Image

തൂവൽക്കിനാവ്,ഹായ് , കഥ ! - 80 - പ്രകാശൻ കരിവെള്ളൂർ

Published on 06 April, 2022
തൂവൽക്കിനാവ്,ഹായ് , കഥ ! - 80 - പ്രകാശൻ കരിവെള്ളൂർ

ചിത്രാങ്കിതദേശം സൗമ്യതയുടേയും സാവധാനത്തിന്റേതുമാണ്. ആ മാലാഖനാട്ടിൽ ആർക്കും ഒരു തിടുക്കവുമില്ല. മെല്ലെ എന്നാൽ നല്ല എന്നായിരുന്നു ദേശതത്വം. എന്നാൽ ഒരു വസന്തത്തിന്റെ പല മണബഹുവർണ്ണപ്പൂന്തിരമേളത്തിൽ കുറേ മാലാഖമാർ സർവം മറന്നു. ഗഗനയെന്നൊരു മാലാഖ വിഹഗവേഗത്തിൽ പറന്ന് തോഴിമാരിൽ നിന്ന് ഒറ്റയ്ക്കായിപ്പോയി. തോഴിമാർ അവളെയും അവൾ തോഴിമാരെയും തിരഞ്ഞ് നേരം അന്തിയായി. ഇരുട്ടു വീണാൽ പിന്നെ ചിത്രാങ്കിതദേശത്ത് പ്രവേശനമില്ല. കവാടത്തിൽ നിന്ന് അകത്തു കടക്കാൻ കഴിയാതെ ചിറകു കൊഴിഞ്ഞ് ആ മാലാഖമാർ ഭൂമിയിൽ വീഴും. ഇതു പേടിച്ച് തോഴിമാരെല്ലാം തിരിച്ചു പറന്നു. എന്നാൽ കാവൽ മാലാഖ അവരെ തടഞ്ഞു. ഒരാൾ കൂടിയുണ്ട്. അവളെയും കൂട്ടിയേ അകത്ത് കടക്കാവൂ. മാലാഖമാർ ഗഗനയെ കാണുന്നില്ലെന്ന് ഉണർത്തിച്ചു.
ശരി, നിങ്ങൾ അകത്ത് കയറിക്കോളൂ. നാളെ മുതൽ നിങ്ങൾക്ക് പുറത്ത് പറന്നു നടക്കാനാവില്ല. പറക്കണമെങ്കിൽ ഗഗന അവൾക്ക് ചിറകിനുള്ള തൂവൽ കൂടാതെ നിങ്ങൾക്ക് പറക്കാനുള്ള തൂവലുകളും കൂടി പക്ഷികളിൽ നിന്ന് ശേഖരിച്ച് കൊണ്ടു വരണം .
മാലാഖമാർക്ക് വല്ല വിധേനയും ശാപത്തിൽ നിന്ന് രക്ഷപ്പെടണമായിരുന്നു. അവർ എല്ലാം സമ്മതിച്ചു.
ഗഗന വസന്തത്തിന്റെ ഉന്മാദത്തിൽ കാറ്റത്തെ കരിയില പോലായിരുന്നു. പോയി വീണത് എവിടെയാണെന്ന് അവൾക്ക് യാതൊരു നിശ്ചയവുമില്ലായിരുന്നു. എന്നാൽ ഉണർന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ചിറകുകൾ രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു ! ഇനി എങ്ങനെ പറക്കും ? അവൾ വാവിട്ട് കരഞ്ഞു.
ക്രമേണ അവൾ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ടു. 
മാനത്തേക്ക് നോക്കി എന്നുമവൾ കിളികളിൽ നിന്നും തൂവലുകൾ അടർന്നു വീഴുന്നതും കാത്തു കാത്ത് നിന്നു . കുറേ നാളുകൾ കൊണ്ട് ആ തൂവലുകൾ കൊണ്ട് ഗഗന തന്റെ ചിറകിന് ജീവൻ വെപ്പിച്ചു. തിരിച്ച് ചിത്രാങ്കിത ദേശത്തേക്ക് പറന്നു. കാവൽ മാലാഖ പറഞ്ഞു - നിന്നോടൊപ്പം ചിറക് നഷ്ടപ്പെട്ട ഏഴ് മാലാഖമാരുണ്ട്. അവർക്ക് ചിറകിന് വേണ്ട തൂവൽ കൊണ്ടു വരേണ്ട ചുമതലയും നിന്റേതാണ്.
ഗഗന വീണ്ടും കിളി കുലം ചേക്കേറുന്ന വൻ മരങ്ങളിലേക്ക് പറന്നു. ചിലർ അടർന്നു വീണ തൂവലുകൾ കൊണ്ട് കൂടുണ്ടാക്കിയിട്ടുണ്ടായിരുന്നു. ഞങ്ങൾ ചകിരിനാര് കൊണ്ടും ഇലകൾ കൊണ്ടും കൂടുണ്ടാക്കിക്കൊള്ളാം. നീയിത് കൊണ്ടു പോയ്ക്കോ. കിളികൾ ഉദാരമനസ്കരായി . ഗഗന കിളികളോട് നന്ദി പറഞ്ഞ് തൂവൽക്കെട്ടുമായി ചിത്രാങ്കിതദേശത്തെത്തി.  തോഴിമാർക്കെല്ലാം തൂവൽ കൊടുത്തു. അവർക്കും ചിറകിന് ജീവൻ വെപ്പിക്കാൻ കഴിഞ്ഞു.
കാവൽ മാലാഖ ഓർമ്മിപ്പിച്ചു - കൂട്ടുകാരേ, വേഗത ഒരു ഭ്രമമാണ്. അതിന്റെ അനന്തരഫലം പുഴുവിനെപ്പോലെ ഇഴയലാവും. ഈയാം പാറ്റകളെ കാണുന്നില്ലേ ? ചിറകു മുളച്ച ആവേശത്തിൽ അതിവേഗം തീയിലേക്ക് പറക്കും. ചിറക് കരിഞ്ഞ് മണ്ണിൽ വീണിഴയും. കിട്ടിയ ചിറകുകൾ കാക്കാൻ നല്ലത് മിതവേഗതയാ . അമിതമായാൽ വേഗതയും വിഷമം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക