Image

വിമുക്ത ഭടന്മാര്‍ക്കിടയിലുള്ള ആത്മഹത്യ പ്രവണത തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും; ബൈഡന്‍ 

പി പി ചെറിയാന്‍ Published on 09 March, 2022
വിമുക്ത ഭടന്മാര്‍ക്കിടയിലുള്ള ആത്മഹത്യ പ്രവണത തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും; ബൈഡന്‍ 

ഡാളസ് : വിമുക്ത ഭടന്മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത തടയുന്നതിനുള്ള ക്രിയാത്മക പരിപാടികള്‍ക്ക് ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ബൈഡന്‍ . സ്വകാര്യ സന്ദര്‍ശനത്തിന് ഡാളസില്‍ എത്തിയതായിരുന്നു പ്രസിഡന്റ് .

ചൊവ്വാഴ്ച (മാര്‍ച്ച് 8) ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ ഡാളസ് ഫോട്ടവര്‍ത്തിലെ വെറ്ററന്‍സ് അഫയേഴ്സ് ആശുപത്രി സന്ദര്‍ശിച്ചു . രോഗികളുമായി സംസാരിച്ച ശേഷം ഇരുപത് മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിലാണ് ബൈഡന്‍ തീരുമാനം പ്രഖ്യാപിച്ചത് . രണ്ടു വര്‍ഷമായി റഷ്യന്‍ ജയിലില്‍ കഴിയുന്ന നോര്‍ത്ത് ടെക്‌സസില്‍ നിന്നുള്ള മെറീന്‍ റീഡിന്റെ കുടുംബാംഗങ്ങളുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചു .

വിമുക്ത ഭടന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് ഭരണകൂടം മുന്തിയ പരിഗണന നല്‍കുമെന്നും ശ്വാസകോശ സംബന്ധമായ കാന്‍സര്‍ രോഗങ്ങള്‍ കൂടി ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ട് വരുമെന്നും ബൈഡന്‍ പറഞ്ഞു .

യുദ്ധമേഖലകളില്‍ ഉപേക്ഷിക്കപ്പെടുകയോ അവശേഷിക്കപ്പെടുകയോ ചെയ്യുന്ന യുദ്ധസാമഗ്രികള്‍ കത്തിച്ചു കളയുന്നത് കൂടുതല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു . ഇറാക്കില്‍ മിലിട്ടറി വെയിസ്റ്റ് കത്തിച്ചു കളഞ്ഞതിനെ തുടര്‍ന്നുണ്ടായ വിഷലിപ്തമായ അന്തരീക്ഷമാകാം  തന്റെ മകന്‍ ബ്യു ബൈഡന്റെ മരണത്തിന് കാരണമെന്നും ബൈഡന്‍ പറഞ്ഞു .

2.30 ന് ഫോട്ടവര്‍ത്തില്‍ എത്തിച്ചേര്‍ന്ന ബൈഡനെ വെറ്ററന്‍സ് അഫയേഴ്സ് സെക്രട്ടറി ഡെന്നിസ് മെക്ഡൊണാ  അനുഗമിച്ചിരുന്നു .

ഡാളസിലേക്ക് പുറപ്പെടുന്നതിന് മുന്‍പാണ് ബൈഡന്‍ റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത് . തീരുമാനം പുറത്തു വന്നതോടെ അമേരിക്കയില്‍ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില 4.50 ഡോളറായി ഉയര്‍ന്നു . രണ്ടാഴ്ച്ച മുന്‍പ് വരെ മൂന്നു ഡോളറിന് താഴെ ആയിരുന്നു വില . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക