Image

ഫോമക്കു കരുത്ത് പകരാൻ ഡോ. ജേക്കബ് തോമസും ടീമും. എമ്പയർ റീജിയണിലെ പ്രചാരണം മികച്ചതായി  

ഫോട്ടോ: ഫിലിപ്പ് ചെറിയാൻ Published on 30 March, 2022
ഫോമക്കു കരുത്ത് പകരാൻ ഡോ. ജേക്കബ് തോമസും ടീമും. എമ്പയർ റീജിയണിലെ പ്രചാരണം മികച്ചതായി  

ന്യൂയോര്‍ക്ക്: ഫോമ ഭരണസമിതിയിലേക്ക് ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന, ടീം ഫ്രണ്ട്‌സ് ഓഫ് ഫോമ, എംപയര്‍ റീജിയണില്‍ നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വന്‍ വിജയമായി. സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നിലപാടുകള്‍ അറിയിച്ചതോടൊപ്പം പങ്കെടുത്തവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തത്  പുതുമായായി.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഓജസ് ജോണ്‍ എംസിയായി നടത്തിയ സമ്മേളനത്തില്‍ ടീമിന്റെ ലക്ഷ്യങ്ങള്‍  ഡോ. ജേക്കബ് തോമസ് വിവരിച്ചു. ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ എന്ന ചിരകാല അഭിലാഷം സഫലമാക്കാന്‍ എല്ലാവരുടേയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പറ്റാത്ത കാര്യങ്ങളൊന്നും തങ്ങള്‍ അവകാശപ്പെടുന്നില്ല. ഇലക്ഷനിലെ ഫലം എന്തായാലും അത് അംഗീകരിക്കും. അതുപോലെ സൗഹൃദത്തിന്റെ പാത വിട്ടുള്ള മത്സരത്തിനൊന്നും തങ്ങള്‍ ഒരുക്കമല്ല.

എല്ലാ മേഖലകളില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ഡോ. ജേക്കബ് പറഞ്ഞു. മേയില്‍ കേരളത്തിലും, സെപ്റ്റംബറില്‍ കാന്‍കൂണിലും നടക്കുന്ന കണ്‍വന്‍ഷനുകളില്‍ കഴിയുന്നത്ര പേര്‍ പങ്കെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേരള  കൺവൻഷന്റെ ചെയർ എന്ന നിലയിൽ മികച്ച പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനു പുറമെ ഹൌസ്   ബോട്ടും ടൂറിസ്റ്റു ബസും ഒക്കെ ഒരുക്കിയിട്ടുമുണ്ട്. 

അമേരിക്കയിലും കേരളത്തിലും വലിയ സാന്നിധ്യമായി ഫോമാ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ടിമാകുമ്പോൾ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമായി സംഘടനയെ പുതിയ തലത്തിലേക്കുയർത്തുമെന്ന വാഗ്ദാനമാണ്  ഡോ. ജേക്കബ് തോമസ്   മുന്നോട്ടു വച്ചത്. 

ഫോമ ഇപ്പോള്‍ തുടരുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പുതിയവയും ആവിഷ്‌കരിക്കും. ചാരിറ്റി പ്രവര്‍ത്തനം നാട്ടില്‍ മാത്രമല്ല ഇവിടെയും വ്യാപിപ്പിക്കും.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഓജസ് ജോണ്‍ പുതിയ കര്‍മ്മപരിപാടികളെപ്പറ്റി സംസാരിച്ചു. 16 മുതല്‍ 25 വയസുവരെ പ്രായമുള്ളവര്‍ക്കായി ഒരു ദിവസത്തെ കണ്‍വന്‍ഷന്‍ ആലോചനയിലുണ്ട്. ലോകത്തെവിടെയെങ്കിലും  എന്തെങ്കിലും പ്രശ്‌നം നേരിടുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് അവരുടെ വിഷമത അറിയിക്കാന്‍ ഉതകുന്ന ഒരു സംവിധാനവും ലക്ഷ്യത്തിലുണ്ട്.  അത്തരം  പ്രശ്‌നങ്ങള്‍ ക്രോഡീകരിച്ച് രാഷ്ട്രീയക്കാരെയും അധികൃതരെയും  അറിയിക്കാനെങ്കിലും നമുക്ക് കഴിയണം.

തങ്ങളുടെ ടീം മുന്നോട്ടുവയ്ക്കുന്ന പന്ത്രണ്ടിന പരിപാടിയെപ്പറ്റിയും ഓജസ് സംസാരിച്ചു. മികച്ച പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ടായാണ് കണ്‍വന്‍ഷനെ കാണുന്നത്. കണ്‍വന്‍ഷന് ഏറ്റവും അര്‍ഹമായ നഗരമാണ് ന്യൂയോര്‍ക്ക്- ഓജസ് ജോണ്‍ ചൂണ്ടിക്കാട്ടി. നാട്ടിലും  ഇവിടെയും ചാരിറ്റി പ്രവർത്തനങ്ങൾ, യുവജനതയെ സംഘടനയിലേക്കെത്തിക്കാനുള്ള വിവിധ പരിപാടികൾ, മുഖ്യധാരാ രാഷ്ട്രീയത്തിലിറങ്ങുന്നവർക്ക് സഹായം, കോവിഡ് മൂലം ആരോഗ്യ മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുണയാകാനുള്ള പദ്ധതികൾ, ഗ്രാൻഡ് കാനിയൻ യൂണിവേഴ്‌സിറ്റിക്ക്  പുറമെ കൂടുതൽ യൂണിവേഴ്‌സിറ്റികളുമായി ബന്ധം സ്ഥാപിക്കൽ, വനിതാ ഫോറത്തിന്റെ മികച്ച പരിപാടികൾക്ക് സഹായമാകുക  തുടങ്ങി ഒട്ടേറെ പദ്ധതികളാണ്  ലക്ഷ്യമിടുന്നത്.

വാഷിംഗ്ടണില്‍ നടത്തുന്ന തന്റെ സംഘടനാ പ്രവര്‍ത്തനവും കോവിഡ് കാലത്തെ പ്രവര്‍ത്തനവും ഓജസ് ചൂണ്ടിക്കാട്ടി.

ചിക്കാഗോയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി വള്ളിക്കളം ടീമിനു ലഭിക്കുന്ന പിന്തുണയില്‍ സന്തോഷം പ്രകടിപ്പിച്ചു. നിങ്ങള്‍ നല്ല മനുഷ്യരാണെന്നും മഴവില്‍ വര്‍ണ്ണമുള്ളവരാണെന്നും ചിലര്‍ പറഞ്ഞത് തമാശയായിട്ടാണെങ്കിലും അതും അംഗീകാരമായെടുക്കുന്നു. ഫോമയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നത് നിയോഗവും ഭാഗ്യവുമായി കരുതുന്നു. ഫോമയെ അടുത്ത തലത്തിലേക്കുയർത്താനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്.

ജോ. സെക്രട്ടറിയായി മത്സരിക്കുന്ന ഡോ. ജയ്‌മോള്‍ ശ്രീധര്‍ കഴിഞ്ഞ തവണ മത്സര രംഗത്തുനിന്നും മാറിനിന്നത് ഇത്തവണ ഈ ടീമിനൊപ്പം മത്സരിക്കാനായിരിക്കാമെന്നു സണ്ണി വള്ളിക്കളം ചൂണ്ടിക്കാട്ടി.  

ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ സ്ത്രീ ശാക്തീകരണത്തെപ്പറ്റി സംസാരിച്ചു. മുഖ്യധാരാ രാഷ്ട്രീയത്തില്‍  പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നതായാണ് കാണുന്നത്. അതിനാല്‍ സ്ത്രീകളെ അതിനായി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

യുവജനതയ്ക്കായി ഡ്രഗ് അവയര്‍നെസ് പരിപാടി സജീവമാക്കേണ്ടതുണ്ട്. ഡ്രഗിന് അടിപ്പെട്ട് ഒട്ടേറെ കുട്ടികള്‍ വഴിതെറ്റി നാശത്തിലേക്ക് പോകുന്നതായി കാണുന്നു. അതിനെതിരേ പ്രവര്‍ത്തിക്കാന്‍ ഫോമയ്ക്ക് പ്രത്യേക കടമയുണ്ട്. അത്തരം പരിപാടികള്‍ വ്യാപിപ്പിച്ചാല്‍ സ്ത്രീകളും കുട്ടികളുമൊക്കെ ഫോമയില്‍ സജീവമായി രംഗത്തുവരും. താന്‍ ആര്‍.വി.പിയായിരുന്നപ്പോള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു- ബിജു തോണിക്കടവില്‍ പറഞ്ഞു.

പാലാ സ്വദേശിയായ താന്‍ അമേരിക്കയില്‍ കാല്‍കുത്തിയത് ന്യൂയോർക്കിലാണെന്നും ഹോംടൗണ്‍ പോലെ തന്നെ ഒരു സ്‌നേഹം ന്യൂയോര്‍ക്കിനോടുണ്ടെന്നും ഡോ. ജയ്‌മോള്‍ ശ്രീധര്‍ പറഞ്ഞു. 'കല'യില്‍ പ്രവര്‍ത്തിക്കുകയും രണ്ടു വര്‍ഷം പ്രസിഡന്റായിരിക്കുകയും ചെയ്ത ശേഷമാണ് ഫോമയില്‍ പ്രവര്‍ത്തനനിരതയാകുന്നത്. വിദ്യാഭ്യാസ രംഗവും ആ  മേഖലയിലെ പരിചയവുമാണ് തന്റെ ശക്തി.

ഫോമയില്‍ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധി എന്ന നിലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. കൂടുതല്‍ സ്ത്രീകളും കുട്ടികളും ഫോമയില്‍ വരണന്നതാണ് തന്റെ നിലപാട്. ചെറുപ്പത്തിലേ കുട്ടികളെ സംഘടനയുമായി ബന്ധപ്പെടുത്തിയാല്‍ അവര്‍ പിന്നീടും സംഘടനയില്‍ വരും. അതുപോലെ അവര്‍ക്ക് ചുമതലകള്‍ നല്‍കുകയും, അതിന്റെ വിജയം സംബന്ധിച്ച അക്കൗണ്ടബിലിറ്റി ഉണ്ടാവുകയും ചെയ്താല്‍ സ്ഥിതി മാറും. ഇപ്പോള്‍ അവര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്.

നാട്ടില്‍ പഠനം നടത്തിയ നമുക്ക് ഇവിടുത്തെ വിദ്യാഭ്യാസത്തെപ്പറ്റി വലിയ വിവരമില്ല. ഇത് സംബന്ധിച്ച നെറ്റ് വര്‍ക്കിംഗ് വളരെ ഉപകാരപ്രദമായിരിക്കും. സ്‌കോളര്‍ഷിപ്പ്, കോഴ്‌സുകളുടെ പ്രാധാന്യം ഇവയൊക്കെ മനസിലാക്കാന്‍ ഇത് ഉപകരിക്കും.

ഏതെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്താന്‍ അത് വിജയകരമാക്കുക എന്നത് ദൗത്യമായെടുക്കുന്ന വ്യക്തിയാണ് താനെന്നും അവര്‍ പറഞ്ഞു.

2008-ലെ ഓണത്തിന് കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയില്‍ ആരംഭിച്ചതാണ് തന്റെ സംഘടനാ പ്രവര്‍ത്തനമെന്ന് ജോ. ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജയിംസ് ജോര്‍ജ് പറഞ്ഞു. ഫോമയില്‍ ഒരു നേതൃസ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുമെന്ന് കരുതിയതല്ല. ഒരു വര്‍ഷം നാട്ടില്‍പോയി തിരിച്ചുവന്നപ്പോള്‍ തന്റെ പേരില്‍ ഒരു ഫ്‌ളെയര്‍ കണ്ടു. തന്നെ കാന്‍ജ് പ്രസിഡന്റായി നോമിനേറ്റ് ചെയ്തു എന്നായിരുന്നു അത്.

ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ മുന്‍കാലത്ത് വിഷമകരമായിരുന്നുവെങ്കില്‍ ഇപ്പോഴത് സാധ്യമാണ്. കഴിഞ്ഞ ദിവസം സ്റ്റാറ്റന്‍ഐലന്റില്‍ ചെന്നപ്പോള്‍ ഒരാള്‍ ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടത്തിയാല്‍ 25,000 ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞു. വന്‍കിട കോര്‍പറേഷനുകള്‍ക്കും മറ്റും കൂടുതല്‍ താത്പര്യം ന്യൂയോര്‍ക്കിലെ കണ്‍വന്‍ഷനുകളിലാണ്. നമുക്കും സ്പോണ്സര്മാര്ക്കും വലിയ വിസിബിലിറ്റി കിട്ടും.  ലോക സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ വന്നാല്‍ മന്‍ഹാട്ടന്‍ ക്രൂസ്, വൈറ്റ് വാട്ടര്‍ റാപ്ടിംഗ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും ഉള്‍പ്പെടുത്താം.

ഇത് സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയശേഷമാണ് താന്‍ ഇതൊക്കെ പറയുന്നത്. അതുപോലെ തങ്ങളെയൊക്കെ എങ്ങുനിന്നും ആരും കെട്ടിയിറക്കിയതല്ലെന്നും നിങ്ങളുടെ സഹോദരര്‍ തന്നെയാണെന്നും ജയിംസ് ജോര്‍ജ് പറഞ്ഞു.

ഫോമ ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,  മുന്‍ ട്രഷറര്‍ ഷിനു ജോസഫ്,  ലിസി മോന്‍സി, ഷോളി കുമ്പിളുവേലി, സണ്ണി കല്ലൂപ്പാറ, ഫിലിപ്പ് ചെറിയാന്‍, റോയി ചെങ്ങന്നൂര്‍, മിഡ്  ഹഡ്സൺ അസോസിയേഷനിൽ നിന്ന് കുര്യൻ ഉമ്മൻ, ബെറ്റി  ഉമ്മൻ, ന്യു ഇംഗ്ലണ്ടിൽ നിന്ന ഷമീമ റാവുത്തർ, ജെസി ജോസഫ്    തുടങ്ങിയവര്‍ സംസാരിച്ചു. 

എംപയര്‍ റീജിയന്‍ ആര്‍വിപി ആയി താന്‍ മത്സരിക്കുന്നതായി ചടങ്ങില്‍ ലിസി മോന്‍സി അറിയിച്ചു. കഴിഞ്ഞ തവണ തുല്യ വോട്ട് കിട്ടയപ്പോള്‍ നറുക്കെടുത്തപ്പോള്‍ അവസരം നഷ്ടപ്പെട്ടതാണ്. ഫോമയില്‍ വനിതകള്‍ക്ക് അര്‍ഹമായ സ്ഥാനം വേണം. വിജയിക്കുന്നതുവരെ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.

ഫോമക്കു കരുത്ത് പകരാൻ ഡോ. ജേക്കബ് തോമസും ടീമും. എമ്പയർ റീജിയണിലെ പ്രചാരണം മികച്ചതായി  
ഫോമക്കു കരുത്ത് പകരാൻ ഡോ. ജേക്കബ് തോമസും ടീമും. എമ്പയർ റീജിയണിലെ പ്രചാരണം മികച്ചതായി  
Join WhatsApp News
Jose Cheruvila 2022-03-30 19:53:55
ഫോമക്കെന്തര് ഇപ്പോൾ കരുത്തില്ലെ? ചുമ്മ ഓരോ ഉടായിപ്പുകൾ.
Betty Oommen 2022-03-31 01:30:00
Association presidents ഈ meeting ൽ സംസാരിച്ചിട്ടുണ്ട്. അവരെ recognize ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക