Image

കണ്ടത്തിലമ്മ , ഹായ് , കഥ ! - 61 - പ്രകാശൻ കരിവെള്ളൂർ

Published on 12 March, 2022
കണ്ടത്തിലമ്മ  , ഹായ് , കഥ ! - 61 - പ്രകാശൻ കരിവെള്ളൂർ

ചിരോണ്ടനും കണ്ണൻ കുട്ടിയും ദൂരനാട്ടിൽ നിന്ന് അലഞ്ഞു തിരിഞ്ഞ് ഒടുവിൽ ആ ഗ്രാമത്തിൽ വന്നെത്തിയവരായിരുന്നു.  ഒരായിരം വർഷം മുമ്പത്തെ കഥയാണ്. അന്ന് പാടവും പറമ്പും  തോട്ടവുമൊന്നും ആരും കൈയടക്കിയിരുന്നില്ല. എല്ലാം എല്ലാവരുടേതു മായിരുന്നു. എവിടെയും കൃഷി ചെയ്യാം. എവിടെയും കുടിലുകെട്ടാം . ഒരു ദിവസം പണിയെടുത്ത ക്ഷീണത്തിന്റെ പേരിൽ രണ്ടാളും കുറച്ചധികം കള്ള് കുടിച്ച് ബോധം കെട്ട് കിടന്നുറങ്ങി. രാവിലെ മൺവെട്ടിയും കൂന്താലിയും  കൊണ്ട് പാടത്തിറങ്ങുമ്പോൾ അയലത്തെ വാസു അവരെ തടഞ്ഞു - എങ്ങോട്ടാ ? ഈ കാണുന്ന പാടങ്ങളെല്ലാം എന്റെ സ്വന്താ . നിങ്ങൾ വേണമെങ്കിൽ അതിനപ്പുറത്തുള്ളത് സ്വന്തമായി എടുത്തോ.

ചിരോണ്ടനും കണ്ണൻകുട്ടിയും അങ്ങോട്ട് പോയി. അവിടെയപ്പോൾ കുറേ സ്ഥലം മത്തായി കൈയടക്കിയിരുന്നു . പിന്നെ കുറേ ഭാഗം ഹമീദും ! 
തങ്ങൾക്ക് കൃഷി ചെയ്യാനുള്ള ഒരു തുണ്ട് പാടം തേടി അവർ തെക്ക് നിന്ന് വടക്കോട്ട് നടന്നു . എല്ലായിടത്തും പറമ്പും പാടവും തോട്ടവുമെല്ലാം ഓരോ രാള് സ്വന്തമാക്കിയിരുന്നു. അങ്ങനെയാണ് യാത്രയ്ക്കൊടുവിൽ അവർ കാടും മലയും കണ്ടവുമൊക്കെ ഇടകലർന്ന ആ നാട്ടിലെത്തിയത്. കൈക്കോട്ടും കുങ്കോട്ടും ചുമലിൽ വച്ച് വന്ന ആ ചെറുപ്പക്കാരായ കൃഷിക്കാരെ നാട്ടുകാർക്ക് ബോധിച്ചു. അവർ രണ്ടാൾക്കും കുടിലുകെട്ടി താമസിക്കാൻ ഒരു കുന്നുംപുറം കൊടുത്തു. ആ കുന്നിന്  താഴത്തുള്ള കണ്ടങ്ങളെല്ലാം അവർക്ക് കൃഷി ചെയ്യാനും കൊടുത്തു.

പുഴയെ തഴുകി വരുന്ന കാട്ടുകാറ്റിന്റെ കുളിര്, കിണറായ കിണറെല്ലാം നിറയെ കണ്ണാടിപ്പളുങ്ക് വെള്ളം , നെന്മണികൾ വാരിയെറിഞ്ഞാൽ പൊന്മണികൾ കൊയ്തെടുക്കാവുന്ന തരത്തിൽ വളക്കൂറുള്ള മണ്ണ്. സത്യവും സ്നേഹവുമുള്ള നാട്ടുകാരും . അങ്ങനെയൊരു ഗ്രാമത്തിലെത്തിപ്പെട്ടത് തങ്ങളുടെ ഭാഗ്യമായി ചിരോണ്ടനും കണ്ണൻ കുട്ടിയും കരുതി. ചിരോ ണ്ടൻ നാട്ടുകാരിയായ നാരാണിക്ക് പുടവ കൊടുത്തു . കണ്ണൻ കുട്ടി തമ്പായിക്കും . അവരും നല്ല അധ്വാനശീലർ. കല്യാണം കഴിഞ്ഞതിൽ പിന്നെ കണ്ണൻ കുട്ടി തൊട്ടരികിൽ തന്നെ മറ്റൊരു കുടിൽ വച്ചു കെട്ടി. എന്നാലും അവരുടെ സൗഹൃദത്തിന് ഒരു കുറവുമുണ്ടായില്ല. ഒന്നിച്ച് കുന്നിറങ്ങി കണ്ടത്തിലേക്ക് പോകും. കണ്ടങ്ങൾ വീതിച്ചില്ല. കിട്ടുന്ന നെല്ലും പങ്കിട്ടെടുത്തു . ചാലിൽ എരുതുകളെ കുളിപ്പിച്ച് , രണ്ടാളും കുളിച്ച് ഉച്ചയോടെ കുന്ന് കയറി വരും. കുത്തരിച്ചോറിന്റെ കുളുത്ത് മോരിൽ കപ്പപ്പറങ്കിയും ഞെലച്ച് കുടിക്കുമ്പോൾ അവരുടെ അധ്വാനത്തിന്റെ ക്ഷീണമെല്ലാം പമ്പ കടക്കും. എന്നാലും അന്തിയാവുമ്പോ രണ്ട് അന്തി മോന്തിയാലേ രണ്ടാൾക്കും ഒരു സമാധാനം കിട്ടൂ.
അങ്ങനെ കൊയ്ത്തും മെതിയും വിതയും പല വട്ടം കഴിഞ്ഞു. മക്കളും മക്കളുടെ മക്കളുമായി അവർക്ക് വയസ്സായി. മരമറിയാതെ എത്രയെത്ര ഇലകൾ കൊഴിഞ്ഞു വീഴുന്നു. മണ്ണിനെ സ്നേഹിച്ച് മനുഷ്യനെ സ്നേഹിച്ച് ചിരോണ്ടനും നാരാണിയും കണ്ണൻകുട്ടിയുമൊക്കെ മണ്ണോട് ചേർന്നിട്ട് നൂറ്റാണ്ടുകളായി. 
ആ താവഴികളിൽ ഇപ്പോഴത്തെ ഗൃഹസ്ഥർ  
കുഞ്ഞിരാമനും കുഞ്ഞീഷ്ണനുമാണ്. മക്കളുടെ രീതികളൊന്നും രണ്ടാൾക്കും തീരെ പിടിക്കുന്നില്ല. കുഞ്ഞിരാമന്റെ മോൻ പുരുഷു  പറയുന്നു, ഈ കുന്ന് കേറീം കീയിം ചെയ്യല് വെല്യ പാടാന്ന്. കുഞ്ഞീഷ്ണന്റെ മോൻ രമേശൻ അതിന് കൂട്ടുനിന്നു.  അവരുടെ ആവശ്യം കുന്നിന്മേലുള്ള കുറേ മണ്ണെട്ത്ത് കണ്ടത്തിക്കൊണ്ട് ടണം. എന്നിറ്റ് ആട വീട് കെട്ടാ ...
കുഞ്ഞിരാമനും കുഞ്ഞീഷ്ണനും ഒരേ സ്വരത്തിൽ പൊട്ടിത്തെറിച്ചു - എന്ത് തോന്ന്യാസാടാ പറയ്ന്ന് ? കണ്ടത്തിലമ്മ കോപിക്കും. 
ഗ്രാമത്തിൽ പണ്ടു പണ്ടേയുള്ള വിശ്വാസമാണ്. കണ്ടങ്ങളായ കണ്ടങ്ങളെല്ലാം കണ്ടത്തിലമ്മയുടെ വകയാണ്. അമ്മയ്ക്ക് നിരക്കാത്തതൊന്നും അവിടെ ചെയ്തു കൂടാ.

രമേശനും പുരുഷുവും പിറുപിറുത്തു - ഒരു കണ്ടത്തിലമ്മയും കുറേ അന്ധവിശ്വാസങ്ങളും ! 

ചോറും കറിയും തരുന്ന ഗ്രാമത്തിലങ്ങിങ്ങ് , കുടിക്കാൻ പറ്റാത്ത പാല് തരുന്ന മരങ്ങൾ വന്നു തുടങ്ങി. പ്ളാവുകൾ പലതും കഴുക്കോലും അലമാരയുമായി . മറുനാട്ടുമരങ്ങൾ പന പോലെ വളർന്നു. ഇരുട്ടത്ത് നടക്കുമ്പോൾ കപ്പണയിൽ വീണാണ് കുഞ്ഞിരാമൻ പോയത്. കൂട്ടുകാരൻ പോയ മനോദു:ഖം കുഞ്ഞീഷ് ണന് താങ്ങാൻ കഴിഞ്ഞില്ല. അയാളും ആധി പിടിച്ച് കിടപ്പിലായി.
പുരുഷുവിനോട് അമ്മ പറഞ്ഞു - മോനേ, കണ്ടത്തിലമ്മക്ക് നിരക്കാത്തതൊന്നും ചെയ്യല്ലേ .. രമേശനോട് അവന്റെ അമ്മയും കരഞ്ഞ് കാല് പിടിച്ചു. ആര് കേൾക്കാൻ ?
അങ്ങനെ കുന്നിൻ പുറത്ത് ലോറികൾ നിര നിരയായി വന്നു. ചുവന്ന മണ്ണുമായി കണ്ടങ്ങളിലേക്ക് പോയി. രണ്ട് കണ്ടം അവർ ശരിക്കും പറമ്പാക്കിയെടുത്തു. അവിടെ ഓരോ വീടുകെട്ടി.
രണ്ടു വർഷം കഴിഞ്ഞില്ല , കോരിച്ചൊരിയുന്ന മഴയത്ത് ഗ്രാമത്തിലാദ്യമായി ഉരുൾപൊട്ടലുണ്ടായി. അതിൽ പുരുഷുവിന്റെയും രമേശന്റെയും വീടുകൾ തകർന്നു. ഗ്രാമത്തിലെ പഴമക്കാർ പറഞ്ഞു - കണ്ടത്തിലമ്മ കോപിച്ചതാ . ജേസീബിയുമായി കുന്ന് കയറുന്ന വരുത്തനായ റോഡ് കോൺട്രാക്ടർ അമ്പരന്നു - കണ്ടത്തിലമ്മയോ ? അതാര് ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക