Image

അപ്പോ, നിക്കണോ ഞങ്ങ പോണോ? (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 15 February, 2022
അപ്പോ, നിക്കണോ ഞങ്ങ പോണോ? (ദുര്‍ഗ മനോജ് )

ഇന്നും പ്രധാന വാര്‍ത്ത അതു തന്നെ. റഷ്യ, യുക്രെയിനിനെ ആക്രമിക്കുമോ? ഇതാണു ലോകം ഉറ്റുനോക്കുന്ന വാര്‍ത്ത. കുറേ ദിവസം കൊണ്ട് ഉറ്റുനോക്കി നോക്കി ഒരു പരുവമായ ലോകം ഒന്നുകില്‍ നിങ്ങള്‍ യുദ്ധം ചെയ്ത് സര്‍വ്വതിനും ഒരു തീരുമാനം ആക്ക്. അതല്ലെങ്കില്‍ ഈ പടയൊരുക്കം മതിയാക്കി പട്ടാളക്കാരോട് വീട്ടില്‍പ്പോയി വല്ല കഞ്ഞിയും കുടിച്ച് കിടക്കാന്‍ പറയ് എന്ന ലൈനിലേക്ക് എത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റിനും, അമേരിക്കന്‍ പ്രസിഡന്റിനും അതിഥികള്‍ ഒഴിഞ്ഞു നേരമില്ലാത്ത അവസ്ഥ. രാവിലെ ഫ്രാന്‍സില്‍ നിന്നും മക്രോണ്‍ വരും. ഒന്നും രണ്ടും അല്ല നാലും അഞ്ചും മണിക്കൂര്‍ ചര്‍ച്ച നടത്തും, ഉപദേശങ്ങള്‍ എല്ലാം കൂടി കുത്തിക്കെട്ടി ഫയലാക്കി നല്‍കും. ശരിയപ്പാ പാര്‍ക്കലാം എന്നു പുടിന്‍ പറയും. അതിനു പിന്നാലെ അതിര്‍ത്തിയിലേക്ക് കുറേ സൈനികരേക്കൂടി പറഞ്ഞു വിടും. ഉടനെ ഉപഗ്രഹ ചിത്രം വരും. റഷ്യയുടെ പടയൊരുക്കം എന്നു വെണ്ടക്ക നിരക്കും പത്രത്തില്‍, അപ്പോഴേക്കും ജര്‍മ്മന്‍ ചാന്‍സലര്‍ വാഷിങ്ടണില്‍ നിന്നും വന്നു കയറി സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നോക്കാതെ മോസ്‌ക്കോയിലേക്കു വച്ചു പിടിക്കും. അതും പിറ്റേന്ന് പത്രങ്ങള്‍ വെണ്ടക്കയാക്കും. ഇതൊക്കെ കണ്ടിരിക്കുന്ന സാധാരണക്കാര്‍ ചോദിക്കും ശരിക്കും ഇതെന്താ കളിയെന്ന്?

സംഗതി അല്പം കുഴഞ്ഞു മറിഞ്ഞതാണ്. അതായത്, യുക്രെയിന്‍ നാറ്റോയില്‍ ചേരുന്നതിനെ റഷ്യ എതിര്‍ക്കും. എന്തു വില കൊടുത്തും അതു തടയും. എന്നാല്‍ യുക്രെയിന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായതിനാല്‍ അവര്‍ക്ക് അംഗത്വം കൊടുക്കാതിരിക്കാന്‍ പറ്റില്ല എന്ന് യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെയുള്ള നാറ്റോ കക്ഷികള്‍. അമേരിക്ക പറഞ്ഞു, റഷ്യ ആക്രമിച്ചാല്‍ നാറ്റോ തിരിച്ച് ആക്രമിക്കണം. പക്ഷേ, യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസിനായി ആശ്രയിക്കുന്നത് റഷ്യയെ ആണ്. മറ്റു മാര്‍ഗങ്ങള്‍ മുന്നിലില്ലാതെ റഷ്യയെപ്പിണക്കിയാല്‍ സ്ഥിതി വഷളാവും. ജര്‍മനി ആണേല്‍ പുതിയ നോര്‍ഡ് സ്ട്രീം 1 ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി തത്വത്തില്‍ എല്ലാം പറഞ്ഞ് ഉറപ്പിച്ചിരിക്കുകയാണ് റഷ്യയുമായി. പണി തുടങ്ങിയാല്‍ മാത്രം മതി. യുക്രെയിനും യു.കെ യും ഒക്കെ പ്രസ്തുത ഗ്യാസ് ലൈന്‍ പദ്ധതി വൈകിപ്പിക്കണം എന്നു ജര്‍മ്മനിയോട് ആവശ്യപ്പെടുന്നുണ്ട്. രസമെന്താന്നു വച്ചാല്‍ ജര്‍മനിക്കു നിര്‍ണ്ണായകമായ പദ്ധതി മാറ്റി വച്ചാല്‍ നഷ്ടം അവര്‍ക്കാണ്. എന്നാല്‍ യുദ്ധം തുടങ്ങിയാല്‍ ഉപരോധമെന്ന പശുപതാസ്ത്രം അമേരിക്ക പ്രയോഗിക്കുകയും ചെയ്യും. അതില്‍ റഷ്യ അമ്പേ മുട്ടുകുത്തും എന്നു പറയുക വയ്യ. നൂറു കൊല്ലം പോലും ആയിട്ടില്ല അതിഭീകരമായ ക്ഷാമം റഷ്യ നേരിട്ടിട്ട്. ഉപരോധം ഉണ്ടായാല്‍ സാമ്പത്തിക തകര്‍ച്ച ഉറപ്പ്, മാത്രവുമല്ല കോവിഡില്‍ തകര്‍ന്നു തരിപ്പണമായ ബാള്‍ട്ടിക് രാജ്യങ്ങളും ഈ തകര്‍ച്ചയില്‍ ഒന്നു കൂടി ഞെരുക്കപ്പെടും. അങ്ങനെ ആകെ മൊത്തം സീനാകും.

കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ കഴിയുംവേഗം ഈ തര്‍ക്കം പരിഹരിച്ച് അവനവന്റെ വീട്ടുകളിലേക്കു മടങ്ങിയാല്‍ എല്ലാവര്‍ക്കും കൊള്ളാം. പുലി വരുന്നേ പുലി വരുന്നേ എന്നു വിളിച്ചു കൂവിയ ആട്ടിടയന് എന്തു പറ്റിയെന്ന് പറയേണ്ടതില്ലല്ലോ. മഹാമാരിക്കാലത്തിനു ശേഷം ലോകത്തിനു വേണ്ടത് യുദ്ധമല്ല. അത്ര തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക