Image

വിശ്വാസനഷ്ടം അധികാരനഷ്ടം (ദുർഗ മനോജ് )

Published on 10 April, 2022
വിശ്വാസനഷ്ടം അധികാരനഷ്ടം (ദുർഗ മനോജ് )

അങ്ങനെ അതിൽ തീരുമാനമായി. ഇനി ഇമ്രാൻ ഖാനു മടങ്ങാം. പല തരത്തിൽ സ്പീക്കറെ സ്വാധീനിച്ചും, ജനങ്ങളോടു വിശദീകരിച്ചുമൊക്കെ അവിശ്വാസ പ്രമേയം പാസ്സാകാതെ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ അതൊക്കെ വിഫലമായി. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയുമായി ഇമ്രാൻ ഖാൻ. അധികാരമേറ്റെടുത്ത നാളുകളിൽ കടുത്ത ഇന്ത്യാ വിരോധമാണ് ഇമ്രാൻ ഖാൻ വച്ചു പുലർത്തിയിരുന്നുവെങ്കിലും ഒടുവിൽ പുറത്തു പോകുന്ന നാളുകളിൽ ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചും ധാരാളം പ്രശംസിക്കാൻ മറന്നില്ല. എന്തിനായിരുന്നു അത്ര കാലം വെറുതേ ഒരു ഇന്ത്യൻ വിരോധം പറഞ്ഞു നടന്നത് എന്നതാണ് പിടി കിട്ടാത്തത്.

ഇനി പുതിയ താരോദയമാണ്. നാളെ പി എം എൽ എൻ നേതാവ് ഷഹബാസ് ശരീഫ് പാകിസ്ഥാൻ്റെ ഇരുപത്തിമൂന്നാമതു പ്രധാനമന്ത്രയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിൽ അദ്ദേഹം പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ്. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ അനുജനുമാണ്. നവാസ് ശരീഫ് രാഷ്ടീയത്തിലുടെ അളവറ്റ പണമുണ്ടാക്കി എന്ന അക്ഷേപം ഉയർന്നിരുന്നു. അതു പോലെ ഷഹബാസിനെക്കുറിച്ചും അഴിമതി ആരോപണങ്ങൾ ഉയരുന്നത് കാണാതിരിക്കാനാവില്ല. പാകിസ്ഥാനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ പറയുന്നത് കോടികൾ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കൾ അദ്ദേഹത്തിൻ്റെ പേരിൽ ഉണ്ടെന്നാണ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ആറു മാസം ജയിലിലും കിടക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. കൂട്ടി വായിക്കാവുന്ന ഒന്ന് ഇമ്രാൻ ഖാൻ്റെ ഭാര്യയുടെ സുഹൃത്തിൻ്റെ രാജ്യം വിടലാണ്. ഇമ്രാൻ ഖാൻ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടു തുടങ്ങിയപ്പോൾ തന്നെ അവർ കാശുമായി നാടുവിട്ടു. ട്രാൻസ്ഫറുകൾക്ക് വാങ്ങുന്ന വമ്പൻ കൈക്കൂലി തുകയായിരുന്നു അവരുടെ വരുമാന സ്രോതസ്സ്. 

ഏതായാലും മറ്റേതൊരു പാകിസ്ഥാനി നേതാവിനെപ്പോലെയും അഴിമതി ആരോപണങ്ങൾ കൊണ്ടു കളങ്കിതനാണെങ്കിലും മുൻപു ഭരണത്തിൽ ഇരിക്കുമ്പോൾ മറ്റുള്ള മുഖ്യമന്ത്രിമാരേക്കാൾ മികച്ച പ്രകടനമാണ് ഷഹബാസ് കാഴ്ചവച്ചിട്ടുള്ളത്. ആയതിനാൽത്തന്നെ തൽക്കാലം മറ്റൊരു പേരു മുന്നോട്ടുവയ്ക്കാൻ ഇല്ല എന്നതാണ് രാജ്യത്തിൻ്റെ സ്ഥിതി. പിന്നെ ഒരു കാര്യം, ആരുതന്നെ രാജ്യം ഭരിച്ചാലും, അവർ സൈന്യത്തിൻ്റെ കൈയ്യിലെ കളിപ്പാവകൾ മാത്രമായിരുന്നല്ലോ. റാവൽപിണ്ടിയിലെ സൈനിക മേധാവികൾ നിശ്ചയിക്കുന്നു. അതു മാത്രം സംഭവിക്കുന്നു പാകിസ്ഥാനിൽ. പക്ഷേ, ഒന്നുണ്ട്. അവിടെയും ജനങ്ങൾ ഉണ്ട്. എത്ര കാലം അഴിമതിക്കാരെ അവർ സഹിക്കുമെന്നു കാലം തെളിയിക്കട്ടെ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക