ഡോ. മാത്യു വര്‍ഗീസ് ഫൊക്കാന അസ്സോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫ്രാൻസിസ് തടത്തിൽ   Published on 12 April, 2022
ഡോ. മാത്യു വര്‍ഗീസ് ഫൊക്കാന അസ്സോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഡിട്രോയിറ്റ്: പ്രമുഖ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനും വെറ്ററിനറി മെഡിസിൻ പ്രാക്റ്റീഷനറും  ഫൊക്കാനയുടെ തലമുതിർന്ന നേതാവുമായ  ഡോ. മാത്യു വര്‍ഗീസ് (രാജന്‍) ഫൊക്കനയുടെ 2022-2024  വര്‍ഷത്തെ ഭരണസമിതിയില്‍ അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നു.  നിലവിൽ ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ആയ  ഡോ. മാത്യു ഫൊക്കാനയുടെ ഡെട്രോയിറ്റിൽ നിന്നുള്ള ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളാണ്. 

ഫൊക്കാനയിലെ പ്രത്യേകിച്ച് ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയിൽ ഏറെ പ്രശസ്‌തനായ ഡോ. മാത്യു വര്ഗീസ് ഡിട്രോയിറ്റിലെ  അമേരിക്കക്കാർക്കിടയിലും സുപരിചിതനാണ്. ഫൊക്കാനയിലെ ഏറ്റവും സീനിയർ നേതാക്കന്മാരിലൊരാളായ മാത്യു വര്ഗീസിനെപ്പോലെ ഏവരും ബഹുമാനിക്കുന്ന നേതാക്കന്മാരെ ഫൊക്കാന അംഗങ്ങൾ മുൻ കാലങ്ങളിലെന്നപോലെ ഇക്കുറിയും  ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ഫൊക്കാനയുടെ ഉന്നത നേതാക്കന്മാർ. ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീമിൽ  നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.


സൗമ്യ പ്രകൃതക്കാരനായ ഡോ. മാത്യു വര്ഗീസ് ഡെട്രോയിറ്റിലെ മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട് .ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് രണ്ടു തവണ  ഫൊക്കാനയുടെ മുൻ അസോസിയേറ്റ് സെക്രെട്ടറി സ്ഥാനവുംഒരു തവണ  ട്രസ്റ്റി ബോർഡ് അംഗവുമായിരുന്നു. 

2018ലെ ഫൊക്കാനയുടെ ഫിലാഡൽഫിയ കൺവെൻഷനിൽ  ഫൊക്കാന സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോര്‍ഡിനേറ്ററുമായിരുന്ന അദ്ദേഹം തന്നെയാണ് ഇത്തവണ ഒർലാണ്ടോ ഫൊക്കാന കൺവെൻഷനോടനുബന്ധിച്ചു നടത്തുന്ന സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോർഡിനേറ്റർ. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം സ്പെല്ലിംഗ് ബീ മത്സരത്തിന്റെ കോർഡിനേറ്റർ ആകുന്നത്.  ജോർജി വർഗീസ് നേതൃത്വം നൽകുന്ന ഇപ്പോഴത്തെ കമ്മിറ്റിയിൽ അസോസിയേറ്റ് സെക്രെട്ടറിയായ അദ്ദേഹം ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപു തന്നെ ഫൊക്കാനയുടെ സജീവ പ്രവർത്തകനായി രംഗത്ത് വന്നിട്ടുള്ള ഡോ മാത്യു വർഗീസ് എല്ലാ ഫൊക്കാന കൺവെൻഷനുകളുടെ നടത്തിപ്പിനായി സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

ഓർത്തഡോക്സ് സഭ അമേരിക്കന്‍ ഡയോസിസുകളുടെ മുന്‍ കൗണ്‍സില്‍ അംഗം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ അഡ്‌ഹോക്ക് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം 1978-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 21 വര്‍ഷക്കാലമായി മിഷിഗണില്‍ സ്വന്തമായി വെറ്ററിനറി പ്രാക്ടീസ് നടത്തി വരുന്നു.തിരുവല്ലയ്ക്കടുത്തുള്ള  പുറമറ്റം സ്വദേശിയായ ഡോ. മാത്യു വര്‍ഗീസ് മിഷിഗണിലെ നോര്‍ത്ത് വില്ലില്‍ ഭാര്യ ആനിയോടൊപ്പം താമസിച്ചുവരുന്നു. ഏക മകൾ ആഞ്ചി സുമവേൽ ചിക്കാഗോയിൽ ഡെന്റിസ്റ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. മരുമകൻ : ടോം സാമുവേൽ എഞ്ചിനീയർ ആണ്. പേരക്കുട്ടി : ജെയ്ഡൻ 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക