Image

അമ്മൂമ്മയുടെ നോക്കുവിദ്യ  പൗത്രിയിൽ ഭദ്രം (വിജയ് സി. എച്ച്)

Published on 17 April, 2022
അമ്മൂമ്മയുടെ നോക്കുവിദ്യ  പൗത്രിയിൽ ഭദ്രം (വിജയ് സി. എച്ച്)

ഇത് അനുഷ്ഠാന കലകളിലെ അത്ഭുതം! തികച്ചും വിഭിന്നമായൊരു പാവകളി. തോൽപ്പാവക്കൂത്ത്, നിഴൽപ്പാവക്കൂത്ത്, ഓലപ്പാവക്കൂത്ത് മുതലായ അനുഷ്ഠാന കലകളുമായി ബന്ധമില്ലാത്തൊരു ആവിഷ്കാരം. കൂത്തുമാടവും, പുലവർ എന്നറിയപ്പെടുന്ന പുരുഷ കലാകാരന്മാരുമാണ് പാവക്കൂത്തുകളുടെ സ്വത്വമെങ്കിൽ, നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്നത് ഒരു സ്ത്രീയാണ്. കൂത്തുമാടത്തല്ല, പ്രകടനത്തിന് സൗകര്യമുള്ള ഏതിടവും നോക്കുവിദ്യ പാവകളിയ്ക്ക് ഉത്തമം. പക്ഷെ, ഈ ആവിഷ്കാര കല സ്വായത്തമാക്കാൻ കലാകാരിയ്ക്ക് നിരന്തരാഭ്യാസം അനിവാര്യമാണ്. മനസ്സിനെ ഒറ്റയിടത്ത് കേന്ദ്രീകരിച്ചുള്ള ദൃഷ്ടിയാണ് നോക്കുവിദ്യയുടെ മുഖമുദ്ര. 
തലമുറകൾ കൈമാറി ലഭിച്ച കലാരൂപം മൂഴിക്കൽ പങ്കജാക്ഷിയമ്മ അവരുടെ അമ്മയിൽ നിന്ന് എഴുപതു വർഷം മുന്നെ ഏറ്റെടുത്തു. സംസ്ഥാനം അവരെ ഫോക് ലോർ അക്കാദമി അവാർഡും, ഫെല്ലോഷിപ്പും നൽകി ആദരിച്ചപ്പോൾ, 86 വയസ്സുള്ള കലാകാരിയെ രാഷ്ട്രം കഴിഞ്ഞ വർഷം അംഗീകരിച്ചത് പത്മശ്രീ പുരസ്കാരം സമ്മാനിച്ചാണ്. എന്നാൽ, കേരളത്തിലെ ഏക നോക്കുവിദ്യ കലാകാരിയുടെ ദൃഷ്ടി-ഏകാഗ്രതയും, ഓർമ്മ ശക്തിയും, സംസാരശേഷിയും അപ്രതീക്ഷിതമായെത്തിയ ഒരു പക്ഷാഘാതം തട്ടിയെടുത്തപ്പോൾ, ശതാബ്ദങ്ങളുടെ പ്രാചീനതയുള്ളൊരു സംസ്കൃതിയുടെ മേൽ തിരശ്ശീല വീണെന്ന് പലരും കരുതി. പക്ഷെ, അത് സംഭവിച്ചില്ല. പങ്കജാക്ഷിയമ്മയിൽ നിന്ന് ആ വരപ്രസാദം പൗത്രി രഞ്ജിനി ഏറ്റുവാങ്ങി! 

"അമ്മൂമ്മയുടെ ഏക മകളാണ് എൻ്റെ അമ്മ, രാധാമണി. നോക്കുവിദ്യ ഏറെ ഇഷ്ടമാണെങ്കിലും, ഒട്ടും വഴങ്ങാത്ത പരിശീലനമായതിനാൽ, അമ്മ പിന്മാറി. അതിനാൽ, സ്കൂൾ-കോളേജ് പഠനത്തോടൊപ്പം, ഞാൻ നോക്കുവിദ്യ അഭ്യസിക്കാൻ തുടങ്ങി. ഈ ദീപം അണഞ്ഞു പോകരുത്," രഞ്ജിനിയുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം! 
യുവ കലാകാരിയുടെ വാക്കുകളിലൂടെ... 
🟥 നോക്കുവിദ്യ 
കവുങ്ങ് തടിയിൽ നിന്ന് രണ്ടടി നീളത്തിൽ മുറിച്ചെടുത്ത കനം കുറഞ്ഞ ഒരു കമ്പ് ചെത്തി മിനുക്കി ചായം പൂശി ചേലുള്ളതാക്കുന്നു. ദണ്ഡിൻ്റെ മുകൾ ഭാഗത്താണ് പാവകളെ ഘടിപ്പിയ്ക്കുന്നത്. തല മേലോട്ടുയർത്തി, കമ്പിൻ്റെ അടിവശം മേൽചുണ്ടിനു മേലെ, മൂക്കിനു തൊട്ടു കീഴെയായി വയ്ക്കുന്നു. കഥാഖ്യാനം അനുസരിച്ച്, ഒന്നോ, രണ്ടോ, മൂന്നോ, അതിൽ കൂടുതലോ പാവകളെ കമ്പിൻ്റെ മുകൾ ഭാഗത്ത് പ്രതിഷ്ഠിക്കണം. ചില കഥാരംഗങ്ങൾ വരച്ചു കാട്ടാൻ പക്ഷി രൂപങ്ങളും, ഇലകളും, ചില്ലകളും ഉൾപ്പെടെയുള്ള മറ്റു വസ്തുക്കളും അണിനിരത്തേണ്ടി വരും. ചലിപ്പിക്കേണ്ടവയാണെങ്കിൽ, അവയിൽ നിന്ന് നേർത്ത ചരടുകൾ താഴോട്ടു വരുന്നു. സന്ദർഭോചിതമായി ചരടുകൾ വലിച്ച്, കലാകാരി തന്നെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. കഥാരംഗങ്ങൾ ഒരു ഗായകൻ ആലപിക്കുന്നു. ചിട്ടപ്പെടുത്തിയെടുത്ത കുറച്ചു വരികളിലൂടെ ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും മറ്റും തിരഞ്ഞെടുത്ത ചില സന്ദർഭങ്ങൾ ഗാന രൂപത്തിൽ ആഖ്യാനം ചെയ്യപ്പെടുന്നു. ഗിഞ്ചറയും, കൈമണിയുമാണ് പശ്ചാത്തല വാദ്യ ഉപകരണങ്ങൾ. കഥാരംഗത്തിന് ആവശ്യമായ രീതിയിൽ ചരടുകൾ വലിച്ച് ഞാൻ പാവകളെ ചലിപ്പിയ്ക്കുകയും ചെയ്യുന്നു. നിലത്ത് പുൽപായ വിരിച്ച്, അതിൽ നിലവിളക്ക് കത്തിച്ചു വെയ്ക്കുന്നു. ഈ പായയിൽ ഇരുന്നാണ് നോക്കുവിദ്യ അവതരിപ്പിക്കുന്നത്. 

🟥 ചരിത്രം 
തിരുവിതാംകൂർ രാജാക്കന്മാർ പട്ടും വളയും നൽകി പ്രോത്സാഹിപ്പിച്ചിരുന്ന കലയാണ് നോക്കുവിദ്യ. ഓണംതുള്ളൽ എന്നാണ് പണ്ട് ഇത് അറിയപ്പെട്ടിരുന്നത്. ഓണം നാളുകളിൽ തെക്കൻ കേരളത്തിൽ വളരെ ജനപ്രിയമായി ഈ കലാരൂപം അരങ്ങേറിയിരുന്നു. പാവനാടകം തുടങ്ങുന്നതിനു മുന്നെ ചെയ്യാറുണ്ടായിരുന്ന തുള്ളൽ ചടങ്ങ്, കാലക്രമേണ അവതരണത്തിൽ നിന്ന് അപ്രത്യക്ഷമായി. അതിനാലാണ് നോക്കുവിദ്യ എന്ന പേരിൽ പിന്നീട് ഈ കലാരൂപം അറിയപ്പെടാൻ തുടങ്ങിയത്. ഇന്നിത് പഠിക്കാനോ അവതരിപ്പിക്കാനോ കലാസ്നേഹികൾ മുന്നോട്ടു വരുന്നില്ലെന്നത് വേദനാജനകമാണ്. ഞങ്ങളുടെ പൂർവ്വികരെല്ലാവരും നോക്കുവിദ്യ കലാകാരന്മാരായിരുന്നെന്ന് മുത്തച്ഛനും മുത്തശ്ശിയും പറയാറുണ്ടായിരുന്നു. വേലപ്പണിക്കർ സമുദായക്കാർക്കു മാത്രമല്ലല്ലൊ ഈ കല നിലനിർത്തി കൊണ്ടുപോകാനുള്ള ചുമതല. കലാസ്നേഹികളായ എല്ലാവരും മുന്നോട്ടു വരണമെന്നാണ് ഞങ്ങളുടെ അപേക്ഷ. അമ്മൂമ്മക്കു ശേഷം, ഞാൻ മാത്രമാണ് ഇന്ന് ഈ കല അവതരിപ്പിക്കുന്നത്. ലോകത്തു തന്നെ നോക്കുവിദ്യ അറിയാവുന്നവർ അമ്മൂമ്മയും ഞാനും മാത്രമാണ്. അങ്ങനെ ആകരുതല്ലൊ! രശ്മി രാധാകൃഷ്ണൻ ഈയ്യിടെ തയ്യാറാക്കിയ ഡോക്യുമെൻ്ററി, 'Nokkuvidya --  the life of a lone string puppeteer' ഈ ആവിഷ്കാരത്തിൻ്റെ ചരിത്രം തിരക്കുന്നുണ്ട്. അമ്മൂമ്മയും ഞാനും പ്രധാന കഥാപാത്രങ്ങളായുള്ള ചലച്ചിത്രം, ഇതിനകം തന്നെ നിരവധി രാജ്യാന്തര ഫിലീം ഫെസ്റ്റുകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു. മികച്ച റിവ്യൂസ് ലഭിച്ചുകൊണ്ടിരിക്കുന്നു. 

🟥 ഏകാഗ്രതയാണ് രഹസ്യം 
ഏകാഗ്രതയുള്ള മനസ്സും ശരീരവുമാണ് നോക്കുവിദ്യയുടെ വിജയ രഹസ്യം. പാവയിൽ സമഗ്രമായി ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ കുത്തനെ വെയ്ക്കുന്ന കമ്പിൻ്റെ സന്തുലനാവസ്ഥ  നിലനിർത്തുവാൻ കഴിയുകയുള്ളൂ. കമ്പ് മേൽചുണ്ടിനു മേൽ ഭദ്രമായി ഇരിയ്ക്കണമെങ്കിൽ ഇമ വെട്ടാതെ മേലോട്ടു തന്നെ ശ്രദ്ധിക്കണം. നോട്ടം ഒരു നിമിഷം ദൃഷ്ടികേന്ദ്രത്തിൽ നിന്ന് വ്യതിചലിച്ചാൽ, കമ്പും പാവയും മറിഞ്ഞു താഴെ വീഴും. ഈയിടെ ഒരു ഫോട്ടോഗ്രാഫർ ക്ലോസപ്പ് ഷോട്ടുകളെടുക്കാൻ എന്നോട് വല്ലാതെ ചേർന്നുനിന്നു. അനൈച്ഛിക പ്രതികരണം പോലെ, എൻ്റെ ശ്രദ്ധ ഒരു നൊടി പാവയിൽ നിന്ന് വികേന്ദ്രീകരിച്ചു. കമ്പ് മറിഞ്ഞു വീണു. കണ്ണുകൾ ചിമ്മുന്ന സമയം അൽപം കൂടിപ്പോയാൽ പോലും സന്തുലനം താറുമാറാകുന്നു. കാറ്റു വീശിയാലും ബാലൻസ് നഷ്ടപ്പെടും. ശ്രദ്ധ നോട്ടത്തെയും, ഇവ രണ്ടും നേരിട്ട് ശരീരത്തിൻ്റെ നിശ്ചലാവസ്ഥയെയും തൽക്ഷണം ബാധിക്കുന്നു. ജാഗ്രതക്കുറവ് ഒട്ടും അനുവദിക്കാത്തൊരു ആവിഷ്കാര കലയാണ് നോക്കുവിദ്യ പാവകളി. പറയേണ്ടതില്ലല്ലോ, ഇത്രയും നിർണ്ണായകമായ അവസ്ഥ കാത്തുസൂക്ഷിച്ചു കൊണ്ടു അനുഷ്ഠിക്കേണ്ട മറ്റൊരു രംഗകലയുമില്ല.  

🟥 പ്രധാന ഇനങ്ങൾ 
വില്ല്, പാറവളയം, നാഗരസകം, സീതാസ്വയംവരം, രാവണ-ജടായു യുദ്ധം, രാമ-രാവണ യുദ്ധം, ഭീമൻ-ബകൻ യുദ്ധം, ആലും കിളിയും മുതലായവ പ്രധാന ഇനങ്ങളിൽ ചിലതാണ്. ചുണ്ടത്ത് ഏകദേശം നാൽപ്പഞ്ച് ഡിഗ്രിയിൽ ചെരിച്ചു വച്ച ഒരു വില്ലിൻ്റെ രൂപത്തിൽ നിർമ്മിച്ച കമ്പിനുമേൽ, പതിവു കമ്പ് ചെരിച്ചു വെച്ച് അതിന്മേൽ പാവയെ നിറുത്തി അവതരിപ്പിക്കുന്നത്, വില്ല് എന്ന ഇനം. ഗുരുത്വാകർഷണ കേന്ദ്രം നിർണ്ണായകമായൊരു ഘടകമായതിനാൽ, ആവിഷ്കരിക്കാൻ എറ്റവും കഠിനമായത് വില്ലിനു മേൽ കമ്പ് ഇനമാണ്. പാറവളയത്തിൽ ഒരേ സമയം രണ്ടു വിദ്യകൾ അരങ്ങേറുന്നു. കമ്പും അതിനു മുകളിലെ പാവയെയും മേൽചുണ്ടിൽ ബാലൻസ് ചെയ്തു നിറുത്തികൊണ്ട്, രണ്ടു കൈകളിലെയും ചൂണ്ടുവിരലിൽ ഓരോ വളയം കറക്കണം. സർപ്പം പോലെ ഒരു രൂപം ഉണ്ടാക്കി അതിനെ വളച്ചു മേൽചുണ്ടിൽ ബാലൻസു ചെയ്യുന്നതാണ് നാഗരസകം. സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന രാവണനുമായി ജടായു ഏറ്റുമുട്ടുന്നതാണ് രാവണ-ജടായു യുദ്ധം. പാവകൾ പരസ്പരം യുദ്ധം ചെയ്യുന്നത് സൂചിപ്പിച്ചുകൊണ്ടുള്ള ചലനങ്ങൾ, ചരടുകൾ വലിച്ചു, ഞാൻ നൽകുന്നു. ഗായകൻ ശിവദാസാണ് ആലാപനത്തോടൊപ്പം കൈമണി കൊട്ടുന്നത്. കസിൻ ആനന്ദ് ഗിഞ്ചറ വായിക്കുന്നു. അമ്മയും, ജേഷ്ഠൻ രഞ്ജിത്തുമാണ് പാവകളെ ഒരുക്കുക മുതലായ, വേദിയിൽ എനിയ്ക്കു വേണ്ട എല്ലാ പിന്തുണയും തൽക്ഷണം നൽകുന്നത്. ഞാനുൾപ്പെടെ അഞ്ചു പേരടങ്ങുന്നതാണ് ടീം. 


🟥 കിണ്ണം കറക്ക് വഴങ്ങിയില്ല 
മുത്തശ്ശിയാണ് എല്ലാ ഇനങ്ങളും ഓരോന്നോരോന്നായി എന്നെ പഠിപ്പിച്ചത്. എന്നാൽ, മുത്തശ്ശിയുടെ എക്സ്ക്ലൂസീവ് ഐറ്റമായ കിണ്ണം കറക്ക് ഇതുവരെയും എനിയ്ക്കു വഴങ്ങിയില്ല. ഇതു മാത്രമാണ് നിന്നുകൊണ്ട് അവതരിപ്പിക്കുന്നത്. ആറടി ഉയരമുള്ള കമ്പിനു മേലെ ഒരു തളിക വച്ചു കറക്കി, അത് മേൽചുണ്ടിൽ ബാലൻസ് ചെയ്ത് നിറുത്തുന്നു. പെട്ടെന്ന് കമ്പിൽ ഒരു തട്ടു തട്ടി, അത് തെറുപ്പിക്കുന്നു. പിൻതാങ്ങ് നഷ്ടപ്പെട്ടതിനാൽ താഴോട്ടു വീഴുന്ന തളിക, നിലംപതിക്കും മുന്നെ, മുത്തശ്ശി ഉള്ളംകൈകൾ ചേർത്തു പിടിച്ചു സ്വീകരിക്കുന്നു. തുടർന്ന് ഈ പാത്രത്തിലാണ് പൊലിവ് (സംഭാവന) സ്വീകരിക്കുന്നത്. കുറച്ചുകൂടി പരിശീലിച്ചാൽ കിണ്ണം കറക്ക് എനിയ്ക്കും ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. 


🟥 60 വർഷം പഴക്കമുള്ള പാവകൾ 
മുത്തച്ഛൻ ശിവരാമപ്പണിക്കർ 60 വർഷം മുന്നെ മുത്തശ്ശിക്കു വേണ്ടി നിർമ്മിച്ച പാവകളാണ് ഞാൻ ഉപയോഗിക്കുന്നത്. ഏഴിലംപാലയുടെ തടിയിൽ പിച്ചാത്തി ഉപയോഗിച്ചു മുത്തച്ഛൻ തന്നെ ചെത്തിയെടുത്തതാണ് അവ. ഇടയ്ക്കിടെ ഞങ്ങൾ പാവകൾക്ക് പുതിയ നിറങ്ങൾ നൽകുന്നു. പാട്ടുകൾ എഴുതി തയ്യാറാക്കിയതും മുത്തച്ഛൻ തന്നെയാണ്. മുത്തശ്ശിയെ നോക്കുവിദ്യ പഠിപ്പിച്ചത് അവരുടെ അമ്മ പാപ്പിയമ്മയാണ്. ഈർക്കിലിൽ മച്ചിങ്ങ കുത്തിയായിരുന്നു പരിശീലനം. ഈ രീതി എനിയ്ക്ക് സാധിക്കാതെ വന്നപ്പോൾ, പാവയുടെ രൂപത്തിൽ ചെയ്തു തന്ന ഒരു തടികഷ്ണം കമ്പിൽ കുത്തി നിർത്തിയാണ് ഞാൻ പരിശീലിച്ചത്. വർഷങ്ങൾ നീണ്ടുനിന്ന അഭ്യാസം. 


🟥 വേദികൾ 
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള നിരവധി വേദികളിൽ ഞാൻ നോക്കുവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സ്-ൽ ഷോകൾ നടത്തിയത് അഭിമാനത്തോടെ ഓർക്കുന്നു. മുംബൈയിലെ പപ്പറ്റ് തിയേറ്ററിലും, ബാംഗ്ലൂരിൽ അരങ്ങേറിയ Dhatu International Puppet Festival-ലും പങ്കെടുത്തു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ KTDC സംഘടിപ്പിച്ച പരിപാടിയിലും, വയനാട് പഴശ്ശി പാർക്കിലും, പൂക്കോട് തടാകത്തിലും, പയ്യന്നൂരും, ഫോർട്ട്‌ കൊച്ചിയിൽ വാസ്കോ ഡ ഗാമ സ്ക്വയറിലും നടത്തിയ പ്രദർശനങ്ങൾ വളരെ പ്രശസ്തമാണ്. പാരീസിൽ വെച്ച് അമ്മൂമ്മ അവതരിപ്പിച്ചതു പോലെയുള്ള, ഒരു അന്തർദേശീയ പ്രദർശനമാണ് എൻ്റെ സ്വപ്നം. 2009-ൽ കേരളത്തിൻ്റെ പ്രതിനിധിയായിട്ടാണ് സംസ്ഥാന സർക്കാർ അമ്മൂമ്മയെ ഫ്രാൻസിലേക്ക് അയച്ചത്. അമ്മൂമ്മയുടെ പ്രകടനം ദർശിച്ച വിദേശ പ്രേക്ഷകർ വിസ്മയിച്ചുപോയി! 'Audience spellbound' എന്നാണ് ഇംഗ്ളീഷ് പത്രങ്ങൾ എഴുതിയത്!   


🟥 കുടുംബ പശ്ചാത്തലം 
കോട്ടയം ടൗണിൽ നിന്ന് 30 കി.മീ ദൂരത്തുള്ള മോനിപ്പള്ളി എന്ന ഗ്രാമത്തിലാണ് ഞങ്ങൾ താമസിക്കുന്നത്. അമ്മയുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയതാണ് ഞാൻ. ചേച്ചി, രാജിമോൾ; രണ്ടാമത് ചേട്ടൻ, രഞ്ജിത്. ഉഴവൂരിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.കോം പൂർത്തിയാക്കിയതിനു ശേഷം, ഞാനിപ്പോൾ ടാലി കോഴ്സ് ചെയ്യുന്നു. പഠിപ്പും ഇടക്കിടെയെത്തുന്ന പരിപാടികളും ഒരുമിച്ചു കൊണ്ടുപോകുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക