Image

തോൽക്കാൻ പഠിച്ച കുട്ടി,ഹായ് , കഥ ! - 81 - പ്രകാശൻ കരിവെള്ളൂർ

Published on 08 April, 2022
തോൽക്കാൻ പഠിച്ച കുട്ടി,ഹായ് , കഥ ! - 81 - പ്രകാശൻ കരിവെള്ളൂർ

ഇഷ്ടമുള്ള കാര്യം ചെയ്യാൻ അവനെ ആരും നിർബന്ധിക്കണ്ട. കുഞ്ചുവിനെക്കുറിച്ച് അമ്മ അഭിമാനത്തോടെ പറയുമായിരുന്നു. 
വായന കുഞ്ചുവിന് ഏറ്റവും പ്രിയം . ഒരു ബ്രാഹ്മണ ബാലനെ സംബന്ധിച്ച് അങ്ങേയറ്റം പ്രധാനമായ പരീക്ഷയാണ് വരാൻ പോകുന്നത്. ഋഗ്വേദമാണ് അടിസ്ഥാന സിലബസ് . പരീക്ഷയിൽ പങ്കെടുക്കാൻ എൻട്രൻസ് ഉണ്ട്. പരിസരത്തുള്ള കുറേ അമ്പലങ്ങളിൽ പോയി ശ്ളോകങ്ങൾ ചൊല്ലണം. സമക്ഷം എന്നാണ് ഈ പരീക്ഷയുടെ പേര് . അതിൽ കുഞ്ചു വിജയിച്ചപ്പോൾ അമ്മയ്ക്ക് സന്തോഷമായി.
രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിക്കുന്ന മകന് അമ്മ കട്ടൻ ചായ ഉണ്ടാക്കിക്കൊടുത്തു.
എന്നാൽ കുഞ്ചു വായിച്ചിരുന്നത് ഋഗ്വേദമായിരുന്നില്ല. വൃത്താന്ത പത്ര പ്രവർത്തനം ആയിരുന്നു. പത്ര പ്രവർത്തനത്തിന്റെ പേരിൽ തിരുവിതാംകൂറിൽ നിന്ന് കണ്ണൂരിലേക്ക് നാടു കടത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ പുസ്തകം. ദൈവം തെറ്റ് ചെയ്താൽ ഞാൻ അതും റിപ്പോർട്ട് ചെയ്യും എന്ന പിള്ളയുടെ വാക്കുകൾ കുഞ്ചുവിന്റെ മനസ്സിൽ അലയടിച്ചു. കുഞ്ചു നോക്കിയപ്പോൾ ഇല്ലത്തെ ഇരുട്ടിൽ നിന്നും കുറേ ദൈവങ്ങൾ കുഞ്ചുവിനെ കണ്ണുരുട്ടിക്കാണിച്ചു. ദൈവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തലശ്ശേരിക്കാരനായ ഒയ്യാരത്ത് ചന്തുവിനെ കൂട്ടു കിട്ടി. അദ്ദേഹത്തിന്റെ ഇന്ദുലേഖ, ശാരദ എന്നീ നോവലുകൾ ആർത്തിയോടെ വായിച്ചു. ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പാടിനെ പരിചയപ്പെട്ടതോടെ കുഞ്ചുവിന്റെ മനസ്സിൽ സംശയം - ഇതു പോലൊരു കോമാളിയാകാനാണോ നമ്പൂതിരിമാർ ഋഗ്വേദം പഠിക്കുന്നത് ?
പരീക്ഷയുടെ തലേന്ന് സീ വി രാമൻ പിള്ളയുടെ മാർത്താണ്ഡ വർമ്മയിൽ മുഴുകിയ കുഞ്ചു ഒന്ന് തീരുമാനിച്ചിരുന്നു - ഈ പരീക്ഷയിൽ എനിക്ക് ഒന്നാമനാവണം . തോറ്റവരുടെ കൂട്ടത്തിൽ ഒന്നാമൻ ! 
തൃശൂരെ കടവല്ലൂര് ശ്രീരാമക്ഷേത്രത്തിൽ എല്ലാവർഷവും നവംബറിൽ നടക്കുന്ന വേദമത്സരപ്പരീക്ഷയിൽ  
പങ്കെടുക്കാൻ കുഞ്ചുവുമെത്തി. 
വാരമിരിക്കുക, ജട ചൊല്ലുക, രഥ ചൊല്ലുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട് ഈ പരീക്ഷയ്ക്ക് . മൂന്നിലും കുഞ്ചുവിന് മുന്തിയ തോൽവി തന്നെ വേണം. അതുകൊണ്ട് നന്നായി മന:പാഠമായിരുന്ന ശ്ളോകങ്ങൾ പോലും ചൊല്ലാതെ കുഞ്ചു 
വിദ്വാന്റെ മൗനം പാലിച്ചു. കുഞ്ചു തോറ്റത് ബ്രാഹ്മണ വിദ്യാർത്ഥികൾക്കിടയിലെ ഏറ്റവും വലിയ ലക്ഷ്യമായ കടവല്ലൂരന്യോന്യം ! 

പരീക്ഷ കഴിഞ്ഞ് പോകുമ്പോൾ കുഞ്ചുവിന് ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ - താൻ തോൽക്കുകയല്ലല്ലോ ... അമ്മയെ തോൽപ്പിക്കുകയായിരുന്നില്ലേ ?

ആ വേദനയോടെയാണ് 
കുഞ്ചു ഇല്ലത്തേക്ക് മടങ്ങിയത്. 
പൂമുഖത്തു തന്നെ അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു. കുഞ്ചു മടിച്ച് മടിച്ച് പറഞ്ഞു - അമ്മേ, ഞാൻ തോറ്റു.
അമ്മ പറഞ്ഞു - അതെനിക്കറിയാലോ .
കുഞ്ചു അദ്ഭുതത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
അമ്മ ചിരിച്ചു കൊണ്ട് മകന്റെ കുടുമയിൽ വിരലോടിച്ചു - ഇന്ദുലേഖയും മാർത്താണ്ഡവർമ്മയും വായിച്ചാലെങ്ങനെയാ കുഞ്ചു ൠഗ്വേദം പരീക്ഷ ജയിക്കുക ?
അത് ഏലംകുളത്തു മനയിലെ വിഷ്ണുദത്ത അന്തർജനം . അവരുടെ മകൻ കുഞ്ചുവാണ് പിൽക്കാലത്ത് കേരളം കണ്ട ഏറ്റവും നല്ല ഭരണത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയായത്. സഖാവ് ഈഎംഎസ് !

Join WhatsApp News
Jacob 2022-04-14 19:02:18
EMS has destroyed job opportunities for hundreds of thousands of young folks in Kerala due to his anti-business policies. West Bengal and Kerala were bastions of Communism. Now Bengalis are coming to Kerala looking for labor jobs. Malayalees are going abroad looking for job opportunities. Now Kerala has mostly an aging population living in fear. EMS destroyed Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക