Image

ഭാര്യാ സുഹൃത്തിന്റെ അഴിമതി ഇമ്രാന്റെ ഉത്തരം മുട്ടിക്കുന്നു 

Published on 06 April, 2022
ഭാര്യാ സുഹൃത്തിന്റെ അഴിമതി ഇമ്രാന്റെ ഉത്തരം മുട്ടിക്കുന്നു 

പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യയുടെ സുഹൃത്ത് കോടികളുടെ അഴിമതി കേസുകളിൽ നിന്ന് തടിയൂരാൻ രാജ്യം വിട്ടതിനെ ചൊല്ലി ഇമ്രാന്റെ മന്ത്രിയും മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റു  മുട്ടൽ. ഉത്തരം മുട്ടിയപ്പോൾ ഇമ്രാന്റെ സഹായികൾ സ്ഥലം വിട്ടു. 

ഞായറാഴ്ചയാണ് ഇമ്രാന്റെ മൂന്നാം ഭാര്യ ബുഷ്‌റ ബിബിയുടെ ഉറ്റ സുഹൃത്ത് ഫറാ ഖാൻ ദുബായിലേക്കു മുങ്ങിയത്. അഴിമതി വിരുദ്ധൻ എന്ന പരിവേഷത്തിൽ അധികാരമേറിയ ഇമ്രാൻ ഈ സംഭവത്തെ തുടർന്ന് പരുങ്ങലിലായി. പഞ്ചാബിൽ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റം ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ യാതൊരു അധികാരവും ഇല്ലെങ്കിലും ഫറ ഇടപെട്ടിരുന്നു എന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്. 600 കോടി പാകിസ്ഥാനി രൂപയുടെ അഴിമതിയാണ് അവരിൽ പ്രതിപക്ഷം ആരോപിക്കുന്നത്.  

ബുധനാഴ്ച ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പി ടി ഐ) പാർട്ടിയുടെ നേതാക്കൾ വിളിച്ച മാധ്യമ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് വാർത്താ വിതരണ മന്ത്രിയായിരുന്ന ഫവാദ് ചൗധുരി തട്ടിക്കയറി. മാധ്യമലേഖകനെ ആരോ കൂലിക്കെടുത്തതാണെന്നു അദ്ദേഹം ആരോപിച്ചു. 

ആരാണ് കൈക്കൂലി കൊടുത്തതെന്നു തനിക്കറിയാമെന്നു ആരോപിച്ചു കൊണ്ട് റിപ്പോർട്ടറെ ചീത്ത വിളിക്കാൻ തുടങ്ങി ഫവാദ്. 
ഇതോടെ അദ്ദേഹം മാപ്പു ചോദിക്കണമെന്ന് ലേഖകന്മാർ ഒന്നടങ്കം  ആവശ്യപ്പെട്ടു. എന്തിനു മാപ്പു ചോദിക്കണം എന്ന നിലപാടിലായി അപ്പോൾ  ഫവാദ്. 

അതോടെ ലേഖകന്മാർ മൈക്ക് താഴെ വച്ചു. പി ടി ഐ നേതാക്കൾ അതോടെ സ്ഥലം വിടുകയും ചെയ്തു. 

പറന്നും പാഞ്ഞും 

ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നാൽ അദ്ദേഹം വീഴും  എന്നുറപ്പായ ഞായറാഴ്ചയാണ് ഫറാ ഖാൻ 90,000 ഡോളർ (16,603,636 പാക്കിസ്ഥാനി രൂപ) വില വരുന്ന ബാഗിൽ നിരവധി വില പിടിച്ച സാധങ്ങളുമായി എമിറേറ്റ്സ് വിമാനത്തിൽ ദുബായിക്കു പറന്നത്. ബുർഖ ധരിച്ചിരുന്ന അവർക്കു പൊലിസ് എസ്കോർട് ഉണ്ടായിരുന്നുവത്രേ. കാലിൽ അണിഞ്ഞിരുന്ന ഹെര്മെസ്‌ സാൻഡൽസിനും വൻ വിലയുണ്ട്. 
അതെല്ലാം അഴിമതിപ്പണമാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ബുഷ്റയുമായുള്ള അടുപ്പം കൊണ്ട് പഞ്ചാബിൽ തൂത്തു  വാരിയ പണം.

അവരുടെ ഭർത്താവ് അഹ്സാൻ ജമീൽ മാർച്ച് 31 നു രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കു പറന്ന ജമീൽ ഇപ്പോൾ ദുബായിലുണ്ടെന്നു കേൾക്കുന്നു. ഇമ്രാന്റെ അഴിമതിക്കഥകൾ പറയാൻ കഴിയുന്ന പല സുഹൃത്തുക്കളും ഇതു പോലെ മുങ്ങിയെന്നാണ് പ്രതിപക്ഷ ആരോപണം. 

ഫർഹാത് ഷെഹ്‌സാദി എന്ന ഫർഹാൻ ഖാൻ പഞ്ചാബിൽ പി ടി ഐ ഭരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ അധികാരങ്ങൾ കൈയാളി എന്നാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് (പി എം എൽ-എൻ) നേതാവ് മറിയം നവാസ് ആരോപിക്കുന്നത്. സൂഫി പണ്ഡിതയായ ബുഷ്‌റ 2018 ലെ വിവാഹ ശേഷം ഇമ്രാന്റെ ആധ്യാത്മിക ഉപദേഷ്ടാവ് കൂടിയാണ്. പിങ്കി പ്രീണി എന്ന പേരിൽ അറിയപ്പെടുന്ന ആധ്യാത്മിക നേതാവാണ് അവർ. ഫറാ ആവട്ടെ, ഇക്കാര്യത്തിൽ അവരുടെ സഹായിയും. 

എന്നാൽ ഫറാ ഖാനു തന്റെ കുടുംബവുമായി അടുപ്പമൊന്നും ഇല്ലെന്നു ബുഷ്റയുടെ മകൻ മൂസ മനേക പറയുന്നു. "അവരുടെ ഇടപടികളുമായി ഞങ്ങൾക്ക് ബന്ധമൊന്നും ഇല്ല. ദുബായിൽ താമസിക്കാനാണ് അവർ പോയത്." 

ഫറാ ഖാൻ ഇമ്രാനെയും തന്റെ മാതാവിനെയും ചീത്തയാക്കാൻ ശ്രമിച്ചു എന്നും മൂസ ആരോപിക്കുന്നു.

മറിയം നവാസിന്റെ വാക്കുകൾ: "ബുഷ്‌റ ബീബിയുടെ സുഹൃത്തായ ഫറ ഖാൻ നടത്തിയ അഴിമതികൾക്കു ബനിഗാളയുമായി (ഇമ്രാന്റെ വസതി) നേരിട്ട് ബന്ധമുണ്ട്. സ്ഥലം മാറ്റം, നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കു കോടിക്കണക്കിനു രൂപയാണ് അവർ തട്ടിയത്.

"വരും ദിവസങ്ങളിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തു വരും. ഇമ്രാൻ ഖാൻ തന്റെ കവർച്ചകൾ പുറത്താകും എന്ന ഭീതിയിലാണ്."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക