Image

അയ്മനം എന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ (ദുര്‍ഗ മനോജ്)

Published on 18 February, 2022
അയ്മനം എന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍ (ദുര്‍ഗ മനോജ്)

ഞാനൊരു പാവം തിര്വോന്തരത്തുകാരിയാണ്. എന്നാലും കോട്ടയത്തെ അയ്മനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തിളക്കണം ചോര ഞരമ്പുകളില്‍. അയ്മനത്തെക്കുറിച്ച് ഈ വിധത്തില്‍ ഇപ്പോള്‍ പറയാന്‍ കാര്യമുണ്ട്. പ്രത്യേകിച്ച് വിശേഷണമൊന്നും വേണ്ടാത്ത സ്ഥലമാണെങ്കിലും ഇപ്പോള്‍ സംഗതി കലക്കിയിരിക്കുന്നു. പണ്ടേക്കു പണ്ട്, ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സുമായി അരുന്ധതി റോയി അയ്മനത്തെ അങ്ങ് ബുക്കര്‍പ്രൈസിന്റെയും മുകളില്‍ കയറ്റിയതാണ്. അതിനു മുൻപ് അയ്മനം ജോൺ പതിറ്റാണ്ടുകളായി അയ്മനത്തിന്റെ കഥാകാരനായി സ്ർധേയനായിരുന്നു.

അപ്പോള്‍, പിന്നെ ഇപ്പോള്‍ എന്താണ് ഈ അയ്മനത്തിന് പറ്റിയത് എന്നു ചോദിച്ചാല്‍, ഇതാണ് കാര്യം. ലോകത്തില്‍ കണ്ടിരിക്കേണ്ട മുപ്പതു സ്ഥലങ്ങളുടെ പട്ടികയിലേക്ക് ഇതാ ഈ ഗ്രാമം മണി മണി പോലെ കയറിനില്‍ക്കുന്നു. ട്രാവല്‍ മാഗസിന്‍ ആയ കോണ്ടേ നാസ്റ്റ ട്രാവലര്‍ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തില്‍ നിന്നുള്ള ഈ കൊച്ചുഗ്രാമം സ്ഥാനം പിടിച്ചിരിക്കുന്നത്.

മറ്റു വിദേശരാജ്യങ്ങള്‍ക്കൊപ്പമാണ് അയ്മനവുമെന്നത് അഭിമാനമല്ലേ. ശ്രീലങ്ക, ഭൂട്ടാന്‍, ലണ്ടന്‍, അമേരിക്കയിലെ ഒക്ലാഹോമ, സിയോള്‍, ഇസ്താംമ്പുള്‍ തുടങ്ങി മുപ്പതോളം സ്ഥലങ്ങള്‍ കോണ്ടേ നാസ്റ്റ ട്രാവലറുടെ പട്ടികയിലുണ്ട്. ഇന്ത്യയില്‍ നിന്നും സിക്കിം, മേഘാലയ, ഗോവ, കൊല്‍ക്കത്ത, ഒഡീഷ, രാജസ്ഥാന്‍, മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് എന്നിവിടങ്ങളും പട്ടികയില്‍ ആദ്യമേ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

വേമ്പനാട് കായലിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളാല്‍ പ്രശോഭിതമാണ് ഇവിടം എന്നു പറയാം. അത്രയ്ക്ക് ബ്യൂട്ടി. ഇവിടുത്തെ പ്രകൃതി മാത്രമല്ല കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. നിരവധി കാവുകള്‍, ക്ഷേത്രങ്ങള്‍, ഇല്ലങ്ങള്‍ എന്നിവയും ബോട്ട് യാത്രയും ഇപ്പോഴുമുള്ള കെട്ടുവള്ളങ്ങളുമൊക്കെ അയ്മനത്തിന്റെ ഗ്രാഫ് ഉയര്‍ത്തുന്നു. എന്തായാലും, കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന വിധത്തില്‍ ഈ കൊച്ചു ഗ്രാമം ഇത്രയ്ക്കങ്ങ് ഫേയ്മസ് ആയി എന്നത് അത്ര ചില്ലറ കാര്യമൊന്നുമില്ല. അതു കൊണ്ട്, കൊടുക്കാം ഒരു ബിഗ്‌സല്യൂട്ട് ഈ വില്ലേജിന്!

Join WhatsApp News
അയ്മനംകാരൻ 2022-02-20 13:24:00
അയ്മനം ഒരു ചെറിയ ഗ്രാമമല്ല. വിശാലമായ നെൽപ്പാടങ്ങളും, അവയെ അതിരു തിരിക്കുന്ന ആറുകളും തോടുകളും കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം. കോട്ടയം പട്ടണത്തിന് അതിരിടുന്ന അയ്മനം അങ്ങ് പടിഞ്ഞാറ് വേമ്പനാട്ട് കായൽ വരെ ഏതാണ്ട് പത്ത് KM നീളത്തിൽ സ്ഥിതി ചെയ്യുന്നു. മീനച്ചിലാറും അതിന്റെ കൈവഴികളും ഈ പ്രദേശത്തെ ഫല സമ്പുഷ്ടമാക്കുന്നു. മീനച്ചിലാറിന്റെ ഇരുവശവും സ്ഥിതി ചെയ്യുന്ന അയ്മനവും കുമ്മനവും, അയ്മനത്തോടു ചേർന്നുള്ള കുടമാളൂരുo പുലിക്കുട്ടി ശേരിയും വല്യാടും പരിപ്പും ഒളശ്ശയും ഒക്കെ അയ്മനത്തിലെ ചെറുഗ്രാമങ്ങളാണ്. അതിവിശാലമായ നെൽപ്പാടങ്ങളുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന കരീമഠവും വിരുപ്പു കാലായും ചീപ്പുങ്കലും ഒക്ക് അയ്മനത്തിന് പേര് നേടിക്കൊടുത്ത ബാക്ക് വാട്ടർ ഗ്രാമങ്ങളാണ്. പടിഞ്ഞാറ് വേമ്പനാട്ടുകയലും, തെക്ക് കുമരകവും തിരുവാർപ്പും, വടക്ക് ആർപ്പൂക്കരയും കിഴക്ക് കുമാരനല്ലൂരും അതിരുള്ള ഞങ്ങളുടെ അയ്മനം പണ്ടുമുതലേ സുന്ദരി ആയിരുന്നു. അത് തിരിച്ചറിഞ്ഞത് വളരെ വൈകി ആണെന്നു മാത്രം. തിര്വന്തോരത്തുകാരി ദുർഗ മനോജിന് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക