MediaAppUSA

കൽക്കണ്ടം വിൽക്കുന്ന ഒരാൾ ,ഹായ് , കഥ ! - 88 - പ്രകാശൻ കരിവെള്ളൂർ

Published on 23 April, 2022
കൽക്കണ്ടം വിൽക്കുന്ന ഒരാൾ ,ഹായ് , കഥ ! - 88 - പ്രകാശൻ കരിവെള്ളൂർ

മഹാരാഷ്ട്രയിലെ സത്താറാഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. എവിടെത്തിരിഞ്ഞൊന്ന്  നോക്കിയാലും നോക്കെത്താ ദൂരത്തോളം കരിമ്പു പാടങ്ങളാണ്. കാറ്റിന്റെ താളത്തിൽ ചാഞ്ചാട്ടമാടുന്ന കരിമ്പിൻനിരകൾ ഒരു മധുരക്കാഴ്ച്ച തന്നെ . പാടത്തിന്റെ കരയ്ക്ക് നീലച്ചായം തേച്ച ഒരു കുഞ്ഞു വീടുണ്ടായിരുന്നു. അവിടെയാണ് അമീർചന്ദ് എന്ന കൃഷിക്കാരൻ താമസിച്ചിരുന്നത്. പഞ്ചസാര ഫാക്ടറിക്കാർ കരിമ്പു കെട്ടുകൾക്ക് വില വല്ലാതെ കുറച്ചപ്പോൾ അയാൾ കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്ന ഒരു മെഷീൻ വാങ്ങി. വിളഞ്ഞ് പാകമായ മധുരിക്കുന്ന കരിമ്പിൻ തണ്ടുകളും ചാക്കിലാക്കി അത് തലയിൽ ചുമന്ന് മെഷീനും തൂക്കിപ്പിടിച്ച് അയാൾ പട്ടണത്തിലെത്തി . നട്ടുച്ചവെയിലിൽ നട്ടം തിരിയുന്ന യാത്രക്കാർക്ക് അമീർചന്ദ് ചെറുനാരങ്ങനീരും ഏലക്കാപ്പൊടിയും ചേർത്ത കരിമ്പ് ജ്യൂസ് നൽകി. ചെറിയ വിലയ്ക്ക് കിട്ടുന്ന ആ കുളിരും മധുരവും നാട്ടുകാർക്ക് പ്രിയതരമായ ഒരാശ്വാസമായിരുന്നു. ഒരിക്കൽ ചാക്ക് കെട്ടും മെഷീനും കൊണ്ട് റോഡരികിലൂടെ നടക്കുകയായിരുന്ന അമീർചന്ദിനെ ഒരു മീൻ വണ്ടി ഇടിച്ച് തെറിപ്പിച്ചു. അങ്ങനെയാണ് അയാളുടെ വലതുകാൽ ഒടിഞ്ഞത്. മെഷീനും കരിമ്പുചാക്കും ചുമന്ന്  മുടന്തൻ കാലുമായി നഗരം വരെ എങ്ങനെ നടക്കും ?
സ്കൂൾ പഠിത്തം പാതിയിൽ നിർത്തി പാടത്തെ പണിക്കിറങ്ങിയ മകൻ അമൻകിഷോർ പറഞ്ഞു - ബാബാ , ജ്യൂസ് വിൽക്കാൻ ഞാൻ പോകാം നഗരത്തിലേക്ക് . 
ഉമ്മ കദീജക്ക് അവനെ നഗരത്തിലയക്കാൻ പേടിയായിരുന്നു. അമീർ ചന്ദ് പറഞ്ഞു - നാളെ സ്വന്തം കാലിൽ 
നിൽക്കേണ്ടവനല്ലേ ... ജീവിക്കാൻ പഠിക്കട്ടെ.

അങ്ങനെ അമൻ വളരെ പെട്ടെന്ന് തന്നെ നഗരത്തിന്റെ പ്രിയപ്പെട്ട ജ്യൂസ് കച്ചവടക്കാരനായി മാറി.
അമൻ നഗരത്തിലേക്കും കദീജ പാടത്തേക്കും പോയാൽ അമീർ വീട്ടിൽ തനിച്ചായി. അയാൾ കരിമ്പുനീര് കുറുക്കി കൽക്കണ്ട മുണ്ടാക്കി ഗ്രാമത്തിലെ വിദ്യാലയത്തിലേക്ക് നടന്നു. 
ഇരുപത്തിയഞ്ചു പൈസയ്ക്ക് അഞ്ച് കൽക്കണ്ടം . സ്കൂളിലെ ദരിദ്രരായ കുട്ടികൾ അയാളുടെ കൽക്കണ്ടപ്പെട്ടിക്ക് ചുറ്റും കൂടി. പൈസയില്ലാത്ത
കുട്ടികൾക്ക് അയാൾ കൽക്കണ്ടം വെറുതേ കൊടുത്തു. സ്കൂൾ പരിസരത്ത് നിറമുള്ള ഐസ് ഫ്രൂട്ടുകളുമായി ഒരു ഐസുകാരനും വരാറുണ്ടായിരുന്നു. കൈയിൽ വല്ല പൈസയുമുള്ളപ്പോൾ കുട്ടികളെല്ലാം ഐസു വണ്ടിയുടെ ചുറ്റിലുമായിരുന്നു. പണമില്ലാത്തപ്പോൾ അവർ അമീർചന്ദിന്റെ കൽക്കണ്ടപ്പെട്ടി തേടിയെത്തി.

കദീജ തന്റെ മാപ്പിളയെ കളിയാക്കി - വേണ്ടാത്തവർക്ക് കൽക്കണ്ടം കൊണ്ടു കൊടുക്കാൻ നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ ?

എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സ് ഇത്തിരി മധുരം കൊതിക്കുന്നുണ്ട് കദീജാ . പണമില്ലാത്തത് കൊണ്ട് അവർക്കത് കിട്ടാതിരിക്കാൻ പാടില്ല.
അമീർ തന്റെ പ്രവൃത്തിയിൽ വിശ്വസിച്ചിരുന്നു.

ദരിദ്രക്കുട്ടികൾക്കിടയിൽ  ഒരു സമ്പന്ന വിദ്യാർത്ഥിയുമുണ്ടായിരുന്നു. അവൻ എന്നും അഞ്ചു രൂപയ്ക്ക് കൽക്കണ്ടം വാങ്ങും. എന്നിട്ട് മറ്റ് കുട്ടികളെ ചുറ്റും നിർത്തി ആ കൽക്കണ്ടം മുഴുവൻ മേലോട്ടെറിയും . ഏറ്റു പിടിക്കുന്നവർക്ക് അത് തിന്നാം. ചില പാവങ്ങൾ നിലത്ത് വീണതും എടുത്ത് വായിലിട്ടു.
ആദ്യമൊന്നും അമീർ സംഗതി അറിഞ്ഞില്ല. മറ്റു കുട്ടികൾ പറഞ്ഞിട്ടും അയാൾ അത് ശ്രദ്ധിച്ചില്ല. ഒരു വൈകുന്നേരം അവന്റെ ഏറു കളി കണ്ട് അമീർ ചന്ദിന്റെ ഉള്ള് നൊന്തു.
മോനേ .... ഭക്ഷണസാധനങ്ങൾ ദൈവം തരുന്ന സമ്മാനമാണ്. എറിഞ്ഞു കളിക്കാൻ പാടില്ല.
എനിക്കാരുടെയും സമ്മാനമൊന്നും വേണ്ട. ഞങ്ങളുടെ വീട്ടിൽ എന്തും വാങ്ങിക്കാനുള്ള പണമുണ്ട്. 
അരിശം വന്ന അവൻ വലിയൊരു കൽക്കണ്ട മെടുത്ത് ഒരേറ് . അതയാളുടെ ഇടതു കണ്ണിൽ തന്നെയാണ് കൊണ്ടത്. കണ്ണ് പൊട്ടി ചോരയൊഴുകി. അതും പൊത്തിപ്പിടിച്ചാണ് അന്നയാൾ വീടു കയറിയത് .കദീജ ഓടി വന്നു. അയ്യോ  , ഇതെന്തു പറ്റി ... 
കാട്ടിലൂടെ വരുമ്പോൾ ഒരു മരക്കമ്പ് കണ്ണിൽ കൊണ്ടതാ ...
ആ കള്ളത്തിനുള്ളിൽ കേൾക്കുവോരുടെ നെഞ്ച് പൊള്ളിക്കുമാനേര് മിടിക്കുന്നുണ്ടായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക