Image

ഫൊക്കാനയുടെ വര്‍ണ്ണശബളമായ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍

Published on 26 April, 2022
ഫൊക്കാനയുടെ വര്‍ണ്ണശബളമായ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഏപ്രില്‍ 23-നു വൈകിട്ട് 7.30 മുതല്‍ 9.30 വരെ ഈവര്‍ഷത്തെ ഈസ്റ്ററും വിഷുവും സൂമിലൂടെ ആഘോഷിച്ചു. 

'മാനവീകത' എന്ന തീമിനെ ആസ്പദമാക്കിയുള്ളതായിരുന്നു ഈവര്‍ഷത്തെ ആഘോഷങ്ങള്‍. പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അധ്യക്ഷത വഹിച്ചു. മാനവരാശിയുടെ പാപപരിഹാരത്തിനുവേണ്ടി കാല്‍വരി കുന്നില്‍ മരക്കുരിശില്‍ തൂങ്ങി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചതിന്റെ ഓര്‍മ്മയാണ് ഈസ്റ്ററെന്നും, സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് വിഷു എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. നിഷ്‌കളങ്കമായ ഒരു പുതിയ ജീവിതത്തിന്റെ സന്ദേശമാണ് മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു ലോകത്തിന് നല്‍കുന്നതെന്നും അതുപോലെ വിഷു നല്‍കുന്നത് ഒരു പുതുവര്‍ഷത്തിന്റേയും അഭിവൃദ്ധിയുടേയും ആനന്ദത്തിന്റേയും സന്ദേശമാണെന്നും അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. 

എം.ജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറായ ഡോ. അജു കെ. നാരായണന്‍ ഈവര്‍ഷത്തെ വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലോകത്തുള്ള നാം ഓരോരുത്തരും ഒരു പക്ഷിക്കൂടെന്ന് അനുവര്‍ത്തിക്കുന്ന ഒരു അനുഭവശേഷിയുടെ പേരാണ് മാനവീകത. നാം എല്ലാവരും മാനവീകതയുടെ വക്താക്കളായി മാറണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. കെ.ആര്‍ രാജീവ് യോഗത്തില്‍ ആശംസാ പ്രസംഗം നടത്തി. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതായിരിക്കണം നമ്മുടെ പ്രവര്‍ത്തികള്‍, അതാണ് മാനവീകത. ആ മാനവീകത മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാണെന്നും അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. 

ബാംഗ്‌ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഫെബിന്‍ പൂത്തുറ യോഗത്തില്‍ ആശംസാ പ്രസംഗം നടത്തി. നിരാശയുടേയും നൊമ്പരത്തിന്റേയും കഷ്ടപ്പാടിന്റേയും നടുവിലൂടെ നാം കടന്നുപോകുമ്പോള്‍ നിസ്വാര്‍ത്ഥമായ സേവനമാണ് നാം മറ്റുള്ളവര്‍ക്ക് നല്‍കേണ്ടത്. രാജാവിന്റെ വേഷത്തേക്കാള്‍ ദാസന്റെ വേഷത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഹരി ശിവരാമന്‍, ലേഖ ഹരി എന്നിവരും ആശംസാ പ്രസംഗങ്ങള്‍ നടത്തി. 

ആര്‍.എല്‍.വി ജിനു മഹാദേവന്റെ പ്രാര്‍ത്ഥനാഗാനവും, വേദിക പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ഭരതനാട്യവും, സിനിമ നടി സവിത സവാരിയുടെ സ്‌കിറ്റും, ജെന്‍സണ്‍ സംവിധാനം ചെയ്ത 'യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു' എന്ന നാടകവും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 

നിവേദിത രഞ്ജിത്ത്  അമേരിക്കന്‍ ദേശീയ ഗാനവും, നിവിന്‍ രഞ്ജിത്ത് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്വരൂപ അനില്‍ യോഗത്തിന്റെ എം.സിയായിരുന്നു. ഷൈജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ബാല വിനോദ്, ഡോ. സുജ ജോസ്, ഷീല ചെറു, ജൂലി ജേക്കബ്, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, വിനോദ് കെയാര്‍കെ,. ജോസഫ് കുര്യപ്പുറം, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ കാര്യപരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ ഏബ്രഹാം കളത്തിലിന്റെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു. 

Join WhatsApp News
മത്തായി ആനകയത്തിൽ 2022-04-26 18:35:47
അല്ല പോക്കാനെ ഞാൻ ഒന്ന് ചോദിക്കട്ടെ? വിഷുവും ഈസ്റ്ററും തുടങ്ങിയ മതപരമായ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ആണോ നിങ്ങളുടെ അജണ്ട? നിങ്ങൾ സാമൂഹ്യ സെക്കുലർ സംഘടന അല്ലേ? അതിൽ അല്ലേ ശ്രദ്ധിക്കേണ്ടത്? നാട്ടിലെയും ഇവിടത്തെയും ഹിന്ദു സന്യാസിമത തീവ്രവാദികളെയും, പള്ളിയിൽ അച്ഛന്മാരെയും ബിഷപ്പുമാരെയും കൊണ്ടുവന്ന് തള്ളൽ പ്രസംഗം നടത്തുന്നതാണോ നിങ്ങളുടെ അജണ്ട? പള്ളിയിലും അമ്പലത്തിലും ഇവരുടെയൊക്കെ തള്ളൽ പ്രസംഗം കേട്ട് മടുത്തു. പിന്നെ കുറച്ച് റിലീജിയസ് ഡ്രാമയും. എന്ത് പ്രയോജനം. കുറച്ചു ഫോട്ടോകളും ന്യൂസും മാത്രം . ഏതാണ് ശരി പോകാനാ? . രണ്ടു ഫോകാനകളും, ലാനയും ഫോമയും എല്ലാം ഓരോ തൂവൽപക്ഷികൾ തന്നെ. ഏതാണ് വലിയ പോകാനാ..? ഏതാണ് ശരിയായ പോകാനാ? നിങ്ങളുടെ പോകാനാ ഇലക്ഷൻ എന്നാണ്. പിന്നെ ഇമ്മിണി വലിയവൻ ഒന്ന് ചത്താൽ ദുഃഖത്താൽ ഞെട്ടിതെറികളും. സത്യത്തിൽ ഈ ഞെട്ടൽകാരോട് ചത്തവർ ആരാണ് എന്ന് വിശദമായി ചോദിച്ചാൽ അവർ കൈമലർത്തി ഞഞ്ഞാമുഞ്ഞ പറയും. ചുമ്മാ കുറെ നാടൻ നന്നാക്കി സംഘടനകൾ. ആംആദ്മിയുടെ ഒരു ചൂലുമായി പോയി അവിടെയും ആരെങ്കിലും ഒക്കെ ഒന്ന് വലിഞ്ഞുകേറി ഒന്ന് ശുദ്ധീകരിച്ചാൽ നന്നായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക