Image

അഷ്ടപതിയിലെ  നായിക (കെ .കെ.മേനോൻ)

Published on 13 March, 2022
അഷ്ടപതിയിലെ  നായിക (കെ .കെ.മേനോൻ)

സമയം സായംസന്ധ്യയോട് അടുത്ത് കാണും.  മേഘങ്ങളിൽ മുങ്ങിപ്പൊങ്ങി കൊണ്ടിരുന്ന അംശു ധരന്റെ  രശ്മികൾ മാത്രം കാണാം. ആകാശത്ത് സിന്ദൂരം എഴുതാൻ തുടങ്ങിയ സന്ധ്യയിൽ എവിടെനിന്നോ പക്ഷികളുടെ ശബ്ദം കേൾക്കാം. ബാൽക്കണിയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കൂടും തേടി പറന്നകലുന്ന പക്ഷികൾ. ചെറിയ ചാറ്റൽ മഴക്ക് ശേഷം ഒരു ചെറിയ തണുപ്പ്. അടുത്തെവിടെയോ നിന്നൊരാൾ വളരെ പരിചയമുള്ള ഒരു പാട്ട് പാടുന്നതു കേട്ടപ്പോൾ അതുകഴിഞ്ഞ കാലങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ആയി. തീഷ്ണതയാർന്ന അനുഭവ ചിത്രങ്ങളുടെ തിളക്കമാർന്ന ഓർമ്മകൾ. കൗമാര യൗവ്വന കാലങ്ങളിലെ അതിഘോഷങ്ങളുടെ മരിക്കാത്ത ഓർമ്മകൾ. ബാൽക്കണിയിലൂടെ പുറത്ത് സ്ട്രീറ്റ്ലേക്ക് നോക്കിയപ്പോൾ  ഒരാൾ - മധ്യവയസ്കൻ എന്ന് തോന്നുന്ന രൂപം- അവിടെ ഒരു ചെറിയ കല്ലിന്റെ മുകളിൽ ഇരുന്ന്‌ പാടുന്നു. ശ്രദ്ധിച്ച്, കാതുകൂർപ്പിച്ചു നിന്നു. സ്ട്രീറ്റിൽ അധികം ട്രാഫിക് ഇല്ലാതിരുന്നതിനാൽ പാട്ട് ഒരുവിധം നന്നായി കേൾക്കാൻ സാധിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം- ജീവിക്കാൻ മറന്നു പോയ സ്ത്രീ എന്ന ചിത്രത്തിലെ ' അഷ്ടപതിയിലെ നായികേ ' എന്ന ഗാനം. പരിസരം മറന്നു, മനസ്സ് ഭൂതകാലത്തിലേക്ക് പാഞ്ഞുപോയി. എന്തൊക്കെയോ ചിത്രങ്ങൾ മനസ്സിലൂടെ മിന്നൽ പിണരുകൾ പോലെ കടന്നുപോയി. ഒരു നാല് പതിറ്റാണ്ട് മുമ്പേയുള്ള കലാലയ ജീവിതത്തിലെ അവിസ്മരണീയമായ, അസൂയാർഹമായ ദിനങ്ങൾ.

   തീരെ ഇഷ്ടമില്ലാതിരുന്ന ഫിസിക്സ് മുഖ്യവിഷയമായി എടുത്ത്, ബി എസ് സി ക്ക് ചേരുമ്പോൾ, വളരെ ഗൗരവമേറിയ കലാലയ ജീവിതത്തിലേക്ക് ആണ് കടന്നുചെല്ലുന്നത് എന്ന ബോധം മനസ്സിൽ ആശങ്കകൾ സൃഷ്ടിക്കാതെ ഇരുന്നില്ല. പാഠ്യേതര വിഷയങ്ങളിലുള്ള അതീവ താല്പര്യം കാരണം, ഫുട്ബോൾ, ആർട്സ് ക്ലബ്‌ തുടങ്ങി നിരവധി വിഷയങ്ങൾക്കായി സമയം മാറ്റി വെച്ചു. അതിന്റെ എല്ലാം പരിണിത ഫലങ്ങൾ അനുഭവിക്കാതെ ദിവസങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള വിഫല ശ്രമങ്ങൾ നടത്തിയെങ്കിലും, കൂടെക്കൂടെയുള്ള പ്രൊഫസറുടെ ശാസനകൾ  ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു.
 
      കലാലയ ജീവിതത്തിലെ നാളുകൾ ഏറ്റവും നിറപ്പകിട്ടേകിയവയായിരുന്നു. എന്റെ ഗ്രാമത്തിൽനിന്ന് ഏകദേശം 20kms ദൂരെയുള്ള കോളേജിലേക്കുള്ള ബസ് യാത്ര. ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ആ യാത്രകൾ  ഏറ്റവും രസകരവും അതേസമയം, ഭീതിജനകവും ആയിരുന്നു. രണ്ടു ബസുകളിൽ കയറാവുന്ന അത്രയും യാത്രക്കാരെ കയറ്റി, വളവും തിരിവും കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് വിദ്യാർഥികളെ എത്തിക്കാനുള്ള ഡ്രൈവർ രാമകൃഷ്ണന്റെ ആത്മാർത്ഥതയും, നൈപുണ്യവും, കൃത്യനിഷ്ഠയും പ്രശംസനീയം ആയിരുന്നു. അയാൾ ഞങ്ങൾക്കെല്ലാം ഒരു ആരാധ്യ പുരുഷൻ ആയിരുന്നു.

   പ്രേമം, പ്രണയം എന്നീ വികാരങ്ങൾ ഇല്ലാത്ത ചെറുപ്പക്കാർ വിരളം എന്ന് പറയാം. ഇനി അഥവാ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ, അത് പുറത്ത് പറയാനുള്ള മടി കൊണ്ട് ആയിരിക്കും. ആ കാലങ്ങളിൽ എനിക്ക് അങ്ങനെ തോന്നാറുണ്ട്. അത്തരം വികാരങ്ങൾ - എല്ലാം അഭിനിവേശങ്ങൾ, സ്വപ്നങ്ങൾ, സ്വപ്നങ്ങളിലെ കാമുകിമാർ എന്നൊക്കെ പറയാം. ഒന്നും തീഷ്ണവും ഗൗരവ പൂർണവും ആയ പ്രണയങ്ങൾ ആയിരുന്നില്ല. കാല്പനിക പ്രണയം എന്നു വിശേഷിപ്പിക്കാം.

   യേശുദാസ്,ജയചന്ദ്രൻ  എന്നീ ഗായകരുടെ ഗാനങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടവ ആയിരുന്നു. ഏകാന്തതയിൽ എന്റെ തായ ലോകത്തിൽ, മനസ്സിൽ ഞാൻ വരയ്ക്കാറുള്ള ചിത്രങ്ങൾ! ഓരോ ഗാനങ്ങൾക്കും എന്റെ തായ ഭാവനകൾ നൽകി  മനസ്സിനെ വേറെ ഏതോ ലോകത്തിലേക്ക് ആ നയിച്ചിരുന്ന നിമിഷങ്ങൾ! ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു ലഹരി, അത് പറയാൻ വാക്കുകൾ ഇല്ല. അനുഭവിച്ചറിയുക തന്നെ വേണം. അവയെല്ലാം ഏറ്റവും വികാരതീവ്രമായ സങ്കല്പങ്ങൾ ആയിരുന്നു.

   കലാലയ ജീവിതത്തിലെ ഏറ്റവും നല്ല സമയങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന, ആർട്സ്ഫെസ്റ്റിവലും, അതിനോടനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളും. മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ദിവസങ്ങൾക്ക് മുൻപേ തുടങ്ങും. ആ ദിവസങ്ങളിലൊന്നും ക്ലാസിൽ പോകാറില്ല, പ്രൊഫസറുടെ അനുവാദത്തോടുകൂടി തന്നെ. രണ്ടാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ, ഡിസോൺ ആർട്സ് ഫെസ്റ്റിവലിലേക്ക് ഉള്ള മത്സരങ്ങൾ നടക്കുന്ന സമയം. സമയം വൈകുന്നേരം നാലുമണി ആയിക്കാണും. ലളിത ഗാനം മത്സരത്തിന് പേര് കൊടുത്തവരെ ഓരോന്നായി വിളിക്കുവാൻ തുടങ്ങി. സുഹൃത്തുക്കളുടെ കൂടെ പിറകിൽ നിന്നിരുന്ന എന്റെ പേര് വിളിച്ചപ്പോൾ, എനിക്കൊരു ഇടിവെട്ടേറ്റതു  പോലെയായി. തീരെ അപ്രതീക്ഷിതമായ ആ സംഭവത്തിനു ഉത്തരവാദികൾ എന്റെ സുഹൃത്തുക്കൾ ആയിരുന്നു. ഞാൻ അറിയാതെ മത്സരത്തിന് എന്റെ പേര് കൊടുത്തു, അതെനിക്കൊരു വെല്ലുവിളി ആവട്ടെ എന്ന് കരുതിക്കാണും ചിലരെല്ലാം. സുഹൃത്തുക്കൾ എല്ലാവരും കൂടി അക്ഷരാർത്ഥത്തിൽ എന്നെ തള്ളി സ്റ്റേജിന്റെ പുറകിൽ എത്തിച്ചു. എനിക്ക് ആകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു. കൈകൾ തണുത്തു വിറങ്ങലിച്ച പോലെ, തൊണ്ട വരണ്ടു പൊട്ടാൻ പോകുന്ന പോലെ. രണ്ടാംതവണയും പേരു വിളിച്ചപ്പോൾ സ്റ്റേജിൽ കയറാതിരിക്കാൻ കഴിഞ്ഞില്ല. ധൈര്യം സംഭരിച്ച്, എല്ലാ ദൈവങ്ങളെയും ഓർത്ത്, സ്റ്റേജിൽ കയറിയപ്പോൾ ഏതു ഗാനം പാടണമെന്ന് അറിയാതെ ഒരു നിമിഷം കണ്ണുമടച്ചു നിന്നു. പെട്ടെന്നാണ് ആ ഗാനം മനസ്സിൽ ഓർമ്മ വന്നത്. അന്ന് വളരെ പ്രചാരത്തിലുള്ള, ജയചന്ദ്രൻ പാടിയ ആ ഗാനം നന്നായി പാടാൻ പറ്റുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. സ്റ്റേജിനു മുന്നിലേക്ക് നോക്കിയപ്പോൾ എല്ലാ കണ്ണുകളും എന്നിലേക്ക്. ആ മുഖങ്ങളിൽ നവരസങ്ങൾ കാണാൻ സാധിച്ചു. എപ്പോഴും കാണാൻ ആഗ്രഹിച്ച ആ പെൺകുട്ടിയെ അവിടെ ഒന്നും കണ്ടില്ല. ഒരുപക്ഷേ എന്റെ പാട്ടിനു ലഭിച്ചേക്കാവുന്ന കൂവൽ കേൾക്കാൻ ശക്തിയില്ലാത്ത കാരണം അവൾ അവിടെനിന്ന് പോയി കാണും എന്ന് വിചാരിച്ചു. കരഘോഷങ്ങളോടോപ്പം, കൂവലും തുടങ്ങിയപ്പോൾ ഞാൻ പാടാൻ തുടങ്ങി. സങ്കല്പത്തിലെ കാമുകിയെ മനസ്സിൽ കണ്ടു കൊണ്ട്, അവൾക്കായി ഞാൻ പാടി.
   " അഷ്ടപതിയിലെ നായികേ, യക്ഷ ഗായികേ
 അംബുജാക്ഷനെ പ്രേമിച്ചതിനാൽ
 അനശ്വരയായി നീ
 അനശ്വരയായി നീ"
പ്രതീക്ഷച്ചതിലും നന്നായി പാടുവാൻ സാധിച്ചുവെന്നു മാത്രമല്ല, ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തപ്പോൾ, എന്റെ സുഹൃത്തുക്കൾക്കു, അവർ എന്നെ ദ്രോഹിക്കാൻ വേണ്ടിയാണെങ്കിലും, ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയാൻ മറന്നില്ല.

ഭാര്യയുടെ വിളി കേട്ടപ്പോഴാണ് സ്ഥലകാലബോധം വന്നത്. ഒരു സ്വപ്നം പോലെ മനസ്സിൽ തെളിഞ്ഞു വന്ന കാര്യങ്ങൾ വീണ്ടും ഓർക്കാൻ ശ്രമിച്ചു. പുറത്തു സ്ട്രീറ്റ്റിൽ ഇരുന്ന് പാടിയിരുന്ന ആ മനുഷ്യനെ കുറിച്ചോർത്തു, നോക്കിയപ്പോൾ അയാളെ അവിടെയെങ്ങും കാണാൻ സാധിച്ചില്ല. അയാൾ ആരായിരുന്നു? എന്തിന് അയാൾ അവിടെ വന്നു? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.

ഭാര്യ കൊണ്ട് വന്ന ചൂട് ചായയും കഴിച്ച് പുറത്തേക് നോക്കിയപ്പോൾ ഇരുട്ടായി തുടങ്ങിയിരുന്നു. വീണ്ടും മനസ്സ് പഴയ നാളുകളിലെ ഓർമകളിലേക് വഴുതി വീണു.

കലാലയ നാളുകളിലെ അനുഭവങ്ങൾ ഓരോന്നും വിട്ടൊഴിയാതെ വീണ്ടും മനസ്സിൽ പൊന്തിവന്നു. നമുക്കെത്ര പ്രായമായാലും ചിന്തകൾക്ക് റിട്ടയേർമെന്റ് അല്ലെങ്കിൽ വിരമിക്കൽ ഇല്ലല്ലോ? എന്റെ മോഹങ്ങളുടെയും, മോഹഭംഗങ്ങളുടെയും, സ്വപ്നങ്ങളുടെയും, മുദ്രകളും എന്റെ കാൽപാടുകളും ആ കലാലയത്തിൽ കാണാൻ സാധിക്കും എന്നെനിക്കു തോനുന്നു. ഉൽക്കടമായ ആഗ്രഹങ്ങൾ മനസ്സിൽ വെച്ചു നടന്നിരുന്ന ആ കാലങ്ങൾ അപൂർണമായ ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ട് പെട്ടെന്ന് കടന്നു പോയി. കോളേജ് ദിനങ്ങൾ പകരുന്ന അനുഭവങ്ങൾ പലതാണ്, അവ നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന സ്വാധീനം ഏറെയാണ് .കഴിഞ്ഞ് പോയ കാലങ്ങളെ കുറിച്ച്, എത്രയോ വര്ഷങ്ങള്ക്കു ശേഷം ഇപ്പോൾ ദൂരേയിരുന്ന്, കുറിക്കുമ്പോഴുള്ള സുഖം അനിർവചനീയമാണ്. ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴും സജീവം തന്നെ.

 അടുത്തവർഷം അതായത് എന്റെ ഫൈനൽ ഇയർന് ഇലക്ഷൻ നടക്കാതിരുന്നത് കാരണം കോളേജ് ആർട്സ്ക്ലബ്‌ സെക്രട്ടറിയായി എന്നെ നോമിനേറ്റ് ചെയ്തു. ആ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ എല്ലാ ചുമതലയും, ഭാരിച്ച ഉത്തരവാദിത്വങ്ങളുമാണ് എനിക്ക് ഏറ്റെടുക്കേണ്ടി വന്നത്. സുഹൃത്തുക്കളുടെയെല്ലാം അകമഴിഞ്ഞ സഹകരണത്തോടെ, ഏറ്റെടുത്ത കാര്യങ്ങൾ എല്ലാം  വളരെ നന്നായി, ഉത്തരവാദിത്വത്തോട് കൂടി ചെയ്തു തീർക്കുവാൻ കഴിഞ്ഞെങ്കിലും, ഇതിനായി കുറേ ദിവസങ്ങൾ ക്ലാസിൽ കയറാൻ സാധിക്കാതെ വന്നു.

 കോളേജ് വാർഷിക ദിനാഘോഷങ്ങൾ അടുത്തു വരികയായിരുന്നു. ഒരു അധ്യയന വർഷത്തിലെ ഏറ്റവും അവസാനത്തെ ഒരു ഫങ്ഷൻ എന്ന് പറയാം. അതുകഴിഞ്ഞാൽ പിന്നെ റിവിഷൻ ഹോളിഡേയ്സ്, യൂണിവേഴ്സിറ്റി പരീക്ഷകൾ, അങ്ങനെ ആ വർഷം അവസാനിക്കും. കണ്ടുപരിചയിച്ച പല മുഖങ്ങളെയും പിന്നെ ഒരിക്കലും കാണാൻ സാധിക്കുകയില്ല, എന്നറിയാമായിരുന്നു. എങ്കിലും മനുഷ്യബന്ധങ്ങളുടെ നശ്വരതയും, നൈമിഷികതയും  ജീവിതാനുഭവങ്ങൾ ആയിത്തീരുമെന്ന് അന്ന് പൂർണമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ഓട്ടോഗ്രാഫുകൾ അങ്ങുമിങ്ങും കൈമാറി, കുറിപ്പുകൾ വാങ്ങുന്നു കൊടുക്കുന്നു. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് കലാലയാങ്കണത്തിൽ ഇരിക്കുമ്പോൾ വെറുതെ മനസ്സിൽ തോന്നി, എനിക്കിഷ്ടപ്പെട്ട അവൾ ഓട്ടോഗ്രാഫ് മായി എന്റെ അടുക്കൽ വരുമോ എന്ന്? മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, മനസ്സിൽ ഇങ്ങനെ തോന്നി.

  " സ്മരിക്കാൻ, ജീവിക്കാൻ, ദിവ്യ സ്നേഹത്തിൽ കോരിത്തരിക്കാൻ രണ്ടക്ഷരം ഈയെടിൽ കുറിക്കില്ല"

 പക്ഷേ അവൾ വന്നില്ല, വരില്ല എന്ന് അറിയാമായിരുന്നു. കാരണം അവളോട് എനിക്ക് പ്രണയമായിരുന്നില്ല, ഒരിക്കൽ പോലും സംസാരിച്ചിട്ടും ഇല്ല. അവളോട് ഒരു ആരാധനയോ ഇഷ്ടമോ എന്തൊക്കെയായിരുന്നു.

 കോളേജ് ദിനാഘോഷങ്ങളിൽ മുഖ്യ ഇനം ഗാനമേള യായിരുന്നു. അകമ്പടിക്ക്  കോളേജ് ഓർകെസ്ട്രാ. ഞാൻ രണ്ടു ഗാനങ്ങൾ പാടാനാണ് തീരുമാനിച്ചിരുന്നത്. ഒന്ന് വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന യുഗ്മ ഗാനം, മറ്റൊന്ന് എന്റെ സങ്കല്പങ്ങളിലെ കാമുകിക്കായി, കരിനീല കണ്ണുള്ള അവളോട് ഒരു ഗാനത്തിലൂടെ എന്റെ പ്രണയം അറിയിക്കുവാനായി.
  " കരിനീല  കണ്ണുള്ള പെണ്ണേ,
 നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി "
 ശ്രീകുമാരൻ തമ്പി രചിച്ച, ദക്ഷിണാമൂർത്തി സംഗീതം നൽകിയ ലളിതഗാനം. അന്ന് ഇടയ്ക്കൊക്കെ റേഡിയോയിൽ കേൾക്കുന്നത് ഒഴിച് ആ പാട്ടു കേൾക്കാൻ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല. വയലിൻ വായിക്കുന്ന എന്റെ കസിൻ സഹോദരനോട്  ഇക്കാര്യം സൂചിപ്പിച്ചപ്പോൾ, വളരെ പൂർണ്ണമനസ്സോടെ എന്നെ സഹായിക്കാം എന്ന് വാക്ക് നൽകി. ഓർകെസ്ട്രാ റിഹേഴ്സൽ ദിവസം എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, ആ ഗാനം കസിൻ തന്റെ gruntic spool tape recorder ൽ  കേൾപ്പിച്ചു തന്നു.ആ ഗാനം കേട്ടപ്പോൾ അനന്യമായ എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയാതെ ഞാൻ വിഷമിച്ചു. കൂടുതൽ വിവരം ആരാഞ്ഞപ്പോഴാണ്, അതിനുവേണ്ടി കസിൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഓരോന്നായി പറഞ്ഞത്. ഈ ഗാനങ്ങളടങ്ങിയ LP record കസിൻറെ ട്രിവാൻഡ്രത്ത് ഉള്ള ഒരു സഹോദരിയുടെ പക്കലുണ്ടായിരുന്നു. ട്രിവാൻഡ്രം വരെ പോയി ഗാനം ആ റെക്കോഡ് ചെയ്തു തിരികെ വന്നു.ഇതാണ് ആത്‍മർത്തമായ സ്നേഹം! ബുദ്ധിമുട്ടു സഹിച്ചാണെങ്കിലും, മറ്റുള്ളവരെ സഹായിക്കാനുള്ള മഹാമനസ്കത എന്നൊക്കെ പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി ആവില്ല.
കരിനീല കണ്ണുള്ള പെണ്ണെ, എന്ന ഗാനം ഞാൻ സ്റ്റേജിൽ അവതരിപ്പിച്ചു. എവിടേയെങ്കിലും ഇരുന്ന് അവൾ ഞാൻ പാടുന്നത് കേട്ടു കാണും. അടയാളപ്പെടുത്താത്ത  പ്രണയകാവ്യത്തിലെ നായികയോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ.

കോളേജ് ദിനാഘോഷങ്ങളോട് കൂടി, കോളേജ് ജീവിതത്തിനു തിരശ്ശില വീണു. വളരെ വേദനാജനകമായ അനുഭവങ്ങൾ,യാത്ര പറയലുകൾ... ദിവസേന കണ്ടു മുട്ടാറുള്ള പല മുഖങ്ങളെയും, ആ പരീക്ഷ നാളുകളിൽ കാണാതെയായി.3 വർഷത്തെ സംഭവബഹുലമായ കലാലയ ജീവിതം അവസാനിച്ചു എന്നു തന്നെ പറയാം.അഖണ്ഠാനന്ദം പകർന്നു തന്ന ആ കലാലയത്തോട് യാത്രയും നന്ദിയും പറഞ്ഞ് പടികളിറങ്ങുമ്പോൾ, അകക്കരൾ വിങ്ങി പൊട്ടുകയായിരുന്നു എന്നുപറഞ്ഞാൽ മനസ്സിലെ അഗണിതമായ വികാരങ്ങളിൽ ഒന്നു മാത്രമായിരിക്കും എന്നു പറയട്ടെ. വലിയ ആഘോഷമായി കൊണ്ടുനടന്നസംഭവങ്ങൾ ജീവിതത്തിൽ അചിന്തിതമായ അനുഭൂതികൾ പകർന്നവയാണ്.

വീണ്ടും ഭാര്യയുടെ വിളി കേട്ടപ്പോൾ നിദ്രയിൽ നിന്നെന്നവണ്ണം ഞെട്ടി ഉണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം 9മണി. അത്താഴഭക്ഷണത്തിനുള്ള വിളിയായിരുന്നു. Dining table ൽ ഭാര്യയോടൊപ്പമിരിന്നു ഭക്ഷണം കഴിക്കുമ്പോഴും മനസ്സ് എവിടെയൊക്കെയോ പാറി പറക്കുകയായിരുന്നു. ഒരു ശബ്ദം കേട്ട് ബാൽക്കണിയിൽ ചെന്ന് നോക്കിയപ്പോൾ, ഭയങ്കരമായ മിന്നലും, ഇടിവെട്ടും. ഒരു മഴയ്ക്കുള്ള തയ്യാറെടുപ്പ് ആയിരുന്നു. അധികം താമസിയാതെ പെയ്തമഴയിൽ, പ്രകൃതി പോലും എന്നോട് പങ്കുചേർന്ന് ദുഃഖിക്കുന്ന പോലെ തോന്നി. തോരാത്ത കണ്ണുനീർ നിലയ്ക്കാത്ത മഴത്തുള്ളികളായി ഭൂമിയിൽ പതിഞ്ഞപ്പോൾ, പാട്ടുപാടിയ ആ മധ്യവയസ്കനെ കുറിച്ച് ഞാനോർത്തു. കഴിഞ്ഞ കാലങ്ങളിലെ നല്ല ഓർമകളെ താലോലിച്ചു കൊണ്ട്, വേർപിരിഞ്ഞുപോയ പ്രണയിനിയെ കുറിച്ചാണോ അയാൾ പാടിയത്? അതോ പഴയ കാലങ്ങളുടെ ഓർമ്മപ്പെടുത്തലുകളു മായി എന്നെ ആ ഗാനം കേൾപ്പിക്കാൻ അവിടെ വന്നതാണോ?  അതൊരു അതുലമായ അനുഭവമായിരുന്നു എന്നു ഇന്നും തോന്നാറുണ്ട്.

 ഒരു നദിയുടെ പ്രവാഹം പോലെയാണ്, നമ്മുടെ ചിന്തകളും,ഓർമ്മകളും അവ ഒഴുകി കൊണ്ടേയിരിക്കും. അനവരതം നമ്മെ തട്ടിയുണർത്തി കൊണ്ടേയിരിക്കും. നമ്മുടെ സമ്മതമോ  അംഗീകാരമോ കൂടാതെ അവ അനുനിമിഷം നമ്മളിൽ  ഉണർത്തുന്ന ചിന്തകൾ, വായിച്ചു കഴിഞ്ഞ അധ്യായങ്ങളുടെ പുനർവായന പോലെയാണ്. അതി മോഹനമായ ആ നാളുകൾ  പകർന്നുതന്ന ലഹരിയിൽ ജീവിതത്തിലെ ഓരോ ഏടുകളും മായാത്ത വർണ്ണങ്ങളാൽ എഴുതപ്പെട്ടവയായിരു ന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക