Image

മുത്തപ്പന്റേട്ടൻ , ഹായ് , കഥ ! - 83 - പ്രകാശൻ കരിവെള്ളൂർ

Published on 13 April, 2022
മുത്തപ്പന്റേട്ടൻ , ഹായ് , കഥ ! - 83 - പ്രകാശൻ കരിവെള്ളൂർ

കൈലാസത്തിലെ ശിവൻ നായാട്ട് ലഹരിയിൽ മുഴുകി ഇങ്ങ് വടക്കൻ കേരളത്തിൽ വരെ എത്തിയതായി കഥകളുണ്ട്. വേറിട്ടൊരു നായാട്ടായിരുന്നു അത്. ഒരു പാട് നായ്ക്കൾ കൂടെയുണ്ടാവും. നായാടി കിട്ടുന്നതിൽ ചുട്ടുതിന്നാനുള്ളതിന്റെ പാതിയിലേറെയും നായ്ക്കൾക്ക് കൊടുക്കും. വഴിയിൽ കാണുന്ന തെങ്ങുകളിലൊക്കെ കയറി ഇളനീരും കള്ളും കുടിക്കും. നായാട്ടിന്റെയും കള്ളിന്റെയും ലഹരിയിൽ തിരിച്ച് കൈലാസത്തിലേക്കുള്ള വഴി മനസ്സിലായില്ല. നായ്ക്കളിൽ പലതും പല വഴി പിരിഞ്ഞു പോയി. ബാക്കിയുള്ളവ തളർന്നുറങ്ങിപ്പോയി. ചുറ്റിലും നിറഞ്ഞ ഇരുട്ടിൽ അങ്ങകലെ ഒരു വെളിച്ചം കണ്ടു. ശിവൻ അങ്ങോട്ടു പോയി. മൂത്തേടത്തരമനയിലെ പാടിക്കുറ്റി എന്ന വീട്ടമ്മയുടെ കോട്ടയായിരുന്നു അത്. ശിവൻ ആ പടിക്കലെത്തി. വാതിൽ കൊട്ടി വിളിച്ചു. പെണ്ണൊരുത്തി മാത്രമുള്ളപ്പോൾ വഴി പോക്കന് മുന്നിലെങ്ങനെ പടി തുറക്കും ? അവൾ പറഞ്ഞു - ഇവിടെ ആണുങ്ങളാരുമില്ല. 
ശിവന് ദേഷ്യം വന്നു . നാലഞ്ചു കല്ലുകൾ പെറുക്കിയെടുത്ത് ജപിച്ചങ്ങൊരേറ് - കോട്ടയ്ക്ക് തീ പിടിച്ചു. തീ കെടുത്തിയാൽ വാതിൽ തുറക്കാമെന്ന് പാടിക്കുറ്റി സമ്മതിച്ചു. ശിവൻ തീ കെടുത്തി. കുളിച്ച് വന്ന കാട്ടാളനെ പാടിക്കുറ്റി വരവേറ്റു . പിറ്റേന്ന് ശിവൻ പോകുമ്പോൾ പാടിക്കുറ്റി ചോദിച്ചു - ഒരു കുഞ്ഞ് പിറന്നാൽ ഞാൻ എന്തു ചെയ്യണം ? 
ശിവൻ പറഞ്ഞു - എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വരണം . വർഷങ്ങൾ കഴിഞ്ഞ് വീണ്ടും നായാട്ടിനെത്തിയ ശിവനെ വികൃതിയായ മകനെ ഏൽപ്പിച്ചു പാടിക്കുറ്റി. പൊൻമകനെന്ന് അവന് പേര് . ഒരു ദിവസം പാർവ്വതി ശിവന് എടുത്തു വച്ച അമൃതാണ് പൊൻ മകൻ കഴിച്ചത്. അരിശം വന്ന ശിവൻ അവനെ ശപിച്ചു - നിന്റെ തൃക്കണ്ണ് പൊട്ടി പൊയ്ക്കണ്ണാവട്ടെ.
പൊൻമകന്റെ കാഴ്ച്ച നഷ്ടപ്പെട്ടത് കണ്ട് അച്ഛന് സങ്കടമായി . അവന് വെള്ളിക്കണ്ണും പൊയ്ക്കണ്ണും നൽകി ഭൂമിയിലേക്ക് പറഞ്ഞ യച്ചു. കന്നുകാലികളെ കാത്തു രക്ഷിക്കലാണ് അവന്റെ ചുമതല എന്ന് പ്രത്യേകമോർമ്മിപ്പിച്ചു.
ഇരിക്കൂരെന്ന നാട്ടിലെത്തിയ പൊൻ മകൻ അവിടെ നാശം വിതച്ചു. പനമേൽ കയറി കള്ള് കുടിക്കുന്ന മൂർത്തിയെ കണ്ട് ഇരിക്കൂരുകാർ പേടിച്ചു. ഊരിൽ അവന്റെ കോലം കെട്ടിയാടാൻ തീരുമാനിച്ചു. അപ്പോഴാണ് അച്ഛൻ തന്നെ ഏൽപ്പിച്ച ദൗത്യം ഓർമ്മ വന്നത് - കാലികളെ കാക്കണം. പൈക്കളും എരുതുകളും കൂടുതലുള്ള നാട് തേടി അവൻ വടക്കോട്ട് യാത്ര ചെയ്തു. അങ്ങനെ കരിവെള്ളൂരിൽ പാലക്കുന്ന് ഭാഗത്തെത്തി. അവിടെയുള്ള കാലിയാന്മാർ അവനെ സ്വീകരിച്ച് കുടിയിരുത്തി. ആ തെയ്യമാണ് പുലയരുടെ കുലദൈവമായ കാലിച്ചേകോൻ. അവന്റെ അമ്മയ്ക്ക് പറശ്ശിനിപ്പുഴയിൽ നിന്ന് കിട്ടി എന്ന് പറയുന്ന കുട്ടിയാണ് മുത്തപ്പൻ - അവനും ശിവന്റെ പുത്രൻ തന്നെ എന്നാണ് ഐതീഹ്യം. അവന്റെയും കുഞ്ഞുന്നാളിലെ പേര്  പൊൻമകൻ എന്നായിരുന്നു . അവന്റെ വികൃതി കൊണ്ട് തൃക്കണ്ണ് പൊയ്ക്കണ്ണാകട്ടെ എന്ന് ശപിക്കുന്നത് അമ്മയാണ്. അങ്ങനെ പല കഥകൾ തരുന്ന സൂചന ഇങ്ങനെയാണ് - കാലിച്ചേകോനും മുത്തപ്പനും ഒന്ന് തന്നെ. അല്ലെങ്കിൽ മുത്തപ്പന്റെ ജ്യേഷ്ഠനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക