Image

നാം കുഴിച്ച കുഴികൾ,ഹായ് , കഥ ! - 89 - പ്രകാശൻ കരിവെള്ളൂർ

Published on 25 April, 2022
നാം കുഴിച്ച കുഴികൾ,ഹായ് , കഥ ! - 89 - പ്രകാശൻ കരിവെള്ളൂർ

ബ്രസീലിലെ മറേക്കാനാ നദിയുടെ തീരത്താണ് റിയോ ഡി ജനീറോ എന്ന നഗരം. ഗ്രാമീണരിൽ മിക്കവരും നഗരത്തിൽ ജോലി ചെയ്യുന്നവരാണ്. രാവിലെയും സന്ധ്യയ്ക്കും ബോട്ട് വഴിയാണ് അക്കരെ ഇക്കരെ യാത്ര . ഒരു ദിവസം പട്ടണത്തിൽ നിന്നും ഒരു പ്രഭാതത്തിൽ  മധ്യവയസ്കനും സംഘവും മൺ വെട്ടിയും  കൂന്താലിയുമായി ഗ്രാമ തീരത്തെത്തി . അവർ ഗ്രാമീണർ നടന്നു പോകുന്ന വഴിയിടങ്ങളിലെല്ലാം കുഴിമാന്താൻ തുടങ്ങി. യാത്രികർ മുറുമുറുത്തു . എന്തിനെന്ന് ആരാഞ്ഞു. ചിലർ തട്ടിക്കയറി . വൃദ്ധനും കൂടെയുള്ള യുവാക്കളും ഒന്നും പറഞ്ഞില്ല. അവർ കുപ്പിയിൽ കൊണ്ടുവന്ന വെള്ളം കുടിച്ചു കൊണ്ട് ജോലി തുടർന്നു. ഉച്ച നേരത്ത് അവർ ഭക്ഷണം കഴിക്കുന്ന നേരത്തും ചിലർ ഭീഷണിയുമായി വന്നു .
സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിയ ഗ്രാമവാസികൾ കണ്ടത് , അവർക്ക് വീടുകളിലേക്ക് പോകാനുള്ള വഴി നീളേ കുഴികളാണ്.
ഇതാരാ ഇയാള് ? എന്തൊരു പോക്കിരിത്തരാ ഈ ചെറുപ്പക്കാരെയും കൂട്ടി ഇവിടെ ചെയ്യുന്നത് ?
 -
കൂട്ടത്തിലെ യുവാക്കൾക്ക് രക്തം തിളച്ചു. ഏതോ സാമൂഹ്യ വിരുദ്ധ സംഘമോ തീവ്രവാദി ഗ്രൂപ്പോ ആണ് അവരെന്ന സംശയമുയർന്നു. ചിലർ കൈയ്യേറ്റത്തിന് മുതിർന്നു. പക്വതയുള്ളവർ നിയമപരമായി നേരിടുന്നതാണ് ബുദ്ധി എന്ന് തീരുമാനിച്ചു. 
കുറച്ച് നേരം കഴിഞ്ഞപ്പോൾ പ്രാദേശിക ഭരണ സമിതിക്കാരും പോലീസുമെത്തി. 
പ്രസിഡന്റ് പോലീസിനെ അറിയിച്ചു - സർ , ഗ്രാമവാസികൾ നിത്യ സഞ്ചാരത്തിന് ഉപയോഗിക്കുന്ന വഴി നീളെയാണ് സാർ ഇവർ കുഴികളുണ്ടാക്കിയിരിക്കുന്നത്. 
ഇൻസ്പെക്ടർ മധ്യവയസ്കനോടും സംഘത്തിനോടും ചോദിച്ചു - നിങ്ങൾ ആരാണ് ? എവിടെ നിന്നും വരുന്നു ? എന്തൊരു സമൂഹ വിരുദ്ധ പ്രവർത്തനമാണ് നിങ്ങളിവിടെ ചെയ്യുന്നത് ?
ഇതെന്തിനാണ് കുഴികൾ ?
മധ്യവയസ്കൻ - നമ്മളൊക്കെ മരിച്ചാൽ കുഴിച്ചിടണ്ടേ... അതിനുള്ള കുഴികൾ മുൻകൂട്ടി കുഴിച്ചതാ ...
ഇൻസ്പെക്ടർ അമ്പരന്നു - അതെന്തിനാ മുൻകൂട്ടി ...?
മധ്യവയസ്കൻ - അല്ല , ആ നേരത്ത് കുഴിയെടുക്കാൻ ഇവിടാരും ബാക്കിയുണ്ടായാലല്ലേ ? 

ഇയാളെന്താ ഭ്രാന്ത് പുലമ്പുകയാണോ ?
ആൾക്കാർ മുറുമുറുത്തു .
ഭ്രാന്ത് നിങ്ങൾ കാലങ്ങളായി ചെയ്യുന്നതാണ്. നോക്ക് കുടിനീര് തന്നെയായി ഉപയോഗിച്ചിരുന്ന നദിയുടെ അവസ്ഥ. പോകുമ്പോഴും വരുമ്പോഴും നിങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങളാൽ പുഴ മരിക്കുകയാണ്. പുഴ മരിച്ചാൽ താമസിയാതെ നമ്മളും മരിക്കും. അപ്പോൾ നമുക്ക് വേണ്ടി ആരാണ് കുഴി മാന്തുക ? ആ കുഴിയാണ് ഇന്നേ ഞങ്ങൾ തയ്യാറാക്കുന്നത്.
ആൾക്കൂട്ടത്തിന്റെ തല താനേ കുനിഞ്ഞു . ഭരണ സമിതിക്ക് കാര്യം ബോധ്യമായി. നദീശുചീകരണത്തിന് പദ്ധതി പ്രഖ്യാപിച്ചു. പോലീസ്  - ഇനി നദിയിൽ മാലിന്യം നിക്ഷേപിക്കുന്നവർ ശിക്ഷിക്കപ്പെടും.
അന്ന് രാവിലെ തൊട്ട് സന്ധ്യ വരെ ആ മധ്യവയസ്കന്റെ നേതൃത്വത്തിൽ അവിടെ അരങ്ങേറിയത് ഒരു നാടകമായിരുന്നു. ഗ്രാമീണരും ഭരണ സമിതി പ്രസിഡന്റും പോലീസ് ഇൻസ്പെക്ടറും അതിൽ യഥാതഥ കഥാപാത്രങ്ങളാവുകയായിരുന്നു. പ്രശസ്തനായ ബ്രസീലിയൻ നാടകകാരൻ അഗസ്തേ ബോളും ശിഷ്യന്മാരും നാടകം അവതരിപ്പിക്കുകയായിരുന്നില്ല. അതൊരു പ്രവർത്തനമാക്കി മാറ്റുകയായിരുന്നു. നാല്‌പത് വർഷം മുമ്പ് റിയോ ഡി ജനീറോയിൽ അഗസ്തേ നടത്തിയ ഈ നാടകത്തേക്കാൾ വലുതായി വേറെന്താണ് ലോക നാടകദിനത്തിൽ നമ്മൾ ഓർക്കുക ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക