Image

ബാക്കി ( കവിത : പ്രകാശൻ കരിവെള്ളൂർ )

Published on 21 April, 2022
 ബാക്കി ( കവിത : പ്രകാശൻ കരിവെള്ളൂർ )

ചുട്ടുപൊള്ളുന്നൊരീ 
പൊരിവെയിൽ താണ്ടി ഞാൻ ,
വാടിത്തളർന്നിരി -പ്പാണീ മരച്ചോട്ടിൽ .

ഇലകളെ തഴുകിയൊരു 
കാറ്റിന്റെ കുളിരെന്നെ
മെല്ലെത്തൊടുമ്പോഴെ -
ന്താശ്വാസമായെന്നോ ?

അടയുന്നു കൺപോള 
പാതി മയക്കമായ് ,
സ്വപ്നമൊന്നെത്തുന്നു  
താലോലമായ് .

പുഴയുടെ തീരത്ത് 
തെങ്ങുകൾ ചാഞ്ചാടി ,
വയലിലെ നെൽക്കതിർ കുളിരിലാടി 

കിളികുലം പാടുന്ന 
പാട്ടിന്റെ തേന്മഴയിൽ 
നനയുന്നു സ്വപ്നവും 
എന്മനസ്സും .

സ്വപ്നമത് മായുമ്പോൾ
ബസ് സ്റ്റോപ്പിലാണു ഞാൻ .
കിളിയില്ല മരമില്ല
പുഴയില്ല വയലില്ല
മുന്നിൽ നീളുന്നൊരീ 
റോഡ് മാത്രം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക