമീകരണം ഏർപ്പാടാക്കിയത്. ഞാൻ അമേരിക്കായിൽ നവാഗതനായിരുന്നു, അന്തക്കാലത്ത്. അപ്പോയിൻമെന്റ് തരപ്പെടുത്തിയതിനുശേഷം കോശി പറഞ്ഞു.
“ഡാക്ടർ ലാംഗ് ആണ് ലോകത്തിലെ ഏറ്റവും വലിയ കണ്ണുഡാക്ടർ. എന്റെ കണ്ണിലെ തിമിരം കേവലം പത്തുമിനിട്ടുകൊണ്ടല്ലേ അദ്ദേഹം ഓപ്പറേറ്റുചെയ്ത് മാറ്റിയത്! അദ്ദേഹത്തെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം.”
കോശി ഏബ്രഹാം കൂട്ടിച്ചേർത്തു.
“അച്ചായൻ അമേരിക്കാ രാജ്യത്ത് വന്നതിന്റെ ഗുണം കണ്ടോ!”

ഡാക്ടർ അല്ലൻ ലാംഗാണ് ലോകത്തിലെഏറ്റവും വലിയ നേത്രരോഗവിദഗ്ദ്ധനെന്ന് ഞാനും വിശ്വസിച്ചു. 
ഞാനൊരിക്കൽ എന്റെ ഊഴവും കാത്തുകൊണ്ട് ഡാക്ടർ ലാംഗിന്റെ സന്ദർശകമുറിയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ എന്നെപ്പോലെ അവിടെയിരുന്ന മറ്റൊരാൾ എന്റെ ശ്രദ്ധയാകർഷിച്ചു. ടെലിവിഷനിൽ വാർത്ത വായിക്കുന്ന ഒരു മഹിളയായിരുന്നത്. ടെലിവിഷനിൽ വാർത്ത വായിക്കുന്നയാൾ എനിക്ക് സെലിബ്രിറ്റിയാണ്. രാഷ്ട്രീയനേതാക്കന്മാർ, മെഗാചർച്ച് പാസ്റ്ററന്മാർ, സമുദായനേതാക്കന്മാർ, സിനിമാതാരങ്ങൾ, പേരുകേട്ട ഗായകർ, ഉദ്യോസ്ഥപ്രമുഖർ: ഇവരൊക്ക എനിക്ക് സെലിബ്രിറ്റികളാണ്. അതായത് എനിക്ക് അപ്രാപ്യമായ സ്ഥാനത്ത് വിരാജിക്കുന്നവരാണ്. അവർ താമസിക്കുന്ന രമ്യഹർമ്മ്യങ്ങളും അവർ സഞ്ചരിക്കുന്ന വാഹനങ്ങളുമൊക്കെ സാധാരണക്കാരന് അപ്രാപ്യമാണല്ലോ.

“ഒരു സെലിബ്രിറ്റിയുടെ കണ്ണുഡോക്ടറാണ് എന്റെയും കണ്ണുഡോക്ടർ. 
ഈ രാജ്യത്ത് വന്നതിന്റെ ഗുണം കണ്ടോ.”
എന്റെ മനസ്സ് എന്നോടുതന്നെ മന്ത്രിച്ചു.

ഒരിക്കൽ ഡാക്ടർ ലാംഗിന്റെ ആപ്പീസ് മുറിയിയിൽ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരുന്ന മനോഹരമായ ഒരു ലിഖിതം എന്റെ ശ്രദ്ധയിൽ പെട്ടു.
പദ്യമാണോ ഗദ്യമാണോ എന്ന് തീർത്തുപറയാനാവാത്ത ആ സാഹിത്യരൂപത്തിന് ഒരു തലക്കെട്ടുണ്ടായിരുന്നു. ഹിപ്പോക്രാറ്റിന്റെ ശപഥം എന്നായിരുന്നത്. കത്രിക്കാത്ത താടിമീശയും പാതി കഷണ്ടികയറിയ ശിരസ്സുമുള്ള ഒരു വൃദ്ധന്റെ നഖചിത്രവും ആ ലിഖിതത്തിന്റെ പാർശ്വതലത്തിൽ കോറിയിട്ടിട്ടുണ്ടായിരുന്നു.

“അപ്പോളോ ദേവന്റെ നാമത്തിൽ ഞാൻ ഈ പ്രതിജ്ഞ ചൊല്ലുന്നു;
അസ്ക്ലിപ്പിയസ് ദേവന്റെ നാമത്തിൽ ഞാൻ ഈ പ്രതിജ്ഞ ചൊല്ലുന്നു;
സകല ദേവന്മാരുടെയും ദേവിമാരുടെയും നാമത്തിൽ ഞാൻ ഈ പ്രതിജ്ഞ ചൊല്ലുന്നു.

എന്നെ ഈ വിദ്യ അഭ്യസിപ്പിച്ച ഗുരുഭൂതന്മാരെ മാതാപിതാക്കന്മാരെപ്പോലെ ഞാൻ മാനിക്കും.
അവരുടെ സന്താനങ്ങൾ എന്റെ സഹോദരങ്ങളാണെന്ന് ഞാൻ കരുതും.
ഞാൻ അഭ്യസിച്ച വിദ്യ അവർക്ക് സ൱ജന്യമായി പകർന്നുകൊടുക്കും.
ചികിത്സക്കായി എന്റെ എന്റെ മുമ്പിലെത്തുന്ന രോഗികളെ സകല ഉപദ്രവങ്ങങ്ങളിൽനിന്നും അന്യായങ്ങളിൽനിന്നും ഞാൻ രക്ഷിക്കും.
മാരകമായ ഒരു മരുന്ന് ഒരിക്കലും രോഗികൾക്ക് നല്കുകയില്ലെന്ന് ഞാൻ ശപഥം ചെയ്യുന്നു.
ഒരു സ്ത്രീയുടെ ഗർഭസ്ഥശിശുവിന് ഹാനികരമായ ഒരു മരുന്ന് ഞാനൊരിക്കലും അവൾക്ക് നല്കുകയില്ല.
രോഗികൾകളുടെ ഭവനങ്ങൾ ഞാൻ സന്ദർശിക്കുകയാണെങ്കിൽ തികഞ്ഞ മാന്യതയോടെ ഞാൻ പെരുമാറും.
മനുഷ്യവർഗ്ഗത്തിന് അപമാനകരമായ പ്രസ്താവനകളിൽനിന്ന് ഞാൻ വിട്ടുനില്ക്കും.
ഞാൻ ഈ പ്രതിജ്ഞ പാലിക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ സ൱ന്ദര്യവും നന്മയും ആസ്വദിക്കാൻ എനിക്ക് ഇടവരട്ടെ.
ഞാൻ ഈ പ്രതിജ്ഞ നിരാകരിക്കുകയാണെങ്കിൽ തിന്മ എന്റെ ജീവിതത്തിൽ വന്നുഭവിക്കട്ടെ.”

“ആരാണ് ഹിപ്പോക്രാറ്റസ്? എന്താണ് ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ?”
എനിക്കറിയാൻ ജിജ്ഞാസയായി.
“ഡാക്ടർ ലാംഗിനോടുതന്നെ ചോദിച്ചാലോ?”
“വേണ്ടാ, അതുവേണ്ടാ.”
മനസ്സ് വിലക്കി. ഡാക്ടർമാർ ക്ഷിപ്രകോപികളാണ്. പണ്ടത്തെ ഒരനുഭവം മനസ്സിൽ തികട്ടിവന്നു.

മൂന്നുനാല് ദശകങ്ങൾക്ക് മുമ്പാണ് സംഭവം. എന്റെ ഇളയ പൈതൽ രോഗിയായി. കൊല്ലത്തെ പേരുകേട്ട ഒരു സ്വകാര്യാശുപത്രിയിൽ പേരുകേട്ട ഒരു ലേഡിഡാക്ടറുണ്ട്. ശിശുരോഗവിദഗ്ദ്ധയാണവർ. 
“തങ്കപ്പെട്ട സ്വഭാവഗുണമുള്ള ഡാക്ടറാണവർ.” എന്റെ ചാർച്ചയിലുള്ള ഒരു ചേച്ചി സർട്ടിഫൈ ചെയ്തു. 
ഞാനും എന്റെ സഹധർമ്മിണിയും ഞങ്ങളുടെ കുഞ്ഞുമായി കൊല്ലത്തെ ആശുപത്രിയിലെത്തി.
കുഞ്ഞിനെ പരിശോധിക്കുന്നതിനിടയിൽ ഊഷ്മാവെടുക്കാൻ തങ്കപ്പെട്ട സ്വഭാവഗുണമുള്ള ഡാക്ടർ ഡ്യൂട്ടിനേഴ്സിനോടാവശ്യപ്പെട്ടു. ഡ്യൂട്ടിനേഴ്സ് കുഞ്ഞിന്റെ ശരീരോഷ്മാവ് അളന്നുകുറിച്ചു. ഡാക്ടറുടെ ചെവിയിൽ അവർ എന്തോ മന്ത്രിക്കുന്നത് കണ്ടു.
“കുഞ്ഞിന്റെ ടെമ്പറേച്ചർ എത്രയുണ്ട്?”
എന്റെ ജിജ്ഞാസ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ചോദ്യം തങ്കപ്പെട്ട സ്വഭാവഗുണമുള്ള ഡാക്ടർക്ക് ഇഷ്ടപ്പെട്ടില്ല. അവർ എന്നെ രൂക്ഷമായി നോക്കി. എന്നിട്ട് പൊട്ടിത്തെറിച്ചു. കൈയിലിരുന്ന പരിശോധനാക്കുഴൽ അവർ വലിച്ചെറിഞ്ഞു. 
“മീശക്കാരന് എല്ലാമറിയാമെന്ന് തോന്നുന്നല്ലോ. പിന്നെന്തിനാ ഇങ്ങോട്ടെഴുന്നള്ളിയത്?” 
അന്നെനിക്ക് കനത്ത മേൽമീശയുണ്ടായിരുന്നു. ഞാനറിയാതെതന്നെ എന്റെ രണ്ടുകൈകളുംകൊണ്ട് മേൽമീശയും വായും പൊത്തിപ്പിടിച്ചു. നിസ്സഹായനായ ആവശ്യക്കാരൻ ഞാനാണല്ലോ. അപ്പോൾ വായും മീശയും പൊത്തിപ്പിടിച്ചേ പറ്റൂ.

കൊല്ലത്തെ അനുഭവം ഡിട്രോയിറ്റിലുണ്ടായില്ല. എന്റെ ജിജ്ഞാസ ഡാക്ടർ ലാംഗ് മനസ്സിലാക്കിയെന്ന് തോന്നുന്നു.
അദ്ദേഹം ചോദിച്ചു.  
“എന്താണ് ആ പടത്തിലേക്ക് സൂക്ഷിച്ചുനോക്കുന്നത്? ഹിപ്പോക്രാറ്റസ് എന്നു കേട്ടിട്ടില്ലേ?”
“ഇല്ല, കേട്ടിട്ടില്ല. ആരാണയാൾ?” ഞാൻ ചോദിച്ചു.
“ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പടുന്ന ആളാണ് ഹിപ്പോക്രാറ്റസ്.” ഡാക്ടർ ലാംഗ് പറഞ്ഞു.
“അദ്ദേഹം അമേരിക്കക്കാരനാണോ?”
എന്റെ ചോദ്യം കേട്ട് ഡാക്ടർ ലാംഗ് ചിരിച്ചു. 
“പുരാതനഗ്രീസിൽ പെരിക്ലിസിന്റെ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്, അതായത് ക്രിസ്തുവിനുമുമ്പ് 460 മുതൽ 370 വരെ.” 
“ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അളാണോ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്?”
ഡാക്ടർ ലാംഗിന്റെ വാക്കുകൾ വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു.
“അതേ, അതിനു കാരണമുണ്ട്.”
ഡാക്ടർ ലാംഗ് വാചാലനായി..
“പരമ്പരാഗതമായ അന്ധവിശ്വാസങ്ങളിൽ നിന്ന് വൈദ്യശാസ്ത്രത്തെ വിമോചിപ്പിച്ചത് ഹിപ്പോക്രാറ്റസ് ആയിരുന്നു. നിരീക്ഷണപരീക്ഷണങ്ങൾ കൊണ്ട് ചികിത്സാവിധികൾ തീരുമാനിക്കാൻ അദ്ദേഹം തന്റെ ശിഷ്യന്മാരെ ഉപദേശിച്ചു. മതാചാരങ്ങളിലും മാന്ത്രികവിദ്യകളിലും അടിസ്ഥിതമായ ചികിത്സാവിധികളെ അദ്ദേഹം നിരാകരിച്ചു. തീരുമാനങ്ങൾ യുക്തിസഹവും ശാസ്ത്രീയവുമായിരിക്കണമെന്ന് ഹിപ്പോക്രാറ്റസ് നിഷ്ക്കർഷിച്ചു.”
അമേരിക്കൻ സർവ്വകാലാശാലകളിൽ നിന്നും ഗ്രാഡ്വേറ്റുചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥികൾ ഹിപ്പോക്രാറ്റസിന്റെ സെറിമോണിയൽ ശപഥം ചൊല്ലുന്നത് പതിവാണെന്നും ഡാക്ടർ ലാംഗ് പറഞ്ഞു.
“വൈദ്യശാസ്ത്രത്തെ സ്നേഹിക്കുന്നവർ മാനവരാശിയെ സ്നേഹിക്കുന്നു.”
ഹിപ്പോക്രാറ്റസിന്റെ തന്നെ മറ്റൊരു ഉദ്ധരണിയോടുകൂടി ഡാക്ടർ ലാംഗ് പ്രസംഗം അവസാനിപ്പിച്ചു.
ഡാക്ടർ ലാംഗ് ദാർശനികനും സാത്വികനുമാണെന്ന് എനിക്കുതോന്നി. ഇത്ര വലിയ ഒരു ഡാക്ടർ എത്ര സ്നേഹത്തോടെയാണ് രോഗികളുമായി ഇടപെടുന്നത്!
“അമേരിക്കയിൽ വന്നതിന്റെ ഗുണം കണ്ടോ!” 
ഞാൻ എന്നോടുതന്നെ പറഞ്ഞുപോയി.

“ നിങ്ങളുടെ കണ്ണിന്റെ  നേത്രപടലത്തിൽ (റെറ്റിനാ എന്നാണ് ഇംഗ്ലീഷിൽ പറയുക) രക്തസ്രാവമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെയുണ്ടെങ്കിൽ അതിന് ചികിത്സ വേണ്ടിവരും. ഡയബറ്റിസ് രോഗത്തിന്റെ സങ്കീർണ്ണതകളിൽ ഒന്നാണത്.”
ഡാക്ടർ ലാംഗ് കാര്യത്തിലേക്ക് കടന്നു.
“ആദ്യമായി ഫ്ലൂറസിൻ ആൻജിയോഗ്രാഫി എന്നൊരു ടെസ്റ്റാണ് ഞാൻ ചെയ്യുവാൻ ഉദ്ദേശിക്കുന്നത്.” എന്റെ കണ്ണുകൾ പരിശോധിച്ചതിനുശേഷം ഡാക്ടർ അല്ലൻ ലാംഗ് പറഞ്ഞു. അദ്ദേഹം തുടർന്നു.
“നിങ്ങളുടെ നേത്രപടലത്തിന്റെ ഫോട്ടോ എടുക്കുന്ന ഒരു പ്രക്രിയയാണത്. നേത്രപടലത്തിലെ രക്തക്കുഴലുകളെ വ്യക്തമായി കാണുവാൻ ഉപകരിക്കുന്ന ഒരു ചായം ഞാൻ നിങ്ങളുടെ രക്തധമനിയിൽ കുത്തിവയ്ക്കും. നേത്രപടലത്തിലെ രക്തക്കുഴലുകളിലേക്ക് ആ മരുന്ന് വ്യാപിക്കുമ്പോൾ രക്തക്കുഴലുകൾ വ്യക്തമായി കാണുവാനും അതിന്റെ പടമെടുക്കുവാനും എനിക്ക് കഴിയും.”
ചായം കുത്തിവച്ചപ്പോൾതന്നെ ഞാൻ അവശനായി. ഞാൻ ഛർദ്ദിക്കുവാൻ തുടങ്ങി. 
“സാരമില്ല, ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണം മാത്രമാണത്.”
ഡാക്ടർ ലാംഗ് ആശ്വസിപ്പിച്ചു.
“വീട്ടിൽ ചെല്ലുമ്പോൾ ധാരാളം വെള്ളം കുടിക്കണം. രക്തത്തിൽ അലിഞ്ഞുചേർന്ന ചായം മൂത്രത്തിൽകൂടിയാണ് ബഹിഷ്ക്കരിക്കേണ്ടത്.”
ഡാക്ടർ നിർദ്ദേശിച്ചു. ഞാൻ തലയാട്ടി സമ്മതിച്ചു.

നേത്രപടലത്തിൽ ദൃശ്യകേന്ദ്രം എന്നൊരു ഭാഗമുണ്ട്. മാക്കുല എന്നാണ് ഇംഗ്ലീഷിലെ പേര്. അത്യത്ഭുതകരമായ പ്രകാശസംവേദനകോശങ്ങൾ നിറഞ്ഞ ഭാഗമാണിത്. നാം കാണുന്ന വസ്തുവിന്റെ നിറം, വലിപ്പം, സൂക്ഷ്മത മുതലായ വിവരങ്ങൾ മസ്തിഷ്ക്കത്തിലേക്ക് സംവേദനം ചെയ്യുന്നത് മാക്കുലയാണ്. 
എന്റെ വലതുകണ്ണിന്റെ ദൃശ്യകേന്ദ്രത്തോടുചേർന്ന് അത്യന്തം അപകടകരമായ ഒരു രക്തസ്രാവം ഡാക്ടർ ലാംഗ് കണ്ടെത്തിയിരിക്കുന്നു. അവിടെ സൂക്ഷ്മമായ ഒരു രക്തക്കുഴൽ പൊട്ടിയിരിക്കുന്നു
“ഹോ! ഞാൻ എന്താണ് ഇക്കാണുന്നത്?”
ഡാക്ടർ അല്ലൻ ലാംഗ് ആരോടെന്നില്ലാതെ അല്പം ഉറക്കെ ചോദിച്ചു. എന്റെ ഹൃദയത്തിൽ ഭയം വ്യാപിച്ചു.
“ഇതു കണ്ടോ?”
ഡാക്ടർ ലാംഗ് അദ്ദേഹത്തിന്റെ രണ്ട് അസിസ്റ്റന്റുമാരെ വിളിച്ച് കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ചൂണ്ടി ചോദിച്ചു. അവരും ഡാക്ടർമാരാണ്. റസിഡന്റ് ഡാക്ടർമാർ. അവർ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തുറിച്ചുനോക്കി. എന്നിട്ട് പറഞ്ഞു.
“ഹോ!”
“ഹോ!”
“വിദഗ്ദ്ധമായ ലേസർചികിത്സകൊണ്ട് പൊട്ടിയ രക്തക്കുഴൽ റിപ്പയർ ചെയ്തില്ലെങ്കിൽ മാക്കുലർ ഡീജനറേഷൻ എന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകാം. ദൃശ്യകേന്ദ്രത്തിലെ കോശങ്ങൾ ദ്രവിച്ചുപോകുന്ന അവസ്ഥയാണത്. നേത്രപടലത്തിൽ നിന്ന് ദൃശ്യവസ്തുക്കളുടെ പ്രതിബിംബങ്ങൾ മസ്തിഷ്ക്കത്തിലേക്ക് സംവേദനം ചെയ്യുന്ന ദൃശ്യനാഡിവ്യൂഹത്തെയും അത് ബാധിച്ചെന്നുവരാം. സങ്കീർണ്ണതകൾ പലതാണ്.” 
ഡാക്ടർ ലാംഗ് സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങൾ വിവരിച്ചു. ഡാക്ടർ ലാംഗ് മുറിയുടെ ഒരു മൂലയിലേക്ക് നോക്കിയാണ് ഇതൊക്കെ പറഞ്ഞത്. 
നോക്കണേ, പ്രമേഹരോഗം വരുത്തിവയ്ക്കുന്ന അപകടങ്ങൾ എത്ര വലുതാണ്! 
പക്ഷേ ലോകത്തിലെ ഏറ്റവും വലിയ നേത്രരോഗവിദഗ്ദ്ധനാണ് ഡാക്ടർ ലാംഗ് എന്ന് ഞാൻ വിശ്വസിച്ചു. അദ്ദേഹത്തിന്റെ കൈകളിൽ എന്റെ കണ്ണുകൾ സുരക്ഷിതമാണെന്നും ഞാൻ വിശ്വസിച്ചു.
“നോക്കണേ, അമേരിക്കയിൽ വന്നതിന്റെ ഗുണം കണ്ടോ!” ഞാൻ എന്നോടുതന്നെ പറഞ്ഞു. 
“ദൃശ്യകേന്ദ്രത്തോട് വളരെ അടുത്താണ് രക്തസ്രാവം. അതിവിദഗ്ദ്ധനായ ഒരു ഭിഷഗ്വരനുമാത്രമേ നിശ്ചിതയളവിൽ ദൃശ്യകേന്ദ്രത്തിന് തകരാറുണ്ടാകാതെ ലേസർബീം പായിക്കുവാൻ കഴിയൂ. ഒരു ചെറിയ കൈപ്പിഴ രോഗിയെ സ്ഥിരമായി അന്ധനാക്കി മാറ്റാം.” ഡാക്ടർ ലാംഗ് വിരിച്ചുപറഞ്ഞു.
ഡാക്ടർ ലാംഗ് ഒരു തീരുമാനമെടുത്തു. അദ്ദഹം തുടർന്നു. 
“തുടർന്നുള്ള ചികിത്സ എന്നെക്കാൾ കൂടുതൽ വൈദഗ്ദ്ധ്യമുള്ള ഡാക്ടർ സലിം മക്കാറെ ചെയ്യട്ടെ. സലിം മക്കാറെ ബ്ലൂ മൌണ്ട് ഹോസ്പിറ്റലിലെ ഡാക്ടറാണ്. ഞാൻ നിങ്ങളുടെ കണ്ണിന്റെ ദൃശ്യപടലത്തിന്റെ ഫോട്ടോ ഒരു കമ്പ്യൂട്ടർഡിസ്ക്കിലാക്കി തരാം. അത് ഡാക്ടർ സലിം മക്കാറെയെ കാണിക്കുക. അദ്ദേഹത്തിന് വീണ്ടും കണ്ണിന്റെ ദൃശ്യപടലത്തിന്റെ ഫോട്ടോ എടുക്കാതെ കഴിയാം.”
“ഡാക്ടർ ലാംഗിനെക്കാൾ വലിയൊരു കണ്ണുഡാക്ടറോ?” 
എനിക്ക് വിശ്വസിക്കാനായില്ല. ഡാക്ടർ അല്ലൻ ലാംഗിലുള്ള എന്റെ വിശ്വാസം ആദ്യമായി തകർന്നു.
എന്റെ പേരും നാൾവഴികളും രേഖപ്പെടുത്തിയ കമ്പ്യൂട്ടർഡിസ്ക്ക് ഡാക്ടർ അല്ലൻ ലാംഗ് എന്റെ കൈകളിലേക്ക് വച്ചുതന്നു. ഇനി ഇന്നുതന്നെ ഡാക്ടർ സലിം മക്കാറെയെ കാണണം. കാര്യങ്ങളെല്ലാം ഡാക്ടർ ലാംഗ് തന്നെ അറേഞ്ച് ചെയ്തിട്ടുണ്ട്. അമേരിക്കൻ ഡാക്ടർമാരുടെ മഹാമനസ്ക്കത നോക്കണേ. അവർ ഹിപ്പോക്രാറ്റസിന്റെ ശപഥം എടുത്തവരാണല്ലോ.

ഒരുകാര്യം ഞാൻ ശ്രദ്ധിച്ചു. കമ്പ്യൂട്ടർഡിസ്ക്ക് കൈമാറുമ്പോൾ ഡാക്ടർ ലാംഗ് എന്റെ മുഖത്തേക്ക് നോക്കിയില്ല. ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി. അദ്ദേഹത്തിന്റെ കണ്ണുകൾ എന്റെ കണ്ണുകളിൽ നിന്നും തെന്നിമാറുന്നത് ഞാൻ കണ്ടു. മുറിയുടെ മൂലയിലേക്ക് നോക്കിയാണ് അദ്ദേഹം സംസാരിച്ചത്. സാധാരണ ഡാക്ടർ ലാംഗിന്റെ മുഖത്ത് നിഴലിച്ചിരുന്ന പ്രസന്നതയും ഇന്നില്ല.
“എന്താണങ്ങനെ?”
ഞാൻ സ്വയം ചോദിച്ചു. സാധാരണ മുഖത്തോടുമുഖം നോക്കി സംസാരിക്കുന്നയാളാണ് ഡാക്ടർ ലാംഗ്.
ഡാക്ടർ അല്ലൻ ലാംഗും ഡാക്ടർ സലിം മക്കാറയും ഒരേ അവിശുദ്ധ കൂട്ടുകെട്ടിലെ പങ്കുകാരാണോ? ഒരു ചെറിയ സംശയം എന്റെ മനസ്സിലുദിച്ചു.
ഡാക്ടർ സലിം മക്കാറയെ കാണുവാൻ ഞാൻ ബ്ലൂ മൌണ്ട് ഹോസ്പിറ്റലിലേക്ക് പോയില്ല. ഞാൻ നേരെ വീട്ടിലേക്ക് പോയി.

ഹാരി ഫോക്സ് ഹോസ്പിറ്റലിൽ നേത്രരോഗവിദഗ്ദ്ധന്മാരായ ഡാക്ടർമാരുടെ ഒരുനിര തന്നെയുണ്ട്. ഡാക്ടർ മക്കിൻസിയുമായി ഒരു അപ്പോയിൻമെന്റ് എടുത്തു. പരിശോധനകൾക്കുശേഷം അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ നേത്രപടലത്തിൽ രക്തസ്രാവമില്ല.”
എനിക്ക് വിശ്വാസമായില്ല.
ഡാക്ടർ സതീഷ് മുക്കർജി ഹാരി ഫോക്സിലെ റെറ്റിനാ സ്പെഷ്യലിസ്റ്റാണ്. അദ്ദേഹത്തെയും കാണുവാൻ ഞാൻ തീരുമാനിച്ചു. ദീർഘനേരത്തെ പരിശോധനകൾക്ക് ശേഷം ഡാക്ടർ മുക്കർജി പ്രഖ്യാപിച്ചു.
“നിങ്ങളുടെ നേത്രപടലത്തിൽ രക്തസ്രാവമില്ല.”

കാലചക്രം കറങ്ങി. പതിനഞ്ച് സംവത്സരങ്ങൾ ഒഴുകിപ്പോയി. കഴിഞ്ഞയാഴ്ചയിൽ നീണ്ട പരിശോധനകൾക്കുശേഷം ഹാരി ഫോക്സ് ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധൻ പറഞ്ഞു.
“നിങ്ങളുടെ നേത്രപടലത്തിൽ രക്തസ്രാവമില്ല.”

ചികിത്സയുടെ പേരിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുക്കാവുന്ന തുകയിലായിരുന്നു ഡാക്ടർ ലാംഗിന്റെയും കൂട്ടരുടെയും കണ്ണ്.
“രോഗി പോയി തുലയട്ടെ. അയാളുടെ കണ്ണ് പൊട്ടിപ്പോയാൽ എനിക്കെന്ത് ചേതം?”
ദുര മൂത്ത ആധുനിക ഹിപ്പോക്രാറ്റസ് അങ്ങനെ പറയുന്നത് ഞാൻ കേട്ടു, എന്റെ അന്തരംഗത്തിൽ.

Join WhatsApp News
Sudhir Panikkaveetil 2022-01-29 00:55:31
രോഗിയുടെ ഇൻഷുറൻസ് തട്ടിക്കൽ തന്നെയാണ് വളരെ മഹത്തായ പദവിയുള്ള ഡോക്ടർമാരുടെ ചിന്താഗതിയെങ്കിൽ മനുഷ്യരുടെ ആരോഗ്യം അവതാളത്തിലാണ്. ഇപ്പോൾ കൊറോണ എന്ന നാടകത്തിനു ഒരിക്കൽ കർട്ടൻ വീഴുമ്പോൾ കാണാം മരുന്ന് കമ്പനികളുടെ വീർത്ത ബാങ്ക് ബാലൻസ്. കുടിക്കാതെ, വലിക്കാതെ, മറ്റു ദുശീലങ്ങളിൽ ഏർപ്പെടാതെ എല്ലാവരും ജീവിക്കുക. അതാണ് ഹിപ്പോക്രാറ്റുകളിൽ നിന്നും രക്ഷപ്പെടാൻ മാർഗം. എഴുത്തുകാർ ഇപ്പോഴും മനുഷ്യരെ ഉത്ബുദ്ധരാക്കാൻ ശ്രമിക്കുന്നു. ശ്രീ ശ്രമജീവിയുടെ കഥകൾ ഒരു സന്ദേശം പകരുന്നു.
Ninan Mathulla 2022-01-29 17:31:29
Very good story with a moral! The fear of Covid-19 is a creation of the news media and vested interests. I took Covid-19 vaccine first shot last week. Not that I wanted to take it but to travel to India I have to take it. During this Covid period I travelled everywhere I wanted to go- places, markets, social gatherings etc. without mask if possible and with mask if required. Last week my wife and son became positive for Corona. I didn’t test myself although I work in a PCR testing lab owned by a well known Malayalee. Corona is more or less like Flu. It is goof that you get the Flu for the year and thus develop immunity to it for the year. I never take vaccine for Flu although I work in a Lab. Even if you take vaccine, there is no guarantee that you will not get flu as there are many strains of flu and the vaccine will not cover all strains. The flu strain appearing next year will be different from this year. It is not practical for me to take vaccine every year for flu, and still get flu from other strains. If you are healthy there is nothing to worry about Corona. If you are not healthy with underlying health problems like immune deficiency, diabetes, severe heart problems or Cancer, then you need to be very careful. So, the best approach is to improve your health and immunity by following healthy life habits. This human body is designed to work at least 10-12 hours in the hot Sun and sweat profusely. For thousands of years people survived this way. Sweating helps to burn the glucose we take through food for energy and excrete the toxins produced in the body in the process of living. Electricity and Air Conditioner are recent developments, and not suited for the body God designed. This body is designed to work at least 10-12 hours in the hot Sun and sweat profusely. Cancer, Diabetes and Heart problems mostly are due to eating too much food and too little exercise. The food we take must be proportional to the physical activity we have. Hippocrates the Father of Medicine said, “If I can have a fever in the body then I can cure any disease”. This message is to a generation that takes Tylenol or Aspirin to reduced fever or a slight increase in temperature. Fever or increased temperature is a preventive mechanism of the body to kill germs that get into the body. Wish that people will follow healthy life style and stay healthy.
Abdul punnayurkulam 2022-01-30 00:01:40
Sam's each story presenting not only a new messages, but also providing a new style too. We expect from Samjeev more innovative stories.
SAMGEEV 2022-01-30 01:13:41
Thank you all for your valuable comments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക