മലയാളത്തിലെ ഫിലിം ഫ്രാഞ്ചൈസികളില്‍ ഏറ്റവും പ്രശസ്തമാണ് സിബിഐ സീരീസ്. 1988-ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതല്‍ 2005-ലെ നേരറിയാന്‍ സിബിഐ വരെ ഇറങ്ങിയ നാല് സിനിമകളും പ്രേക്ഷകരെ രസിപ്പിച്ചവയാണ്. സേതുരാമയ്യര്‍ എന്ന ബുദ്ധിരാക്ഷനായ സിബിഐ ഓഫിസര്‍ക്കും, അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സിനും, എന്തിന് സിബിഐ തീം മ്യൂസിക്കിന് പോലും ആരാധകര്‍ നിരവധിയാണ്.
സാധാരണ ത്രില്ലര്‍ സിനിമകളില്‍ കണ്ടുവരുന്ന ആക്ഷനോ, അതിസാമര്‍ത്ഥ്യമോ കൂടാതെ ബുദ്ധി മാത്രമുപയോഗിച്ച് കേസ് തെളിയിക്കുന്ന ശൈലിയാണ് സേതുരാമയ്യര്‍ക്ക് എന്നതാണ് ഇത്രയും ആരാധകവൃന്ദത്തെ നേടിക്കൊടുത്തത്. ഒപ്പം കെ. മധുവിന്റെ കയ്യടക്കമുള്ള സംവിധാനം, അവസാനം വരെ ഉദ്വേഗം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള എസ്.എന്‍ സ്വാമിയുടെ തിരക്കഥ എന്നിവയും, മമ്മൂട്ടിയുടെ സേതുരാമയ്യരായുള്ള പകര്ന്നാട്ടവുമെല്ലാം സിബിഐ സിനിമകളെ ഇപ്പോഴും പ്രിയപ്പെട്ടവയാക്കി നിലനിര്‍ത്തുന്നു. ഇത് തന്നെയാണ് ഈ ഫ്രാഞ്ചൈസിയിലെ അഞ്ചാം ഭാഗം, സിബിഐ 5: ദി ബ്രെയിന്‍ എന്ന സിനിമയ്ക്കായുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചത്.
മറ്റ് സിബിഐ സിനിമകളില്‍ കണ്ടതുപോലെ ആദ്യം തൊട്ട് അവസാനം വരെ ഉദ്വേഗം നിലനിര്‍ത്തി, പ്രേക്ഷകരെ എന്‍ഗേജിങ് ആക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സിബിഐ 5-ന്റെ പ്രധാന പോരായ്മയായി തോന്നിയത്. വളരെയേറെ റിസര്‍ച്ച് നടത്തി, പലതും തമ്മില്‍ കൂട്ടിയും കുറച്ചും, പരസ്പരം ലിങ്ക് ചെയ്തുമൊക്കെ ഏറെ പണിപ്പെട്ടാണ് സിനിമയ്ക്കായി എസ്.എന്‍ സ്വാമി തിരക്കഥയൊരുക്കിയിരിക്കുന്നതെന്ന് ചിത്രം കാണുമ്പോള്‍ വ്യക്തമാണ്. ഇന്റര്‍വ്യൂകളില്‍ അദ്ദേഹം അവകാശപ്പെട്ടതുപോലെ വില്ലനെ അത്ര എളുപ്പത്തില്‍ ഊഹിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുമില്ല. എന്നാല്‍ തിരക്കഥ കുറച്ചധികം കോംപ്ലക്സ് ആയതാണോ പ്രേക്ഷകര്‍ക്ക് മടുപ്പുളവാക്കുന്നതെന്നാണ് സംശയം.
പുതിയ ഐപിഎസ് ട്രെയിനികള്‍ക്കായി മുതര്‍ന്ന സിബിഐ ഓഫിസറായ ബാലു (രണ്‍ജി പണിക്കര്‍) തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു ക്ലാസെടുക്കുന്നതിലൂടെയാണ് സിനിമ, കഥയിലേയ്ക്ക് പ്രവേശിക്കുന്നത്. ഈ ക്ലാസിനിടെ വളരെയേറെ വെല്ലുവിളിയുയര്‍ത്തിയ, തെളിയിക്കുക എന്നാല്‍ അസാധ്യമെന്ന് തോന്നിയ ഏതെങ്കിലും കേസ് ഉണ്ടായിരുന്നോ എന്ന ഒരു ട്രെയിനിയുടെ ചോദ്യത്തിന് മറുപടിയായി, കേരളത്തില്‍ നടന്ന ബാസ്കറ്റ് കില്ലിങ്ങുമായി ബന്ധപ്പെട്ട ഒരു കേസ് സിബിഐ അന്വേഷിച്ചത് ചുരുള്‍ നിവര്‍ത്തുകയാണ് ബാലു. അതിലെ മുഖ്യ അന്വേഷകനായി സേതുരാമയ്യരും, അസിസ്റ്റന്റ്സായി ബാലു അടക്കമുള്ളവരും എത്തുന്നു.
പ്രമുഖരടക്കമുള്ള ഏതാനും പേര് ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ, അതേസമയം ഒരു തരത്തിലും ഈ മരണങ്ങള് കൃത്യമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്ത തരത്തില്‍ കുഴക്കുന്നതാണ് കേസ്. പ്രമുഖര്‍ ഉള്‍പ്പെട്ടതിനാലും, കേരളാ പോലീസിന്റെ അന്വേഷണം നേര്ദിശയിലാകുമെന്ന് സംശയമുള്ളതിനാലും കേസ് സിബിഐയെ ഏല്‍പ്പിക്കുന്നു. തുടര്‍ന്ന് വളരെ കോംപ്ലിക്കേറ്റഡായ, അനവധി ലെയറുകളുള്ള കേസ്, സേതുരാമയ്യരുടെ നേതൃത്വത്തില്‍ തെളിയിക്കുന്നതാണ് സിനിമ. സസ്പെന്സിനും, ചെറിയ ഡീറ്റെയിലിങ്ങിന് പോലും പ്രാധാന്യമുണ്ട് എന്നതിനാല്‍ കഥയിലേയ്ക്ക് കൂടുതല്‍ കടക്കുന്നില്ല.
നേരത്തെ പറഞ്ഞതുപോലെ എന്‍ഗേജിങ് ആക്കാനായി സൃഷ്ടിച്ച അനാവശ്യമായ കോംപ്ലക്സിറ്റിയാണ് സിനിമയെ സത്യത്തില്‍ എന്‍ഗേജിങ് ആയി നിലനിര്‍ത്തുന്നതില്‍ നിന്നും തടയുന്നത്. വളരെയേറെ വിവരങ്ങള്‍ ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ കണ്ഫ്യൂസ് ആകുന്നത് സ്വാഭാവികമാണ്. മറ്റ് സിബിഐ സിനിമകളിലെ പോലെ ഏതെങ്കിലും ഒരു കഥാപാത്രത്തോടോ, കഥാപാത്രങ്ങളോടോ പ്രത്യേകിച്ച് അനുഭാവം തോന്നിപ്പിക്കാത്ത തരത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത് എന്നതും കല്ലുകടിയാണ്. അതിനാലാണ് പലപ്പോഴും കേസന്വേഷണം മടുപ്പാകുന്നത്. സേതുരാമയ്യരോട് പോലും പ്രത്യേകിച്ച് താല്പര്യമൊന്നും മിക്കപ്പോഴും തോന്നുന്നില്ല. ഒരുപക്ഷേ ഇത്രയധികം ഇന്‍ഫര്‍മേഷന്‍ കുത്തിനിറയ്ക്കാതെ, ഒതുക്കത്തില്‍ തിരക്കഥയെ ഒന്ന് ചുരുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സിനിമ കൂടുതല്‍ ത്രില്ലിങ്ങായേനെ.
സാങ്കേതികമായി വളരെ മികച്ചത് എന്ന് പറയാനായി സിനിമയില്‍ പ്രത്യേകിച്ച് ഒന്നുമുള്ളതായി അനുഭവപ്പെട്ടില്ല. സിബിഐ തീം മ്യൂസിക്കിന്റെ പുതിയ വേര്‍ഷനും, ചില ഷോട്ടുകളും നന്നായി തോന്നിയെന്ന് മാത്രം.
അഭിനേതാക്കളില്‍ കാലങ്ങള്‍ക്കിപ്പുറവും സേതുരാമയ്യരെ അതിഗംഭീരമായി അവതരിപ്പിച്ച മമ്മൂട്ടിയിലെ ജീനിയസിനെ ഒരിക്കല്‍ക്കൂടി കാണാം. ജഗതിയെ തിരികെ സ്ക്രീനില്‍ കാണാനായതും നല്ല അനുഭവമായി. സായ്കുമാര് നല്ല രീതിയില്‍ സത്യദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അനൂപ് മേനാനും കൊള്ളാം, പക്ഷേ അഭിനയത്തില്‍ ചില അനുകരണങ്ങള്‍ കല്ലുകടിയാണ്.
സിബിഐ 5 ഒരു മോശം സിനിമയല്ല. ഇത്രയും ഹൈപ്പ് ഉള്ള ഒരു സീരിസിന്റെ അഞ്ചാം ഭാഗം ഒരുക്കുമ്പോള്‍ സ്വാഭാവികമായും അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ കടന്നുവന്ന സമ്മര്‍ദ്ദം മനസിലാക്കാം. സിനിമയെ ഒരു തരത്തിലും പ്രചവനാത്മകമാക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തിയപ്പോള്‍ ചില കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മാത്രം.
അതേസമയം ഉദ്വേഗം ജനിപ്പിക്കുന്ന ചില രംഗങ്ങളും, ഒരിക്കലും പിടിതരാത്ത ചില ട്വിസ്റ്റുകളുമെല്ലാം സിനിമയിലുണ്ട് താനും. അതിനാല്‍ത്തന്നെ ഒരു തവണ കണ്ടുനോക്കാവുന്ന സിനിമ തന്നെയാണ് സിബിഐ 5: ദി ബ്രെയിന്‍.