ഫൊക്കാനക്ക് പുതിയ മുഖം, കർമപരിപാടികൾ: സംതൃപ്തിയോടെ സജിമോൻ ആൻറണി 

Published on 22 March, 2022
ഫൊക്കാനക്ക് പുതിയ മുഖം, കർമപരിപാടികൾ: സംതൃപ്തിയോടെ സജിമോൻ ആൻറണി 

അസ്വാരസ്യങ്ങളോ പടലപിണക്കങ്ങളോ ഇല്ലാത്ത പ്രവര്‍ത്തനമാണ് ഫൊക്കാനയെ ഇപ്പോൾ  ശ്രദ്ധേയമാക്കുന്നത്. അലോരസപ്പെടുത്തുന്ന വാര്‍ത്തകളൊന്നും ഉണ്ടാകാത്ത രണ്ടുവര്‍ഷം.  വലിയ അവകാശവാദങ്ങളില്ലാതെ, എന്നാൽ  നിശബ്ദമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജോര്‍ജി വര്‍ഗീസ് - സജിമോന്‍ ആന്റണി ടീം ഫൊക്കാനയെ പുതിയ തീരങ്ങളിലേക്ക് നയിക്കുന്നത്.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ സംതൃപ്തിയെന്ന് ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി. ഇലക്ഷന്‍ കഴിഞ്ഞാല്‍ കണ്‍വന്‍ഷനെപ്പറ്റി ചിന്തിക്കുന്ന പഴയകാലം പോയി. കോവിഡ് ആയതിനാല്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ പല സംഘടനകളും ന്യായം കണ്ടു. ചിലര്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്തു. അതിലൊന്നാണ് ഫൊക്കാന- സജിമോന്‍ ചൂണ്ടിക്കാട്ടി.

യുവത്വത്തിന്റെ പ്രസരിപ്പുള്ള നേതൃത്വമാണ് ഇപ്രാശ്യം ഫൊക്കാനയുടെ വിജയകഥ രചിച്ചത്. പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ ഇത്രയേറെ ഐക്യം അപൂര്‍വ്വം.

നേട്ടങ്ങളില്‍ ചിലത് സജിമോന്‍ ആന്റണി ചൂണ്ടിക്കാട്ടി. എറണാകുളത്ത് രാജഗിരി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകളുമായി ഉണ്ടാക്കിയ കരാറാണ് ഒന്ന്. ഇതനുസരിച്ച് ലഭിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്ക് ചികിത്സയില്‍ ഡിസ്‌കൗണ്ട് ലഭിക്കും. പ്രത്യേകമായ പരിഗണന ലഭിക്കും. ചെന്നാലുടന്‍ ഒരു ഡോക്ടര്‍ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ മുന്നോട്ടുവരുമെന്നത് നിസാരമല്ലല്ലോ.

ഫൊക്കാന അംഗമാകുക - അതായത് അംഗ സംഘടനകളിലെ അംഗം- ആകുക എന്നതാണ്  ഏക യോഗ്യത. അംഗത്തിന്റെ നാട്ടിലെ കുടുംബത്തിനും  ഇത് ഉപകാരപ്പെടും. ഇതിനകം 2000 പേരെങ്കിലും ഇതിന്റെ പ്രയോജനം അനുഭവിക്കുന്നു. 3900 രൂപയുടെ പാക്കേജില്‍   വിദഗ്ധ ചെക്കപ്പ് ലഭിക്കും. 25000 രൂപയ്ക്ക് ഒരു ദിവസം താമസിച്ച് ട്രെഡ് മിൽ   മുതല്‍ വിവിധ പരിശോധനകള്‍ നടത്താം. 350 ഡോളർ വരില്ല അത്.

അമേരിക്കയില്‍ നേരത്തെ ഭിഷഗ്വരനായിരുന്ന ഡോ. മാത്യു ജോണുമായി ബന്ധപ്പെട്ടാണ്  ഇത്തരമൊരു പദ്ധതിയിലേക്കെത്തിയതെന്ന് സജിമോന്‍ പറഞ്ഞു.

എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും സൗമ്യതയോടെയും നയതന്ത്രമികവോടെയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന സജിമോൻ   ഫൊക്കാന ഭവന പദ്ധതിയുടെ ചെയര്‍ ആയിരുന്നു. പദ്ധതിക്ക്  കേരളത്തിലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 50-ല്‍പ്പരം വീടുകള്‍ വച്ചു നല്‍കാനായി. പണം പിരിക്കാൻ പോകും  മുമ്പ് സ്വന്തമായി  ഒരു തുക സംഭാവന നല്‍കണമെന്ന് വിശ്വസിക്കുന്ന അപൂര്‍വ്വം ചിലരിലൊരാളാണ് സജിമോന്‍. പദ്ധതിക്ക് തുക നല്‍കിയവരില്‍ സജിമോന്‍ ആദ്യത്തെ ആളായിരുന്നു. സാധാരണ നേതാക്കൾ പദ്ധതികൾ എങ്ങനെ മുതലാക്കാമെന്ന് കരുതുന്നവരാണ്. അതിനാൽ ഇത്  അപൂർവം തന്നെ.

കോവിഡ് കാലത്ത് ഒന്നരക്കോടിയോളം രൂപയുടെ വെന്റിലേറ്ററടക്കമുള്ള ഉപകരണങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാനായി എണ്ണത്തിലും ഫൊക്കാനക്ക് അഭിമാനിക്കാം . റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ സഹകരണത്തോടെയാണിത് സാധിച്ചത്.

ഇത്തരം വസ്തുക്കള്‍ അയയ്ക്കുന്നതിന് യു.എസ. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ  (ടി.എസ് .എ) പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ ഫൊക്കാനയ്ക്ക് നേടാനായി. ഫോമയ്ക്കും അതുണ്ട്. അതുപോലെ പ്രസിഡന്‍ഷ്യല്‍ വോളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ് നല്‍കുന്നതിന് അനുമതി ലഭിക്കുന്ന സംഘടനയായും  ഫൊക്കാനയെ അംഗീകരിച്ചു . വേള്‍ഡ് മലയാളി കൗണ്‍സിലിന് ഈ അംഗീകാരമുണ്ട്. എന്നാൽ രണ്ട് അംഗീകാരങ്ങളുമുള്ള ഏക സംഘടന ഫൊക്കാനയാണ്.

കേരളത്തില്‍ ഇത്തവണ ഫൊക്കാന കണ്‍വന്‍ഷന്‍ അഭൂതപൂര്‍വമായിരുന്നു. ഇത്തരമൊന്ന് ഉണ്ടായിട്ടില്ലെന്ന് പറയാം. ഗോപിനാഥ് മുതുകാടിന്റെ മാജിക് സെന്ററില്‍ വച്ച് സമ്മേളനം. ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രം. ഗവര്‍ണര്‍ അടക്കമുള്ളവര്‍ ഫൊക്കാനയുടെ സാമൂഹിക പ്രതിബദ്ധയ്ക്ക് തെളിവായി അത് ചൂണ്ടിക്കാട്ടി.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ തുണയ്ക്കാന്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള കരിസ്മ പ്രൊജക്ടിന്റെ വിജയം അവിടെ കണ്ടു. സഹായം ലഭിച്ച 100 അമ്മമാരില്‍ ചിലര്‍  തയ്യൽ ജോലി ചെയ്യുന്നു. ചിലര്‍ മാലയും വളയും മറ്റും ഉണ്ടാക്കുന്നു. അത് അവര്‍ക്കൊരു വരുമാനമാര്‍ഗ്ഗമായി.

കണ്‍വന്‍ഷനിലെ മീഡിയ സമ്മേളനത്തിന്റെ ചെയര്‍ സജിമോന്‍ ആയിരുന്നു. 'ജനാധിപത്യത്തിന്റെ ഭാവിയും മാധ്യമങ്ങളും' എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാറില്‍ മനോജ് കെ ദാസ്, പി.പി. ജയിംസ്, പ്രമേഷ് കുമാര്‍, അനില്‍ അടൂര്‍, റജി ലൂക്കോസ് തുടങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.  മികച്ച പരിപാടിയായി ഇതിനെ  എല്ലാവരും വിലയിരുത്തി.

രണ്ടുവര്‍ഷത്തെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഒരുമിച്ച്  സമ്മാനിച്ചതും പുതുമയായി. ഫൊക്കാനയുടെ അഭിമാന പദ്ധതിയാണിത്. നാട്ടിൽ ഫൊക്കാന ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഈ പുരസ്കാരത്തിലൂടെ  എന്ന് വേണമെങ്കിൽ പറയാം.

ഓര്‍ലാന്‍ഡോയില്‍ ജൂലൈ 7,8,9 ദിവസങ്ങളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വലിയ വിജയമാകുമെന്നുറപ്പാണ്. വ്യക്തികളെത്തുന്നതിനുപകരം കുടുംബങ്ങളുമായി ആളുകള്‍ പങ്കെടുക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഫോമ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ മാസമാണ്. ഫലത്തില്‍ രണ്ടു മാസത്തോളം വ്യത്യാസമുണ്ട്. അതിനാല്‍ രണ്ട് കണ്‍വന്‍ഷനുകള്‍ തമ്മില്‍ ഒരു ക്ലാഷ് ഉണ്ടാകില്ല. എന്നു മാത്രമല്ല, കഴിയുന്നത്ര മേഖലകളില്‍ ഫൊക്കാനയും ഫോമയുമൊക്കെ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ 95 ശതമാനം സംഘടനകളും രണ്ട് കേന്ദ്ര സംഘടനകളിലും അംഗങ്ങളാണ്.

നിരന്തരമായ പ്രവര്‍ത്തനവും അവസാനം ഒരു കണ്‍വന്‍ഷനുമെന്ന ചിന്താഗതിയാണ് ഇത്തവണത്തെ പ്രവർത്തനം വ്യത്യസ്ഥമാക്കുന്നത്. മറ്റൊന്ന് മുന്‍കാല നേതാക്കള്‍ക്കും അര്‍ഹമായ പരിഗണനയും അവസരങ്ങളും കൊടുത്തു എന്നതാണ്. ആരേയും മാറ്റിനിര്‍ത്തിയില്ല. ഡോ. അനിരുദ്ധൻ മുതൽ മുൻ പ്രസിഡന്റുമാരിൽ നിന്ന് ഒട്ടേറെ പഠിക്കുവാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി. പഴയ ഭാരവാഹികളെ അവഗണിക്കുന്നു എന്ന പരാതി മിക്ക സംഘടനകളിലുമുണ്ട്. അത് ഒഴിവാക്കാൻ തങ്ങൾ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്.  അതെ സമയം, വാക്കുകളിൽ മിതത്വം ആണ് ഈ ടീമിനെ മാറ്റി നിർത്തുന്നത്.

കണ്‍വന്‍ഷനുകള്‍ ലാഭകരമാകും എന്നുതന്നെയാണ് കരുതുന്നത്. നഷ്ടം  ഉണ്ടാകുന്ന സ്ഥിതി വരുത്തില്ല. മിച്ചം വരുന്ന തുക ഏതെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കണം. ജനങ്ങളില്‍ നിന്നു പിരിക്കുന്നതിനേക്കാള്‍ നേതൃരംഗത്തുള്ള ടീം തന്നെ നല്ലൊരു തുക സമാഹരിക്കുന്ന പാരമ്പര്യമാണ് ഇപ്പോഴുള്ളത്. ഭവനപദ്ധതി മുതല്‍ എല്ലാവരും സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു.

വനിതകള്‍ക്ക് പ്രാധാന്യം ഉണ്ടാവണമെന്നതാണ് തന്റെ നിലപാട്.  ആര് ഭാരവാഹികൾ ആകുന്നതിനെയും  ജനറൽ സെക്രട്ടറി എന്ന നിലയിൽ സ്വാഗതം ചെയ്യുന്നു 

പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് ഒട്ടേറെ പേർ  നിർബന്ധിക്കുന്നു. എന്തായാലും തല്‍ക്കാലം ഇനി  നേതൃരംഗത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് സജിമോന്‍ പറഞ്ഞു.  

ഫൊക്കാനയുടെ പ്രവര്‍ത്തനം ഒരു ഫുള്‍ടൈം ജോലി ആണ്. അതിനാല്‍ വ്യക്തിപരമായ കാര്യങ്ങളും ബിസിനസുമൊക്കെ കുറച്ചൊക്കെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഇതൊക്കെ മനസിലാക്കി തന്നെയാണ് സംഘടനാ പ്രവര്‍ത്തനത്തിനിറങ്ങിയത്.

സ്ഥാനമേറ്റശേഷം നടത്തിയ യാത്രയ്ക്ക് കണക്കില്ല. രാജ്യമൊട്ടാകെ നിരന്തരം സഞ്ചരിക്കുന്നു. ഇപ്രാവശ്യത്തെ പ്രവര്‍ത്തനങ്ങളിൽ   വ്യക്തികളുടെ  നേട്ടമെന്നതിനുപരി ടീം വര്‍ക്കിന്റെ മികവാണ് കാണേണ്ടത്. ടീം ആയി തന്നെയാണ്   തങ്ങളൊക്കെ പ്രവര്‍ത്തിച്ചത്. ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ എക്സിക്യുട്ടിവിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.

തിരക്കിനിടയിലും ചാനൽ ചർച്ചകളിലൊക്കെ സജിമോൻ  തിളങ്ങുന്നു.  ന്യുസ് 18  ചാനലിന്റെ ഔദ്യോഗിക പാനലിൽ ഉള്ളതിനാൽ മിക്കപ്പോഴും വിവിധ കാര്യങ്ങളെപ്പറ്റി ചർച്ചക്ക് വിളിക്കുന്നു.

ന്യൂജേഴ്സിയിലെ സാംസ്‌ക്കാരിക-സാമൂഹ്യമേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച സജിമോന്‍ ആന്റണിയുടെ നേതൃപാടവമാണ് ഫൊക്കാനയുടെ  ഇത്തവണത്തെ വിജയഗാഥക്കു പിന്നിലെ  ഒരു കാരണമെന്ന് നിസംശയം പറയാം. 

2005-ല്‍ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള നോവാര്‍ട്ടീസ് ഇന്റര്‍നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഗ്ലോബര്‍ ലീഡര്‍ ആയി എത്തിയ സജിമോന്‍ ഒന്നര വര്‍ഷത്തോളം ആ പദവി വഹിച്ചശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. പിന്നീട്. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും മികവ് തെളിയിച്ച സജിമോന്‍ ഇപ്പോള്‍ കണ്‍സ്ട്രഷന്‍ മേഖലയിലും  മുന്നേറുന്നു. എം.എസ്.ബി. ബില്‍ഡേഴ്സ് എന്ന കണ്‍ട്രഷന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിജയം  കൈവരിച്ചു എന്നത് ശ്രദ്ധേയമാണ് 

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ  (മഞ്ച്)    ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ സ്ഥാപക അംഗമായി സംഘടനാ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച സജിമോന്‍ മഞ്ചിന്റെ സ്ഥാപക വൈസ് പ്രസിഡന്റായിരുന്നു. മൂന്നു വര്‍ഷത്തെ ചുമതലക്കു ശേഷം 2016-ല്‍ സംഘടനയുടെ തലപ്പത്ത് എത്തിയ അദ്ദേഹം പ്രസിഡന്റ് എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് മഞ്ച് എന്ന കൊച്ചു സംഘടനയെ വളര്‍ത്തി വലുതാക്കി ഫൊക്കാനയുടെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റി. 

ന്യൂജേഴ്സിയില്‍ മഞ്ചിന്റെ വളര്‍ച്ച അസൂയാവഹമായിരുന്നു. സജിമോന്‍ ആന്റണിയുടെ മാനേജ്മെന്റ് പാടവത്തിന്റെ ഫലമായി രണ്ടുവര്‍ഷം കൊണ്ട് ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനങ്ങള്‍കൊണ്ടും സംഘാടക മികവുകള്‍കൊണ്ടും മഞ്ച് എന്ന സംഘടന പ്രശസ്തിയുടെ ഉത്തംഗ ശൃംഖത്തിലെത്തി . രണ്ടു വര്‍ഷം കൊണ്ട് അദ്ദേഹം നടത്തിയ സംഘാടക മികവിന്റെ അംഗീകാരമായിട്ടാണ് സജിമോന്‍ ആന്റണി  ഫൊക്കാന ട്രഷറർ ആകുന്നത്. ഇപ്പോൾ ജനറൽ സെക്രട്ടറിയും. 

നോവാര്‍ട്ടീസ് ഫാര്‍മസ്യൂട്ടിക്കലിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലീഡര്‍ഷിപ്പിനുള്ള അംഗീകാരമാണ് ന്യൂജേഴ്സിയിലെ ഓഫീസില്‍ അന്താരാഷ്ട്രതലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 8  ഗ്ലോബല്‍ ലീഡര്‍മാരില്‍ സജിമോന്‍ ആന്റണിയെ കമ്പനി തെരഞ്ഞെടുത്തത്. ഇതില്‍ ഇന്ത്യയില്‍ നിന്നും രണ്ടു പേര് മാത്രമാണുണ്ടായിരുന്നത്. 2003 ല്‍ നൊവാര്‍ട്ടീസ് ഇന്ത്യ  ലിമിറ്റഡിന്റെ ഇന്ത്യയിലെ ഏറ്റവും നല്ല മാനേജര്‍ക്കുള്ള പുരസ്‌കമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ കരിയര്‍ നേട്ടം.

ഇതേ തുടര്‍ന്ന് സിംഗപ്പൂരില്‍ കമ്പനി പ്രത്യേക പരിശീലനത്തിനയച്ച സജിമോന്‍ പിന്നീടും കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ബിസിനസ് രംഗത്ത് കാലുറപ്പിക്കാന്‍ തീരുമാനിച്ചത്.  അദ്ദേഹം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. 

നല്ലൊരു പ്രഭാഷകനും പ്രസന്റ്‌റേറ്ററുമായ സജിമോന്‍ ടോസ്സ്‌റ് മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ കോംപീറ്റന്റ് കമ്മ്യൂണിക്കേറ്റര്‍ എന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

തുടക്കത്തില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ് രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം അവിടെയും ഉന്നതിക്കുള്ള പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. നിരവധി വേദികളില്‍ ഫിനാന്‍സ് പ്ലാനിംഗ്  പ്രസന്റേഷന്‍ നടത്തിയിട്ടുള്ള സജിമോന്‍ റിയല്‍ എസ്റ്റേറ്റ് മേഘലയിലും മികവ് തുടര്‍ന്നു . 

ന്യൂ ജേഴ്സിയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ വാങ്ങുതിനു സഹായിച്ച അദ്ദേഹം  ഏറ്റവും കൂടുതല്‍ വീടുകള്‍ വില്പ്പന നടത്തിയതിനുള്ള അവാര്‍ഡുകളും നേടി. ഇപ്പോള്‍ കൈവച്ച മേഖലകള്‍ എല്ലാം പൊന്നാക്കിയ അദ്ദേഹം ന്യൂജേഴ്സിയിലെ പാവങ്ങളുടെ നല്ല സമരിയാക്കാരന്‍ എന്നറിയപ്പെടുന്ന ഫാ. മാത്യു കുന്നത്തിന്റെ പേരില്‍ ആരംഭിച്ച ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷനിലൂടെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് കടന്നു സജീവമാണ് .

 2010-ല്‍ ട്രസ്റ്റിന്റെ പ്രസിഡന്റായി സേനവനമനുഷ്ഠിച്ച കാലത്ത് ഫാ. മാത്യുവിന്റെ പൗരോഹിത്യ  ജൂബിലിയോടനുബന്ധിച്ച് ഒരു  മഹാസംഗമം തന്നെ ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ചു. അതോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച സജിമോന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍, കേന്ദ്രമന്ത്രിമാരായ ഏ.കെ.ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കളുടെ ആശംസകള്‍ ഉള്‍പ്പെടുത്തിയ ബൃഹത്തായ ഗ്രന്ഥമാണ് പുറത്തിറക്കിയത്.

പിന്നീട് മഞ്ചില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്.  

നിർമാണ  മേഖലയിലും ചുവടുറപ്പിച്ച സജിമോന്‍ ഇതിനകം പള്ളികള്‍, കോണ്‍വെന്റുകള്‍ തുടങ്ങി കൊമേര്‍ഷ്യല്‍ നിര്‍മാണ രംഗത്തേക്കും കടന്നു കഴിഞ്ഞു.  

മാം ആൻഡ് ഡാഡ് കെയർ  എന്ന ഹോം ഹെൽത്ത് കെയർ ആണ്  പുതിയ സംരംഭം.  രണ്ട് വര്ഷം പിന്നിട്ട സ്ഥാപനം ഇപ്പോൾ ബാലാരിഷ്ടിതകൾ പിന്നിട്ടുവെന്നു പറയാം. 

ഭാര്യ: ഷീന സജിമോന്‍ (നേഴ്‌സ് എഡ്യൂക്കേറ്റര്‍, മോറിസ്ടൗണ്‍ മെഡിക്കല്‍ സെന്റര്). മക്കള്‍:ഇവാ, എവിന്‍, ഈഥൻ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക