Image

സയന്‍സ് ടാലെന്റ് സെര്‍ച്ചില്‍ മലയാളി വിദ്യാര്‍ഥിനിക്ക് പുരസ്‌കാരം

ജിനേഷ് തമ്പി Published on 06 March, 2022
സയന്‍സ് ടാലെന്റ് സെര്‍ച്ചില്‍  മലയാളി വിദ്യാര്‍ഥിനിക്ക് പുരസ്‌കാരം

ന്യൂജഴ്സി: അമേരിക്കയിലെ പ്രസിദ്ധമായ റീജനറോണ്‍ ആന്‍ഡ് സൊസൈറ്റി ഫോര്‍ സയന്‍സ് സംഘടിപ്പിച്ച സയന്‍സ് ടാലെന്റ് സെര്‍ച്ചില്‍ ന്യൂജഴ്സിയിലെ  ബെര്‍ഗെന്‍ കൗണ്ടി അക്കാദമിയിലെ മലയാളി വിദ്യാര്‍ഥിനി ജൂലി അലന്‍ ഉന്നത വിജയം കരസ്ഥമാക്കി. 

അമേരിക്കയിലെ 46 സ്റ്റേറ്റുകളില്‍ നിന്നായി  രണ്ടായിരത്തില്‍ പരം സീനിയര്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഗവേഷണ വിഷയങ്ങളില്‍ നിന്നാണ് ജൂലീ അലന്‍ ആദ്യത്തെ മുന്നൂറു റിസര്‍ച്ച് സ്‌കോളര്‍മാരില്‍ ഒരാളായി തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്.  പാര്‍ക്കിന്‍സണ്‍ രോഗാവസ്ഥയില്‍  തലച്ചോറിലെ പ്രോടീന്‍ സെല്ലുകളുടെ സ്വാധീനം എന്ന വിഷയത്തിലായിരുന്നു ജൂലി അലന്റെ ഗവേഷണം

 ബെര്‍ഗെന്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ജിം ടെടെസ്‌കോ, ബെര്‍ഗെന്‍ അക്കാദമിയില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു സംസാരിക്കുകയും, ബെര്‍ഗെന്‍ കൗണ്ടി കമ്മീഷണേഴ്സ് ഓഫീസ് വിജയികളെ പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. റീജനറോണ്‍ ആന്‍ഡ് സൊസൈറ്റി ഫോര്‍ സയന്‍സില്‍ നിന്നും  ജൂലീ അലന്‍  രണ്ടായിരം ഡോളര്‍ പാരിതോഷികത്തിനും  അര്‍ഹയായി .

ന്യൂജേഴ്സിയിലെ ഹാവോര്‍ത്ത് നഗരത്തില്‍ താമസിക്കുന്ന ജൂലി, അലന്‍ വര്‍ഗീസിന്റെയും, ഐബി അലന്റെയും  മകളാണ്. ജേക്കബ് അലന്‍ ആണ്  സഹോദരന്‍.  തെക്കേക്കുറ്റ്  കുടുംബാംഗമാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക