Image

ഏട്ടൻ കിട്ടൻ മാഷ് ! ,ഹായ് , കഥ ! - 55 : - പ്രകാശൻ കരിവെള്ളൂർ

Published on 28 February, 2022
ഏട്ടൻ കിട്ടൻ മാഷ് ! ,ഹായ് , കഥ ! - 55 : - പ്രകാശൻ കരിവെള്ളൂർ

കരിവെള്ളൂർ അയത്രവയലിൽ നെയ്യമൃത്  കോട്ടത്തിനടുത്ത ഒരു പറമ്പ് പറമ്പിന വളപ്പ് എന്നാണ് അറിയപ്പെട്ടത്. അവിടെ പത്തെൺപത് വർഷം മുമ്പ് ഓല കെട്ടി പുല്ല് മേഞ്ഞ ഒരു പുരയുണ്ടായിരുന്നു. ഗാന്ധിജി നിർദ്ദേശിച്ച ഹിന്ദി പ്രചാരണത്തിന്റെ ഭാഗമായി രാത്രി കാലങ്ങളിൽ അവിടെ ഹിന്ദിക്ളാസ് നടന്നു. ഹിന്ദി പഠിപ്പിക്കാൻ ഏതൊക്കെയോ നാട്ടിൽ നിന്ന് മാഷന്മാർ വന്നു. പഠിക്കാൻ കുറേ നാട്ടുകാരും . വീട്ടുകാരന്റെ പേര് തെങ്ങുന്തറ കൃഷ്ണൻ മാഷ്. ഏട്ടൻ കിട്ടൻ മാഷ് എന്നു പറഞ്ഞാൽ പഴയ തലമുറയിൽ ചിലരെങ്കിലും അറിയും . 
മാഷ് അട്ടേങ്ങാനത്ത് ഏതോ തറവാട്ടുകാർ പുതുതായി തുടങ്ങിയ സ്കൂളിലെ ഹെഡ് മാഷായിരുന്നു. സ്കൂളിന് ഒരു പേരിടാൻ പറഞ്ഞപ്പോൾ ശ്രീ ശങ്കരാ എയിഡഡ് സ്കൂൾ എന്ന് പേരിട്ടു. എല്ലാവരും വിചാരിച്ചത് ശങ്കരാചാര്യരുടെ പേരാണ് എന്നായിരുന്നു . എന്നാൽ മാഷുടെ മനസ്സിൽ ഈ എം എസ് ആയിരുന്നു. 
പാർട്ടിയോ സംഘടനകളോ ആവശ്യപ്പെടാതെ തന്നിഷ്ട പ്രകാരമുള്ള കമ്യൂണിസമായിരുന്നു മാഷിന്റേത്. വലിയ പ്രമാണിമാരുള്ള ചെറുമൂല പയ്യാടക്കത്തെ മാധവി അമ്മയെയാണ് വിവാഹം ചെയ്തത്. മാധവി അമ്മയുടെ ആങ്ങളമാരെല്ലാം തികഞ്ഞ കോൺഗ്രസ്സുകാർ , പണക്കാർ . മാസം 20 രൂപ ശമ്പളം വാങ്ങുന്ന മാഷാണ് അളിയൻ എന്ന് പറയാൻ തന്നെ അവർക്ക് കുറച്ചിൽ . അപ്പോൾ പിന്നെ, അയാൾ അധികാരികൾക്ക് നോട്ടപ്പുള്ളിയായ കമ്യൂണിസ്റ്റായാലുള്ള കഥ പറയാനുണ്ടോ ?
അട്ടേങ്ങാനത്ത് ഹെഡ്മാഷാവുന്നതിന് മുമ്പ് മാന്യ ഗുരു സ്കൂളിലും മാഷ് പഠിപ്പിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. പറമ്പിന വളപ്പിലെ ഹിന്ദിക്ളാസിന് വരുന്നവർക്ക് വെല്ലക്കാപ്പിയും കപ്പയും ഉണ്ടാക്കി വിളമ്പിയത് മാഷിന്റെ സഹധർമിണി മാധവിയമ്മ. ദരിദ്രനും  കമ്യൂണിസ്റ്റ് തെമ്മാടിയുമായ മാഷോടുള്ള ബന്ധം പിരിഞ്ഞ് വേറെ വിവാഹ കഴിക്കാൻ ആങ്ങളമാർ മാധവിയമ്മയെ നിർബന്ധിച്ചു. എന്നാൽ  തോന്നുമ്പോൾ കെട്ടാനും അഴിക്കാനുമുളള താലി എന്നതായിരുന്നു ആ ഭാര്യയുടെ ആദർശം .
ഒരു രാത്രി ഹിന്ദിക്ളാസ് നടക്കുമ്പോൾ കൃഷ്ണൻ മാഷെ അറസ്റ്റ് ചെയ്യാൻ പോലീസ് വന്നു. ഹിന്ദിയുടെ മറവിൽ പാർട്ടി പ്രവർത്തനം എന്ന യാഥാർത്ഥ്യം ആരോ ചോർത്തിക്കൊടുത്തതാണ് . മാഷ് നാട് വിട്ട് പോയി . എറണാകുളത്ത് പിഷാരടി മാഷ് എന്ന പേരിൽ കുറേക്കാലം ഒളിവിൽ താമസിച്ചു. മാധവി അമ്മ ഏട്ടന്മാരുടെ കൂടെ തറവാട്ടിലായി. ഭാര്യയെ ഒന്ന് കണ്ട് പോവാൻ വരെ ഒളിച്ചും പാത്തും പതുങ്ങിയും വരേണ്ടി വന്നു മാഷിന് . നാട്ടിലെന്നതു പോലെ വീട്ടിലും തുടരേണ്ടി വന്ന ഒളിവു ജീവിതം ! 
കരിവെള്ളൂരിലെ നെല്ലു പിടുത്ത സന്നാഹ നീക്കങ്ങളറിഞ്ഞ് മാഷ് വീണ്ടും പറമ്പിനവളപ്പിലെത്തി. മാഷ് ഒളിവിൽ പോയതൊന്നും ആർക്കും അറിയില്ലായിരുന്നു. കുണിയൻ പുഴക്കരെ സമരവും വെടിവെപ്പും . പലരും അറസ്റ്റിലായി. കൃഷ്ണൻ മാഷ് വീണ്ടും നാടുവിട്ടു പോയി . ഈ പോക്കും വരവുമൊന്നും പാർട്ടിയുടെ നിർദ്ദേശപ്രകാരമോ അറിവോടെയോ ആയിരുന്നില്ല. 

തികഞ്ഞ യുക്തിവാദിയായിരുന്നു ഏട്ടൻ കിട്ടൻ മാഷ്. പതിവായി മാലയിട്ട് മലയ്ക്ക് പോകാറുള്ള ഒരു ബന്ധു മാഷോട് മൂപ്പർ ഒരിക്കൽ ചോദിച്ചത് ഇങ്ങനെയാണ് - നിനിക്ക് ഇനീം ഈ പൊട്ടപ്പണി നിർത്താറായില്ലേ ?
പിൽക്കാലത്ത് പറമ്പിനവളപ്പ് മാഷുടെ മൂത്ത മകനും കുടുംബവും താമസിക്കുന്ന വീടായി. അത് തെങ്ങുന്തറ തറവാടുമായിരുന്നു. അവിടെ കൊട്ടിലകത്ത് ഒരു തൂണും അതിൽ ഒരു കുത്തു വിളക്കും തൂണിന്മേൽ ചാരിയ ദൈവത്തിന്റെ വാളുമുണ്ടായിരുന്നു. വയസ്സു കാലത്ത് വല്ലപ്പോഴും പറമ്പിനാ വളപ്പിൽ മോനോടും കുടുംബത്തോടുമൊത്ത് താമസിക്കാനെത്തിയ ഏട്ടൻ കിട്ടൻ മാഷ് കുളി കഴിഞ്ഞ് നനച്ച് പിഴിഞ്ഞ തോർത്ത് ആറാനിടുക ആ വാളിന്മേലായിരുന്നു.
ഈ കഥ ഇപ്പോഴോർത്തത് അറിയുന്ന ചരിത്രത്തിൽ തന്നെ എത്രയെത്ര അറിയാത്ത ചരിത്രങ്ങൾ എന്ന് ചിന്തിച്ചത് കൊണ്ടാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക