Image

വെളിച്ചത്തിന്റെ കല്ലുകൾ,ഹായ് , കഥ ! - 91 - പ്രകാശൻ കരിവെള്ളൂർ

Published on 30 April, 2022
വെളിച്ചത്തിന്റെ കല്ലുകൾ,ഹായ് , കഥ ! - 91 -  പ്രകാശൻ കരിവെള്ളൂർ

മോളേ, എന്റെ കണ്ണുകളടയുകയാണ്. ഇന്നു വരെ ഒരാളെയും ദംശിക്കാതെ അമ്മ ജീവിച്ചു. ഉടൽ കുളമ്പടിയിൽ പുളഞ്ഞിട്ടുണ്ട്. തല ചവിട്ടേറ്റ് ചതഞ്ഞിട്ടുണ്ട്. അപ്പോൾ നമ്മളറിയാതെ രക്തം തലയിലേക്ക് ഇരച്ചു കയറി അറിയാതെ തന്നെ വിഷപ്പല്ല് പുറത്തേക്ക് നിവർന്നു വരും. പക്ഷേ , കടിച്ചില്ല. കടിച്ചാൽ അടർന്നു പോകുന്നതും പിടഞ്ഞു തീരുന്നതും ഒരു പ്രാണനല്ലേ ...

മുഴുവനായും ഇരുട്ടിൽ മുങ്ങിയ നാഗിനിയമ്മ പന്നഗയോട് തുടർന്നു.

ആളുകളുടെയും മൃഗങ്ങളുടെയും ചവിട്ടേറ്റാൽ ഉടൻ വിഷപ്പല്ല് നിവരുക മാണിക്യനാഗങ്ങളുടെ പ്രത്യേകതയാണ്. ചില കനത്ത ചവിട്ടിൽ ഫണത്തിന്മേലുള്ള ഏഴ് മാണിക്യങ്ങളും തെറിച്ച് പോകും. ആ കല്ലുകളാണ് നമ്മുടെ വെളിച്ചം . എല്ലാ കല്ലും പോയാൽ ഒന്ന് ആഞ്ഞു കടിക്കണം . അതാണ് നിയമം. അമ്മയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ മാണിക്യമേഴും നഷ്ടപ്പെട്ട് അമ്മയിതാ നിത്യമായ ഇരുട്ടിലേക്ക് പോവുകയാണ്. എന്റെ മോള് അമ്മയെപ്പോലെയാവരുത് . നിറുകയിലെ കല്ലുകൾ നിന്റെ വെളിച്ചമാണ്. അത് ചവിട്ടിത്തെറിപ്പിക്കുന്ന വരെ പ്രതിരോധിക്കുക തന്നെ വേണം.
ത്യാഗവും സഹനവും മാത്രം  നിറഞ്ഞ ജീവിതത്തിൽ നിന്നും മൃത്യുവിന്റെ മാളത്തിലേക്ക് ഇഴഞ്ഞു  പോവുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഉള്ളിൽ മുഴങ്ങിയപ്പോൾ  
പന്നഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.  
അമ്മ പറഞ്ഞതനുസരിച്ച് മനുഷ്യ സഞ്ചാരമുള്ള വഴിയിലൊന്നും അവൾ പോകാറില്ല. എന്നിട്ടും ഇന്നലെ സന്ധ്യയ്ക്ക് ഒരു വേട്ടക്കാരൻ ഒരു മുയലിന്റെ പിന്നാലെ ഓടുന്നതിനിടയിൽ അവളുടെ തലയിൽ ചവിട്ടി. നിവർന്നു വന്ന വിഷപ്പല്ലിനെ അവൾ പണിപ്പെട്ട് നിയന്ത്രിച്ചു. 
വേദന സഹിച്ച് തിരിച്ച് ഇഴഞ്ഞു മാളത്തിലേക്ക് തന്നെ. തപ്പി നോക്കുമ്പോഴേക്കോ ഫണത്തിൽ രണ്ട് മാണിക്യങ്ങൾ കാണാനില്ല. 
നിലാവ് ഭക്ഷിച്ചാണ് നാഗങ്ങളുടെ തലയിൽ മാണിക്യമുണ്ടാകുന്നത്. എല്ലാ നാഗങ്ങൾക്കും നിലാവ് ഭക്ഷിക്കാനറിയില്ല. അതു കൊണ്ട് അവ ഇരുളിൽ സഞ്ചരിക്കാതെ പകൽ മാത്രം മാളത്തിന് പുറത്തിറങ്ങുന്നു.
ഒരു പൗർണമി രാവിൽ പാറക്കൂട്ടത്തിന് മുകളിലേക്കിഴഞ്ഞ് പന്നഗ വേണ്ടുവോളം നിലാവ് തിന്നു. നഷ്ടപ്പെട്ട മാണിക്യക്കല്ലുകൾക്ക് പകരം പുതിയത് രണ്ടെണ്ണം അവളുടെ തലയിൽ മുളച്ച് വന്നു. ഏഴ് മാണിക്യങ്ങളുടെ നിറവെളിച്ചത്തിൽ പന്നഗ മെല്ലെ കുന്നിഴഞ്ഞു. 
ഇരുളിൽ ആ ഫണവെളിച്ചം ദൂരത്തു നിന്നേ കാണാം. അതും നോക്കി നിൽക്കുകയായിരുന്നു ഒരു മന്ത്രവാദി . അയാൾ വഴി നീളെ ഒരു വല വിരിച്ചിരുന്നു. പാവം പന്നഗ , അതിലേക്കാണ് ഇഴഞ്ഞെത്തിയത്. മന്ത്രവാദി വല മുറുക്കിക്കെട്ടി .... പാവം പന്നഗയ്ക്ക് പത്തി നിവർത്താൻ പോയിട്ട് അനങ്ങാൻ പോലും കഴിഞ്ഞില്ല. മന്ത്രവാദി ബന്ധനസ്ഥയായ അവളുടെ തലയിൽ നിന്ന് മാണിക്യങ്ങൾ ഓരോന്നായി അടർത്തിയെടുത്തു. എന്നിട്ട് വലയും അഴിച്ചെടുത്ത് പോയി. 
പുറത്ത് നിറയെ നിലാവുള്ള രാത്രി. അകത്ത് കൂരിരുൾക്കാടും പേറി പന്നഗ. 
അവൾ കരഞ്ഞു - അമ്മേ, വിഷപ്പല്ല് നിവർത്താൻ പോയിട്ട് ഫണമൊന്ന് വിടർത്താൻ പോലും കഴിഞ്ഞില്ലല്ലോ എനിക്ക്. നിലാവ് ഭക്ഷിച്ച് വീണ്ടും മാണിക്യക്കല്ല് മുളപ്പിക്കാമെന്ന് വച്ചാൽ ... കണ്ണ് കാണാത്ത ഞാൻ എവിടെ നിലാവിനെ കണ്ടെത്തും ?
ഉള്ളിൽ സങ്കടം വിങ്ങിപ്പൊട്ടുമെന്നായപ്പോൾ അവൾ തല മേലോട്ടുയർത്തി ചങ്ക് പൊട്ടിക്കരഞ്ഞു - നിലാവേ , നീ എവിടെയാണ് ?

Join WhatsApp News
മീര കൃഷ്ണൻകുട്ടി 2022-04-30 13:22:23
വേണം, പന്നഗമാർക്ക് വെളിച്ചത്തിന്റെ കല്ലുകൾ! വെയിലും നിലാവും തിരിച്ചറിയാനുള്ള കഴിവുണ്ടാകട്ടെ , എന്നു പ്രാർത്ഥിക്കുന്നു. നല്ല കഥ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക