ഫൊക്കാനയുടെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും- പ്രതിപക്ഷനേതാവ് വി ഡി സതീശൻ

രാജേഷ് തില്ലങ്കേരി Published on 26 February, 2022
ഫൊക്കാനയുടെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും- പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : അമേരിക്കയിൽ സ്ഥിരതാമസമായപ്പോഴും ജന്മനാടിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഫൊക്കാന നേതൃത്വത്തെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിൽ നടക്കുന്ന ഫൊക്കാന കേരളാ കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ലോകത്ത് എവിടെയായാലും മലയാളികൾ സ്വന്തം നാടിനോടും സംസ്‌കാരത്തോടും ഏറെ സ്‌നേഹം കാണിക്കുന്നത് ഏറെ സന്തോഷകരമാണ്. കേരളത്തിൽ നിന്നും ഏറെ അകലെയായിരിക്കുമ്പോഴും മലയാള ഭാഷയേയും സംസ്‌കാരത്തെയും സംരക്ഷിക്കാനായി ഫൊക്കാന ഏറെ ശ്രദ്ധ കാണിക്കുന്നത് ശ്രദ്ധേയമായ നടപടിയാണ്. 


ലോകം മറ്റൊരു യുദ്ധത്തിന്റെ നിഴലിലാണ്. കൊവിഡ് മഹാമാരിക്ക് പിന്നാലെ ലോകം ഒരു യുദ്ധത്തിലേക്ക് നീങ്ങുന്നത് നമ്മുടെ സാമ്പത്തിക സന്തുലിതാവസ്ഥ തകർക്കുമെന്ന് എല്ലാവർക്കും അറിയാം. എണ്ണവില കുതിച്ചുയരാനും വിലക്കയറ്റം രൂക്ഷമാകാനും ഈ യുദ്ധം കാരണമാവും. നാം വീടിലിരുന്ന് കാണുന്ന യുദ്ധ രംഗങ്ങൾ, പാവപ്പെട്ടവർക്കു മേൽ വന്നുവീഴുന്ന തീമഴ ഒരു രാജ്യത്തെ ജനത നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ്. കേരളത്തിൽ നിന്നടക്കം നിരവധി വിദ്യാർത്ഥികളാണ് യുക്രെയിനിൽ കുരുങ്ങിക്കിടക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഫൊക്കാന പോലുള്ള സംഘടനകളുടെ പ്രസക്തി വർദ്ധിക്കുന്നത്. യുക്രെയിനിൽ അകപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അവിടെ സംഘടനകളില്ല.

ഫൊക്കാനയുടെ സംഘടനാ മികവ് എന്നും പ്രശംസിക്കപ്പെടേണ്ടതാണെന്നും, ഫൊക്കാന മലയാളികൾക്കിടയിൽ ഏറെ വിശ്വാസം പിടിച്ചുപറ്റിയ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിൽ ഭാരിച്ച ചുമതലകൾ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് ഇപ്പോഴും ഫൊക്കാന ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2018 ലെ പ്രളയകാലത്തും തുടർന്നുണ്ടായ  കൊറോണക്കാലത്തും നിരവധി സഹായങ്ങൾ സർക്കാരുമായി യോജിച്ച് കേരളത്തിൽ നടപ്പാക്കി. ഇത്തരം സഹായങ്ങൾ അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഫൊക്കാനയ്ക്ക് കഴിയാറുണ്ട്.

ഫൊക്കാന കേരളത്തിന് നൽകിയ സഹായങ്ങൾ ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് മുൻ മന്ത്രിയും എം എൽ എയുമായ കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അഭയകേന്ദ്രമായ മാജിക്ക് പ്ലാനറ്റിൽ വച്ച് ഈ വർഷത്തെ ഫൊക്കാന കേരളാ കൺവെൻ നടത്താൻ തീരുമാനിച്ചതിലുള്ള നന്ദിയും കടകംപള്ളി അറിയിച്ചു.

കഴിഞ്ഞ 38 വർഷമായി നോർത്ത് അമേരിക്കയിലും കാനഡയിലുമായി പ്രവർത്തിക്കുന്ന ഫൊക്കാന ഇന്ന് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. അമേരിക്കയിൽ വിവിധ സ്ഥലങ്ങളിലായി ജീവിക്കുന്ന മലയാളികളായ രണ്ടാം തലമുറയ്ക്ക് മലയാളത്തിന്റെ ഗന്ധവും സംസ്‌കാരവും പകരുകയെന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നമ്മുടെ സംസ്‌കാരവും ഭാഷയും വരും തലമുറയും നെഞ്ചിലേറ്റണമെന്നാണ് ഓരോ ഫൊക്കാന്പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും ഫൊക്കാന പ്രസിഡന്റ് പറഞ്ഞു.

എം എൽ എമാരായ റോജി ജോൺ, മോൻസ് ജോസഫ്, ഫൊക്കാന ഒർലാന്റ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഫൊക്കാന ജന. സെക്രട്ടറി ഡോ സജിമോൻ ആന്റണി, ബിജു ജോൺ കൊട്ടാരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വിമൻസ് ഫോറം പ്രസിഡന്റ് ഡോ കലാ ഷാഹി, അപ്പുക്കുട്ടൻ പിള്ള, വൈസ് പ്രസിഡന്റ് തോമസ് തോമസ്, മുൻ പ്രസിഡന്റ് മാധവൻ നായർ, ഫൊക്കാന ഇന്റർനാഷണൽ കോ ഓഡിനേറ്റർ പോൾ കറുകപ്പള്ളി,നാഷണൽ കോ-ഓഡിനേറ്റർ, ലീല മരേട്ട് തുടങ്ങിയവർ സംബന്ധിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക