Image

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും കേള്‍ക്കും  (പി. പി മാത്യു )

പി. പി മാത്യു Published on 28 January, 2022
ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും കേള്‍ക്കും  (പി. പി മാത്യു )

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി ഹൈക്കോടതി പരിഗണിക്കും. വെള്ളിയാഴ്ച ക്രൈം ബ്രാഞ്ച് നല്‍കിയ അടിയന്തര ഹര്‍ജിയില്‍ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണു ജസ്റ്റിസ് പി. ഗോപിനാഥ് ഇക്കാര്യം അറിയിച്ചത്. 

ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകള്‍ നല്‍കാന്‍ ദിലീപ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് നാടകീയമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടന്റെയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കണം എന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. ഇത്തരമൊരു  നിലപാട് എടുക്കുന്ന നടന്‍ അറസ്റ്റ് വിലക്കിയപ്പോള്‍ കോടതി ആവശ്യപ്പെട്ട പ്രകാരമുള്ള സഹകരണം പ്രോസിക്യൂഷന് നല്‍കുന്നില്ല എന്ന് അവര്‍ വാദിച്ചു.

ജാമ്യാപേക്ഷ ബുധനാഴ്ചയ്ക്കു നീട്ടി വ്യാഴാഴ്ച ഉത്തരവിട്ട കോടതി, അന്നു വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അടിയന്തരമായി തീരുമാനം എടുക്കണം എന്നാവശ്യപ്പെട്ടു  ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ഉപ ഹര്‍ജി സമര്‍പ്പിക്കയായിരുന്നു. 

അറസ്റ്റ് തടഞ്ഞു എന്ന് കരുതി അത് അന്വേഷണം തടസപ്പെടുത്താന്‍ പ്രതികക്കുള്ള സൗകര്യമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 
ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട പഴയ ഫോണ്‍ കൈമാറ്റം ചെയ്യുന്നതില്‍ എന്താണ് അപാകത എന്ന് കോടതി ദിലീപിനോട് ചോദിച്ചു. എന്തിനാണ് ആശങ്ക? കോടതിയെ വിശ്വാസമില്ലേ? 
ഫോണ്‍ അന്വേഷണ സംഘത്തിനു നല്‍കേണ്ടതാണ്. ഫോണ്‍ നല്‍കുന്നത് തന്റെ പ്രതിരോധത്തെ ബാധിക്കും എന്ന ദിലീപിന്റെ നിലപാട് കോടതി അംഗീകരിച്ചില്ല.

ഇപ്പോള്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഈ കേസില്‍ പ്രസക്തമല്ല എന്നാണ് ദിലീപ് വാദിച്ചത്. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട മറ്റെല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഫോണിലെ തെളിവുകള്‍ നശിപ്പിക്കണമെങ്കില്‍ അത് നേരത്തെ ചെയ്യാമായിരുന്നു. 
ബാലചന്ദ്രകുമാറുമായുള്ള തന്റെ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണ് ഫോണ്‍ കൈയില്‍ വച്ചിട്ടുള്ളത് എന്ന് ദിലീപ് വാദിച്ചു. അത് അന്വേഷണ സംഘത്തിന് നല്‍കിയാല്‍ അവര്‍ അതില്‍ കൃത്രിമത്വം കാട്ടും എന്ന് ആശങ്കയുണ്ട്. മാത്രമല്ല, മുന്‍ ഭാര്യയുമായുള്ള (മഞ്ജു വാര്യര്‍)  സംഭാഷണങ്ങള്‍ അതിലുണ്ട്. 
തന്റെ സ്വകാര്യതയിലേക്കു കടന്നു കയറാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. അതു  കൊണ്ടാണ് സ്വന്തമായ നിലയ്ക്ക് പരിശോധിക്കുന്നത്. അതിപ്രധാനമായ വിവരങ്ങള്‍ അതിലുണ്ട്. അതിന്റെ ഫലങ്ങള്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ തയാറാണ്. അതിനായി തിങ്കളാഴ്ച്ച വരെ സമയം നല്‍കണം. 
എന്നാല്‍ ഫോണ്‍ ആരു പരിശോധിക്കണം എന്ന് പ്രതിയല്ല തീരുമാനിക്കേണ്ടത് എന്ന് കോടതി അഭിപ്രായപ്പെട്ടു. അവയും ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കു നല്‍കിയത് വലിയൊരു റിസ്‌ക് ആണ് താനും. 

അങ്ങിനെ സ്വയം പരിശോധനയ്ക്കു ദിലീപ് പുറപ്പെട്ടത് തെളിവ് നശിപ്പിക്കാനാണെന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു. 
കോടതി നിര്‍ദേശിച്ച പ്രകാരം തന്നെ ചോദ്യം ചെയ്യലിന് ഹാജരായ ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നു വ്യക്തമായതായി ജസ്റ്റിസ് ഗോപിനാഥ് അഭിപ്രായപ്പെട്ടു. 
തന്നെ അപമാനിക്കാന്‍  കെട്ടി ചമച്ച കേസാണിതെന്നു ദിലീപ് വാദിച്ചു. തനിക്ക് ഒന്നും മറയ്ക്കാനില്ല. ചോദിച്ചതിനെല്ലാം മറുപടി നല്‍കിയിട്ടുണ്ട്.  

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസിന്റെ ഫോണ്‍ പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട ദിലീപ് സഹകരിക്കുന്നില്ല എന്ന് മാത്രമല്ല അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കയാണ് എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ബൈജു പൗലോസിനെതിരെ പരാതി കൊടുക്കാന്‍ ദിലീപ് നീക്കം നടത്തുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 

ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയാറെടുപ്പ് നടത്തിയിരുന്നു. 
അതേ സമയം, കേസിലെ നിര്‍ണായക സാക്ഷി ബാലചന്ദ്രകുമാറിനെ ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച വിളിച്ചു വരുത്തി മൊഴി എടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക