Image

റഷ്യന്‍ യാത്രയുടെ ഓർമ്മകൾ: മോസ്‌കോ വിക്ടറി പാര്‍ക്ക്: (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 21)

ബാബു പാറയ്ക്കല്‍ Published on 28 February, 2022
റഷ്യന്‍ യാത്രയുടെ ഓർമ്മകൾ: മോസ്‌കോ വിക്ടറി പാര്‍ക്ക്: (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 21)

"ങ്ഹാ, എന്തൊക്കെയുണ്ടെടോ വിശേഷങ്ങൾ? എവിടെ നോക്കിയാലും റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ വാർത്ത മാത്രമേയുള്ളല്ലോ. ഈയിടെയല്ലേ ഇയ്യാൾ റഷ്യക്കു പോയിട്ട് വന്നത്? അവിടത്തെ വിശേഷങ്ങളൊക്കെ കേൾക്കട്ടെടോ. യുദ്ധത്തിന്റെ സീനുകളൊക്കെ തത്ക്കാലം ഒന്ന് മാറ്റി വയ്ക്കാം."
“അതെ, റഷ്യക്ക് ഒരു ട്രിപ്പ് പോയിട്ടുവന്നതാണ്."
"അതെന്താണെടോ അവിടെ പ്രത്യേകത?"
"വെറുതെ കാണാൻ പോയതാ. ഞങ്ങൾ ഒരു ഗ്രൂപ്പായിട്ടാണ് പോയത്.”
"ഏതായിരുന്നു ട്രാവൽ ഏജൻസി?"
"എറണാകുളത്തുള്ള ‘സോമൻസ്’"
"അവർ തരക്കേടില്ലെന്നാണ് കേട്ടിട്ടുള്ളത്. ഇയാളുടെ അനുഭവം എങ്ങനെ ഉണ്ടായിരുന്നു?"
"നന്നായിരുന്നു. പ്രത്യേകിച്ചു കമ്പനിയെ പ്രതിനിധീകരിച്ചു രണ്ടു പേർ ഗ്രൂപ്പിൽ കൂടെയുണ്ടായിരുന്നു. യാത്രകൾ ക്രമീകരിക്കാൻ പരിചയ സമ്പന്നനായ സമീലും ഫ്രീലാൻസർ ഗൈഡ് രാജേഷും. അഭിനന്ദനമർഹിക്കുന്ന നല്ല ഓർഗനൈസിംഗ് ആൻഡ് കോർഡിനേഷൻ."


"ഏതായാലും യുക്രെയ്‌നുമായി ഈ സംഘർഷം ഉണ്ടാകുന്നതിനു മുൻപ് പോയിട്ട് വന്നതു നന്നായി. അല്ലെങ്കിൽ പെട്ടുപോയേനേ. ഇനി നിങ്ങളുടെ യാത്രയെപ്പറ്റി പറയൂ. എന്താണെടോ കണ്ടത്? റഷ്യയെപ്പറ്റി വളരെ കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിട്ട് പറയുമ്പോൾ അത് കേൾക്കാൻ ഒരു കൗതുകമുണ്ട്."
“മോസ്കോയിൽ ചെന്നിറങ്ങിയപ്പോൾ തന്നെ ഏതാണ്ട് സന്ധ്യയായി. ഹോട്ടലിലേക്കു പോകുന്ന വഴി ആദ്യം സന്ദർശിച്ചത് റഷ്യക്കാരുടെ അഭിമാനമായ 'വിക്ടറി പാർക്ക്' ആണ്."
"ഇരുട്ടായാൽ പിന്നെ പാർക്കിൽ എന്ത് കാണാനാടോ?"
"അത് കുറെയൊക്കെ ശരിയാണ്. എങ്കിലും പാർക്കിൽ നല്ല രീതിയിൽ വെളിച്ചം ക്രമീകരിച്ചിട്ടുള്ളതുകൊണ്ടു വലിയ പ്രശ്നമില്ലായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ ചെറുതായി മഞ്ഞു വീഴുന്നുണ്ടായിരുന്നു. താപനില മൈനസ് റേഞ്ചിൽ തന്നെയായിരുന്നു. ഈ പാർക്ക് സ്ഥിതി ചെയ്യുന്നത് പ്രസിദ്ധമായ പ്രോക്ളോന്നായ മലമുകളിലാണ്. ഇവിടെ പത്തിൽപരം മറ്റു സ്മാരകങ്ങളുണ്ടെങ്കിലും മുഖ്യ ആകർഷകമായിട്ടുള്ളത് മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗീവർഗീസ് സഹദായുടെ ഒരു ശില്പമാണ്. ഈ ശിൽപം ഉറപ്പിച്ചിരിക്കുന്ന സ്തൂപത്തിന് 465 അടി ഉയരമുണ്ട്. 
റഷ്യയെ ആക്രമിച്ചു കീഴ്‌പ്പെടുത്താൻ വരുന്നവരെ തോല്പിച്ചോടിച്ച യുദ്ധവിജയങ്ങൾ ആഘോഷിക്കുന്ന സ്മാരകങ്ങൾ ആണിത്. അതുകൊണ്ടുതന്നെ ഈ സ്തൂപത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നത് യുദ്ധത്തിൻറെ ഗ്രീക്ക് ദേവതയായ  നൈക്കിയുടെ ശില്പമാണ്. താഴെയുള്ള ഗീവർഗീസ് സഹദായുടെ പ്രതിമയിൽ ശൂലം കൊണ്ടു കുത്തേൽക്കുന്ന വ്യാളിക്കു കൊടുത്തിരിക്കുന്ന ചിഹ്നം ജർമ്മൻ നാസികളുടേതാണ്. ഇത് രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ മേൽ റഷ്യ കൈവരിച്ച വിജയത്തെ സൂചിപ്പിക്കുന്നതാണ്. ഈ സ്തൂപത്തിന്റെ ഉയരം ക്രമീകരിച്ചിരിക്കുന്നത് യുദ്ധത്തിൽ പങ്കെടുത്ത ഓരോ ദിവസത്തിനും 10 സെന്റിമീറ്റർ എന്നു കണക്കാക്കിയാണ്. 


1812 ൽ നെപ്പോളിയൻ തൻ്റെ സൈന്യവുമായി തമ്പടിച്ചത് ഈ മലമുകളിലാണ്. ഇവിടെയിരുന്നാണ് ക്രെംലിൻറെ താക്കോൽ കൊണ്ടുവരാൻ റഷ്യക്കാരോട് അദ്ദേഹം ആജ്ഞാപിച്ചത്. എന്നാൽ പിന്നീട് നെപ്പോളിയൻ ഓടിയതു ചരിത്രം. ഈ പാർക്കിലുള്ള മറ്റു പത്തിൽ പരം സ്മാരകങ്ങൾ നെപ്പോളിയന്റെ ഫ്രഞ്ച് പടയെ തോല്പിച്ചതിന്റെയാണ്.
കുതിരപ്പുറത്തിരിക്കുന്ന ഗീവർഗീസ് സഹദായുടെ അഭിമുഖമായി പാർക്കിനു താഴെ മനോഹരമായ ഒരു ദേവാലയം പണി കഴിപ്പിച്ചിട്ടുണ്ട്. ഇത് റഷ്യയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഒരു പ്രത്യേകതയാണ്. യുദ്ധത്തിൽ ജയിക്കുമ്പോൾ അതാതു കാലത്തേ ചക്രവർത്തിമാർ നന്ദി സൂചകമായി ദേവാലയങ്ങൾ പണിയും. ഇത് അനേകം നൂറ്റാണ്ടുകളായി റഷ്യൻ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. റഷ്യയിൽ കാണുന്ന അനേക കൂറ്റൻ ദേവാലയങ്ങൾ ഇങ്ങനെ പണി കഴിപ്പിച്ചിട്ടുള്ളവയാണ്. ഈ പാർക്കിൽ ഇങ്ങനെ പണി കഴിപ്പിച്ച നാലു ദേവാലയങ്ങൾ ഉണ്ട്. അതിൽ പ്രധാനമാണ് നേരെ എതിർ വശത്തുള്ള സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയം. അതുപോലെ മുസ്ലിംകളുടെ ഒരു മോസ്‌കും ഹോളോകോസ്റ്റ് സ്മാരകമായി ഒരു ജൂതപ്പള്ളിയും സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ മറ്റൊരാകർഷണം 'വാർ മ്യൂസിയം' ആണ്. രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യൻ പട്ടാളം ഉപയോഗിച്ച നിരവധി പീരങ്കികളും ടാങ്കുകളും മറ്റുപകരണങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. 2424 ഹെക്ടർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ ഏതാണ്ട് 75000 ൽ പരം ഉപകരണങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. എന്നാൽ വൈകിപ്പോയതുകൊണ്ട് അവയൊന്നും വിശദമായി കാണാൻ സാധിച്ചില്ല.”
"അതു കൊള്ളാമല്ലോടോ. അതൊക്കെ ഒന്നു പോയി കാണണമെന്ന് എനിക്കും ഇപ്പോൾ തോന്നുന്നു. അതു കഴിഞ്ഞു നിങ്ങൾ എവിടെയാണ് പോയത്?"
"അന്നു രാത്രി ഹോട്ടലിലേക്കു പോയി. അവിടെ ഒരു രസമുണ്ടായി. 'വോഡ്‌ക' എന്ന പാനീയം അന്വേഷിച്ചു കൂട്ടത്തിലുള്ള പലരും കടകൾ തേടി പോയപ്പോൾ ഡ്യൂട്ടിഫ്രീയിൽ നിന്നും സ്റ്റോക്ക് വാങ്ങിയവർ അതു കാട്ടി മറ്റുള്ളവരെ കൊതിപ്പിക്കുന്നതു കണ്ടു ചിരിച്ചുപോയി.”
"റഷ്യയിൽ ചെന്നിട്ട് അല്പം വോഡ്‌ക കുടിച്ചില്ലെങ്കിൽ പിന്നെ എന്തു രസമാടോ? ഇവിടത്തെ സഖാക്കൾക്ക് കട്ടൻ കാപ്പിയും പരിപ്പുവടയും എന്നു പറയുന്നതുപോലെയാണ് റഷ്യയിൽ വോഡ്‌ക."
"അടുത്ത ദിവസം ഞങ്ങൾ പോയത് 'ക്രെംലിൻ' കാണാനാണ്."
"അതു നാളെ പറയാം. ഇന്നെനിക്കു  പോയിട്ട് അത്യാവശ്യമുണ്ട്."
"എങ്കിൽ അങ്ങനെയാവട്ടെ, പിള്ളേച്ചാ."
(തുടരും)

റഷ്യന്‍ യാത്രയുടെ ഓർമ്മകൾ: മോസ്‌കോ വിക്ടറി പാര്‍ക്ക്: (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 21)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക