Image

ഫോമാ ഭരണഘടന ഭേദഗതി എന്ന  സ്ഥിരം തമാശ നാടകം

Published on 02 May, 2022
ഫോമാ ഭരണഘടന ഭേദഗതി എന്ന  സ്ഥിരം തമാശ നാടകം

പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത് എന്ന്  'സന്ദേശം' സിനിമയിൽ കമ്യുണിസ്റ്റുകാരനായ ജ്യേഷ്ഠൻ  ശ്രീനിവാസൻ കോൺഗ്രസുകാരനായ അനിയൻ ജയറാമിനോട്  ആക്രോശിക്കുന്നത്  മലയാള ഭാഷയിൽ ഇപ്പോഴൊരു ശൈലി ആയിട്ടുണ്ട്. തങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതൊന്നും മിണ്ടരുത്. 

അത് പോലെ ആയിട്ടുണ്ട്  ഫോമയിൽ ഭരണഘടനാ ഭേദദഗതി എന്ന വാക്കുകൾ. അത് കേൾക്കുമ്പോഴേ സംഘടനയിൽ പ്രശ്നമായി. പിശാച് കുരിശു കണ്ടത് പോലെ എന്നും പറയാം.

ഭേദഗതി നാടകം തുടങ്ങിയിട്ട് കുറെ ജനറൽ ബോഡികൾ കഴിഞ്ഞു. ഓരോ ജനറൽ ബോഡിയിലും അവതരിപ്പിക്കും. അവതരിപ്പിക്കുമ്പോഴേ കൂവൽ തുടങ്ങും. അതോടെ അവതരണം മുടങ്ങും. അടുത്ത തവണത്തേക്ക് മാറ്റി ഭാരവാഹികൾ തടിയൂരും.

ഈ സ്ഥിരം നാടകം കണ്ട് ജനം മടുത്തിരിക്കുന്നു. എന്നാൽ പിന്നെ ഇനി ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാതിരുന്നു കൂടെ?  ഭേദഗതി ഇല്ലാത്തതു കൊണ്ട് ഫോമാ പ്രവർത്തനം ഒന്നും മുടങ്ങുന്നില്ല. പ്രശ്നങ്ങൾ  ഒന്നുമില്ല.  ഭരണഘടനാ  ഭേദഗതി ഇനി ആവശ്യമില്ല എന്നൊരു ഭേദഗതി പാസാക്കി ഈ അദ്ധ്യായം അവസാനിപ്പിക്കുന്നതല്ലേ അതിലെ യുക്തി?

ഇപ്രാവശ്യം  ഒട്ടേറെ അംഗങ്ങളുള്ള  ഒരു സമിതിയാണ് 53 പേജുള്ള ഭേദഗതി കൊണ്ടുവന്നതെന്നാണ് മനസിലാവുന്നത്. പക്ഷെ അത് അവതരിപ്പിക്കാൻ പോലും ഒരു വിഭാഗം സമ്മതിച്ചില്ല. അതിനുള്ള പ്രധാന കാരണം ഫോമായിൽ പ്രവർത്തിച്ച് മുൻ പരിചയമുള്ളവർ വേണം നാഷണൽ ഭാരവാഹികൾ ആകേണ്ടതെന്ന് നിബന്ധന ആണെന്നാണ് തോന്നുന്നത്. പലവട്ടം തള്ളിയതാണെങ്കിൽ എന്തിനു അത്  വീണ്ടും കൊണ്ടു  വരുന്നു എന്ന ചോദ്യം ന്യായം. അത്  ഇഷ്ടമില്ലെങ്കിൽ ചർച്ച ചെയ്ത തള്ളിയാൽ പോരെ എന്ന് എതിർ ന്യായം. പക്ഷെ ചർച്ചയെ വേണ്ട എന്ന് പറഞ്ഞാൽ എങ്ങനെ?

ഇത്രയും ബൃഹത്തായ ഭരണഘടനയും ഭേദഗതിയും  ഒരു സുപ്രഭാതത്തിൽ അവതരിപ്പിച്ചതിന്റെ  യുക്തിയും മനസിലാവുന്നില്ല.  ചില വകുപ്പുകൾ ഭാരവാഹികൾ ഇ-മലയാളിയടക്കം മാധ്യമങ്ങൾക്ക് നൽകുകയുണ്ടായി. എന്നല്ലാതെ സംഘടനയിൽ വിശദമായ ഒരു ചർച്ചയും നടന്നില്ല. അഭിപ്രായങ്ങൾ ക്ഷണിച്ചില്ല. 

അത് ശരിയാണോ? ഭേദഗതി  നിർദേശങ്ങൾ അംഗങ്ങളെ അറിയിക്കുകയും വ്യാപകമായി ചർച്ച ചെയ്യുകയുമല്ലേ വേണ്ടത്? ഇത് ഒളിച്ചു വയ്ക്കാൻ ആരുടെയും തറവാട്ടു കാര്യമല്ല. ഭാരവാഹികൾ വന്നും പോയുമിരിക്കും.

അവ്യക്തതയുള്ള  പല കാര്യങ്ങളും ഭേദഗതിയിൽ വ്യക്തമാക്കിയിരുന്നു. അതുപോലെ ചില നല്ല നിർദേശങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന് വനിതാ പ്രതിനിധികളുടെ എണ്ണം  മൂന്നിൽ നിന്ന് ആറ് ആക്കുക.  അത് സ്വാഹ. പത്തു വനിതകളെങ്കിലും മത്സരിക്കുന്നുണ്ട്. ആറു  പേരെങ്കിലും വരുമല്ലോ എന്ന് കരുതിയത് ഇല്ലാതായി.

അത് പോലെ നല്ല ഒരു നിർദേശമായിരുന്നു പത്തിൽ കൂടുതൽ അംഗസംഘടനയുള്ള റീജിയനുകൾക്ക് രണ്ടിന് പകരം മൂന്ന് പേരെ നാഷണൽ കമ്മിറ്റിയിലേക്ക് അയക്കാമെന്നത്. കാലിഫോർണിയ, ഫ്ലോറിഡ റീജിയനുകൾക്ക്   ഉപകാരപ്പെടുന്നതാണിത്. അതും നടക്കില്ല.

ഫോമായുടെ പേരും ലോഗോയും  പേറ്റന്റ് ചെയ്‌തിട്ടുണ്ട്. അത് അംഗീകാരമില്ലാതെ ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാമെന്നതാണ് മറ്റൊന്ന്‌.  അതിൽ എതിർക്കപ്പെടേണ്ടതായി എന്താണുള്ളത്?

അംഗസംഘടനകകളുടെ  ബാങ്ക് അക്കൗണ്ട്, ബൈലോ, ഏതു സ്ഥലത്താണ് പ്രവർത്തിക്കുന്നത് (ജൂറിസ്ഡിക്ഷൻ) എന്നിവ വ്യക്തമാക്കുന്നതാണ്  മറ്റൊരു ഭേദഗതി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ സംഘടനകൾക്കാണ് അംഗത്വം ലഭിക്കുക എന്നതായിരുന്നു വേറൊരു ഭേദഗതി. അതും നല്ലതല്ലെന്ന് പറയാനാവുമോ? 

ഏറ്റവും നല്ല ഒരു നിർദേശമായിരുന്നു നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ എന്നിവർ അതാത് റീജിയനിൽ ഉള്ളവരോ തൊട്ടടുത്ത റീജിയനിലുള്ളവരോ ആയിരിക്കണം എന്നത് . വിദൂരത്തു നിന്നുള്ളവർക്ക് വന്ന് മത്സരിക്കാനാവില്ല. കാലിഫോര്ണിയയിലുള്ളയാൾക്ക് ന്യു യോർക്കിൽ നിന്ന് മത്സരിക്കാനാവില്ല എന്ന് വ്യക്തമാക്കുന്നത് വേണ്ടതല്ലേ?

ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മാത്രമേ ഡെലിഗേറ്റ് ആയി വരാനാകൂ എന്നതാണ് മറ്റൊന്ന്. ഏറെ ആവശ്യം. പ്രത്യേകിച്ച് ഫോമയിൽ 85 സംഘടനകളുള്ളതിൽ നല്ലൊരു പങ്ക് കുടുംബ  സംഘടന ആണെന്നത് ആർക്കാണറിയാത്തത്?

ആവശ്യമായി വന്നാൽ ജനറൽ ബോഡി ഓൺലൈനിൽ ചേരാൻ അനുമതി നൽകുന്നതാണ് മറ്റൊരു ഭേദഗതി. അത് എതിർക്കേണ്ട കാര്യമുണ്ടോ?

ഫോമായിൽ ഔദ്യോഗിക സ്ഥാനം സ്വീകരിക്കുന്നവർ സമാന സ്വഭാവമുള്ള മറ്റു സംഘടനകളിൽ ഭാരവാഹികൾ ആയിരിക്കരുത്. ഉദാഹരണം ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയവ. ഇതും വേണ്ടതല്ലേ?

ഫോമാ പ്രാസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കാൻ രണ്ട് വർഷമെങ്കിലും നാഷണൽ കമ്മിറ്റി, അഡ്വൈസറി കൗൺസിൽ, ജുഡീഷ്യൽ കൗൺസിൽ, കംപ്ലയൻസ് കൗൺസിൽ എന്നിവയിലൊന്നിൽ പ്രവർത്തിച്ചവരായിരിക്കണം. നേരിട്ട് നേതൃത്വത്തിലേക്ക് വരാനാവില്ല.

ഈ നിർദേശമാണ് ആദ്യം മുതൽ പ്രശ്നമായിരുന്നത്. ഒരു രാഷ്ട്രീയ പരിചയവുമില്ലാത്ത ട്രംപിന് അമേരിക്കൻ  പ്രസിഡന്റാകാമെങ്കിൽ ആർക്കും ഫോമാ പ്രസിഡന്റാകാമെന്നതാണ്  എന്നതാണ് ന്യായം.  ഇത് വോട്ടിനിട്ട് തീരുമാനിക്കേണ്ട കാര്യമാണ്. കൂവി തീരുമാനിക്കേണ്ട കാര്യമാണോ?

ഫോമാ നേതൃത്വത്തിൽ വരുന്നവർ ഫോമയ്ക്ക് അപകീർത്തികരമോ മാനക്കേടുണ്ടാക്കുന്നതോ ആയ പ്രവർത്തികളിൽ ഏർപ്പെടരുത്. അങ്ങനെയുള്ളവരെപ്പറ്റി ജുഡീഷ്യൽ കമ്മീഷന് അന്വേഷിക്കാനും  അവരെ സസ്‌പെൻഡ് ചെയ്യാനും അനുമതി നൽകുന്നതാണ് മറ്റൊരു ഭേദഗതി. അത് എങ്ങനെ ആയി എന്ന്  ഇത്തവണ ജനറൽ ബോഡിയിൽ കണ്ടു.  സസ്‌പെൻഡ് ചെയ്യപ്പെട്ട ഒരംഗത്തിനു ജനറൽ ബോഡിയിൽ പങ്കെടുക്കാമോ? ജുഡീഷ്യൽ കമ്മിറ്റി തീരുമാനത്തിനെതിരെ അപ്പീൽ കൊടുക്കാമെന്നത് ശരി. പങ്കെടുക്കുന്നത് മറ്റൊന്ന്.  

കണക്കുകൾ ഇന്റേണൽ ഓഡിറ്റര്മാര് ഓഡിറ്റ്  ചെയ്ത ശേഷം പുറത്തുള്ള ഓഡിറ്റര്മാര്ക്ക് വിടണമെന്നതാണ് മറ്റൊന്ന്. തർക്കം വേണോ?

വിവിധ സമിതികൾ രൂപീകരിക്കാനും ഭേദഗതി ശുപാര്ശ ചെയ്യുന്നു. നഴ്‌സസ് ഫോറം, ഡോക്ടേഴ്സ് ഫോറം, എഞ്ചിനിയേഴ്‌സ് ഫോറം, ലീഗൽ ഫോറം, ലോ എൻഫോഴ്‌സ്‌മെന്റ് ഫോറം, ഐ.ടി. ഫോറം, ഹെൽത്ത്കെയർ ഫോറം തുടങ്ങിയവ. ആർക്കാണ് എതിർപ്പ്?

ഫോമാ ഇലക്ഷന് ആറ്  മാസം മുൻപ് ഇലക്ഷൻ കമ്മീഷനെ തെരെഞ്ഞെടുക്കണം.  ആവശ്യമെങ്കിൽ  ഇലക്ട്രോണിക് വോട്ടിംഗ് നടത്താനും പുറത്തുള്ള ഏജൻസിയെ വോട്ടിംഗിന്റെ  ചുമതല ഏല്പിക്കാനും അനുവദിക്കുന്നതാണ്  മറ്റൊരു ഭേദഗതി. വോട്ടർമാരുടെ യോഗ്യത പരിശോധിക്കാൻ കമ്മീഷന് അധികാരമുണ്ട്.

സ്ഥാനാര്ഥികൾക്ക് തുല്യവോട്ട് കിട്ടുന്ന സാഹചര്യത്തിൽ കോയിൻ ടോസ് വഴിയോ ലോട്ടറി വഴിയോ വിജയിയെ കണ്ടെത്തണം. 

സാം ഉമ്മൻ ചെയർമാനായ ബൈലോ കമ്മിറ്റിയിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ,  അറ്റോർണി മാത്യു വൈരമൺ , പ്രിൻസ് നെച്ചിക്കാട്ട്, രാജ് കുറുപ്പ്, മാത്യു ചെരുവിൽ, സുരേന്ദ്രൻ നായർ, ജെ. മാത്യുസ്, സജി എബ്രഹാം, ജോണ് സി വർഗീസ്, ജോർജ് മാത്യു, എന്നിവരായിരുന്നു അംഗങ്ങൾ.

അംഗങ്ങൾക്ക് അയോഗ്യത ഒന്നും കാണുന്നില്ല. 

see also

ഫോമാ ജനറൽ ബോഡി അലങ്കോലപ്പെടുത്തിയത് ശരിയോ? (ഫിലിപ് ചെറിയാൻ) 

ഫോമാ ജനറൽ ബോഡിക്ക്  വമ്പിച്ച പങ്കാളിത്തം; തീരുമാനമില്ല

Join WhatsApp News
ദൃക്‌സാക്ഷി 2022-05-02 18:08:44
നിന്ദ്യമായ കാര്യങ്ങളാണ് ജനറൽ ബോഡിയിലും തുടർന്ന് നടന്ന മയൂഖം കിരീട ധാരണത്തിലും നടന്നത്. ഒരു സംഘം പേര് ഗുണ്ടകളെപ്പോലെ പെരുമാറി. തുടക്കം മുതലേ ജനറൽ ബോഡി അലങ്കോലപ്പെടുത്തി. സസ്‌പെൻഡ് ചെയ്യപ്പെട്ട ആളെ തിരിച്ചെടുക്കുക എന്ന അജണ്ടയിൽ ഇല്ലാത്ത കാര്യം ആദ്യം എടുക്കണമെന്ന് ബഹളം വച്ചു . സസ്‌പെൻഡ് ചെയ്യപ്പെട്ട വ്യക്തി തന്നെ ജനറൽ ബോഡിയിലെത്തി പ്രസംഗിക്കുന്നു. ഇതൊക്കെ എവിടെ നടക്കും? സംഘടന എങ്ങനെ മുന്നോട്ടു പോകും. പിന്നെ കംപ്ലെയ്ൻസ് കമ്മിറ്റി ഇലക്ഷൻ അട്ടിമറിക്കാനും നീക്കം നടന്നു. പത്തു പേരോളം ഫ്ലോറിൽ നിന്ന് സ്ഥാനാര്ഥികളായി വന്നു. വേണ്ടത് അഞ്ചു പേര്. ഒടുവിൽ അത് ആറു പേരായി കുറഞ്ഞു. പക്ഷെ ഇലെക്ഷൻ നടക്കും മുൻപ് മണി നാലായി. ഹാൾ ഒഴിഞ്ഞു കൊടുക്കണം. ട്രഷറർ നന്ദി പറയാൻ ഒരുങ്ങിയപ്പോൾ ഒരു വിഭാഗം സമ്മതിച്ചില്ല. പക്ഷേ ആ കളി വേണ്ടെന്ന് ട്രഷറർ തറപ്പിച്ചു പറയാൻ ധൈര്യം കാട്ടി. ട്രഷറർ നന്ദി പറഞ്ഞതോടെ ജനറൽ ബോഡി തീർന്നു. പിന്നെ പാർക്കിംഗ് ലോട്ടിലായി എലെക്ഷൻ. ഒരാൾ മാറിയെന്നും അതിനാൽ ബാക്കി അഞ്ചു പേരെ വിജയികളായി പ്രഖ്യാപിക്കണമെന്നുമായി ബഹളം കൂട്ടിയ വിഭാഗം. ജനറൽ ബോഡി കഴിഞ്ഞ സാഹചര്യത്തിൽ അത്തരമൊരു പ്രഖ്യാപനം പറ്റില്ലെന്ന് എലെക്ഷൻ കമ്മീഷൻ ചെയർ ജിബി തോമസ് ശക്തമായ നിലപാടെടുത്തു. എന്നാൽ പിന്നെ മയൂഖം കിരീടധാരണം നടത്തില്ലെന്നായി അവർ. അതോടെ മയൂഖം പരിപാടിക്ക് വന്ന സ്ത്രീകൾ കരച്ചിലും പിഴിച്ചിലുമായി. ഒടുവിൽ ജിബി തോമസ് വഴങ്ങില്ലെന്ന് വന്നതോടെ ബഹളക്കാർ അടങ്ങി... ഇതെന്തു ഫോമാ? എങ്ങനെയുള്ളവരാണോ ഫോമാ നേതൃത്വത്തിൽ വരേണ്ടത്? ഈ ജനറൽ ബോഡി സാധുവാണോ? ജനറൽ ബോഡി ആഴക്കടലിൽ മുങ്ങിയോ? ദൃക്‌സാക്ഷി
സാക്ഷി 2022-05-02 19:37:20
-- സ്ത്രീകൾ കൊടുത്ത പരാതികൾ കണ്ടാൽ എന്റെ ദൃക്‌സാക്ഷിയെ താങ്കൾ ഞെട്ടും.
Aiswarya 2022-05-03 00:15:56
So sad, isn't it? A repeat of old FOKANA is not too far!
രമേശൻ നായർ 2022-05-03 02:13:42
സ്ത്രീകൾക്ക് അത്ര വിഷമമുണ്ടെങ്കിൽ പരാതി പോലീസിലാണ് കൊടുക്കേണ്ടത്. അല്ലാതെ ഫോമിയലല്ല.
സാക്ഷി 2022-05-04 02:05:16
പ്രിയ ദൃക്‌സാഷിയെ. ശക്തമായ നിലപാട് എടുത്ത ഇലക്ഷൻ കമ്മീഷന്റെ പഴയ കാര്യങ്ങൾ പൊക്കാതിരിക്കുന്നത് ആണ് സംഘടനക്കു നല്ലതു.
ഫോമൻ 2022-05-05 22:57:41
ഒരു പിശാചിനെയും ഒരു കുരിശിനെയും ഭയക്കാതെ പന്തളം ബിജു ഫോമായുടെ ആദ്യത്തെ ബൈലോ പരിഷ്കരിച്ചു. ഇരിക്കുന്നതിന് മുൻപ് പന്തളം കാൽ നീട്ടി. ഇത് അല്ലേ ഇവിടെ പലരുടെയും പ്രശ്നം. പന്തളം ഇനിയും വരും, ആരെയും ഭയക്കാതെ അതിൻ്റേതായ വഴിയിൽ അത് പരിഷ്കരിക്കും. അത് വായിച്ച് കാണാപ്പാഠം പഠിച്ച് മരിയ്ക്കാ നായിരിക്കും നമ്മുടെ വിധി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക