വുഹാനും വവ്വാലും പുത്തൻ കോവും (ദുർഗ മനോജ്)

Published on 28 January, 2022
വുഹാനും വവ്വാലും പുത്തൻ കോവും (ദുർഗ മനോജ്)

ഒന്നു ചോദിക്കട്ടെ, ശരിക്കും ഇപ്പോ എന്താണ് ചിന്തിക്കുന്നത്? ഞാൻ പറയട്ടെ, ദീ ഒമിക്രോൺ ഒക്കെ ദിപ്പം പോകും. പിന്നെ ലോക സാമ്പത്തിക രംഗം ടപ്പേന്ന് ഉണരും. അതിൻ്റെ പ്രതിഫലനം ഇവിടേം അവിടേം എവിടേം പ്രതിഫലിക്കും. ആകാശം തുറക്കും. കിളികൾക്കു വേണ്ടിയല്ല, യന്ത്രക്കിളികൾക്കുവേണ്ടി. എല്ലാ ബബിളും കുത്തിപ്പൊട്ടിച്ച് സഞ്ചാരികൾ യാത്ര ചെയ്യും. എന്തിന് സ്വന്തം നാട്ടുകാരെ വൈറസിൽ നിന്നും രക്ഷിക്കാൻ പൊതിഞ്ഞു പിടിച്ചു സൂക്ഷിക്കുന്ന ജസിന്താമ്മ വരെ ന്യൂസിലാൻഡിൻ്റെ ആകാശം, ലോക വിമാനങ്ങൾക്കായി തുറന്നുകൊടുക്കും. അങ്ങനെ എന്തൊരു മധുരമനോജ്ഞം ചെമ്മേ ഈ ലോകം എന്ന് അത്ഭുതപ്പെട്ടു വാ തുറന്നു നിൽക്കുമ്പോൾ നമ്മൾ പിള്ളേരോട് പറയും, "ഓ പണ്ട്, ഒരു കൊറോണ രോഗം ഇറങ്ങിയായിരുന്നു കേട്ടോ. എന്നാ പുകിലാർന്നെന്നാ. ... "

എന്നാ പ്രഭാകരാനീ നിൽ. ഇതൊക്കെ ഉച്ചമയക്കത്തിലെ വെറും സ്വപ്നമായി തുടരാനാണ് സാധ്യതയെന്ന് വീണ്ടും വുഹാൻ. അതായത് ഹൺഡ്രഡ് ഔട്ട് ഓഫ് ഹൺഡ്രഡ് അടിച്ച് ഒമികോൺ ഭൂമി വിട്ടു പോകുമെന്നാണല്ലോ ഞാനും നിങ്ങളും എന്തിന് ബോറിസ് ജോൺസൺ വരെ വിശ്വസിക്കുന്നത്, എന്നാൽ കാര്യങ്ങൾ അങ്ങനല്ല പോലും. ചൈനയിലെ, നമ്മുടെ സ്വന്തം വുഹാനിലെ ശാസ്ത്രജ്ഞർ, രോഗം വന്നാൽ മൂന്നിൽ ഒരാൾ മരിച്ചു പോകും വിധം ശക്തമായ വൈറസ് സാന്നിധ്യം കണ്ടെത്തിയത്രേ. പക്ഷേ, തൽക്കാലം ഓടണ്ട. ഇപ്പോ സംഗതി വവ്വാലിലാണ് ഉള്ളത്. ഒരു മ്യൂട്ടേഷനും കൂടി കടന്നാൽ അത് മനുഷ്യനെ കൊല്ലാൻ പാകത്തിലാകും എന്ന്. നിയോകോവ് അഥവാ പുത്തൻകോവ് എന്നാണ് പുത്തൻ വകഭേദത്തിൻ്റെ പേര്. രസമതല്ല, 2012ലും 15 ലും ഇതു മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നുവത്രേ. കൊറോണ ബാധിക്കുന്ന പോലെ ആവില്ലത്രേ പുത്തൻകോവ് ബാധിക്കുക. മാത്രവുമല്ല, അതിനായി ഒരു വാക്സിൻ നിർമ്മിക്കാനും പറ്റില്ല എന്നും പറയുന്നു.

അപ്പോ ചോദിക്കാം, ഇതു പഴയ നമ്പൂരിശ്ശൻ പറഞ്ഞ പുഴയങ്ങു വറ്റേം, പട്ടീടെ തൊടലങ്ങ് പൊട്ടേം എന്നു പറഞ്ഞ പോലല്ലേ ഉള്ളൂ എന്ന്. എന്നാൽ അത്രയ്ക്ക് നിസ്സാരമാക്കണ്ട. ലോകത്ത് കേട്ടുകേൾവി ഇല്ലാത്തതാണിപ്പോ ഈ നടക്കുന്നതൊക്കെ. അതോണ്ട് പുത്തൻകോവ് ആയാലും പഴേ കോവ് ആയാലും നമ്മുടെ കാര്യം ഖുദാ ഗവാ....സൂക്ഷിച്ചാൽ ദുഃഖിക്കണ്ട അത്ര തന്നെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക