Image

എഴുത്തിന്റെ വഴിയിൽ നവ ചരിത്രം രചിച്ച് പ്രകാശൻ കരിവെള്ളൂരിന്റെ ഹായ് ,കഥ !

Published on 09 April, 2022
എഴുത്തിന്റെ വഴിയിൽ  നവ ചരിത്രം രചിച്ച് പ്രകാശൻ കരിവെള്ളൂരിന്റെ   ഹായ് ,കഥ !

ചരിത്രത്തിലാദ്യമായി ഒരു ഓൺലൈൻ പംക്തി മുമ്പില്ലാത്ത വിധം മാധ്യമങ്ങളുടെയും വായനക്കാരുടെയും ശ്രദ്ധ നേടുകയാണ്. അധ്യാപകൻ കൂടിയായ പ്രകാശൻ കരിവെള്ളൂർ എന്ന എഴുത്തുകാരനാണ് ഹായ് കഥ എന്ന തുടർ പംക്തിയിലൂടെ എഴുത്തിനും വായനക്കും പുതിയ സാധ്യത തുറന്നിട്ടത്. കൊടക്കാട്ട് G W U P S ലെ അധ്യാപകനായ പ്രകാശൻ തന്റെ വിദ്യാർത്ഥികൾക്ക്  ദിവസവും ഒരു പുതിയ കഥ ഉണ്ടാക്കി പറഞ്ഞു കൊടുക്കുന്ന രീതിയാണ് ഇപ്പോൾ ലോകം മുഴുവനുമുള്ള മലയാളികളായ കഥാ പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റുന്നത്.

ഹായ് കഥയുടെ ഒന്നാം ഭാഗം ഈ - മലയാളി ഗ്രൂപ്പ് ഈ - ബുക്ക് ആക്കിയതോടെ പംക്തിയുടെ പ്രചാരം വർധിച്ചു. കേരളത്തിൽ മാത്രമല്ല പുറത്തും വിദ്യാലയങ്ങളിൽ മലയാളം പഠന പ്രവർത്തനങ്ങൾക്കായി ഹായ് കഥ പ്രയോജനപ്പെടുത്തുന്നുണ്ട്. ഏപ്രിൽ 10 ഞായർ രാത്രി 8 മണി ഈ ബുക്ക് നാലാം ഭാഗം പ്രശസ്ത കഥാകാരൻ അംബികാസുതൻ മാങ്ങാട് പ്രകാശനം നിർവഹിക്കുന്നതോടു കൂടി ഹായ് കഥ 100 ലക്കം പൂർത്തിയാവുകയാണ്.

ഈ കഥകളുടെ കൂട്ടത്തിൽ ഉള്ള കഥകളും ഉണ്ടാക്കിയ കഥകളും ഉണ്ട് . യഥാർത്ഥവ്യക്തികളെയും സംഭവങ്ങളെയും കഥയാക്കി മാറ്റുന്നതിൽ മുമ്പാരും സ്വീകരിച്ചിട്ടില്ലാത്ത സവിശേഷ ശൈലിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. പൊതുവേ മുഖ്യധാരാ കഥാലോകത്ത് അപൂർവമായി മാത്രം കടന്നു വരുന്ന നർമ്മത്തെ പ്രകാശൻ പല കഥകളിലും സരസമായി പ്രയോഗിച്ചിട്ടുണ്ട്. ഫാന്റസിയുടെ അനന്ത സാധ്യതകൾ ഇവിടെ ചിറകു വിരിക്കുന്നു. കേട്ടുകേൾവികളെ മിത്തിന്റെ ചാരുതയിലേക്ക് പടർത്തി വളർത്തിയെടുത്ത കഥകളുണ്ട്. പുതിയ മിത്തുകൾ സൃഷ്ടിച്ചെടുത്ത ചില കഥകളും കാണാം. പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളോട് ബന്ധപ്പെട്ട ചില സംഗതികളും പ്രകാശൻ രസകരമായി ആവിഷ്കരിക്കുന്നു.

ജാടയില്ലാത്ത എഴുത്താണിത്. ലളിതവും സുന്ദരവും ശക്തവുമാണ്. അതു കൊണ്ട് തന്നെ ഹായ് , കഥകൾ പ്രായഭേദമന്യേ ആർക്കും അയത്നലളിതമായി വായിക്കാൻ കഴിയുന്നു. നമ്മുടെ നടപ്പുകഥാരീതികൾക്ക് റബലായി ഒരു ജനകീയ കഥാഖ്യാനത്തിന് ഹായ് കഥയിലൂടെ പ്രകാശൻ കരിവെള്ളൂർ തുടക്കം കുറിച്ചിരിക്കുന്നത്.

ഹായ് കഥ ലക്കങ്ങളായി ഇ മലയാളിയിൽ പ്രസിദ്ധീകരിച്ചു വരുന്നത് വായനക്കാരുടെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക