Image

നാരാൺട്ടന്റെ കൈക്കോട്ടും കുങ്കോട്ടും , ഹായ് , കഥ ! - 75 - പ്രകാശൻ കരിവെള്ളൂർ

Published on 29 March, 2022
നാരാൺട്ടന്റെ കൈക്കോട്ടും കുങ്കോട്ടും , ഹായ് , കഥ ! - 75 - പ്രകാശൻ കരിവെള്ളൂർ

മൺവെട്ടിയെ ഞങ്ങളുടെ നാട്ടിൽ കൈക്കോട്ടെന്നു പറയും . കൂന്താലിയെ കുങ്കോട്ടെന്നും . രണ്ടും മണ്ണിനോടും ചെടികളോടും നീതി പുലർത്തിക്കൊണ്ട് മാത്രം പ്രയോഗിച്ച ഒരു നാരാൺട്ടനുണ്ടായിരുന്നു. പറമ്പിലെ പണി , അത് നാരാണൻ തന്നെ എന്ന് നാട്ടിലൊരു ചൊല്ലു പോലും രൂപപ്പെട്ടിരുന്നു. നാരാൺട്ടന് വീടും പറമ്പുമില്ല. മക്കൾ തിരിഞ്ഞു നോക്കാത്ത ഒരു വല്യമ്മയുടെ വീട്ടിലായിരുന്നു താമസം. നട്ടുനനച്ചും കാട് തെളിച്ചും കിളച്ച് വിതച്ചും പറമ്പ് പൂങ്കാവനമാക്കുന്ന നാരാണൻ വല്യമ്മയ്ക്ക് ഒരു അധികപ്പറ്റേ ആയില്ല .
ഞങ്ങളുടെ പരിസരത്തെ പറമ്പുകളിലെല്ലാം  കൊത്തലിന്റെയും കിളക്കലിന്റെയും തടമെടുക്കലിന്റെയും കാലം നാരാൺട്ടന് മന:പാഠമാണ്. നാരാണൻ കൈക്കോട്ടും കുങ്കോട്ടുമായി വന്നാൽ ഇറയത്തു നിന്ന് ഒരു അറിയിപ്പ് അടുക്കളയിലേക്ക് നീളുകയായി- തെങ്ങിന് തടമെടുക്കാൻ നാരാണൻ വന്നു. ചായക്കും ചോറിനും കരുതിക്കോ ...
മിക്കവാറും ആ ചായയും ചോറും മാത്രമായിരുന്നു നാരാൺട്ടന്റെ കൂലി. 

നാരാൺട്ടൻ തെങ്ങിന് തടം തുറക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. കൈക്കോട്ട് കൊണ്ട് വട്ടത്തിൽ കൊത്തി മറിച്ചിട്ട മണ്ണ് ചുറ്റിലും കാലടി വച്ച് തടത്തിന് സൃഷ്ടിക്കുന്ന ഒരു ഡിസൈനിങ്ങ് ഉണ്ട്. നാലഞ്ചു തവണ വെള്ളമൊഴിച്ചാലും മാഞ്ഞു പോവാത്ത പാദമുദ്രകൾ .
കാട്  കയറിയ പറമ്പ് വൃത്തിയാക്കാൻ ദൂരദേശങ്ങളിൽ നിന്ന് പോലും നാരാൺട്ടനെത്തേടി ആളുകൾ വന്നു. 
നാരാൺട്ടന്റെ കൈക്കോട്ടിനും കുങ്കോട്ടിനും കൃത്യമായറിയാമായിരുന്നു , പറമ്പിൽ കളയാതെ . കാത്തുവെക്കേണ്ട ചെടികൾ ഏതൊക്കെയാണെന്ന്. പനിക്കൂർക്കയും തുളസിയും കറിവേപ്പും കാന്താരിയും കുപ്പച്ചീരയും കൊടിത്തൂവയും നാരാൺട്ടന്റെ കാട് വയക്കലിന് ശേഷവും പറമ്പിൽ ബാക്കിയായി. പിൽക്കാലത്ത് ചില പുത്തൻ കൂറ്റുകാർ , കാട് വെട്ടിത്തെളിക്കാൻ വന്നിട്ട് കാട് ബാക്കിയാക്കിയ കൂലിക്കാരനോട് കലഹത്തിന് വന്നു. അവരോട് അക്ഷോഭ്യനായിത്തന്നെ നാരാൺട്ടൻ പറഞ്ഞു - കുറച്ച് കാട്, ഏത് പറമ്പിലും ബാക്കി വേണം കുഞ്ഞളേ ...
വല്യമ്മ മരിച്ചപ്പോൾ മക്കൾ പറമ്പ് വിറ്റു. നാരാൺട്ടന് കിടപ്പാടമില്ലാതായി. വടക്ക് അകന്ന ബന്ധത്തിലുള്ള ഒരു മച്ചിനനുണ്ടെന്ന് പറഞ്ഞ് പോയതാണ് നാരാൺട്ടൻ . പിന്നീട് ഒരു വിവരവുമില്ല. 
ഇപ്പോൾ കാട് വയക്കുന്ന മെഷീനുമായി , നമ്മൾ പറഞ്ഞതൊന്നും തിരിയാത്ത ആരൊക്കെയോ നാട് നിരങ്ങുന്നു . അവർ പറമ്പ് മരുഭൂമിയാക്കിത്തന്ന് പെട്ടെന്ന് കൂലിയും വാങ്ങി മടങ്ങുന്നു. പറമ്പ് ഈ കേരളത്തോളം വിസ്തീർണമുണ്ടെങ്കിലും കാട് വയക്കൽ അഞ്ചു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തും. 
അത്രയ്ക്ക് ടെക്നിക്കൽ പർഫെക്ഷൻ !
ഞാനിപ്പോൾ ഓർക്കുന്നത് നാരാൺട്ടന്റെ കൈക്കോട്ടിനെയും കുങ്കോട്ടിനെയും കുറിച്ചാണ്. എന്തൊരു ജൈവസാങ്കേതിക വിദ്യയായിരുന്നു അത്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക