Image

ഈയം പൂശാനുണ്ടോ, ഈയം (ദുര്‍ഗ മനോജ്)

Published on 21 February, 2022
ഈയം പൂശാനുണ്ടോ, ഈയം (ദുര്‍ഗ മനോജ്)

പറയുന്നതു അമേരിക്കന്‍ ദേശീയപക്ഷിയായ കഷണ്ടിത്തലയന്‍ പരുന്തിനെക്കുറിച്ചാണ്. ദേശീയപക്ഷി ആക്കിയതില്‍പ്പിന്നെ ഇവയ്ക്ക് വംശവര്‍ദ്ധനവ് കാര്യമായി സംഭവിച്ചിട്ടുണ്ട്. അങ്ങനെ 2007 ല്‍ അവ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗത്തിന്റെ ലിസ്റ്റില്‍ നിന്നും പുറത്തു കടക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ പുതുതായി വരുന്ന പഠനം കാണിക്കുന്നത്, കാര്യങ്ങള്‍ അത്ര ഗുണകരമല്ലെന്നാണ്.
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് ചിന്തിക്കാന്‍ വരട്ടെ. സംഗതി ഇത്തിരി സീരയസാണ്. ഈയവുമായി ഇവ വന്‍തോതില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു വെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ 38 സംസ്ഥാനങ്ങളില്‍ പരിശോധനക്കു വിധേയമാക്കിയ പരുന്തുകളില്‍ 46% ത്തിന്റേയും എല്ലുകളില്‍ കണ്ടെത്തിയ ഈയത്തിന്റെ അളവ് മാരകമായ തോതിലാണുള്ളത്. പണ്ട് ഡി.ഡി.റ്റി എന്ന കീടനാശിനി ഉണ്ടാക്കിയ പുകില് കുറച്ചൊന്നുമായിരുന്നില്ലല്ലോ. നമ്മുടെ നാട്ടിലെ തവളകളിലും, മിത്ര കീടങ്ങളിലും മാത്രമല്ല, കീടങ്ങളെത്തിന്നുന്ന പക്ഷികളിലും, എന്തിന് അമ്മമാരുടെ മുലപ്പാലില്‍ വരെയും അനുവദനീയമായതിന്റെ എത്രയോ മടങ്ങു കൂടുതല്‍ അളവിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. പിന്നീട് ഈ രാസവസ്തു നിരോധിച്ചു നമ്മുടെ നാട്ടിലും. ഏതായാലും 1972 ല്‍ യുഎസില്‍ ഡി.ഡി.റ്റി നിരോധിച്ചതോടെ വംശവര്‍ദ്ധനവ് ഉണ്ടായ ഒരു ജീവിവര്‍ഗ്ഗമാണ് പരുന്തുകള്‍. കാര്യങ്ങള്‍ ഇങ്ങനെ പോരുമ്പോഴാണ് എല്ലാം മാറി മറിഞ്ഞത്. പരുന്തുകളുടെ എണ്ണം അസാധാരണമാം വിധം കുറയുന്നു. അങ്ങനെ പരുന്തുകളുടെ ജീവിതത്തെ ഇല്ലാതാക്കുന്ന ഘടകമേത് എന്ന പഠനം ആരംഭിച്ചു. ഒടുവില്‍ കണ്ടെത്തിയത് അമ്പതു ശതമാനം പരുന്തുകളും ഈയവുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നാണ്.
വെള്ളവും മണ്ണും സസ്യങ്ങളും വഴിയാണ് ഈയം പരുന്തുകളില്‍ പ്രവേശിക്കുന്നത്. അതോടെ ഒരു ന്യൂറോ ടോക്‌സിന്‍ ആയ ലെഡ്, പരുന്തുകളുടെ നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഇത് കഷണ്ടിത്തലയന്‍ പരുന്തുകളുടെ എണ്ണത്തില്‍ 4% കുറവിനു കാരണമാകുന്നു. ഗോള്‍ഡന്‍ പരുന്തുകളേയും ഇതു ബാധിച്ചിട്ടുണ്ട് എന്നു കണക്കുകള്‍. ലെഡ് വിഷബാധ ഏറ്റ പരുന്തുകള്‍ കാലാവസ്ഥാ വ്യതിയാനങ്ങളും, മറ്റു രോഗങ്ങളും പ്രതിരോധിക്കാനുള്ള കഴിവു നഷ്ടപ്പെട്ട് അതിവേഗം മരണത്തിനിരയാകുന്നു. ഒരു പ്രത്യേക മേഖലയില്‍ മാത്രം ഈ ലെഡ് വിഷബാധ ഒതുങ്ങി നില്‍ക്കാത്തതിനാല്‍ത്തന്നെ, ഇവയെ ചികിത്സിച്ചു രക്ഷപ്പെടുത്തുക എന്ന വഴിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. ഭൂമി മനുഷ്യരുടേത് മാത്രമല്ലാത്തിടത്തോളം, മനുഷ്യരുടെ നിലനില്‍പ്പിന് മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പും പ്രധാനമാണെന്നു വരുമ്പോള്‍ ഈ പരുന്തുകളുടെ ജീവനു നേരെ ഉയരുന്ന പ്രതിസന്ധിയും മനുഷ്യനു നേരെ ഉയരുന്ന ഭീഷണി ആയി മാറും. അതിനാല്‍ ജാഗ്രത പുലര്‍ത്താം!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക