Image

മരം  (കവിത: കൃഷ്ണകുമാര്‍ മാപ്രാണം)

Published on 28 January, 2022
മരം  (കവിത: കൃഷ്ണകുമാര്‍ മാപ്രാണം)

കരിക്കട്ട രുപം പൂണ്ടതും
എന്നെ നീ മറന്നല്ലോ ?
മഹീരൂഹമായിരുന്നപ്പോൾ
ഏകിയില്ലേ വസന്തങ്ങള്‍ !

എത്രയോ കനികളുതിര്‍ത്ത-
താണെന്‍ കരങ്ങളാൽ
എത്രയോ പഥികര്‍ക്ക് 
തണലായെന്‍ മടിത്തട്ടും 

എത്രയോ കിളികള്‍ക്ക് 
വാസ്തവ്യമൊരുക്കി ഞാന്‍ 
എത്രയോ തപസ്വികള്‍ക്ക് 
പര്‍ണ്ണശാലയൊരുക്കി ഞാന്‍ 

മിത്രഭാവം നടിച്ചെന്നെ 
മൃത്യുലോകത്തിലേയ്ക്കാഴ്ത്തി നീ 
മനമുരുകി കരഞ്ഞപ്പോൾ
മനമുരുകിയില്ല നിന്നുടെ 

എരിഞ്ഞു തീരുമ്പോഴും 
ജ്വലിച്ചു ഞാന്‍ ദീപമായ് 
കനലായ് കത്തുമ്പോഴും
പ്രകാശം വിതറി ഞാൻ

കത്തിക്കാളും വിശപ്പിന്നു 
കനി വേവാനേകി ഞാന്‍ 
എന്‍റെയീ ജീവവായു 
അവസാന ശ്വാസവും 

ജഡമായ് കരിഞ്ഞപ്പോൾ
കരിക്കട്ടയെന്നോതി നീ 
മഹാനീചരാം നിങ്ങളെന്‍റെ 
മഹിമയൊക്കെ മറന്നുപോയ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക