Image

മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മിഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ആദ്യബാച്ച്  പഠന കോഴ്സ്  ഉത്ഘാടനം ചെയ്തു.

ഷാജീ രാമപുരം Published on 28 January, 2022
മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മിഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ആദ്യബാച്ച്  പഠന കോഴ്സ്  ഉത്ഘാടനം ചെയ്തു.

ന്യൂയോര്‍ക്ക്:  മാര്‍ത്തോമ്മാ സഭയുടെ   നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്‌ലാന്റയിലെ  കര്‍മ്മേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ ഭാവി തലമുറക്ക് ദൈവശാസ്ത്ര ദര്‍ശനം പകരുക എന്ന ലക്ഷ്യത്തോടെ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മിഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആദ്യബാച്ച് പഠന കോഴ്‌സിന്റെ ഔപചാരികമായ ഉത്ഘാടനം ഓണ്‍  ലൈന്‍ പ്ലാറ്റ് ഫോം ആയ  സൂമിലൂടെ ഇന്നലെ (വ്യാഴം) വൈകിട്ട്  നടന്ന  ചടങ്ങില്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ്  ഉത്ഘാടനം ചെയ്തു. 

കൊളംബിയ തീയോളജിക്കല്‍ സെമിനാരിയുമായി പങ്കാളിത്വമുള്ള ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ സപ്തതി ഉപഹാരമായിട്ടാണ് തുടക്കം കുറിച്ചത്. ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഡീന്‍ ഓഫ് സ്റ്റഡീസിന്റെ  ചുമതല വഹിക്കുന്നത് ചിക്കാഗോ യൂണിവേഴ്‌സിറ്റിയുടെ കിഴിലുള്ള ലൂഥറന്‍ സ്‌കൂള്‍ ഓഫ് തീയോളജിയില്‍ നിന്ന്  പിഎച്ച്ഡി നേടിയ മാര്‍ത്തോമ്മാ തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രൊഫസറും, മുന്‍  മാര്‍ത്തോമ്മാ സഭാ സെക്രട്ടറിയും, സീനിയര്‍ വികാരി ജനറാളും ആയ വെരി.റവ.ഡോ. ചെറിയാന്‍ തോമസ് ആണ്. 

ഡോ.ജോഷി ജേക്കബ് (സയന്റിസ്റ്റ് ആന്‍ഡ് പ്രൊഫസര്‍, എമോറി യൂണിവേഴ്‌സിറ്റി), ഡോ. സുരേഷ് മാത്യു (ചെയര്‍ ആന്‍ഡ് പ്രൊഫസര്‍, സാംഫോര്‍ഡ് യൂണിവേഴ്‌സിറ്റി), ഡോ. രാജ് നഡെല്ലാ (അസ്സോസിയേറ്റ് പ്രൊഫസര്‍, കൊളംബിയ തിയോളജിക്കല്‍ സെമിനാരി) എന്നിവരാണ് സ്ഥാപനത്തിന്റെ  പ്രധാന ഫാക്കല്‍റ്റി. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന എന്‍ജിനീയറിംഗ് ബിരുദധാരി കൂടിയായ  റവ.ക്രിസ്റ്റഫര്‍ ഫില്‍ ഡാനിയേല്‍ ആണ് ലയ്‌സണ്‍ ഓഫീസറും, പ്രോഗ്രാം കോര്‍ഡിനേറ്ററും. കൂടാതെ റവ.ബിജു പി.സൈമണ്‍, റവ.ജെയ്സണ്‍ തോമസ്, റവ.ലാറി വര്‍ഗീസ് എന്നിവര്‍ അസ്സോസിയേറ്റ് ഫാക്കല്‍റ്റിയായും പ്രവര്‍ത്തിക്കും. 

2022 ഫെബ്രുവരി 1 മുതല്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന  ഓണ്‍ലൈന്‍ കോഴ്സ്  ആണ് പ്രാരംഭമായി ഈ സ്ഥാപനത്തില്‍ ആരംഭിക്കുകയെന്ന് ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാം, ഭദ്രാസന ട്രഷറാര്‍ ജോര്‍ജ് പി.ബാബു എന്നിവര്‍ അറിയിച്ചു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ കഴിഞ്ഞ നാളുകളില്‍ ശുശ്രുഷകള്‍ക്കായി കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന 24 വൈദീകര്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം. നോര്‍ത്ത് അമേരിക്കയുടെ പശ്ചാത്തലത്തില്‍  ക്രിയാത്മകവും, ഫലപ്രദവുമായ ആത്മീയ ശുശ്രുഷകള്‍ ഇടവകളില്‍ എങ്ങനെ നിര്‍വഹിക്കാമെന്ന് ഊന്നല്‍ നല്‍കുന്ന പഠനങ്ങള്‍ ആണ് ഈ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സിന്റെ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും, ഈ കോഴ്‌സിനു  ശേഷം മറ്റ് കോഴ്‌സുകള്‍ ആരംഭിക്കുമെന്നും  മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മിഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ ചുമതലക്കാര്‍ അറിയിച്ചു. 

ഡല്‍ഹി -  മുംബൈ ഭദ്രാസനാധിപന്‍ ആയിരിക്കുമ്പോള്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് ഫരീദാബാദില്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ആയി തുടക്കം കുറിച്ച സ്ഥാപനമാണ് ഇന്ന് സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള ഉന്നത തിയോളജിക്കല്‍ സെമിനാരിയായ ധര്‍മ്മ ജ്യോതി വിദ്യാപീഠം. ഭാവിയില്‍ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ ഒരു തിയോളജിക്കല്‍ സെമിനാരിയായി ഉയര്‍ത്തുക എന്നതാണ്  ഈ സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇതിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക