ഫോമാ ട്രഷറർ സ്ഥാനാർഥി ബിജു തോണിക്കടവിൽ: വ്യക്തിബന്ധങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളും

Published on 26 April, 2022
ഫോമാ ട്രഷറർ സ്ഥാനാർഥി ബിജു തോണിക്കടവിൽ: വ്യക്തിബന്ധങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളും

അമേരിക്കൻ മലയാളികൾക്കിടയിൽ ഏറ്റവും ജനകീയ ബന്ധമുള്ള വ്യക്തി ആരെന്നു ചോദിച്ചാൽ അത് ബിജു തോണിക്കടവിൽ ആയിരിക്കുമെന്നു നിസംശയം പറയാം. അമേരിക്കയിലെമ്പാടുമുള്ള പരിചയക്കാരെ ഇടക്കിടെ വിളിച്ച് സുഖവിവരം അന്വേഷിക്കും. ഫോമാ ട്രഷറർ സ്ഥാനാർഥി ആകും മുൻപും അങ്ങനെ തന്നെ. ജന്മദിനത്തിൽ ആദ്യത്തെ  ആശംസ  പറഞ്ഞത് ബിജു ആയിരുന്നെന്നു അടുത്തയിടക്ക് ന്യു യോർക്കിൽ നടന്ന പ്രചാരണ യോഗങ്ങളിൽ പലരും പറയുന്നത് കേട്ടു.

ജോലിക്കും സംഘടനാ പ്രവർത്തനത്തിനുമിടയിൽ ബിജു ഇതിനൊക്കെ സമയം  കണ്ടെത്തുന്നുവെന്നതാണ് അതിശയം.

വ്യക്തിബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നു എന്നത് മാത്രമല്ല വ്യക്തമായ കർമ്മപരിപാടികളും കാഴ്ചപ്പാടും ഉള്ള സംഘാടകനാണ് ബിജു എന്നതും ശ്രദ്ധേയം.

ഇപ്പോൾ ഫോമയിൽ ജോ. ട്രഷററായ ബിജു ഒരു പടി  കൂടി കടന്ന് ട്രഷററായാണ് മല്സരിക്കുന്നത്. ജോലിയിൽ വലിയ വ്യത്യാസമില്ലെന്നർത്ഥം. ഇപ്പോൾ പ്രസിഡന്റും സെക്രട്ടറിയും ട്രഷററും ഏൽപ്പിക്കുന്ന ജോലികളാണ് ചെയ്യുന്നതെന്ന് മാത്രം.

എങ്കിലും ഫോമായുടെ ശ്രദ്ധേയമായ ജീവകാരുണ്യ പദ്ധതി ഫോമാ ഹെല്പിങ് ഹാൻഡ്‌സ് തുടങ്ങിയപ്പോൾ അതിൽ കൂടുതലാലുകളെ പങ്കാളികളാക്കാനും  കൂടുതൽ തുക സമാഹരിക്കുവാനും  ബിജുവിന് കഴിഞ്ഞു.  ആകസ്മികമായി ദുരിതത്തിൽപ്പെടുന്നവരെ സഹായിക്കാനുള്ള ഈ പദ്ധതിയുടെ - അനിയൻ ജോർജിന് നന്ദി- പ്രയോജനം ഒട്ടേറെ പേർക്ക് ലഭിക്കുകയുണ്ടായി. പലരിൽ നിന്ന് ചെറിയ തുക സമാഹരിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത.

കോവിഡ് കാലത്തെ ഫോമായുടെ ഏറ്റവും നല്ല  പരിപാടികളിൽ ഒന്നായ സാന്ത്വന സംഗീതത്തിന്റെ കോർഡിനേറ്റർ ബിജു ആയിരുന്നു.  കോവിഡ് മൂലം ലോക ജനത തന്നെ മരണഭീതി നേരിട്ട കാലത്താണ് സമാശ്വാസവുമായി ആഴ്ച തോറും ഈ സംഗീത പരിപാടി അരങ്ങേറിയത്. അതിൽ സൂമിലൂടെയാണെങ്കിലും പങ്കെടുക്കാൻ ജനം കാത്തു നിന്നു. പ്രത്യാശയുടെ നാമ്പുകൾ വാടാതെ നിൽക്കുവാൻ ഇത് ഉപകരിച്ചു. ഒന്നര വർഷം  ഇത് തുടർന്നു. 82 എപ്പിസോഡുകൾ.

മലയാള ഭാഷ പഠനത്തിനായി ഏഷ്യാനെറ്റ്  ന്യുസുമായി ചേർന്നുള്ള പരിപാടിയിൽ ഫോമാക്കും മികച്ച സംഘാടകനായി ബിജുവിനും അവാർഡ് ലഭിക്കുകയുണ്ടായി.  ഭാഷാ പഠനവുമായി ബന്ധപ്പെട്ട ചില  പ്രോഗ്രാമുകൾ സംപ്രേക്ഷണം ചെയ്യിക്കുവാനും  കഴിഞ്ഞു. ഫോമാ റീജിയൻ തലത്തിലും അംഗസംഘടനകളിലും കൂടുതൽ മലയാളം സ്‌കൂൾ സ്ഥാപിക്കണമെന്ന് ചിന്താഗതി വളർത്താനും  ഇതുപകരിച്ചു.

കോവിഡ് ചെറുക്കാൻ നാട്ടിലേക്ക് സഹായം ഫോമാ എത്തിക്കുമ്പോൾ ബിജു അഡ്‌വെന്റ്  ഹെൽത്തിൽ പ്രവർത്തിക്കുന്ന സുഹൃത്ത്  വഴി മൂന്ന് വെന്റിലേറ്ററും ഒട്ടേറെ ജീവൻ രക്ഷ ഉപകരണങ്ങളും സമാഹരിച്ചു നൽകി.

സ്ത്രീകളെ അമേരിക്കൻ  രാഷ്ട്രീയത്തിൽ പ്രോത്സാഹിപ്പിക്കണമെന്ന നവീന ആശയവും ബിജു മുന്നോട്ടു വയ്ക്കുന്നു. അതിനു പ്രധാന കാരണം ചെറിയ  രാജ്യങ്ങളിൽ നിന്ന്   വരുന്ന വനിതകൾ പോലും  ഇവിടെ രാഷ്ട്രീയ രംഗത്ത്  സ്ഥാനമാനങ്ങൾ നേടുന്നതു കണ്ടാണ്. ഇന്ത്യൻ വനിതകൾക്ക്  ഉന്നത വിദ്യാഭ്യാസവും മികച്ച കഴിവുകളുമുള്ളവരാണ്. അവർക്ക് പുരുഷന്മാരേക്കാൾ ഈ രംഗത്ത്  ശോഭിക്കാനാവും.

സൺഷൈൻ ആർ.വി.പി. ആയിരിക്കുമ്പോൾ യുവാക്കൾക്കായി ഇതേ ആശയവുമായി സെമിനാർ സംഘടിപ്പിച്ചപ്പോൾ നല്ല പങ്കാളിത്തം ലഭിക്കുകയുണ്ടായി.

ട്രഷററായി വിജയിച്ചാൽ കണക്ക് സുതാര്യമായിരിക്കും എന്നാതാണ് ബിജു നൽകുന്ന വാഗ്ദാനം. ആർക്കും എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാം.  ആളുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന തുകയാണ് ഫോമക്ക് നല്കുന്നതെന്നത് ഒരിക്കലും മറക്കില്ല. അതിനാൽ ഒരു പെനി പോലും നേരാം വണ്ണമല്ലാതെ ചെലവിടില്ല.

അമേരിക്കയിലെ മറ്റു ഇന്ത്യൻ സമൂഹങ്ങളുമായുള്ള മലയാളികളുടെ ബന്ധം മെച്ചപ്പെടുത്തുകയാണ് മറ്റൊരു ലക്‌ഷ്യം.

ഡോക്ടർ ജേക്കബ് തോമസ് (പ്രസിഡന്റ്‌), ഓജസ് ജോൺ (ജനറൽ സെക്രട്ടറി) ബിജു തോണിക്കടവിൽ (ട്രഷറർ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോക്ടർ ജെയ്‌മോൾ ശ്രീധർ (ജോയിന്റ് സെക്രട്ടറി), ജെയിംസ് ജോർജ് (ജോയിന്റ് ട്രെഷറർ) എന്നിവരാണ്  ഫ്രണ്ട്‌സ്‌ ഓഫ് ഫോമാ എന്ന പാനലിൽ മത്സരിക്കുന്നത്, ഡോ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ  ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഫോമായുടെ ഓരോ അംഗസംഘടനകളിലേക്കും അംഗങ്ങളിലേക്കും  ഇറങ്ങിച്ചെല്ലുവാൻ ഈ പാനലിനു കഴിഞ്ഞു
 
ഏറ്റെടുക്കുന്ന ജോലികള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുകയും എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് ഏതൊരു സംഘടനക്കും ആവശ്യം. ഫോമായിലെ പുതുതലമുറയിലെ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ മാത്രുക തന്നെയാണ്.  

ഊര്‍ജസ്വലമായും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കുന്ന ബിജു തോണിക്കടവിലിനെ പോലുള്ളവരാണ് ഫോമായുടെ ശക്തി.  

കൊറോണാ ശക്തമായ സമയത്തു   സണ്‍ഷൈന്‍ റീജിയന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് ആരംഭിക്കുകയും, പ്രഗല്ഭ ഡോക്ടര്‍മാരെ ഉള്‍കൊള്ളിച്ചു ഹെല്പ്‌ലൈന്‍ ആരംഭിക്കുകയും ചെയ്തു. സോഷ്യല്‍ വര്‍ക്കേഴ്‌സിനെ ഉള്‍പ്പെടുത്തി ഇമോഷണല്‍ ഹെല്പ്പ്‌ലൈന്‍ ആരംഭിച്ചു. കൊറോണ സംബന്ധിച്ച സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനായി ഡോക്ടറോട് നേരിട്ട് സംവാദിക്കുന്നതിനുള്ള അവസരം ഒരുക്കി. മാനസികമായ പിരിമുറുക്കത്തിന്നു അയവു വരുത്തുവാന്‍ തക്കവണ്ണം കൃഷി പാഠം പരിപാടി നടപ്പില്‍ ആക്കി.  

ബിജു പറയുന്നത്

ഫോമാ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായി പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് സാധിച്ചു. അതിന് എന്നെ സഹായിച്ച ഫോമായുടെ എല്ലാ നേതാക്കന്മാര്‍ക്കും നന്ദി പറയാനുംകൂടി ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഒട്ടുമിക്ക പ്രതിനിധികളോടും സംസാരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരമാവധി വിശദികരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു

മല്‍സര രംഗത്തു വരുവാന്‍ കാരണമെന്ത്?

നാട്ടിലും ഇവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമയിരുന്നു. ഫോമാ  ട്രഷററായി അവസരം കിട്ടിയാല്‍ നമ്മുടെ സമൂഹത്തിന്നു വേണ്ടി കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ഉള്ള പ്രവര്‍ത്തന പരിചയം ഫോമാ  ട്രഷറര്‍ സ്ഥാനത്തും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.

സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി. എന്ന നിലയില്‍ റീജിയനില്‍ ഉള്ള 11 മലയാളീ അസ്സോസിയേഷനുകളിലും പോകുവാനും അവരുടെ പരിപാടികളില്‍ പങ്കെടുക്കുവാനും സമയം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും അമേരിക്കയിലും പല സാമൂഹ്യ സമുദായ സംഘടനകളും ട്രസ്റ്റി ആയിട്ട് പ്രവര്‍ത്തിച്ചു പരിചയവും ഉണ്ട്.

ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുവാന്‍ കഴിയും. എന്റെ പ്രവര്‍ത്തങ്ങള്‍ക്ക്, എന്റെ കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ട്.

പാനലിനെപറ്റിയുള്ള അഭിപ്രായം?

പാനലിനു നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ആണ്. പാനലിനുപരിയായി ഒരു ടീം ആയി പ്രവര്‍ത്തിക്കുവാന്‍ മാനസികമായി അടുപ്പം ഉള്ളവര്‍ ഒരു ധാരണയോടു കൂടി പ്രവര്‍ത്തിക്കുന്നത് സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ആണ് എന്നാണു എന്റെ അഭിപ്രായം. ഫോമാ എന്ന മഹാപ്രസ്ഥാനത്തിന് സാമൂഹിക നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നിരവധി മേഖലകള്‍ ഉണ്ട്. അടുത്ത കമ്മിറ്റിയ്ക്ക് സംഘടനയെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു .

മുന്‍ കാല പ്രവര്‍ത്തനനങ്ങള്‍  

അമേരിക്കയില്‍ ഞാന്‍ സംഘടന പ്രവര്‍ത്തനം തുടങ്ങുന്നതു പാം ബീച്ച് അസോസിയേഷന്റെ ഓഡിറ്റര്‍ ആയാണ്. അതിന്നു ശേഷം കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്ന് ഈ നിലയില്‍ പ്രവര്‍ത്തിച്ചു. ഞാന്‍ അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന സമയത്തു, ഫോമാ നടത്തിയ റീജിയനല്‍ കാന്‍സര്‍ സെന്റര്‍ പ്രോജക്ടിന് ഒരു നല്ല തുക സംഭാവന ചെയ്യുവാന്‍ ഞങ്ങളുടെ കമ്മിറ്റിക്കു കഴിഞ്ഞു.

അതിന്നു ശേഷം ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ആയി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. ഫോമാ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കാന്‍ ഫോമാ എന്നിക്കു അവസരം തന്നു.

ചിക്കാഗോ കണ്‍വെന്‍ഷന്റെ സൂവനീര്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുവാനും കഴിഞ്ഞു. 2018 ഞാന്‍ റീജിയന്‍ ആര്‍.വി.പി. ആയി് തിരഞ്ഞെടുക്കപ്പെട്ടു. ആര്‍.വി.പി. എന്ന നിലയില്‍ റീജിയന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി അഡൈ്വസറി ബോര്‍ഡ്, സീനിയര്‍ അഡൈ്വസറി ബോര്‍ഡ്, പൊളിറ്റിക്കല്‍ ഫോറം, വുമണ്‍'സ് ഫോറം, യൂത്ത് ഫോറം, സീനിയര്‍ ഫോറം, പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി, ഐ.ടി. ഫോറം, യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി, സുവനീര്‍ കമ്മിറ്റി എന്നിവ രൂപീകരിച്ചു.

റീജിയണിലെ എല്ലാ അസ്സോസിയേഷനുകളായും ഉള്‍പ്പെടുത്തി യൂത്ത് ഫെസ്റ്റിവല്‍ വളരെ ഭംഗിയായി നടത്തി. യുവ ജനങ്ങള്‍ക്കായി ഡ്രഗ് അവേയര്‍നസ് ക്ലാസ്, അമേരിക്കന്‍ പൊളിറ്റിക്‌സ് ക്ലാസ് എന്നിവയും, ഓറഞ്ച് വിംഗ്‌സ് ഏവിയേഷന്‍ എന്ന ഫ്‌ലൈയിംഗ് സ്‌കൂളിലേക്കു ടൂറും സംഘടിപ്പിച്ചു. കായിക പ്രേമികള്‍ക്ക് വേണ്ടി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പല പരിപാടികള്‍ നടത്തി.  

ഫോമാ വില്ലജ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എന്റെ അസോസിയേഷനില്‍ നിന്ന് ഒരു ഭവനം ഉള്‍പ്പടെ 7 വീടുകള്‍ സണ്‍ഷൈന്‍ റീജിയനില്‍ നിന്ന് നല്‍കുവാന്‍ സാധിച്ചു. കൂടാതെ, ഫോമാ വില്ലജ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി, റീജിയനില്‍ നിന്ന് 6000 ഡോളര്‍ കൊടുക്കുവാനും സാധിച്ചു.

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍?

റാന്നിക്കടുത്ത് നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സ്വാശ്രയ പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍, കോണ്‍ഗ്രസ് (ഐ) സേവാദള്‍ പത്തനംതിട്ട ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തൊഴില്‍ മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്,. ഗ്രാമത്തിലെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പ്രസിഡന്റ് , ട്രഷറര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുവാന്‍ കഴിഞ്ഞിട്ടുണ്ട്.

വിജയിച്ചാല്‍ സംഘടനയില്‍ എന്തു മാറ്റമാണ്  ആഗ്രഹിക്കുന്നത്?

ഫോമായുടെ അക്കൗണ്ട് കൂടുതല്‍ സുതാര്യം ആക്കും. ഫോമായുടെ ബൈ-ലോ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ശ്രമിക്കും. യുവാക്കളെ അമേരിക്കന്‍ പൊളിറ്റിക്‌സുമായി കൂടുതല്‍ അടുപ്പിക്കാന്‍ മുന്‍കൈ എടുക്കും. ഫോമാ കണ്‍വെന്‍ഷനും, മറ്റു ഒത്തുചേരലുകളും, കുടുംബ സംഗമമാക്കി മാറ്റാന്‍ ശ്രമിക്കും. മലയാള ഭാഷയും, നമ്മുടെ സംസ്‌കാരവും, കലകളും, നമ്മുടെ കുട്ടികളില്‍ എത്തിക്കാന്‍ പരിശ്രമിക്കും.

പാംബീച്ച് ഷെറിഫ് ഓഫീസില്‍ ഉദ്യോഗസ്ഥനാണ് ബിജു. ഭാര്യ ജൂണാ തോമസും അവിടെ ഉദ്യോഗസ്ഥ. സോനിയ തോമസ് പുത്രിയും സജെ തോമസ് പുത്രനുമാണ്.

ചാക്കൊച്ചി 2022-04-28 00:49:08
ഫോമായുടെ ഇപ്പോഴത്തേ കമ്മറ്റിയിലെ എല്ലാ വിധ പ്രവർത്തന പരിചയം കൂടി ഒന്ന് വിശദീകരിച്ചാൽ വായിക്കാൻ നല്ല ശേലായിരുന്നു...ഭേഷ് .
Prekshakan 2022-04-30 00:23:44
Thermometer kodutha photo kandillallo. Kashtamayi poyi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക