പ്രസംഗത്തിനപ്പുറം പ്രവര്‍ത്തന മികവുമായി വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജനവിധി തേടുന്നു 

കെ. കെ. വർഗീസ് Published on 09 April, 2022
പ്രസംഗത്തിനപ്പുറം പ്രവര്‍ത്തന മികവുമായി വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജനവിധി തേടുന്നു 

അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജനവിധി തേടുന്ന വിനോദ് കൊണ്ടൂര്‍ ഡേവിഡ് തന്റെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ മികവുമായാണ് രംഗത്തുള്ളത്. ഫോമായുടെ 2022-24 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വ്യത്യസ്ത ആശയങ്ങളുമായാണ്, ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള 'ഫോമാ ഫാമിലി ടീമി'നൊപ്പം വിനോദ് നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നത്.

ഫോമാ ദേശീയ സമിതിയംഗം, നാഷണല്‍ ജോയിന്റ് സെക്രട്ടറി, രണ്ടു തവണ ഫോമാ ന്യൂസ് ടീമിന്റെ ചെയര്‍മാന്‍ എന്നീ നിലകളിള്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ്, മികച്ച സംഘാടകനെന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2010-ല്‍ ഫോമായില്‍ എത്തിയത്  മുതല്‍, സംഘടനയോട് ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഫിസിക്കല്‍ തെറാപ്പിസ്റ്റായി ഔദ്യോഗിക ജീവിതം നയിക്കുന്ന വിനോദ് കൊണ്ടൂര്‍. ഫോമായെ മാറ്റത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി വിവിധ ആശയങ്ങളുമായുമാണ് 'ഫോമാ ഫാമിലി ടീം' അംഗങ്ങളുടെ സമ്മതിദാനാവകാശം തേടുന്നത്. അംഗ സംഘടനകളുടെ പ്രതിനിധ്യം വര്‍ധിപ്പിച്ച്, എല്ലാ പ്രായക്കാരേയും ഉള്‍പ്പെടുത്തി, ജാതി, മത വേലിക്കെട്ടുകളുടെ സങ്കുചിതത്വങ്ങള്‍ക്കപ്പുറം ഒരു കുടുംബ സംഘടനയായി, ഫോമായെ കൂടുതല്‍ ജനപ്രിയമാക്കുക എന്ന ആശയമായാണ് 'ഫോമാ ഫാമിലി ടീം' അവതരിപ്പിക്കുന്നത്.

ഫോമയില്‍ എല്ലാ പ്രായത്തിലുമുള്ളവരുടെ സജീവ പങ്കാളിത്തം നിലവില്‍ ഇല്ല എന്നത് സങ്കടകരമാണ്. ഒരു കണ്‍വന്‍ഷനോ പ്രാദേശിക സമ്മേളനമോ നടക്കുമ്പോള്‍ വനിതകളുടെയും യുവജനങ്ങളുടെയും സാന്നിധ്യം കുറയുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പുതുതലമുറയും സാംസ്ക്കാരിക സംഘടനകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു. ഇവരെയെല്ലാം ഫോമയുടെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയെന്നതാണ് ലക്ഷ്യമെന്ന് വിനോദ് വ്യക്തമാക്കുന്നു. 

അതിനായി  ഫോമായില്‍ നിലവിലുള്ള വിമണ്‍സ് ഫോറം, യൂത്ത് ഫോറം, സീനിയേഴ്‌സ് ഫോറം എന്നിവയ്ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കുന്നതിനൊപ്പം, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഫോമാ സ്റ്റുഡന്റ്‌സ് ഫോറം എന്ന ആശയമാണ് വിനോദ് കര്‍മപരിപാടിയില്‍ മുന്നോട്ട് വെക്കുന്നത്. 

നിലവില്‍, 80 അംഗ സംഘടനകളെ 12 റീജിയനുകളായി തിരിച്ചുകൊണ്ട് ഓരോ റീജിയനും ഓരോ റീജിയണല്‍ വൈസ് പ്രസിഡന്റ്മാര്‍ (ആര്‍.വി.പി), ഈരണ്ട് നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവരെ നിയോഗിച്ചുകൊണ്ടാണ് ലോക്കല്‍ കമ്മിറ്റികള്‍ രൂപീകരിക്കപ്പെടുന്നത്. ആ കമ്മിറ്റികളാണ് വിമന്‍സ് ഫോറത്തിലും യൂത്ത് ഫോറത്തിലും ഒക്കെ അംഗങ്ങളെ നിശ്ചയിക്കുന്നത്. 

ഇത്തരത്തിലുള്ള നടപടി ക്രമങ്ങൾ സുതാര്യതയുള്ളതാക്കണം. നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്തവരെ അല്ലെങ്കിൽ സംഘടനകളെ വ്യക്തിപരമായ താത്പര്യങ്ങളുടെ പേരില്‍ അവഗണിക്കുകയും ചെയ്യുന്നു. മറ്റൊരു തരത്തിൽ, സംഘടനകൾക്ക് നേതാക്കളോട് താത്പര്യം കുറഞ്ഞാലും, അംഗ സംഘടന ഫോമായോട് ചേർന്ന് പ്രവർത്തിക്കാൻ വിമുഖത കാണിക്കും. തന്‍മൂലം സംഘടനകളുടെ പ്രാതിനിധ്യവും ഇല്ലാതാക്കപ്പെടുന്നു. നിലവിലുള്ള ഈ രീതിക്ക് മാറ്റം വരണമെങ്കിൽ, അംഗ സംഘടനകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് വിനോദ്  ആവര്‍ത്തിച്ച് പറയുന്നു. 

വുമണ്‍സ് ഫോറം, യുത്ത് ഫോറം, സീനിയേഴ്‌സ് ഫോറം എന്നിവയ്ക്ക് പുറമെ പുതുതായി രൂപീകരിക്കപ്പെടുന്ന സ്റ്റുഡന്റ്‌സ്  ഫോറം എന്നിവയിലേക്ക്, ഫോമയുടെ എല്ലാ അംഗ സംഘടനകളുടെയും പങ്കാളിത്തം ഉണ്ടാവണം. ഒരോ അംഗസംഘടനയിൽ നിന്നും ഈ നാലു ഫോറങ്ങളിലേക്ക് ഒരു പ്രതിനിധി എങ്കിലും വേണം. അത്തരത്തിലൊരു സംവിധാനം അനിവാര്യമാണ്. അങ്ങനെ വന്നാല്‍ മേല്‍ സൂചിപ്പിച്ച നാല് ഫോറം കമ്മറ്റികളില്‍, 80 അംഗസംഘടനകളുടെ പ്രതിനിധികള്‍ക്കും പ്രവര്‍ത്തിക്കാനാവും. 

കെട്ടുറപ്പുള്ള ഈ സംഘടനാ സംവിധാനത്തിലൂടെ ഫോമയില്‍ നിരന്തരമായി നടക്കുന്ന കാര്യങ്ങള്‍ കൃത്യമായും അംഗസംഘടനകളെ അറിയിക്കാന്‍ പറ്റും. അതുപോലെതന്നെ അംഗസംഘടനകളില്‍ നിന്നും ഉരുത്തിരിയുന്ന കാലികപ്രസക്തമായ പുത്തന്‍ ആശയങ്ങള്‍ ഫോമയില്‍ പ്രാവര്‍ത്തികമാക്കാനും കഴിയും. അങ്ങനെ വിവിധ പ്രായത്തിലുള്ളവരുടെ ജനാധിപത്യവും ആരോഗ്യകരവുമായ കമ്മ്യൂണിക്കേഷന് കളമൊരുങ്ങുകയും ചെയ്യും.

ഫോമാ എന്ന ബൃഹദ് സംഘടനയുടെ വിവിധ തലങ്ങളില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച വിനോദ് യുവത്വത്തിന്റെ പതാകയും വഹിക്കുന്നു. ഫോമായ്ക്ക് ഇനി ഉത്തരവാദിത്വവും ഊര്‍ജ്വസ്വലവുമായ ഒരു ടീം വേണമെന്നിരിക്കെ സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പാനലിലാണ് വിനോദ് കൊണ്ടൂര്‍ ഡേവിഡ് നിലയുറപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഇദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ഫോമായില്‍ മാത്രമല്ല, അമേരിക്കന്‍ മലയാളി സമൂഹത്തിലും അംഗീകാരം നേടിയിട്ടുണ്ട്. 

അതുകൊണ്ടുതന്നെയാണ് അദ്ദേഹം നിശ്ചയദാര്‍ഢ്യത്തോടെ ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ ജനസമ്മിതിക്ക് അഭ്യര്‍ത്ഥന നടത്തുന്നത്. അംഗസംഘടനകളുടെ പ്രതിനിധ്യം കൂട്ടാന്‍ നെറ്റ് വര്‍ക്കിംഗ് ഐഡിയകളുമായാണ് വിനോദ് കൊണ്ടൂരിന്റെ രംഗപ്രവേശനം.

2008ല്‍ അമേരിക്കയിലെത്തിയ വിനോദ്, 2009 മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. 2010-2012 കാലഘട്ടത്തില്‍ ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ് എന്നിവരുടെ കാലം മുതലാണ് വിനോദ് ഫോമായോട് ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. 2012-'14 പ്രവര്‍ത്തന വര്‍ഷത്തില്‍ ജോര്‍ജ് മാത്യൂ, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ് നേതൃത്വത്തിലുള്ള സമയത്ത്, ജിബി തോമസിൻ്റെ നേതൃത്വത്തിൽ ന്യൂജേഴ്സിയിൽ നടന്ന യങ്ങ് പ്രഫഷണല്‍ സമ്മിറ്റില്‍ നേതൃപരമായ പങ്ക് വഹിച്ചു. 2014-16 ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡ്, ജോയി ആന്റണി ടീമില്‍ ഫോമാ ദേശീയ സമിതി അംഗം, ഫോമാ ന്യൂസ് ടീം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആ ഭരണസമിതിയുടെ സമയത്ത്, ഡിട്രോയിറ്റിൽ വിനോദ് കൊണ്ടൂർ ചെയർമാനായി യങ്ങ് പ്രൊഫഷണൽ സമ്മിറ്റ് സംഘടിപ്പിച്ചു. 2016-18 കാലഘട്ടത്തില്‍ ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ജോസി കുരിശിങ്കല്‍, ലാലി കളപ്പുരക്കൽ, ജോമോൻ കുളപ്പുരക്കൽ  എന്നിവരുടെ ടീമില്‍ ജോയിന്റ് സെക്രട്ടറി, ന്യൂസ് ടീം ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.

ഫോമാ ഫാമിലി ടീമിന്റെ ജനപ്രിയ കര്‍മ പരിപാടികള്‍ പ്രവര്‍ത്തി പഥത്തിലെത്തിക്കുകയാണ് തന്റെ ചിരകാല സ്വപ്നമെന്ന് വിനോദ് പറഞ്ഞു. അതായത് വുമണ്‍സ് ഫോറത്തില്‍ ഇപ്പോഴുള്ള പരിപാടികളായ നേഴ്‌സസ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പരിപാടികള്‍ക്ക് ഒപ്പം ഒരു ഏകദിന കണ്‍വന്‍ഷന്‍ സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിക്കുക, ഒപ്പം ഫോമാ കുടുംബ കണ്‍വന്‍ഷനില്‍, കുട്ടികള്‍ക്കൊപ്പം സ്ത്രീകള്‍ക്കും ഡിസ്‌കൗണ്ട്  റേറ്റില്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ നല്‍കുക.

എകദിന കണ്‍വന്‍ഷനില്‍, വുമണ്‍ എംപവര്‍മെന്റ് സെമിനാറുകള്‍, ഹാന്‍ഡ്‌സ് ഓണ്‍ കുക്കിംഗ് ക്ലാസ്സുകള്‍ / മത്സരങ്ങള്‍, വനിതാ രത്‌നം മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, 

യൂത്ത് ഫോറത്തിനായി രണ്ടോ മൂന്നോ ദിവസങ്ങളിലായി ഒരു കണ്‍വന്‍ഷന്‍ അല്ലെങ്കില്‍ ഒരു യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുക, അതില്‍ കരിയര്‍ ഗൈഡന്‍സ്, ജോബ് ഫെയര്‍, മോട്ടിവേഷണല്‍ സ്പീക്കേഴ്‌സിന്റെ പ്രഭാഷണങ്ങള്‍, വിവാഹ പ്രായമായവര്‍ക്ക് അവര്‍ക്ക് ചേര്‍ന്ന മലയാളി ജീവിത പങ്കാളികളെ കണ്ടെത്തുന്നതിനായി ജിന്‍ഗിള്‍ മിന്‍ഗിള്‍ പ്രോഗ്രം, ബാസ്‌ക്കറ്റ് ബോള്‍ പോലുള്ള ഗെയിമുകള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ അജണ്ടയിലുണ്ട്.

കൂടാതെ സീനിയേഴ്‌സ് ഫോറത്തിനായി, ആദ്യ വര്‍ഷത്തെ ജനറല്‍ ബോഡിയോട് അനുബന്ധിച്ച്  മെഡികെയര്‍-മെഡികേയ്ഡ്-ഇന്‍ഷുറന്‍സ് തുടങ്ങിയവയെ കുറിച്ചുള്ള അറിവുകള്‍ പകരുന്നതിനായി സെമിനാറുകള്‍, സീനിയേഴ്‌സ് ഫോറത്തിനായി കാര്‍ഡ് ഗേയിംസ് ഒപ്പം സീനിയേഴ്‌സിനെ ആദരിക്കുകയും ചെയ്യും. ഫോമാ ഫാമിലി ടീം ജയിച്ചു വരികയാണെങ്കില്‍, ഫോമാ സ്റ്റുഡന്റസ് ഫോറം ആരംഭിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഫോമാ സ്റ്റുഡന്റസ് ഫോറത്തിന് പുറമെ റോബോട്ടിക്ക്‌സ്, പബ്ലിക്ക് സ്പീച്ച്, ജൂനിയര്‍-സീനിയര്‍ ഡാന്‍സ് കോമ്പറ്റീഷന്‍ തുടങ്ങിയ പരിപാടികള്‍ വുമണ്‍സ് ഫോറം എകദിന കണ്‍വന്‍ഷനോടൊപ്പമോ, ആദ്യ വര്‍ഷത്തെ ജനറല്‍ ബോഡിയോടൊപ്പമോ നടത്തും. സംഘടനാ പ്രവര്‍ത്തനത്തില്‍ നീണ്ട വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള വ്യക്തിത്വങ്ങളാണ് ഫോമാ ഫാമിലി ടീമിലുള്ളവര്‍. ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന വിനോദ് കൊണ്ടൂരിനൊപ്പം, പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ടാമ്പയിൽ നിന്നും ജെയിംസ് ഇല്ലിക്കൽ, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി സിജിൽ പാലയ്ക്കലോടി, ട്രഷററായി ജൊഫ്രിൻ ജോസ്, ജോയിൻ്റ് സെക്രട്ടറിയായി ബിജു ചാക്കോ, ജോയിൻ്റ് ട്രഷററായി ബബ്ലൂ ചാക്കോ എന്നിവർ മത്സരിക്കും.

 

Josettan 2022-04-12 00:33:40
കോണ്ടൂരേ നീ മിടുക്കനാ. നീ ജയിക്കും, ഇല്ലേൽ ഞങ്ങൾ ജയിപ്പിക്കും.
Ann 2022-04-12 01:38:39
One of the leadership qualities we, women, expect from men is to treat us with respect. Lately lots of women basing is going on in e-malayalee through articles and cartoon. Women make lots of contribution to society. Most of the houses both husband and wife work. There are lots of educated women in society and their contribution helps to build the future of our next generation. I haven't seen any women writing about men like the way men are writing about women. If people want to participate in your organization or read the paper, it is important to create a balanced atmosphere for everyone.
Ramachandran Koilakode 2022-04-12 12:19:33
ആൻ പറഞ്ഞത് കറക്റ്റ്. സ്ത്രീകളെ ഉദ്ധരിക്കും എന്ന് പറഞ്ഞിട്ട് ടീമിൽ ഒറ്റ സ്ത്രീ പോലുമില്ലല്ലോ മൽസരിക്കാൻ! ഫോമയിൽ സ്ത്രീകളോടുള്ള അവഗണന ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഉള്ള സത്രികളാകട്ടെ പീഢനം ഭയന്ന് മാറി നിൽക്കുന്നു താനും. കഷ്ടം!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക