Image

നഗ്മയെ കണ്ടുപഠിക്കാം (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 09 March, 2022
 നഗ്മയെ കണ്ടുപഠിക്കാം (ദുര്‍ഗ മനോജ്)

നഗ്മ മല്ലിക് എന്നൊരു പേര് നമ്മളാരും അടുത്തെങ്ങും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍, അറിയണം ഈ ഇന്ത്യന്‍ വനിതയെക്കുറിച്ച്. യുക്രെയ്നിലെ യുദ്ധഭൂമിയില്‍ കുടങ്ങി കിടന്ന നൂറുകണക്കിനാളുകള്‍ക്ക് കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു ഈ വനിതാരത്നത്തെക്കുറിച്ച്. കൊടും തണുപ്പില്‍, വിശന്ന് വലഞ്ഞവര്‍ക്ക്, ഒരിറ്റ് ചൂട് വേണമെന്ന് പറഞ്ഞവര്‍ക്കൊക്കെയും രക്ഷകയായി മാറി ഈ സ്ത്രീ!
പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് നഗ്മ. കാസര്‍കോട് സ്വദേശിനി. കൃത്യമായി പറഞ്ഞാല്‍, കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ലയുടെയും പൈവളിഗെ സ്വദേശിനി സുലേഖ ബാനുവിന്റെയും മകള്‍. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റത്. പോളണ്ട് കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാളായി ഇന്നു നഗ്മ മാറി കഴിഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ ഒരിക്കല്‍ പോലും മുറിയില്‍ അടച്ചിരിക്കാതെ പുറത്ത്, അഭയാര്‍ത്ഥികളായി എത്തിയവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു നഗ്മ. ഇത്തരത്തില്‍ നൂറു കണക്കിന് മലയാളികളാണ് യുക്രെയ്നില്‍ നിന്നും പോളണ്ടില്‍ എത്തിയതും. അവിടെ നിന്നും നഗ്മയുടെ സഹായത്തോടെ ഓപ്പറേഷന്‍ ഗംഗ-യിലൂടെ നാട്ടിലെത്തിയതും.
മലയാളിയാണെങ്കിലും ജനിച്ചതും പഠിച്ചതുമൊക്കെ ന്യൂഡല്‍ഹിയിലാണ്. പിതാവ് കാസര്‍കോട് ഫോര്‍ട്ട് റോഡിലെ പുതിയപുര മുഹമ്മദ് ഹബീബുല്ലക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തില്‍ ജോലി ലഭിച്ചതോടെയാണ് ഇവര്‍ ന്യൂഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയത്. 1991 ഐ.എഫ്.എസ് കേഡറായ നഗ്മ മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സ്റ്റാഫ് ഓഫിസര്‍, തുനീഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളില്‍ അംബാസഡര്‍ എന്നീ നിലകളിലും നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകനായ ഫരീദ് മല്ലിക് ആണ് ഭര്‍ത്താവ്. കുടുംബം ന്യൂഡല്‍ഹിയില്‍ തന്നെ.
എന്തായാലും നരകത്തില്‍ നിന്നും രക്ഷപ്പെട്ട് എത്തിയവര്‍ക്ക് ഒരു കൈത്താങ്ങായി നില്‍ക്കാന്‍ പോളണ്ടില്‍ ഒരു മലയാളി വനിതയ്ക്ക് കഴിഞ്ഞുവെന്നത് ചില്ലറ കാര്യമല്ല.
പോളണ്ടിനെക്കുറിച്ച് പല തവണ എഴുതിയപ്പോഴും നഗ്മയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ വളരെപ്പെട്ടെന്നാണ് നഗ്മ എന്ന സ്ത്രീയെക്കുറിച്ച് എല്ലാവരും അറിയുന്നതും നമ്മുടെ മലയാളി ടച്ച് ഉയര്‍ന്നു കേട്ടതും. എന്തായാലും പ്രിയ നഗ്മ, നിങ്ങള്‍ ചെയ്യുന്നത് ചില്ലറ കാര്യമല്ല, ഇതൊരു വലിയ കാര്യം തന്നെ, റിയലി ഹാട്സ് ഓഫ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക