Image

കൃഷ്ണകുബേരം , ഹായ് , കഥ ! - 86 - പ്രകാശൻ കരിവെള്ളൂർ

Published on 19 April, 2022
 കൃഷ്ണകുബേരം , ഹായ് , കഥ ! - 86  - പ്രകാശൻ കരിവെള്ളൂർ

ഞാൻ പാൽക്കാരി യശോദയുടെ മകനാ- ഈ സിംഹാസനത്തിലിരിക്കുമ്പോഴും ഞാനത് മറന്നിട്ടില്ല . പണ്ട് കാട്ടിലൊന്നിച്ച് വിറ കൊടിച്ച് ,മഴ നനഞ്ഞവരല്ലേ നമ്മൾ ?
കൂട്ടുകാരനെ നെഞ്ചോട് ചേർത്ത് പിടിച്ച് രാജാവ് തുടർന്നു - കാലി മേയ്ക്കാൻ വെയിലത്ത് നടന്ന് ഒരു പാട് വിയർത്തിട്ടുണ്ട് ഞാൻ . അതു കൊണ്ടു തന്നെ നിന്റെയീ വിയർപ്പിനെ സുഗന്ധമായേ ശ്വസിക്കാൻ കഴിയൂ.
കൃഷ്ണൻ കുചേലൻ കൊണ്ടു വന്ന അവിൽ ഒരു പിടി വാരി വായിലിട്ടു. അതിലെ കല്ലും നെല്ലും തന്റെ നാട്ടിലെ ജനതയുടെ കഷ്ടപ്പാട് എന്താണെന്ന് കൃഷ്ണന് ബോധ്യപ്പെടുത്തിക്കൊടുത്തു. നല്ല പാർപ്പിടമൊരുക്കി വീട്ടിലെല്ലാവർക്കും നല്ല വസ്ത്രവും ധരിച്ച് സുഭിക്ഷമായി കഴിയാനുള്ള പണം നൽകിയാണ് കൃഷ്ണൻ കുചേലനെ യാത്രയാക്കിയത്. അതു പോലെ നാട്ടിലെ മറ്റു കുചേലന്മാരുടെ പ്രാരബ്ധങ്ങൾ പരിഹരിക്കാൻ പുതിയൊരു ജനക്ഷേമ പദ്ധതി തന്നെ വിളംബരം ചെയ്തു കൃഷ്ണൻ.

തന്റെ പഴയ വീട് പൊളിച്ചു മാറ്റി അതിന്റെ സാധനങ്ങൾ വിൽക്കുമ്പോഴാണ് കുചേലൻ അതിലൊരു ബിസ്സിനെസ് സാധ്യതയെക്കുറിച്ച് ചിന്തിച്ചത്. അയാൾ പഴയ കെട്ടിടങ്ങൾ പൊളിച്ചെടുക്കുന്നിടത്തെല്ലാം പാഞ്ഞെത്തി. പിന്നെ പിന്നെ ആളുകൾ അയാളെ പഴയ കുചേലൻ എന്ന് വിളിക്കാൻ തുടങ്ങി. മറ്റൊരർത്ഥത്തിലും അത് ശരി തന്നെ . അയാൾ പുതിയ കുബേരനാണ്.
കുബേരൻ കുറേ മഴു ധാരികളെയും കൂട്ടി നിര നിരക്കനെ കുറേ ലോറി കളുമായി കാട് കയ്യേറാൻ പോയപ്പോൾ ജമദഗ്നിമാഷ് കുറേ ആ ദിവാസികളെയും കൂട്ടി അത് തടഞ്ഞു. കൃഷ്ണനാണ് ഇതിനെല്ലാം കൂട്ട് എന്ന് മാഷ് തുറന്നടിച്ച് പ്രസംഗിച്ചു. മാധ്യമക്കാർ ജമദഗ്നി മാഷുടെ പ്രതിരോധത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ തന്റെ ഗുരുകുലാധ്യാപകൻ എന്ന് മാത്രമാണ് കൃഷ്ണൻ പ്രതികരിച്ചത്. 
പണ്ട് കാളിന്ദിയിൽ നിന്ന് കൃഷ്ണൻ മർദ്ദിച്ച് അവശനാക്കി ഓടിച്ച കാളിയന്റെ മക്കൾ ആ പുഴയുടെ തീരത്ത് രാസവള ഫാക്ടറികൾ തുടങ്ങിയപ്പോഴും ജമദഗ്നി മാഷ് എതിർത്തിരുന്നു. ഗുരു അഗ്നിയായി പടരുന്നത് തടയണമെന്ന് കുബേരൻ കൃഷ്ണനെ ഓർമ്മിപ്പിച്ചു. വേണ്ടതു ചെയ്യാൻ കൃഷ്ണൻ കുബേരന് മൂകാനുവാദം നൽകി. അതിൽ പിന്നെ ജമദഗ്നി മാഷെക്കുറിച്ച് ആരും ഒന്നും കേട്ടിട്ടില്ല.

കാലങ്ങൾക്ക് ശേഷം കൊട്ടാരം പോലൊരു കാർ ലോറിയിൽ ചുമന്നു കൊണ്ടാണ് പഴയ സഹപാഠി രാജാവിനെ കാണാൻ വന്നത്. കൃഷ്ണന് പുതിയ കുബേരന്റെ വിശിഷ്ടോപഹാരം.
സൈക്കിളിൽ നാടു ചുറ്റി തിരിച്ചു വന്ന കൃഷ്ണൻ ചിരിച്ചു - എനിക്കെന്തിനാ കാറ് ? 
ഞാനിപ്പോഴും പാൽക്കാരിയശോദയുടെ മോൻ തന്നെയാ ...
കാലി മേയ്ക്കലും പുഴയിൽ കുളിക്കലും പാല് കറക്കലുമെല്ലാം പഴങ്കഥയായില്ലേ കൃഷ്ണാ ...? കൊട്ടാരത്തിൽ ജീവിക്കുമ്പോൾ കൊട്ടാരം പോലൊരു കാർ വേണംന്നാ പുതിയ പ്രമാണം.

ശരി, ചേരയെ തിന്നുന്ന നാടല്ലേ ... നടുക്കണ്ടം തന്നെ തിന്നു കളയാം.

കുബേരൻ - അയ്യോ, സംഗതി ചൈനീസ് അല്ല കേട്ടോ .. ലേറ്റസ്റ്റ് ജർമ്മൻ മോഡൽ.

ഓ , അത് ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ ...

ചൊല്ലായാലും ഈ പഴയതെല്ലാം വലിയ പൊല്ലാപ്പാ ... നമുക്ക് അതങ്ങ് നിരോധിച്ചാലോ ? 
കുബേരന്റെ നിർദ്ദേശം.

ആലോചിക്കാം 
രാജാവിന്റെ മറുപടി.

പക്ഷേ, രാജാവേ... ഈ കാറിന് ഓടാൻ റോഡും ജർമ്മൻ മോഡൽ തന്നെ വേണം.

അതിനിപ്പോ എന്തു ചെയ്യും ? ആസൂത്രണ വിദഗ്ധരുടെ തല പുകഞ്ഞു.
ഒടുവിൽ അവർ പദ്ധതി മുന്നോട്ട് വച്ചു - ഗോവർധനപർവ്വതം ഇടിച്ചു നിരത്തി ആ മണ്ണ് കൊണ്ട് കാളിന്ദി നദിയും ചുറ്റുമുള്ള വയലേലകളും നികത്താം.

ഉടൻ കുറേ വയൽക്കിളികൾ സമരത്തിനായി പറന്നെത്തി. കൃഷിക്കാർ എങ്ങനെ ജീവിക്കും , മീൻ പിടുത്തക്കാർ എങ്ങോട്ട് പോകും ? കുബേരൻ അവർക്കെല്ലാം ലക്ഷങ്ങൾ വാരിക്കൊടുത്തു. ലക്ഷം കൂടി കോടിക്കോടിയായാൽ ഹിമാലയം നിരത്താനും നൈൽ നികത്താനും തങ്ങൾ തയ്യാറെന്ന് ലക്ഷംകിളികൾ വികസനത്തിന്റെ തീവ്രവാദികളായി.
അങ്ങനെ ഗോവർധനത്തിന്റെ മസ്തകത്തിലും ജേസീ ബിക്കൈ വന്നു വീണു.
ആ മലമുകളിലെ ആദ്യ ലോഡ് മണ്ണ് കാളിന്ദിയിൽ തട്ടുമ്പോൾ ചത്തു മലച്ച മീനുകൾക്കൊപ്പം കാക്ക കൊത്തിയ കണ്ണുള്ള ഒരു പയ്യിന്റെ ജഢവും പുഴയിൽ ഒഴുകി നടക്കുന്നുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക